അധ്യായം-10
ആര്‍ത്തികള്‍
സരളയൊന്നും പറഞ്ഞില്ല…- രവിയുടെ ആകാംഷ ഇരട്ടിച്ചു. തെരഞ്ഞെടുപ്പിനു ഇനിയും സമയമേറെയുണ്ടെങ്കിലും രവിക്കു കാത്തിരിക്കാന്‍ കഴിയില്ലല്ലോ. എങ്ങിനെയെങ്കിലും സരളയെ സ്ഥാനാര്‍ഥിയാകണമെന്ന ആഗ്രഹത്തിലേക്കു വലിച്ചിട്ടാല്‍ തന്‍റെ പകുതി പണി കഴിഞ്ഞു. എല്ലാം പറഞ്ഞു ബോധിപ്പിച്ചിട്ടും സരളയ്ക്കു കാര്യങ്ങള്‍ പിടികിട്ടുന്നില്ല.
ഷീറ്റടിച്ചതിനുശേഷം വീട്ടിലെത്തി കുളി കഴിഞ്ഞ് കഞ്ഞിയും മോന്തി നേരെ സരളയുടെ അടുത്തേക്കു വരികയായിരുന്നു. കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചാല്‍ തന്‍റെ പദ്ധതിയുമായി ധൈര്യപൂര്‍വം മുന്നോട്ടു പോകാമല്ലോ. കിളവനാണേല്‍ ഉച്ചയുറക്കത്തിലാണ്. രവി വന്നകാര്യം അയാളറിഞ്ഞിട്ടില്ല. അപ്പുറത്തെ മുറിയില്‍ നിന്നു ദീര്‍ഘമായ കൂര്‍ക്കംവലി കേള്‍ക്കാം. ഉണ്ണിക്കുട്ടനും അസുഖം മൂലം സരളയുടെ മുറിയില്‍ മൂടിപ്പുതച്ചു കിടക്കുകയാണ്.
ഇപ്പറയുന്നതൊന്നും നടക്കുമെന്നു തോന്നുന്നില്ല രവീ… -സരള ഉറച്ച മട്ടാണ്. വീട്ടിലെ പണിയൊന്നും ഒരുവഴിക്കായിട്ടില്ല. അപ്പോഴാണ് സ്ഥാനാര്‍ഥിയാകണമെന്നും പറഞ്ഞ രവിയുടെ വരവ്. വീട്ടിലെ കാര്യങ്ങള്‍തന്നെ ഒരു വിധത്തിലാണ് താന്‍ ഒപ്പിക്കുന്നത്. അതിനിടയിലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്.
രവീ.. നീ ഉമ്മറത്തൂന്ന് ആ ഗ്യാസുകുറ്റിയെടുത്തു സ്റ്റൗവില്‍ പിടപ്പിക്ക്.. ഗ്യാസു തീര്‍ന്നു പോയി… അല്ലേല്‍ രാത്രിയ്ക്കു ഒരു സാധനവും ഉണ്ടാക്കാന്‍ കഴിയില്ല..- സരളയ്ക്കു പ്രശ്നങ്ങള്‍ പലതാണ്. നേരത്തെ എല്ലാം ചെയ്തുവച്ചാല്‍ പത്തുമണിക്കു മുമ്പൊന്നു കിടക്കാമായിരുന്നു. അമ്മായിയച്ഛനു കൃത്യസമയത്തു തിന്നാന്‍ കൊടുത്തില്ലെങ്കില്‍ അതുമതി അന്നത്തെ ദിവസം കുട്ടിച്ചോറാകാന്‍.
കുറ്റിയേലൊന്നു പിടിച്ചുതന്നേയ്ക്കൂ… അവിടന്നു പൊക്കിയെടുക്കുമ്പോഴേക്കും ഞാന്‍ അവശതയാകും- അത്രയും നേരം സരളയുടെ തൊട്ടടുത്തുനില്‍ക്കാമല്ലോ എന്ന വിചാരമായരുന്നു രവിക്ക്. ഉമ്മറത്തേയ്ക്കു രവിയോടൊപ്പം സരളയും ചെന്നു. ഗ്യാസുകുറ്റി കുനിഞ്ഞു പൊക്കുമ്പോള്‍ രവിയുടെ കണ്ണുകള്‍ സരളയുടെമേല്‍ ആയിരുന്നു. പതിവിനു വിപരീതമായി സാരിയാണ് അവള്‍ ഉടുത്തിരിക്കുന്നത്. ഉണ്ണിക്കുട്ടനെ വൈദ്യരെക്കാണിച്ചുവന്നതിനു ശേഷം വസ്ത്രം മാറിയിട്ടില്ല. ബ്ലൗസിനു മുകളിലൂടെ നിറഞ്ഞുതുളുമ്പുന്ന യൗവനം രവിയുടെ നിയന്ത്രണങ്ങളുടെ ചങ്ങല പൊട്ടിച്ചേക്കുമെന്നു തോന്നി. വയര്‍മടക്കുകളില്‍നിന്നും ഒഴുകിവരുന്ന വിയര്‍പ്പുചാലുകള്‍. പകുതു കലങ്ങിപ്പടര്‍ന്ന കണ്‍മഷി കണ്‍പോളകള്‍ക്കു വല്ലാത്ത സൗന്ദര്യം നല്‍കുന്നു. കാച്ചിയ എണ്ണയുടെ മാദക ഗന്ധം അവളില്‍ നിന്നും അവനിലേക്കു പടര്‍ന്നു. അവള്‍ക്കു പിറകെ ഗ്യാസ് കുറ്റിയുടെ ഒരു ഭാഗം പിടിച്ചു നടക്കുമ്പോള്‍ നിതംബങ്ങളുടെ തിരയിളക്കം അവന്‍റെ തൊണ്ടയിലെ വരള്‍ച്ചയായി. എല്ലാം മറന്നു അവളെ വാരിപ്പുണരാന്‍ അവന്‍റെ മനസു വെമ്പി.
അരുത്…. അമിതാവേശമരുത്… അവന്‍റെ മനസ് അവനോടുതന്നെ പലതവണ ഉരുവിട്ടു. ഒരു നിമിഷത്തേയ്ക്കല്ല സരളയെ താന്‍ മോഹിക്കുന്നത്. അവളെന്നും തനിക്കുവേണം. ഇപ്പോള്‍ ഏനക്കേടുവല്ലതും കാട്ടിയാല്‍ തകരുന്നത് തന്‍റെ സ്വപ്നങ്ങളായിരിക്കും. സരള തന്നെ തേടിവരുന്ന സന്ദര്‍ഭം ഉണ്ടാക്കണം. അവള്‍ തനിക്കായി ദാഹിക്കണം. തന്‍റെ ശരീരത്തില്‍ പടരാന്‍ അവള്‍ വെമ്പല്‍ കൊള്ളണം. അല്ലാതെ വെറുതെ കലം നിലത്തിട്ടുടച്ചിട്ടു കാര്യമില്ല. ബുദ്ധിപരമായി നീങ്ങിയാല്‍ എല്ലാം തന്‍റെ വരുതിയിലാക്കാം. ഇപ്പോള്‍ ശരീരത്തിന്‍റെ ആര്‍ത്തി അടക്കുക തന്നെ. വരണ്ട തൊണ്ടയിലേക്കു ഉമിനീരിറക്കി അവന്‍ മനസു ശാന്തമാക്കി.
സ്റ്റൗവില്‍ ഗ്യാസ് കണക്റ്റുചെയ്ത് അവന്‍ എഴുന്നേറ്റു. തോട്ടരികില്‍ നില്‍ക്കുന്ന സരളയുടെ നിശ്വാസം അവന്‍റെ മുഖത്തു പതിഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ അവന്‍ സരളയുടെ മുഖത്തേയ്ക്കുതന്നെ നോക്കിനിന്നു. രവിയുടെ വല്ലാത്ത ഭാവം സരളയില്‍ തെല്ലൊരു അമ്പരപ്പുണ്ടാക്കി. അവന്‍റെ കിതപ്പ് അവളറിഞ്ഞു. അവളില്‍ വല്ലാത്തൊരു ഭയം ഉണര്‍ന്നു. ആ കിളവന്‍ ഇപ്പോഴെങ്ങാനും ഇങ്ങോട്ടെഴുന്നേറ്റു വന്നാല്‍ എന്തായിരിക്കും കരുതുക. ഒരു പെണ്ണിന്‍റെ ഉടലനക്കങ്ങള്‍ തന്നിലുണരുന്നതായും അവള്‍ ഭീതിയോടെ അറിഞ്ഞു.
രവീ…- അവള്‍ സ്വബോധത്തിലേക്കു തിരിച്ചുവന്നു. ഒരു ഞെട്ടലോടെ അവനുമുണര്‍ന്നു.
