ഓരോ യാത്രയും ഒരു പുനര്‍ജനിയാണ്. അകകണ്ണ് തുറപ്പിക്കുന്ന പ്രകൃതി വിസ്മയങ്ങള്‍ നല്‍കുന്ന കുളിരും സുഗന്ധവും വര്‍ണ്ണവൈവിധ്യവും ഇലച്ചീന്തിലെ പ്രസാദം പോലെ ഏറ്റുവാങ്ങി അനുഭൂതിതീരങ്ങളില്‍ കൈകൂപ്പി നില്‍ക്കുക.. എന്തൊരാനന്ദമാണത്!
സാഗരത്രയസംഗമ തീരത്തൊരു അസുലഭ സൂര്യോദയദര്‍ശനത്തിനായി കുടുംബവുമൊത്ത് യാത്ര പോയത് കഴിഞ്ഞയാഴ്ചയാണ്. തിരുവനന്തപുരത്തു നിന്നും എന്‍.എച്ച് 66 ലൂടെയുള്ള യാത്ര അതീവസുന്ദരമായ ഒരനുഭവമാണ്.
റോഡിന്റെ മദ്ധ്യത്തെ ഡിവൈഡറില്‍ മുഴുവനും മഞ്ഞക്കോളാമ്പി പൂത്തു നിന്നിരുന്നു. റോഡിനിരുവശവും വെട്ടുകല്ലിന് മേല്‍ കോണ്‍ക്രീറ്റ് ചെയ്തു പാറയുടെ പ്രതീതി വരുത്തി അതിലൂടെ പടര്‍പ്പന്‍ ചെടികള്‍ വളര്‍ത്തിയിട്ടിരിക്കുന്നു. ദൂരെ ആകാശച്ചരിവോളം എത്തിനോക്കുന്ന തെങ്ങിന്‍തലപ്പുകള്‍.. അവിടെയുമിവിടെയും ചില കെട്ടിടങ്ങള്‍.. ഈ പാതയിലൂടെ യാത്ര ചെയ്യുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ വഴികള്‍ എത്ര കമനീയമെന്നു നമുക്ക് തോന്നുക.
കളിയിക്കാവിള എത്തുന്നത്തോടെ പണിതീരാത്ത ഹൈവേയില്‍ നിന്നും ഒരാള്‍ പൊക്കത്തില്‍ പൊടിമൂടിയ കല്ലും കുഴിയും നിറഞ്ഞ പഴയ ഹൈവേയിലേക്ക് കയറിയാല്‍ തക്കല എത്തുവോളം കണ്ണടച്ചിരിക്കേണ്ടി വരും. നയനാനന്ദകരമായതൊന്നും ആ പാതയോരത്തില്ല. തക്കലക്കുന്നുകളുടെ ഗാംഭീര്യം കണ്‍നിറയെ കാണാന്‍ നാഗര്‍കോവിലെത്തും മുന്നേ ചുങ്കന്‍കടൈ എന്നിടത്തുള്ള ഗൗരീശങ്കരം എന്ന വെജിറ്റേറിയന്‍ ഹോട്ടലിന് മുന്‍പില്‍ വണ്ടി നിര്‍ത്തി.
നെയ്‌റോസ്റ്റും മസാലദോശയും പുലാവുമെല്ലാം തനി നാടന്‍ തമിഴ്ച്ചുവയുള്ള മലയാള വാഴയിലകളില്‍ നിറഞ്ഞിരുന്നു. ഭക്ഷണ ശേഷം നഗര്‍കോവില്‍ വഴി കന്യാകുമാരി യാത്ര തുടര്‍ന്നു. സാഗരസംഗമതീരം നട്ടുച്ചവെയിലില്‍ പൊള്ളിക്കിടന്നതിനാല്‍ ഹോട്ടലിലെത്തി വിശ്രമിച്ച ശേഷം വൈകുന്നേരം പുറത്തിറങ്ങാന്‍ തീരുമാനിച്ചു.
ഏകദേശം അഞ്ചുമണിയോടെ ആദ്യം പോയത് തിരുപ്പതി ബാലാജി ക്ഷേത്രത്തിലേക്കാണ്. കന്യാകുമാരിയുടെ മുനമ്പില്‍ തന്നെ വിവേകാനന്ദ കേന്ദ്രത്തോട് ചേര്‍ന്നാണ് നാല്‍പതു പടികളുള്ള ഈ ക്ഷേത്രവും സ്ഥിതിചെയ്യുന്നത്. ഉത്തരതിരുപ്പതി വെങ്കിടേശ്വര ക്ഷേത്ര മാതൃകയിലാണ് ഈ ക്ഷേത്രവും നിര്‍മ്മിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തിനു പത്തു വര്‍ഷത്തെ പഴക്കമേയുള്ളു എന്നതിനാല്‍ തന്നെ ക്ഷേത്രപരിസരവും പടിക്കെട്ടും പൊടിയും അഴുക്കുമില്ലാതെ തിളക്കമാര്‍ന്നിരിക്കുന്നു.
സൂര്യന്‍ മീനം രാശി വിട്ട് മേടം രാശിയിലേക്ക് മാറുന്ന സംക്രാന്തി ദിവസം സൂര്യപ്രകാശം ബാലാജിയുടെ തൃപ്പാദങ്ങളില്‍ പതിയ്ക്കും വിധമാണ് ഇവിടത്തെ പ്രതിഷ്ഠ. ക്ഷേത്ര മതില്‍ക്കെട്ടോടു ചേര്‍ന്ന് അലയടിക്കുന്ന തിരമാലകള്‍ സദാ അലയടിക്കുന്ന മനുഷ്യമനസ്സിന്റെ പ്രതീകം പോലെ.
വൈകുന്നേരം അഞ്ചു മണിക്ക് ക്ഷേത്രനടതുറന്നപ്പോള്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു എങ്കിലും വളരെ മാന്യമായി വരിനിന്നു സമാധാനത്തോടെ പരസ്പരം ഉന്താതെയും തള്ളാതെയും തൊഴാന്‍ നിന്ന മനുഷ്യരുടെ ആവലാതികള്‍ കേള്‍ക്കാന്‍ ബാലാജി ഭഗവാന്‍ വിശ്വരൂപം പൂണ്ടത് പോലെ ഉയരമേറിയ രൂപം മനസ്സില്‍ ശക്തിയുടെ പ്രതീകമായി പതിയുക തന്നെ ചെയ്തു. ഗര്‍ഭഗൃഹത്തിന്റെ പുറത്തിറങ്ങിയാല്‍ കാറ്റിന്റെ ഹുംകാരമാണ്. അറബിക്കഥകള്‍ കേള്‍ക്കാനും ബംഗാള്‍ ഉള്‍ ക്കടലിന്റെ കിതപ്പേറ്റുവാങ്ങാനും ഇരുകൈയും നീട്ടി അവരെ സ്വീകരിക്കാനും തലോടാനും ആശ്വസിപ്പിക്കാനും മഹാസമുദ്രമാകുന്ന അമ്മ കാത്തുനിന്ന പോലെ.
ദൂരെ വിവേകാനന്ദപ്പാറയ്ക്കുമേല്‍ സന്ധ്യയുടെ കുങ്കുമാര്‍ച്ചന തുടങ്ങിയിരുന്നു. ധ്യാനലീനനായ തിരുവള്ളൂവരുടെ പിന്നില്‍ കരിമേഘങ്ങള്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി. ഇടയ്ക്കിടെ വെള്ളിവാള്‍ത്തലപ്പുകള്‍ തിളങ്ങി. അസ്തമന സൂര്യനെ മറയ്ക്കാന്‍ തക്കംപാര്‍ത്തു നിന്ന കരിമേഘങ്ങള്‍ ഇന്ദ്രന്റെ ആജ്ഞാനുവര്‍ത്തികളായിരുന്നു. ചക്രവാളച്ചോപ്പിലാകെ അവര്‍ പടുകൂറ്റന്‍ കറുകറുത്ത ചിത്രങ്ങള്‍ വരച്ചുചേര്‍ത്തു.. അവയ്ക്കിടയിലൂടെ പരന്നൊഴുകിയ പൊന്നൊളി സ്വര്‍ഗ്ഗകവാടങ്ങളിലേക്ക് നീണ്ടു കിടന്നു.
മഴ ചിതറിപെയ്‌തെങ്കിലും കനത്തില്ല. തിരക്കിന്റെ താളില്‍ കടലിന്റെ വിയര്‍പ്പിന്റെ ഗന്ധവും വാടിയ മുല്ലപ്പൂമണവും ഇടകലര്‍ന്നു കിടന്ന മണല്‍പ്പരപ്പിലേക്കു നടന്നില്ല. ചിപ്പിയും കല്ലും കൊണ്ട് തീര്‍ത്ത മാലകളും ബാഗുകളും മുടിയില്‍ വയ്ക്കുന്ന ക്ലിപ്പുകളുമായി ജീവിതഭാരം ചുമന്ന ചില പിഞ്ചു ബാല്യങ്ങള്‍ കണ്ടു. ങ്ങളൊന്നും അവരുടെ കണ്ണുകളില്‍ മഷി ചാര്‍ത്തിയില്ല. വിശപ്പ് വരട്ടിയ കവിള്‍പ്പൂക്കള്‍ കണ്ടു മനസ്സുറഞ്ഞു.
