1995ലാണ് കോട്ടയം മുനിസിപ്പൽ ഇലക്ഷനിൽ
ഇരുപത്തി ഒൻപതാം വാർഡിൽ നിന്നും ഞാൻ മത്സരിച്ചത്.ആ സമയത്ത് അത് വനിതാ വാർഡായിരുന്നു
വിശാലമായ വാർഡാണ്.കോട്ടയം ടൗൺ മേഖലയിലുള്ള കാരാപ്പുഴ പാലം മുതൽ
ഈരേക്കടവ് വരെ ഒരു ഖണ്ഡം. കോടിമതയും ചന്തക്കടവും ,കച്ചേരിക്കടവുമെല്ലാം ചേരുന്ന
മറ്റൊരു ഭൂവിഭാഗവും ഇതിലുണ്ട്.
അമ്മയുടെ അച്ഛന്റെയും ,അമ്മയുടെയുമെല്ലാം കുടുംബക്കാരടങ്ങിയ വലിയൊരു ബന്ധു സഞ്ചയം
കോടിമതയിലുണ്ട്.ഞാൻ ഒൻപതാം ക്ലാസ്സിൽ
പഠിക്കുമ്പോളാണ് തിരുനക്കരയിലെ സ്ഥലത്ത്
അച്ഛനും ,അമ്മയുംപുതിയ വീട് പണിത് താമസം അങ്ങോട്ടേക്ക് മാറുന്നത്. എങ്കിലും
വേരുകൾ കോടിമതയിൽ തന്നെ ആഴ്ന്നു കിടക്കുന്നതിനാൽ
മനസ്സെന്നും അവിടെ തന്നെയായിരുന്നു.സ്വത്ത്
ഭാഗം വച്ചപ്പോൾ കോടിമതയിലുള്ള വീടും ,സ്ഥലവും
അച്ഛനും ,അമ്മയും എനിക്കു നൽകി.നായർ സമുദായത്തിൽ സ്ത്രീകൾക്ക് കുറച്ച് പരിഗണനയും കൂടുതലുണ്ടല്ലോ.
സുരേഷിന്റെ ഉദ്യോഗമാറ്റമനുസരിച്ച് കേരളത്തിന്റെ
പല സ്ഥലങ്ങളിലും താമസിച്ചിട്ടുണ്ട്.പക്ഷേ കറങ്ങിത്തിരിഞ്ഞ് കോടിമതയിലുള്ള സ്ഥലത്ത്
തിരികെയെത്തുവാൻ സാധിച്ചത് പള്ളിപ്പുറത്തു
കാവിലമ്മയുടെ അനുഗ്രഹമാണെന്ന് തന്നെ വിശ്വസിക്കുന്നു. കവി തിലകൻ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ജന്മദേശമെന്ന നിലയിൽ പുണ്യം
ചെയ്ത നാടാണ് കോടിമത.
എന്റെ ചെറുപ്പകാലത്ത് വളരെ പ്രകൃതിരമണീയമായ പ്രദേശമായിരുന്നു.കുണുങ്ങിയൊഴുകുന്ന കൊടൂരാറിന്റെ ഇരു വശങ്ങളിലുമായി ഹരിതാഭയാർന്ന വയലേലകൾ നിറഞ്ഞു കിടന്നിരുന്നു. കോടിമത
ചിറയിൽ നിന്നു കണ്ടിട്ടുള്ള സൂര്യോദയത്തിനും ,സൂര്യാസ്തമയത്തിനും എന്തൊരു ഭംഗിയായിരുന്നെന്നോ.
വിദേശ രാജ്യങ്ങളിൽ ഇതു പോലെ മനോഹരമായ പ്രകൃതി സമ്പത്ത് നിധി പോലെ കാത്തു സൂക്ഷിക്കും. നമ്മുടെ നാട്ടിലാണെങ്കിൽ മാലിന്യം കൂട്ടിയിട്ട് മലീമസമാക്കുവാനാണ് നാട്ടുകാർക്ക് ഉത്സാഹം.