കുടിക്കാനിത്തിരി വെള്ളം..- അവന്‍റെ സ്വരം വിറയ്ക്കുന്നുണ്ടായിരുന്നു. സരളയും കൈകള്‍ വിറച്ചുകൊണ്ടാണ് ഗ്ലാസില്‍ വെള്ളം നല്‍കിയത്. അപ്പുറത്തെ മുറിയില്‍നിന്നും ഗോപാലന്‍റെ അകംകുത്തിയ ചുമ ഉയര്‍ന്നുകേട്ടു. അയാള്‍ എഴുന്നേല്‍ക്കാറായിരിക്കുന്നു. സരള പതിയെ ഉമ്മറത്തേയ്ക്കു നടന്നു. പിറകെ രവിയും. സരളയുടെ മനസ് ഇതുവരെയില്ലാത്തമട്ടില്‍ തുടിക്കുകയായിരുന്നു. രവിയാകട്ടെ വലിയൊരു പരീക്ഷണം വിജയിച്ചതിന്‍റെ ഗൂഢാനന്ദത്തിലും. തന്‍റെ ഭാവമാറ്റത്തില്‍ അവള്‍ പൊട്ടിത്തെറിച്ചില്ലല്ലോ. മറിച്ചു പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന എന്തൊക്കെയോ അവളുടെയുള്ളിലുമുണ്ടെന്നു ആ മുഖത്തുനിന്നു വായിച്ചെടുക്കാനും കഴിഞ്ഞു.
ഉമ്മറത്തെ അരമതിലില്‍ രവി ഇരുന്നു. അപ്പുറത്തെ തൂണു ചാരി സരള ദൂരത്തേയ്ക്കു നോക്കി നിന്നു. അകലെ ഇളം വെയിലില്‍ ആടിയുലയുന്ന റബര്‍ത്തലപ്പുകള്‍. ഇളംവെയില്‍ക്കാറ്റിനു പോലും വല്ലാത്ത കുളിര്‍മ. രവി അവളെത്തന്നെ നോക്കുകയായിരുന്നു. കണ്ണുകളില്‍, ചുണ്ടുകളില്‍, കവിളില്‍, കഴുത്തില്‍, മാറില്‍ എല്ലായിടത്തും അവന്‍റെ കണ്ണുകള്‍ പിണഞ്ഞുനിന്നു. അത് അവള്‍ അറിയുന്നുമുണ്ടായിരുന്നു. വല്ലാത്തൊരു സുഖം അവളിലുണര്‍ന്നു.
സരളേ…. ഞാന്‍ ചോദിച്ചതിനു അവസാന മറുപടി കിട്ടിയില്ല- രവിയുടെ സ്വരം അപേക്ഷയുടേതു കൂടിയായിരുന്നു. സരള ഒന്നും മിണ്ടിയില്ല. താന്നെ കല്യാണം കഴിച്ചു ഇവിടെ കൊണ്ടുവരുന്ന സമയത്ത് രവി ചേച്ചി എന്നായിരുന്നു വിളിച്ചിരുന്നത്. രാജേട്ടന്‍ മരിച്ചു കഴിഞ്ഞ് ഇവിടെ സ്ഥിരമായപ്പോഴും ചേച്ചി വിളി തുടര്‍ന്നു. പക്ഷെ ഇതിനിടയിലെപ്പോഴോ അവന്‍ തന്നെ പേരുവിളിക്കാന്‍ തുടങ്ങിയിരുന്നു. ആ മാറ്റത്തിന്‍റെ ആഴം ഇപ്പോഴാണു തനിക്കു മനസിലാകുന്നത്.
സരളേ…. – രവി വീണ്ടും അവളുടെ മറുപടിക്കായി കാത്തു. അവള്‍ മൂളി. ആ മൂളലിനു പഴയ കാരക്കശ്യത്തിന്‍റെ കടുപ്പം ഇല്ലായിരുന്നു.
ഞാന്‍ ഇപ്പോ എന്തുചെയ്യണം-രവി അവളില്‍നിന്നും ഉത്തരംകിട്ടിയേ മടങ്ങൂ എന്നായി.
തെരഞ്ഞെടുപ്പിനു സമയമിനിയുമുണ്ടല്ലോ അപ്പോ ആലോചിച്ചാല്‍ പോരെ… – അവളുടെ സ്വരം വളരെ സൗമ്യമായിരുന്നു. രവിക്കു അത്രയും മതിയായിരുന്നു. ഇനി കാര്യങ്ങള്‍ എല്ലാം താന്‍ തീരുമാനിക്കും. കാണാന്‍ കൊള്ളാവുന്നതും വിദ്യാഭ്യാസമുള്ളതുമായ ഒരു വനിതാ സ്ഥാനാര്‍ഥിയെയായിരിക്കും പാര്‍ട്ടിക്കും താത്പര്യം. സരളയ്ക്കു വേണ്ടിയുള്ള കരുക്കള്‍ നീക്കിത്തുടങ്ങണം.