ഉദയാരുണം മാത്രം നെഞ്ചിലേറ്റി രാത്രിയിലേക്ക് മെല്ലെ മയങ്ങിയ ആകാശം. കുഞ്ഞലകള്‍ ഉമ്മവയ്ക്കുന്ന വിവേകാനന്ദപ്പാറ. സര്‍വ്വം സാക്ഷിയായ തിരുവള്ളുവര്‍ പ്രതിമ. ബെഡ്റൂമില്‍ കിടന്നുകൊണ്ട് കടല് കാണാവുന്ന പത്താം നിലയിലെ മുറിയില്‍ ഉറങ്ങിയുണര്‍ന്നത് പതിനഞ്ച് വര്‍ഷമാണ്.
കുവൈറ്റ് കടിലിടുക്കിലേക്ക് ചാഞ്ഞു കിടന്ന ബനെയ്ദ് അല്‍ഗാറിലെ ബിഷര്‍ ആല്‍ക്കാസിമി ടവറിലെ റൂഫ് ടോപ് ബാല്‍ക്കണിയോട് ചേര്‍ന്ന മുറിയില്‍. ജനാലവിരി നീക്കിയാല്‍ അലകളില്ലാത്ത കുവൈത്ത് ഉള്‍ക്കടലിന്റെ അറ്റം. സദാ മിന്നുന്ന ആയിരമായിരം ദീപങ്ങള്‍ അലങ്കരിച്ച കടല്‍ത്തീരം. അന്നൊക്കെ ആ കാണുന്ന കടല്‍പ്പരപ്പിനപ്പുറം എന്റെ മണ്ണുണ്ടല്ലോ എന്ന് നാടിന്റെ സ്‌നേഹതീര്‍ത്ഥജലസ്പര്‍ശമില്ലാതെ കിടന്ന എന്റെ വേരുകള്‍ വിങ്ങിയിരുന്നു. എന്നിനി നാട്ടിലേക്കു പറക്കും എന്ന ഒരൊറ്റ തളിരിന് കാത്തിരിക്കുന്ന വരണ്ട ചെടിയായിരുന്നു മനസ്സ്.
കന്യാകുമാരിക്കടലിനു മീതെ രാവിന്റെ മാറില്‍ തിളങ്ങുന്ന ദീപങ്ങള്‍ കണ്ടു. ആണവകേന്ദ്രമായ കൂടംകുളം ഇവിടെ നിന്നും സുമാര്‍ മുപ്പത്തഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണുള്ളത് എന്നത് ഓര്‍ത്തപ്പോള്‍ നെഞ്ചിടിപ്പ് അല്പം ദ്രുതഗതിയിലായി. പഴയ പല സമരങ്ങളും ഓര്‍മ്മ വന്നു. പത്തിരുപതു കൊല്ലം മുന്നേ സമുദ്രം മുടിയഴിച്ചാടിയ സുനാമി ഒരു വിങ്ങലായി നെഞ്ചില്‍ തിങ്ങി. സകല വേദനയും വിഹ്വലതയും കണ്ണീരുമെല്ലാം ഏറ്റുവാങ്ങുന്ന കടലു പോലും ഇടയ്ക്ക് രൗദ്രനടനമാടും.
എന്നാലും ദീപാലംകൃതയായ കുമാരികന്യയുടെ മടിത്തട്ടില്‍ ഇനിയുമൊരിക്കലും ഒരു ദുരന്തവും ഉണ്ടാവരുതേ എന്ന് മൗനമായി പ്രാര്‍ത്ഥിച്ചു. പഴയ നാഞ്ചിനാടിന്റെ ഭാഗമായ കന്യാകുമാരി ജില്ല കാര്‍ഷികവിളകളാല്‍ സമൃദ്ധമാണ്. തിരുനെല്‍വേലി, മധുര ജില്ലകളോടെ ചേര്‍ന്നാണ് കന്യാകുമാരിയും.
രാത്രി നേരത്തെ ഉറങ്ങിയത് രാവിലെ ആറു മണി കഴിഞ്ഞ് ഒന്‍പതു നിമിഷത്തില്‍ ഉണരും എന്ന് ഗൂഗിള്‍ പറഞ്ഞ ദിനകര ദേവ ദര്‍ശനത്തിനായാണ്. പതിവിലും നേരത്തെ ഉണര്‍ന്ന് സകുടുംബം അരുണോദയം കാത്തിരുന്നു. കന്യാമുനമ്പിലെ പള്ളിക്കു മുന്നില്‍ ആളുകള്‍ കൂട്ടം കൂട്ടമായി നില്‍ക്കുന്നത് കണ്ടു. സ്വച്ഛമായി ഉണര്‍വിന്റെ അലകള്‍ ഉമ്മവച്ച തീരം.