പരിസരശുദ്ധിക്ക് ഏറ്റവും മുൻതൂക്കം കൊടുക്കുന്ന
സിംഗപ്പൂരിൽ ‘ലിറ്റിൽ ഇന്ത്യ’ എന്ന് വിശേഷിപ്പിക്കുന്ന ഇടമാണത്രേ ഏറ്റവും വൃത്തിഹീനമായ പ്രദേശം. ആ ഭാഗത്തെ
താമസക്കാരിലധികവും ഇന്ത്യാക്കാരാണ്.
കോട്ടയത്തെ പൈതൃകപ്രദേശമായ താഴത്തങ്ങാടിയുടെ ചാരുതയൊന്നും എന്റെ അഭിപ്രായത്തിൽ തായ്ലൻഡിനുമില്ല. നമ്മുടെ നാട്ടിൽ യാതൊന്നും സംരക്ഷിക്കുന്നില്ലെന്ന് മാത്രം.
കാലങ്ങൾ ചെന്നപ്പോൾ മനോഹരിയായ കൊടൂരാറിന്റെ ഒരു ഭാഗമത്രയും
കോട്ടയം മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലായി.
നല്ലൊരുദ്യാനവും ,പാർക്കുമൊക്കെ കൊടൂരാറിന്റെ
തീരത്ത് കൊണ്ട് വന്ന് ടൂറിസം സാധ്യതകളെ
ഉദ്ദീപിക്കേണ്ടതിന് പകരം ഏതോ വിവരദോഷിയുടെ
ആശയമനുസരിച്ച് അവിടെയിപ്പോൾ മത്സ്യമാർക്കറ്റാണുള്ളത്. പച്ച മത്സ്യങ്ങൾ ലഭിക്കുന്നത് ഒരു വശത്ത് ഉണക്കമത്സ്യം മറുവശത്തും.സന്ധ്യയായാൽ അവിടെ ചപ്പു ചവറുകളെല്ലാം കൂട്ടിയിട്ട് കത്തിക്കും. മാംസക്കഷണങ്ങൾ കത്തിയെരിയുന്ന ദുർഗന്ധത്തിന് പുറമേ തെരുവു നായ്ക്കളുടെ ശല്യവും.റസിഡൻസ് അസോസിയേഷനുകളുടെ
ഇടപെടൽ മൂലം ഈ അവസ്ഥയിപ്പോൾ മാറിയിട്ടുണ്ട്.വിദേശ രാജ്യങ്ങളിലെ മാർക്കറ്റുകളുടെ രൂപകൽപ്പനകളും ,മാലിന്യ സംസ്കരണ രീതികളുമൊക്കെ നമ്മുടെ നാട്ടിലും നടപ്പാക്കേണ്ട സമയം എപ്പോഴേ കഴിഞ്ഞിരിക്കുന്നു.
ജനിച്ചു വളർന്ന നാടിനു വേണ്ടി ഒന്നും ചെയ്യുവാൻ
സാധിക്കുന്നില്ലല്ലോ എന്ന വ്യഥ അക്കാലത്തെല്ലാം
എന്നെ വല്ലാതെ അലട്ടിയിരുന്നു.
എന്റെ അച്ഛന്റെ വീട്ടുകാരും ,ഭർത്താവിന്റെ കുടുംബക്കാരുമെല്ലാം കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ അനുഭാവികളാണ്.കേരളത്തിലെ പ്രശസ്തരായ രണ്ട് കമ്യൂണിസ്‌റ്റ് നേതാക്കൾ ബന്ധുക്കളുമാണ്.
അമ്മയുടെകുടുംബക്കാരെല്ലാവരും വലതു പക്ഷക്കാരും.അതിലൊരു
ശാഖയിലുള്ള കുറച്ച് പേർ ഇടതു മാറി സഞ്ചരിക്കുന്നവരാണ്.കോടിമത സഹകരണ ബാങ്കിലെ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ എന്റെ പേര് നിർദ്ദേശിച്ചത് അതിലൊരാളാണ്. അമ്മയുടെ
കൊച്ചച്ചന്റെ മകൻ.എന്റെ പ്രിയപ്പെട്ട അമ്മാവൻ.
