####################
തീവണ്ടി സ്റ്റേഷനിൽ
പോകാനുള്ള
വണ്ടിയുടെ നമ്പറോ,
വണ്ടി വരുന്ന പാളമോ,
വണ്ടി വരുമ്പോൾ
നിൽക്കേണ്ട തിട്ടോ,
അല്ലെങ്കിൽ പോകാനുള്ള
സ്ഥലത്തിൻ്റെ ദിശയോ
അറിയാതെ
തിരയുകയായിരുന്നു.
നിറയെ ആളുകൾ.
അവരൊക്കെയും
ഇതു തന്നെയോ തിരയുന്നത്!
എത്ര ശ്രമിച്ചിട്ടും
ആരുടെയും
നാവനങ്ങുന്നതോ, വായയോ,
പല്ലോ കാണുന്നില്ല.
ഇനി എനിക്ക് മാത്രമോ
അവയൊക്കെ!
വിശക്കുന്ന പോലെ…
തോൾ സഞ്ചിയിലേക്ക്
നീളുന്ന കൈകളിൽ
ഒട്ടിപ്പിടിച്ച് ഒരു കണ്ണാടി!
ഇല്ല, എനിക്കുമില്ലിപ്പോൾ!
ചവയ്ക്കാനൊരു പല്ല്,
രുചിയ്ക്കാനൊരു നാവ്,
പറയാനൊരു തുപ്പൽ,
എല്ലാം അടച്ചു വെക്കുന്ന ചുണ്ട്,
ഒന്നും കാണുന്നില്ല!
തിരക്ക് ഇപ്പോഴും ഉണ്ട്.
വന്നു പോകുന്ന
വണ്ടികളിലൊന്നും
നമ്പർ കാണുന്നില്ല.
ആരും
കയറുന്നുമിറങ്ങുന്നുമില്ല!
ഈ തിരക്കിനിടയിൽ,
എവിടെയാണ് ആ പേന!
എൻ്റെ കഥയെഴുതാൻ,
എന്നെ പിന്തുടർന്ന
ആ ചോന്ന മഷിപ്പേന!
ആരും
കയറാനിഷ്ടപ്പെടാത്ത
ആ തീവണ്ടിയിൽ
കയറിപ്പോയത്!
ഒന്നിനും നമ്പർ ഇല്ലായിരുന്നല്ലോ!
വായില്ലാത്ത
എൻ്റെ മേലിപ്പോളാകെ ചോര!
————————————-
About The Author
No related posts.