ആന്റണി പുത്തന്‍പുരയ്ക്കല്‍ എഴുതിയ ‘ആന്തരിക മൗനം: നമ്മുടെ അസ്തിത്വ സാരാംശം’ എന്ന പുസ്തകം പ്രസാധനത്തിന് തയ്യാറായിക്കഴിഞ്ഞു.
ആധുനിക ലോകം സമാനതകള്‍ ഇല്ലാത്ത വിധം ബൗദ്ധികവും സാങ്കേതികവുമായ നേട്ടങ്ങളുടെ ഘോഷയാത്രയിലാണ്. മനുഷ്യന്‍ അനേകം തലങ്ങളിലൂടെ കുതിച്ചു മുന്നേറുകയാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ അനവധിയായ വിവരങ്ങളും സന്ദേശങ്ങളും അയയ്ക്കുകയും ഏറ്റുവാങ്ങുകയും ചെയ്യുവാന്‍ ഇക്കാലത്തു നമുക്ക് കഴിയും. പക്ഷേ, ഇന്നത്തെ ആധുനിക ലോകം തന്നിലെയും തനിക്ക് ചുറ്റുമുള്ള മൗനത്തിനോടും തികച്ചും അപരിചിതമാണ്. സ്മാര്‍ട്ട്‌ഫോണുളും കമ്പ്യൂട്ടറുകളും സാമൂഹ്യ മാധ്യമങ്ങളുമെല്ലാം ഒരു നിമിഷം പോലും നമുക്കെന്തിനേക്കാളും പ്രധാനപ്പെട്ടതായി തോന്നുന്നതുകൊണ്ട് അവ നമ്മുടെ ചിന്തയുടെ ഗതിയെ സദാ നിയന്ത്രിക്കുന്നു. ഏത് നിമിഷവും നമ്മള്‍ ഒരു ചിന്തയില്‍ നിന്നും മറ്റൊരു ചിന്തയിലേയ്ക്കും ഉദ്ദേശ്യത്തിലേയ്ക്കും കുതറി മാറിക്കൊണ്ടിരിക്കുന്നു.
നമ്മുടെ ബോധ മനസ്സ് നിരന്തരം ആന്തരിക സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് നമുക്കറിയാം. ക്രമരഹിതമായി നമ്മുടെ മനസ്സില്‍ ഉടലെടുക്കുന്ന ചിന്തകളെക്കുറിച്ച് പലപ്പോഴും നാം ബോധവാന്മാരുമല്ല. കാരണം, നമ്മുടെ ചിന്തകളുമായി അത്രയധികം താതാത്മ്യം പ്രാപിച്ച ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നിയന്ത്രണമില്ലാത്ത ചിന്തകള്‍ നമ്മുടെ ശാരീരികവും മാനസികവും വൈകാരികവുമായ സുസ്ഥിതിയെ ബാധിക്കുമെന്നും നമ്മില്‍ നിരന്തരം അസ്വസ്ഥതകള്‍ സൃഷ്ടിക്കുമെന്നും പലപ്പോഴും നമുക്ക് അറിവുള്ളതാണ്.
ആന്തരിക നിശ്ചലത, അല്ലെങ്കില്‍ ആന്തരിക മൗനം നമ്മുടെ ബോധ മനസ്സിനെ സന്തുലിതമാക്കുമെന്ന് പല ആത്മീയ സംസ്‌കാരങ്ങളും മതങ്ങളും നമ്മെ നൂറ്റാണ്ടുകളായി ഉപദേശിക്കുന്നു. മതാത്മകരുടെ ഈ പഠനങ്ങളെക്കുറിച്ചും പ്രബോധനങ്ങളെക്കുറിച്ചും ആധുനിക ശാസ്ത്രത്തിന് എന്താണ് പറയാനുള്ളത്? നമ്മുടെ മനസ്സിനെയും വികാരങ്ങളെയും പുനഃസന്തുലിതമാക്കുവാന്‍ വ്യവസ്ഥാനുരൂപമായ ആശയങ്ങളും നിര്‍ദ്ദേശങ്ങളും സഹായിക്കുമോ? അതോ, ഇത് വെറുമൊരു തത്ത്വബോധനാശയം മാത്രമാണോ? ഈ ആശയങ്ങളെക്കുറിച്ച് ആധുനിക ശാസ്ത്രലോകത്തിന്, പ്രത്യേകിച്ച് മനഃശാസ്ത്രത്തിനും സിരാവിജ്ഞാനീയത്തിനും എന്തെങ്കിലും അഭിപ്രായം ഉണ്ടോ?