പഠിച്ച വിഷയവുമായി ബന്ധപ്പെട്ട മേഖലയായതിനാൽ സന്തോഷത്തോടെ
സമ്മതം മൂളി.പത്തു വർഷം കോടിമത സഹകരണബാങ്കിന്റെ ഭരണസമിതി അംഗമായിരുന്നു. മകന് കുഞ്ഞുണ്ടായി ബാംഗ്ലൂർ യാത്രകളൊക്കെ മൂർച്ഛിച്ച സമയത്താണ് അതിൽ
നിന്നും പിൻവാങ്ങിയത്. സന്തോഷമുള്ള ഓർമ്മകളാണ് അധികവും ആ കാലയളവിൽ ഉണ്ടായിട്ടുള്ളത്. ഇപ്പോളും ബാങ്കുമായി ബന്ധപ്പെട്ട്
നടത്തുന്ന ചടങ്ങുകളിലെല്ലാം പ്രത്യേകം ക്ഷണിക്കുവാൻ നിലവിലുള്ള ഭരണസമിതിഅംഗങ്ങൾ ശ്രദ്ധിക്കാറുണ്ടെന്നും
സന്തോഷപൂർവ്വം പറയട്ടെ.
ഒരു ഇടതുപക്ഷ അനുഭാവിയായി കണ്ട് വലതുപക്ഷക്കാരായ ബന്ധുക്കൾ ഇടക്കിടക്ക് ചില തോണ്ടലൊക്കെ നടത്തുമെന്ന് മാത്രം.
ബാങ്ക് ഭരണ സമിതിയിൽ അംഗമായുള്ള സമയത്താണ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. പാർട്ടിയിലെ സജീവപ്രവർത്തകയും ,ബാങ്കിലെ
മറ്റൊരു ഭരണസമിതി അംഗവുമായ വനിത സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് ഞാനും വിശ്വസിച്ചിരുന്നത്.
പക്ഷേ അവസാന നിമിഷം എന്റെ പേരാണ് മുന്നോട്ടേക്ക് വന്നത്. മകളെപ്പോലെ എന്നെ സ്നേഹിക്കുന്ന അമ്മാവന്റെ ഉത്സാഹമാണതിന് പിന്നിലുണ്ടായിരുന്നത്.
ആദ്യമൊന്നും സമ്മതം മൂളിയില്ല.കോടിമതയുടെ
ദുരവസ്ഥയെ കുറിച്ച് മിക്കപ്പോളും അദ്ദേഹത്തോട്
സങ്കടം പറയുമായിരുന്നു. അതെന്റെയൊരു ദൗർബല്യമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ
രണ്ടു മൂന്ന് ദിവസത്തെ പ്രയത്നം കൊണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ ഞാൻ സന്നദ്ധയായി.കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി
നാമനിർദ്ദേശപ്പട്ടികയും സമർപ്പിച്ചു.
കേരളം ഭരിക്കുന്ന ഒരു മന്ത്രി താമസിക്കുന്ന വാർഡാണ്. ഞങ്ങളുടെ കരയോഗാംഗവുമാണ്.അവിടെ വലതു പക്ഷ സ്ഥാനാർത്ഥി
ജയിച്ചില്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രതിച്ഛായയെ തന്നെ ബാധിക്കുമെന്ന കാര്യമൊന്നും എനിക്കറിയില്ല.തെരഞ്ഞെടുപ്പെന്നാൽ ജാതിയും രാഷ്ട്രീയവും ,പണവും ചേർത്തുള്ളകുലുക്കിക്കുത്താണെന്ന് മണ്ടിയായ ഞാൻ മനസ്സിലാക്കിയത് എട്ടു നിലയിൽ
പൊട്ടിയ ശേഷമാണ്.ദേശസ്നേഹവും ,സേവന മനസ്സുമായിഎത്തുന്നവരെ സ്വീകരിക്കുന്നതിന് പകരം സ്വാർത്ഥലാഭങ്ങൾക്കാണ്
ജനങ്ങളും ഇന്ന് മുൻതൂക്കം നൽകുന്നത്.
ജയമായിരുന്നു ലക്ഷ്യമെങ്കിൽ
വലതു പക്ഷത്ത് തന്നെ മത്സരിക്കണമായിരുന്നു.ഇരുപത്തിയൊൻപതാം വാർഡിലെ വോട്ടർമാരിൽ സിംഹഭാഗവും വലതുപക്ഷ അനുഭാവികളാണ്.ഇതൊക്കെ അന്ന് ആർക്കറിയാം.
ചില നല്ല കാര്യങ്ങൾ ചെയ്യുവാൻ
തെരഞ്ഞെടുപ്പിന് ശേഷം അവസരം ലഭിച്ചിട്ടുണ്ട്.
സേവനം ചെയ്യുവാൻ ജനപ്രതിനിധി തന്നെ ആകണമെന്നില്ല എന്നൊരുൾക്കാഴ്ച വന്നത് അപ്പോളാണ്.
ഒരു സമുദായ വിഭാഗത്തിന്റെ വോട്ടുകൾ മുഴുവനും മറിച്ചാണ് എതിർഭാഗം വിജയം നേടിയത്.
പക്ഷേ കെട്ടി വച്ച കാശു പോയില്ല കേട്ടോ.ബന്ധുക്കളും , സ്വസമുദായത്തിലുള്ളവരും ,കൂട്ടുകാരിയെന്ന് കരുതിയവരുമൊക്കെ തിരിഞ്ഞു കുത്തിയതിന്റെ വലിയ വേദന കുറെക്കാലം നൊമ്പരപ്പെടുത്തിയെന്ന് മാത്രം.
പക്ഷേ എഴുത്തുരംഗത്തേക്ക് കടന്നു വന്നപ്പോൾ മുൻ മന്ത്രിയും ,വലതു പക്ഷക്കാരായ ബന്ധുക്കളും സ്നേഹപൂർവ്വം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ,
ലണ്ടൻ മലയാളി കൗൺസിൽ അവാർഡ് ലഭിക്കുകയും ചെയ്തപ്പോൾ എല്ലാവരും അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.കരയോഗത്തിന്റെ പൊതുയോഗചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തിട്ടുണ്ട്.
കോട്ടയം താലൂക്ക് NSS യൂണിയൻ നൽകുന്ന
പ്രതിഭാ പുരസ്കാരവും 2022 ൽ ലഭിച്ചു.
തെരഞ്ഞെടുപ്പ് ദിവസം രാവിലെ മുതൽ വൈകിട്ട് വരെ പോളിംഗ് ബൂത്തിനു മുൻപിൽ കൂടെ നിന്നത്
ബന്ധുവായ ജയകുമാർ ചേട്ടനാണ്. പിറ്റെ ദിവസം
അദ്ദേഹത്തിന്റെ കാലിന് നീര് വച്ച് ചെരുപ്പിട്ട് നടക്കുവാൻ പോലും ബുദ്ധിമുട്ടേണ്ട അവസ്ഥ
വന്നു.
വോട്ട് അഭ്യർത്ഥിച്ചു നടന്ന സമയത്ത് നല്ലതും ,മോശവുമായ ഒട്ടേറെ അനുഭവങ്ങളുണ്ടായി. കുറെ തമാശകളും.തമാശകൾ മാത്രം പറയാം. ഹ്രസ്വമായ ജീവിതത്തെ ലഘുവായി സമീപിക്കുവാനാണ് ഇപ്പോളിഷ്ടം.
കാരാപ്പുഴ ഭാഗത്ത് വോട്ട് അഭ്യർത്ഥിച്ച് നടന്ന സന്ദർഭത്തിൽ ഒരു വീട്ടിൽ ചെല്ലുമ്പോൾ ഗൃഹനാഥൻ എപ്പോളും കൈ നീട്ടുമായിരുന്നു.ഹസ്തദാനത്തിന് മുതിരുകയാണെന്ന് കരുതി കാര്യമായി കൈകൂപ്പി കാണിച്ചു.