വെളുപ്പിനെ ഉണര്‍ന്നെണീറ്റ് കുളിയും ജപവും കഴിഞ്ഞ് വെറും വയറ്റില്‍ മൂന്ന് തുളസിയിലയും ചവച്ചു തിന്ന് തൂവെള്ള തോര്‍ത്തു മുണ്ട് വെളുത്ത ബ്ലൗസിനു മേലേക്കിട്ടു മുറ്റത്തിന്റെ കിഴക്കേ മൂലയ്ക്ക് നിന്ന് സൂര്യനമസ്‌കാരമന്ത്രം ചൊല്ലി തന്നെ ഉണര്‍ത്തിയ ആ വാത്സല്യധാര…ഒരുപിടി ചാരമായി ഒഴുകിച്ചേര്‍ന്നത് ഇവിടെയാണ്.. കുമാരികന്യയുടെ ആഴങ്ങളില്‍. അണുവിലും അണുവായി ഒടുവിലെല്ലാം,
നമ്മളും ലയിച്ചുചേരുന്ന കടല്‍…..
അനന്തകോടി ജന്മങ്ങളിലൊന്നില്‍ ഈ ശരീരമാകുന്ന കൂട്ടില്‍ ജീവിച്ചു പിന്നെ വിഘടിച്ചു നേര്‍ത്തു നേര്‍ത്തു നാമെല്ലാം അലിഞ്ഞു ചേരുന്നൊരു കടല്‍….
കാത്തിരിപ്പിന് മേല്‍ അരുണരേഖകള്‍ തെളിഞ്ഞ കിഴക്കന്‍ ചക്രവാളത്തിന്റെ അങ്ങേ അറ്റത്തു നിന്നും ഒരു ചെറിയ സ്വര്‍ണ്ണക്കിണ്ണം അല്പാല്പമായി ഉയര്‍ന്നു വന്നു.
കണ്ണുകള്‍ക്ക് താങ്ങാനാവാത്ത കടും സ്വര്‍ണ്ണവര്‍ണ്ണത്തില്‍ കൃത്യം ആറുമണി കഴിഞ്ഞ് ഒന്‍പതു നിമിഷത്തില്‍ ആ ദിവ്യജ്യോതിസ്വരൂപന്‍ ഉയര്‍ന്നുയര്‍ന്നു വന്നു. പായസ സദ്യയ്ക്കുപയോഗിക്കുന്ന തീക്കനലില്‍ ചുട്ടുപഴുത്ത വലിയ ഒരു ഓട്ടുപാത്രത്തേക്കാള്‍ വലിപ്പത്തില്‍.. കണ്ണ് തുറന്നു നേരെ നോക്കാനാവാത്ത കടുത്ത കനല്‍ജ്വാലപോലെ ആ ദിവ്യ പ്രഭയില്‍ ഞാനറിയാതെ ചൊല്ലിപ്പോയി..
ഓം മിത്രായ നമ:സകല ജീവജാലങ്ങളുടെയും മിത്രമേ നമസ്‌കാരം. സകലകോടി ജനങ്ങളുടെയും ജീവന് ആധാരമായ മിത്രമേ സഹസ്രകോടി പ്രണാമം. കണ്ണുനീര്‍ വീണ് എന്റെ കവിള്‍ത്തടങ്ങള്‍ നനഞ്ഞു പോയി. വാക്കുകളെ നിഷ്പ്രഭമാക്കിയ ആ സൂര്യോദയത്തിന് മുന്‍പില്‍ സഹസ്രകോടി നമസ്‌കാരമാര്‍പ്പിച്ചു കൊണ്ട് എന്റെ നിസ്സാരത തിരിച്ചറിയുന്നു…
പ്രഭാതന്മാത്രകളെ വികിരണം ചെയ്യുന്ന പ്രഭാതമേ, സൂര്യഗായത്രി ചൊല്ലുന്ന എന്നിലെ സകല രേണുക്കളെയും അവിടുത്തെ ജ്വാലയാല്‍ വിശുദ്ധമാക്കൂ…സകല രേണുവിലും സ്വരനായ സൂര്യാ എന്നില്‍ സ്വരരാഗസുധയാവൂ.