അകത്ത് ഗോപാലന്‍റെ ചുമ വീണ്ടുമുയര്‍ന്നു. അയാള്‍ എഴുന്നേറ്റു ഉമ്മറത്തേക്കുവന്നു. ഗോപാലനു ചായയെടുക്കാനായി അവള്‍ അകത്തേക്കു നടന്നു. ഇന്നു രവിക്കും ഒരു ഗ്ലാസ് ചായ കൊടുക്കണമെന്നു അവള്‍ മനസിലുറപ്പിച്ചു. അവളുടെ മനസില്‍ എന്തോക്കെയോ തിരത്തള്ളുന്നുണ്ട്. ആ ചുണ്ടുകളില്‍ തെളിഞ്ഞ ചിരി വിട്ടുമാറുന്നില്ല. അവള്‍ക്കു അവളെത്തന്നെ വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്തൊരുമാറ്റമാണ് നിമിഷങ്ങള്‍ക്കൊണ്ട് തന്നിലുണ്ടായിരിക്കുന്നത്. രാജേട്ടന്‍ മരിച്ച ശേഷം ഇതുവരെ തോന്നാത്ത വികാരങ്ങളെല്ലാം അണപൊട്ടിയൊഴുകിയതു പോലെ. എന്നെങ്കിലുമൊരിക്കല്‍ പൊട്ടിത്തെറിക്കുന്ന വികാരങ്ങളുടെ അഗ്നിപര്‍വതമാണ് സ്ത്രീയുടെ മനസ് എന്ന തിരിച്ചറിവ് അവള്‍ക്കുണ്ടായി. ആ തിരിച്ചറിവില്‍ തെറ്റിനും ശരിക്കും ഇടമില്ല.
ഉറക്കത്തില്‍നിന്നെഴുന്നേറ്റ ഗോപാലന്‍ മൂരിനിവര്‍ത്തി ചാരുകസേരയിലിരുന്നു.
ബീഡിയുണ്ടോടാ…. -കസേരയില്‍ ഇരിപ്പുറപ്പിച്ചു രവിയോട് ഗോപാലന്‍ ചോദിച്ചു. അവന്‍ പോക്കറ്റില്‍ നിന്നും സിഗരറ്റ് പാക്കറ്റെടുത്തു ഒരെണ്ണം അയാള്‍ക്കുനേരെ നീട്ടി. ഒപ്പം തീപ്പെട്ടിയും. ഗോപാലന്‍ സിഗരറ്റിനു തീകൊടുത്തു. രവിയും ഒരെണ്ണമെടുത്ത് ചുണ്ടത്തുവച്ചു.
എന്തോന്നാടാ.. വലിയ സന്തോഷത്തിലാണല്ലോ… നെനക്കെന്താ ലോട്ടറിവല്ലതും അടിച്ചോ…. – ഗോപാലന്‍റെ ചോദ്യം കേട്ടപ്പോള്‍ ലോട്ടറി അടിച്ചുവെന്നു പറയാന്‍തന്നെയാണു തോന്നിയത്. സത്യത്തില്‍ തന്നെ സംബന്ധിച്ചു ലോട്ടറി തന്നെയാണ് അടിച്ചിരിക്കുന്നത്. അടിച്ച സാധനം കൈയ്യിലോട്ട് ഒന്നു കിട്ടിയാല്‍ മാത്രം മതി. അവന്‍ ഉള്ളാലെ ചിരിച്ചു.
ഓ… ഞാന്‍ ആ തെരഞ്ഞെടുപ്പിന്‍റെ കാര്യം പറയുകയായിരുന്നു. സമയമാകട്ടെയെന്നാ സരള
പറയുന്നത്. എന്തായാലും പുള്ളിക്കാരത്തിക്കു എതിര്‍പ്പില്ലെന്നു തോന്നുന്നു. പിന്നെ ആദ്യമൊക്കെ ചില വിരോധങ്ങളൊക്കെ പറയും. നമ്മളായിട്ടു വേണം അതൊക്കെ തിരുത്തിക്കൊടുക്കാന്‍. ഇങ്ങോട്ടുവരുന്ന ഭാഗ്യം തള്ളിക്കളയരുതല്ലോ…- രവി സന്തോഷം ഉള്ളിലൊതുക്കി സിഗരറ്റിന്‍റെ പുക മുകളിലേക്കൂതിവിട്ടു ഗൗരവത്തില്‍ പറഞ്ഞു. ആസ്വദിച്ചു വലിക്കുകയായിരുന്ന ഗോപാലനും അപ്പറഞ്ഞതു നേര് എന്ന മട്ടില്‍ തലകുലുക്കി.
സരള ചായയുമായി എത്തി. ഒരു കപ്പ് അപ്പനു കൊടുത്ത ശേഷം അടുത്തത് രവിക്കു നേരെ നീട്ടി. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെ തനിക്കു ചായ കൊണ്ടത്തരുന്നത്. കപ്പു കൈമാറിയപ്പോള്‍ സരളയുടെ വിരലുകളില്‍ അവന്‍ സ്പര്‍ശിച്ചു. അതൊരു വൈദ്യുതി സ്പര്‍ശം പോലെയാണ് അവള്‍ക്കു തോന്നിയത്. അവള്‍ കണ്ണുകള്‍ ഗോപാലനിലേക്കു പായിച്ചു. ഇല്ല അതൊന്നും കിളവന്‍ കണ്ടിട്ടില്ല. പുകയും വിട്ട് വലിയ ആലോചനയിലാണ്. അവള്‍ വീടിന്‍റെ ചുമരിനോട് ചേര്‍ന്നു നിന്നു.
സരളേ… രവി പറഞ്ഞത് നല്ല കാര്യം തന്നെയാണ്. നമ്മുടെ വീട്ടില്‍നിന്നൊരു പഞ്ചായത്ത് പ്രസിഡന്‍റുണ്ടാകുന്നതും ഭാഗ്യമാണ്. കാലങ്ങളായി നമ്മളും ഈ പാര്‍ട്ടിക്കാരു തന്നെയാണല്ലോ…. അതുകൊണ്ട് മറ്റാര്‍ക്കും നിന്‍റെ കാര്യത്തില്‍ അത്ര എതിര്‍പ്പുണ്ടാകാന്‍ വഴിയില്ല…. അല്ലേ രവീ…..- കിഴവന്‍ തന്‍റെ രാഷ്ട്രീയ പഴംപുരാണം വിളമ്പാനുള്ള ശ്രമമായിരിക്കുമെന്നാണ് രവി കരുതിയത്. ഏതായാലും അതുണ്ടായില്ല. ഗോപാലന്‍ ചോദിച്ചതിനു രവി സമ്മതപൂര്‍വം തലയാട്ടി. ശേഷം അവന്‍ സരളയുടെ മുഖത്തേക്കു നോക്കി. തനിക്കുവേണ്ടിയാണെന്നു എല്ലാം സമ്മതിക്കുന്നതെന്നു ആ മുഖം കണ്ടാല്‍ തോന്നും.
മറ്റന്നാള്‍ മോഹന്‍ വരും…. കുടുംബവും ഉണ്ടാകും… അവര്‍ വരുമ്പോള്‍ വായ്ക്കു രുചിയുള്ളതെന്തെങ്കിലും വാങ്ങിച്ചു വയ്ക്കണം. നീ നാളെ ചന്തയില്‍ പോയി ഇച്ചിരി ഇറച്ചിയും മീനും വാങ്ങിച്ചു കൊണ്ടുവരണം…. – രവി മൂളി. സരളയ്ക്കു അത്ഭുതമാണു തോന്നിയത്. ഇറച്ചിയും മീനും കിളവന്‍ കാശുകൊടുത്തു വാങ്ങിക്കുകയോ. ഇത് മോഹനെ എന്തിനോ വശത്താക്കാനുള്ള ശ്രമമാണ്. മിക്കവാറും മോഹന്‍റെ കാശു കൊണ്ട് ആ സ്ഥലം വാങ്ങാനായിരിക്കും…. അല്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആകാന്‍ പോകുന്നവളുടെ അമ്മായിയച്ഛന്‍റെ പവറ് കാണിക്കുകയാണോ… സരളയ്ക്കു ചിരിയടക്കാനായില്ല. ഗോപാലന്‍ സരളയെ രൂക്ഷമായി നോക്കി. കിളവന്‍റെ മട്ടുമാറും മുമ്പേ സ്ഥലം കാലിയാക്കാമെന്നു കരുതി രവി അരമതിലില്‍ നിന്നെഴുന്നേറ്റു. ഗോപാലനോട് യാത്ര പറഞ്ഞ് അയാള്‍ പതിയെ നടന്നു. ഗേറ്റിനടുത്തെത്തിയപ്പോള്‍ അയാള്‍ തിരിഞ്ഞു നോക്കി. സരള തന്നെയും നോക്കി നില്‍ക്കുകയാണ്. അയാള്‍ ചിരിച്ചു. അവളും.