പണം ആവശ്യപ്പെടുകയായിരുന്നെന്ന് കൂടെയുള്ള
പാർട്ടി പ്രവർത്തകനും ,കലാകാരനുമായ അജീഷ്
പറഞ്ഞപ്പോഴാണ് മനസ്സിലായത്.
ഒരു സ്ഥലത്ത് വച്ച് തെരുവു നായ കടിക്കുവാനോടിച്ചിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ്
കടി കൊള്ളാതെ രക്ഷപെട്ടത്.മറ്റൊരു രസകരമായ
സംഭവവുമുണ്ട്.
പോളിംഗ് നടക്കുന്ന ദിവസം ബൂത്തായി നിശ്ചയിച്ചിരിക്കുന്ന സ്കൂളിനു മുൻപിൽ
രാവിലെ മുതൽ സ്ഥാനാർത്ഥികൾ നിൽപ്പുറച്ചിരിക്കുകയാണ്.പതിനൊന്ന് മണിയായപ്പോളേക്കും പ്രാഥമികആവശ്യത്തിനുള്ള
ശങ്ക കലശലായി. വലതു
പക്ഷക്കാരുടെ സ്ഥാനാർത്ഥിയായ ഷൈമയും അതേ
അവസ്ഥയിലാണ്. മത്സരമാണെങ്കിലും ഞങ്ങൾ
തമ്മിൽ സ്പർദ്ധയൊന്നുമില്ല. നേരിട്ട് കാണുമ്പോൾ
സ്നേഹത്തോടെയും ,സൗഹൃദത്തോടെയുമാണ്
ഇടപഴകാറുള്ളത്. അണികൾ തമ്മിൽ വഴക്കും ,വക്കാണവുമൊക്കെ ഇടക്ക് നടന്നിട്ടുണ്ടെന്ന് മാത്രം.
സ്കൂളിന്റെ ഉള്ളിലാണ് ശൗചാലയം.നിവൃത്തിയില്ലാതെ ഷൈമയെയും
കൂട്ടി സ്കൂളിന്റെ അകത്തേക്ക് നടന്നു. പോകുന്ന
വഴിയിൽ ഒന്ന് രണ്ട് ആളുകളുമായി കുശലവും
പറഞ്ഞു. തിരിച്ചു വന്നപ്പോളല്ലേ പൂരം. രണ്ടു
പേരും ഒരുമിച്ച് പോയതിന് വലതുപക്ഷക്കാർ ചന്ദ്രഹാസമിളക്കി നിൽക്കുകയാണ്. ബൂത്തിനുള്ളിൽ കയറിയപ്പോൾ ഞാൻ വോട്ട് ചോദിച്ചുഎന്നൊരു ആരോപണവും.
അച്ഛന്റെ അൾഷിമേഴ്സ് രോഗത്തിന്റെ ഭാഗമായുള്ള ബഹളങ്ങൾ കൊണ്ട് വിഷമിച്ചിരുന്ന സമയത്താണ്
സ്ഥാനാർത്ഥിയായി മത്സരിക്കുവാൻ ഇറങ്ങിത്തിരിച്ചത്. കൂടാതെ വലിയൊരു പ്രശ്നവും
ഞങ്ങളുടെ വീട്ടിൽ നീറിപ്പുകയുന്നുണ്ടായിരുന്നു.എല്ലാം കൊണ്ടും
ചിരിക്കുവാൻ പോലും എനിക്ക് കഴിയാറില്ലായിരുന്നു.അഹങ്കാരിയാണ്’എന്നൊരാരോപണവും അതിനിടെ എനിക്കെതിരെ ഉയർന്നു വന്നിരുന്നു. ഭാഗ്യത്തിന് കരി വാരി തേയ്ക്കുന്ന അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. എതിർപക്ഷത്തിരുന്നാലും ബന്ധുക്കളായ സഹോദരന്മാർക്ക് എന്റെ കാര്യത്തിലൊരു കരുതലുണ്ടായിരുന്നു.
