LIMA WORLD LIBRARY

ഐ. എഫ്. എഫ്. കെ. 2024: ഫിലിം സൊസൈറ്റികള്‍ക്കും വിദേശ മാധ്യമങ്ങള്‍ക്കും വിലക്ക്‌

തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള പ്രത്യേക പതിപ്പ് തയ്യാറാക്കുന്ന ഫില്‍ക്ക ഫിലിം സൊസൈറ്റി ( തിരുവനന്തപുരം), രശ്മി ഫിലിം സൊസൈറ്റി ( മലപ്പുറം ) , മുവാറ്റുപുഴ ഫിലിം സൊസൈറ്റി എന്നിവയ്ക്കും അമേരിക്കന്‍ മലയാളി വാരിക നേര്‍കാഴ്ച , കാനഡ മലയാളി മാഗസിന്‍ സമീക്ഷ , ലണ്ടന്‍ മലയാളി പ്രസിദ്ധീകരണം ലിമ എന്നിവയ്ക്കും ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടറും മറ്റ് ചിലരും ചേര്‍ന്ന് ഫിലിം ഫെസ്റ്റിവല്‍ വാര്‍ത്ത തയ്യാറാക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.

ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ ഹോങ് കോങ് സംവിധായിക ആന്‍ ഹുയി യുമായുള്ള അഭിമുഖം അനുവദിക്കേണ്ടത്തില്ലെന്ന് നിര്‍ദേശം ലഭിച്ചതായി വോളണ്ടിയര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് മേല്‍പ്പറഞ്ഞ പ്രസിദ്ധീകരണങ്ങളുടെ പ്രതിനിധികള്‍ രണ്ട് പേരും ഫിലിം സൊസൈറ്റികളുടെ വക്താവും ആന്‍ ഹുയി താമസിക്കുന്ന ഹോട്ടലില്‍ എത്തി ആന്‍ ഹുയിയെ നേരിട്ടുകണ്ടു. ആന്‍ ഹുയി അങ്ങനെ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് അറിയിക്കുക മാത്രമല്ല , 30 മിനിറ്റ് ഇന്റര്‍വ്യൂ ഉടന്‍ അനുവദിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു.

സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നേടിയ സംവിധായിക പായല്‍ കപാഡിയയെ കാണുന്നതിനും ഡെപ്യൂട്ടി ഡയറക്ടറും മറ്റ് ചിലരും മേല്‍പ്പറഞ്ഞ ഫിലിം സൊസൈറ്റികളെയും വിദേശ പ്രസിദ്ധീകരണങ്ങളെയും അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് പത്ര പ്രതിനിധികളും ഫിലിം സൊസൈറ്റി വക്താവും പായല്‍ കപാഡിയ വസിക്കുന്ന ഹോട്ടലിലെത്തി. പായല്‍ കപാഡിയ മുന്‍ പരിചയം വെച്ച് പ്രതിനിധികളെ സ്വീകരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. എന്നാല്‍ അഭിമുഖ സമയം ക്രമീകരിക്കുന്നതില്‍ വോളണ്ടിയര്‍മാര്‍ വീണ്ടും തടസ്സം സൃഷ്ടിച്ചു. ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടറുടെ വിലക്ക് നിര്‍ദേശം ഉണ്ടെന്ന് വോളണ്ടിയര്‍മാര്‍ അറിയിച്ചു. പക്ഷേ പായല്‍ കപാഡിയ വൈകിട്ട് കൂടിക്കാഴ്ച നടത്താമെന്ന് അനുവദിച്ചെങ്കിലും അത് നടത്താന്‍ തടസ്സങ്ങളുണ്ടാക്കി.

കേരളത്തില്‍ ചലച്ചിത്ര അക്കാദമി രൂപീകരിക്കും മുമ്പ് ഫിലിം സൊസൈറ്റികളാണ് ചെറുതും വലുതുമായ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നടത്തിപ്പോന്നിരുന്നതും മികച്ച പ്രേക്ഷകരെ ഓരോ ജില്ലയിലും ഇപ്പോഴും പരിപോഷിപ്പിക്കുന്നതും . വിദേശ മലയാളി പ്രസിദ്ധീകരണങ്ങള്‍ ഇപ്പോള്‍ വിശ്വ ക്‌ളാസിക് സിനിമകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നുമുണ്ട്. ഫിലിം സൊസൈറ്റി പ്രസിദ്ധീകരണങ്ങളും മുഖ്യപങ്ക് വഹിക്കുന്നു.

വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നില്‍ പിന്‍വാതില്‍ നിയമനം നേടിയവരും ദിവസ വേതനക്കാരും ചലച്ചിത്ര അക്കാദമിയില്‍ പദവികള്‍ കൈക്കലാക്കിയ അയോഗ്യരുമാണെന്നും നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉള്ളവരുമാണെന്നും ഫിലിം സൊസൈറ്റികളുടെ വക്താവും ചലച്ചിത്ര ഗ്രന്ഥകാരനും നോവലിസ്റ്റുമായ സാബു ശങ്കര്‍ പ്രസ്താവിച്ചു.

സാംസ്‌കാരിക വകുപ്പ് ഫിലിം സൊസൈറ്റികള്‍ക്കായി നല്‍കുന്ന അന്‍പത് ലക്ഷം രൂപയുടെ ഗ്രാന്റില്‍ പകുതിയിലേറെ തുക തട്ടിയെടുക്കുന്ന ഒരു സംഘം ഫെഡറേഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രശസ്ത സിനിമാറ്റോഗ്രാഫറും സംവിധായകനും നിലവില്‍ കെ. എസ്. എഫ്. ഡി. സി ചെയര്‍മാനുമായ ഷാജി.എന്‍.കരുണിനെ ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ (എഫ്. എഫ്. എസ്. ഐ) കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ നിന്നും വ്യാജ സൊസൈറ്റികളുടെ വോട്ട് തരപ്പെടുത്തി പുറത്താക്കിയതിന് പിന്നിലും ഇതേ സംഘമാണ്.

രണ്ട് വര്‍ഷത്തെ ഭരണ കാലാവധി പൂര്‍ത്തിയാവും മുന്‍പേ ഒരു വര്‍ഷമായപ്പോള്‍ പെട്ടെന്ന് നിയമ വിരുദ്ധ തെരഞ്ഞെടുപ്പ് നടത്തിയതിനെതിരെ ഫിലിം സൊസൈറ്റികളുടെ കൂട്ടായ്മ തിരുവനന്തപുരം മജിസ്‌ട്രേട്ട് കോടതിയില്‍ ഒരു കേസ് നടത്തുന്നുണ്ട്. മേല്‍പ്പറഞ്ഞ സംഘത്തില്‍ പ്പെട്ടവര്‍ ചലച്ചിത്ര അക്കാദമിയിലും ഉണ്ട്. വിദേശ സിനിമകള്‍ക്ക് നല്‍കേണ്ടതായ റോയല്‍റ്റി തുക ലക്ഷക്കണക്കിന് രൂപ തിരിമറി നടത്തിയത്തിനെതിരെ ഒരു വിദേശ നിര്‍മ്മാതാവ് നല്‍കിയ പരാതി ഇപ്പോഴും പോലീസ് കമ്മീഷണര്‍ ഓഫീസിലുണ്ട്. ഇത്തരം അഴിമതി യാഥാര്‍ഥ്യങ്ങള്‍ പരമ്പരയായി പുറത്തുകൊണ്ടുവരുമെന്ന് സാബു ശങ്കര്‍ അറിയിച്ചു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts