വാര്‍ഷിക മഹാമഹം (നര്‍മ്മകഥ)-നൈന മണ്ണഞ്ചേരി

Facebook
Twitter
WhatsApp
Email

മോന്റെ വെല്‍ക്കം സ്പീച്ച് ഉള്ളതു കൊണ്ട് മാത്രമല്ല പ്രമുഖ സാഹിത്യ നായകന്‍ വരുന്നു എന്നറിഞ്ഞതു കൊണ്ടു കൂടിയാണ് സ്‌ക്കൂള്‍ വാര്‍ഷികത്തിന് പൊയ്ക്കളയാമെന്ന് വിചാരിച്ചത്.വെല്‍ക്കം സ്പീച്ച് എന്നതിന് പകരം സ്വാഗത പ്രസംഗം എന്നു പോരെ എന്നു മോനോട് ചോദിച്ചപ്പോള്‍ ”അങ്ങനെ പറയാന്‍ പാടില്ല,കഴിയുന്നതും മലയാളം യൂസ് ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം” എന്നാണ് ടീച്ചര്‍ പറഞ്ഞിരിക്കുന്നതെന്ന് മോന്റെ മറുപടി.

അറിയാതെയെങ്ങാനും മലയാളം പറഞ്ഞു പോയാല്‍ ഫൈന്‍ ഈടാക്കാന്‍ ക്‌ളാസ് ലീഡര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടത്രേ! വളരെ നല്ലത്! സ്‌ക്കൂളിലേക്ക് പോകുന്നതിനുള്ള അവസാന തയ്യാറെടുപ്പിലാണ് മകന്‍..അതിനിടയില്‍ ഡിയര്‍ പാരന്റ്‌സ് എന്ന അഭിസംബോധന കേട്ട് ചോദിച്ചു പോയി ”മോനേ,പേരന്റ്‌സ് എന്നല്ലേ ശരിക്കും പറയേണ്ടത്?”

”അല്ല ഡാഡീ, പാരന്റ്‌സ് എന്നാ ടീച്ചര്‍ പഠിപ്പിച്ചത്.” ഇനി നമ്മളെന്തു പറഞ്ഞിട്ടും കാര്യമില്ല,പാരന്റ്‌സ് അഥവാ പേരന്റ്‌സ് എന്ന ഹതഭാഗ്യര്‍ എന്തു പറഞ്ഞാലും ടീച്ചര്‍മാര്‍ പറയുന്നത് തന്നെ കുട്ടികള്‍ക്ക് വേദ വാക്യം.

സ്‌ക്കൂളില്‍ ചെല്ലുമ്പോള്‍ വിശിഷ്ടാതിഥികളൊക്കെ കാലേ കൂട്ടി എത്തി കാത്തിരിപ്പാണ്..ഒരാള്‍ കൂടി വരാനുണ്ടത്രേ,മറ്റാരുമല്ല ഒരു സീരിയല്‍ താരമാണ്..കാത്തിരിപ്പിനൊടുവില്‍ അവരുമെത്തി,പരിപാടി തുടങ്ങി. മറ്റുള്ളവരെല്ലാമുണ്ടെങ്കിലും സീരിയല്‍ സിനിമാ താരങ്ങളില്ലാതെ എന്ത് ആഘോഷം? വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ വെല്‍ക്കം സ്പീച്ച് നടന്നു.

ഓരോര്‍ത്തര്‍ക്കും സ്വാഗതം പറയുമ്പോള്‍ ബൊക്കെ കൊടുക്കുന്നത് കൂടാതെ ഒരു പടക്കവും പൊട്ടി.പ്രതീക്ഷയില്ലാതിരുന്നതിനാല്‍ എല്ലാവരുമൊന്ന് ഞെട്ടി.വെടിക്കെട്ടിനായി സ്‌കൂളിന്റെ മുകളില്‍ ആളെ ഏര്‍പ്പാട് ചെയ്തിരിക്കുകയാണ്.

എങ്ങനെയുണ്ട് വെടിക്കെട്ടെന്ന മട്ടില്‍ പ്രന്‍സിപ്പല്‍ മാത്രം ഞെട്ടാതിരിക്കുന്നു,ഉല്‍ഘാടനം.സമ്മാന ദാനം എല്ലാം കഴിഞ്ഞായിരുന്നു സ്‌ക്കൂള്‍ മാഗസിന്‍ പ്രകാശനം.സീരിയല്‍ താരത്തിന്റെയും മറ്റു താരങ്ങളുടെയുമൊക്കെ പ്രകടനം കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി ഞാനെന്തു പ്രകടനം നടത്താന്‍ എന്ന മട്ടില്‍ വന്ദ്യവയോധികനായ സാഹിത്യ നായകന്‍ എഴുന്നേറ്റു.വര്‍ണ്ണക്കടലാസില്‍ റിബണ്‍ കെട്ടിയ പൊതിയഴിച്ചപ്പോള്‍ മാന്ത്രികന്റെ പ്രകടനം പോലെ പൊതിയില്‍ ഒരു കവര്‍ പേജ് മാത്രം!

സാംസ്‌കാരിക നായകന്‍ അന്തം വിട്ടു.ഇതെന്ത് മായാജാലം..പെട്ടെന്നാണ് ഒരു വെടി പൊട്ടിയത്.അന്തം വിട്ടതിനു പുറമെ അദ്ദേഹം ഒന്നു ഞെട്ടുകയും ചെയ്തു. സ്റ്റേജില്‍ നിന്ന് താഴെ വീഴാതിരുന്നത് എന്തോ ഭാഗ്യം.

‘സാറേ, കവര്‍ മാത്രമേ റെഡിയായിട്ടുള്ളു.ബാക്കി പ്രസ്സിലാ.. പ്രകാശനം എന്തായാലും ഇതിന്റെ കൂടെത്തന്നെ നടത്തിയേക്കാമെന്ന് വിചാരിച്ചു.” പ്രിന്‍സിപ്പല്‍ സാഹിത്യ നായകന്റെ ചെവിയില്‍ മന്ത്രിച്ചു.

അങ്ങനെ പ്രസ്സിലിരിക്കുന്ന മാഗസിന്റെ പ്രകാശനവും സമംഗളം നടന്നു.സാഹിത്യനായകന്‍ പ്രസംഗം ഏതാനും വാക്കുകളിലൊതുക്കി.വെടിക്കെട്ടിനും സീരിയല്‍ താരങ്ങള്‍ക്കുമിടയില്‍ എന്ത് സാഹിത്യം?

വെല്‍ക്കം സ്പീച്ചും കേള്‍ക്കാന്‍ വന്ന സ്പീച്ചും കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി ഇരിക്കേണ്ട കാര്യമില്ല. അല്ലെങ്കില്‍ തന്നെ താരങ്ങളുടെയൊക്കെ പ്രകടനം കഴിഞ്ഞതിനാല്‍ ഇപ്പോള്‍ പ്രേക്ഷകരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ കസേരയുടെ എണ്ണമാണ്.ഇറങ്ങാന്‍ നേരം വീണ്ടുമൊരു വെടി..കലാപരിപാടികള്‍ തുടങ്ങാന്‍ പോകുന്നു എന്ന മുന്നറിയിപ്പാണ്.

പണ്ട് ഉല്‍സവങ്ങളില്‍ മാത്രം കണ്ടിരുന്ന വെടിക്കെട്ടും ആനയുമൊക്കെ വിദ്യാലയങ്ങളിലും പാര്‍ട്ടി സമ്മേളനങ്ങളിലേക്കും കല്യാണങ്ങളിലും കടന്നു വന്നിരിക്കുന്നു.വെറും പ്രസംഗങ്ങളും കലാപരിപാടികളും മാത്രമായിട്ട് എന്ത് സ്‌ക്കൂള്‍ വാര്‍ഷികംകാലം മാറുമ്പോള്‍ കോലവും മാറണം.നാടോടുമ്പോള്‍ നടുവെ ഓടണം,ആന ഓടുമ്പോള്‍ പുറകെയും.

നൈന മണ്ണഞ്ചേരി
നൈനാസ്
എരമല്ലൂര്‍.പി.ഒ.
ആലപ്പുഴ ജില്ല
പിന്‍ 688537
ഫോണ്‍ 9446054809

About The Author

Leave a Reply

Your email address will not be published. Required fields are marked *