അണികളിലുള്ളവർക്ക് കൂടെ വരുവാൻ
സൗകര്യപ്പെട്ടില്ലെങ്കിലും ഒറ്റക്ക് ചെന്ന് വോട്ടഭ്യർത്ഥന നടത്തുമായിരുന്നു.ഒരു കാര്യത്തിനിറങ്ങിയാൽ അലസത കാണിക്കുന്ന ശീലമില്ലാത്തതിനാൽ ഭയങ്കരമായി കഷ്ടപ്പെട്ട്
നടന്നുള്ള പ്രവർത്തനമായിരുന്നു. രാവിലെ കാരാപ്പുഴ ഭാഗത്തെല്ലാം പോയാൽ ഉച്ച കഴിഞ്ഞ്
ഈരേക്കടവ് ഭാഗത്താകും അഭ്യർത്ഥനക്ക് പോകുന്നത്. വോട്ടർമാരായുള്ള തമിഴർ താമസിക്കുന്ന ചില ഭാഗങ്ങളുണ്ട്. അവിടെ പൊരിഞ്ഞ തമിഴിൽ പേശി തകർത്തു.
പണ്ട് കണ്ടിട്ടുള്ള കമൽഹാസൻ തമിഴ് ചിത്രങ്ങൾക്ക്ജീവിതത്തിൽ അപ്പോഴാണ് ശരിക്കും
പ്രയോജനപ്പെട്ടത്.
ഓട്ടോയിൽ ചുറ്റിയുള്ള പ്രചാരണത്തിൽ മൈക്ക്
കയ്യിലെടുത്ത് ആവേശത്തിൽ ഒരു പ്രകടനവും നടത്തി.’മകളേ ഓവറാ’ക്കരുതെന്ന് അമ്മാവന്
ഒടുവിൽ പറയേണ്ടി വന്നു.
മൊത്തത്തിൽ ഓർത്താൽ ആകെയൊരു
ജഗപൊക കെട്ടടങ്ങിയതിന്റെ പൊട്ടിച്ചിരി ,മാലപ്പടക്കം . എല്ലാം കെട്ടടങ്ങിയെങ്കിലും
ധാരാളം ജീവിതപാഠങ്ങൾ ഇലക്ഷൻ അനുഭവങ്ങൾ
എനിക്ക് നേടിത്തന്നു.
ജീവിതത്തിൽ അനുഭവിക്കാനിടവന്നിട്ടില്ലാത്ത നിറം മങ്ങിയ പല നേർക്കാഴ്ചകളും കാണുവാനിടയായി.
പ്രായമായ ഒരമ്മയും ,ബുദ്ധി സ്ഥിരതയില്ലാത്ത മകനും ക്ലേശിച്ച്
താമസിക്കുന്ന ഈരേക്കടവിലുള്ള ഒരു വീട്ടിൽ പോകേണ്ടി വന്നിട്ടുണ്ട്.രോഗാതുരരായി ഒറ്റക്ക് കഴിയുന്ന വൃദ്ധദമ്പതികളെയും.
വെള്ളക്കെട്ടിന് നടുവിൽ
വീടുകളിൽ ബുദ്ധിമുട്ടിക്കഴിയുന്ന ജീവിതങ്ങളും കണ്ടു നിൽക്കുവാനേ അന്ന് സാധിച്ചുള്ളൂ.ഗൃഹനാഥന്റെ മദ്യപാനം താറുമാറാക്കിയ സ്ത്രീകളുടെ ദുഃഖങ്ങൾ കണ്ടറിഞ്ഞപ്പോൾ കേരളത്തിൽ മദ്യ നിരോധനം
നടപ്പാക്കിയിരുന്നെങ്കിൽ എന്നാശിച്ചു പോയിട്ടുണ്ട്.അവർക്കൊക്കെ വേണ്ടി ചെയ്യുവാൻ
സാധിക്കുന്നത് ചെയ്യണമെന്ന് ഷൈമയോട് പറയാറുണ്ടായിരുന്നു.വൃദ്ധ ദമ്പതികളെ ഷൈമയുടെ നേതൃത്വത്തിൽ സുരക്ഷിതമായ
സ്ഥലത്ത് നോക്കുവാനേല്പിച്ച വിവരവും ഷൈമ
പറഞ്ഞറിഞ്ഞു.
ചില കാര്യങ്ങൾക്ക് കഠിനാധ്വാനത്തോടൊപ്പം ബുദ്ധിപൂർവ്വമായ നീക്കവും ആവശ്യമാണെന്ന് ഇന്നെനിക്കറിയാം.മനസ്സിനും കൂടുതൽ കരുത്തു വന്നു.ഇപ്പോൾ എന്ത് വിഷമം മനസ്സിലുണ്ടെങ്കിലും
വിടർന്ന് ചിരിക്കും.അത്യാവശ്യം തന്ത്രങ്ങളും ,നിലനിൽപ്പിനാവശ്യമായ കള്ളത്തരങ്ങളും അറിയാം.
വെളുത്തതെല്ലാം പാലെന്ന്
കരുതി കൂടുതൽ ആരെയും അധികം സ്നേഹിക്കുകയും
വിശ്വസിക്കുകയും ചെയ്യരുതെന്ന് പഠിച്ചു.ചെയ്യുന്ന കാര്യങ്ങളുടെ വരും വരായ്കകൾ മനസ്സിലാക്കിയ
ശേഷമേ എന്തിലേക്കും എടുത്തു ചാടുവാൻ പാടുള്ളൂ എന്നതുമൊരറിവായി.
ജയ പരാജയങ്ങളെ സമാനമായി
സ്വീകരിക്കുവാനുള്ള മന:സാന്നിദ്ധ്യം ചെറുപ്പകാലത്ത് തന്നെ വളർത്തേണ്ടത് ആവശ്യമാണ്.
നമുക്കെല്ലാവർക്കും ഓരോ നിയോഗങ്ങളുണ്ട്.വഴി തെറ്റി നടന്നാലും നേർവഴി കാണിക്കുന്ന ഈശ്വരാനുഗ്രഹം കൂടെയുണ്ടെങ്കിൽ നമുക്കായി
പുതിയൊരു വാതിൽ തുറക്കുക തന്നെ ചെയ്യും.
ഇനിയാണ് വലിയ തമാശ .അടുത്ത വാർഡ് ഇലക്ഷൻ സമയത്ത് നാട്ടിലുള്ള മറ്റൊരു
നേതാവ് ഹൈന്ദവ വികാരമൊക്കെ ഉണർത്തിഅവരുടെ
സ്ഥാനാർത്ഥിയായി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. വിശ്വസിച്ച പ്രസ്ഥാനത്തെയും ,ആദർശങ്ങളെയും ബലി കഴിച്ച്
ചതിക്കുന്നതു പോലെയുള്ള പ്രവൃത്തി ചെയ്യുവാനുള്ള പ്രേരണ.
. പാർട്ടി മാറി മത്സരിക്കുന്നതൊക്കെ സർവ്വ സാധാരണമാണു പോലും.അതിനിനിയും ഒന്നു കൂടി ജനിക്കണമെന്ന് മനസ്സിൽ പറഞ്ഞു.അത്യാവശ്യം തന്ത്രങ്ങളൊക്കെ മനസ്സിലാക്കിയിട്ടുള്ളതിനാൽ അദ്ദേഹത്തെ പിണക്കാതെ
എല്ലാം മൂളിക്കേട്ട് നിന്നു.എന്നിട്ട് ‘തോമസു കുട്ടീ ..വിട്ടോടാ’ എന്ന മട്ടിൽ ഞാനൊരൊറ്റ ഓട്ടവും വച്ച് കൊടുത്തു.
About The Author
No related posts.