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അറിയുവാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഈ പുസ്തകം തീര്‍ച്ചയായും സഹായകരമാണ്. പ്രാചീന മതങ്ങളുടെ ആന്തരിക നിശ്ചലതയെക്കുറിച്ചുള്ള അഭിപ്രായങ്ങളും വിശകലനങ്ങളും ആധുനിക ശാസ്ത്രശാഖകളുടെ ഈ വിഷയത്തിലുള്ള പഠനങ്ങളും ഗവേഷണങ്ങളും ഒരു താരതമ്യ പഠനത്തിനും സമുന്നയത്തിനും വിധേയമാക്കിയിരിക്കുകയാണ് ഈ പുസ്തകത്തിലൂടെ ആന്റണി പുത്തന്‍പുരക്കല്‍. ഈ പുസ്തകം ഒരു ശാസ്ത്ര-ധ്യാനാത്മക പര്യവേക്ഷണമാണ്. അത് വായനക്കാരുടെ ആഴത്തിലുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും മാനസികവും വൈകാരികവുമായ ഉദ്ഗ്രഥനം വളര്‍ത്തിയെടുക്കുന്നതിനും സഹായിക്കും.
എന്താണ് യഥാര്‍ത്ഥത്തില്‍ ആന്തരിക മൗനം? യാതൊന്നും സൃഷ്ടിക്കപ്പെടുകയോ, നശിപ്പിക്കപ്പെടുകയോ, പുനര്‍നിര്‍മ്മിക്കപ്പെടുകയോ ചെയ്യാത്ത ഒരു സ്ഥലകാലാതീത അവബോധത്തെയാണ് നാം ആന്തരികം മൗനം എന്ന് വിളിക്കുന്നത്. മനുഷ്യാസ്തിത്വത്തിന്റെ നൈസര്‍ഗ്ഗികവും സംശുദ്ധവുമായ പ്രകൃതിയാണ് ആന്തരിക മൗനമെന്ന് ഈ പുസ്തകത്തില്‍ നിന്ന് നാം മനസ്സിലാക്കും. ഇതാണ് നമുക്ക് പ്രാപിക്കാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന നിലയിലുള്ള അവബോധം.
കാലാന്തരങ്ങളില്‍ മനുഷ്യര്‍ക്ക് നഷ്ടമായ നമ്മുടെ ശുദ്ധസത്തയുടെ, അല്ലെങ്കില്‍ പരമോന്നത അവബോധത്തിന്റെ മൗലികമായ ഈ സവിശേഷ അവസ്ഥാവിശേഷത്തെ എങ്ങനെ നമുക്ക് വീണ്ടെടുക്കുവാന്‍ കഴിയുമെന്ന ചോദ്യത്തിനുള്ള എല്ലാ ഉത്തരങ്ങളും ഈ കൃതിയില്‍ കൃത്യമായും വ്യക്തമായും വിവരിക്കുന്നുണ്ട്. നിശബ്ദത എന്നത് കേവലം ശബ്ദത്തിന്റെ അഭാവമല്ല, മറിച്ച് മനസ്സ് ശാന്തവും എന്നാല്‍ ആഴത്തില്‍ സജീവവും സ്വീകാര്യവുമായ ഒരു ആന്തരിക അവസ്ഥയാണെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു. അവധാനപൂര്‍വ്വമായ നിശ്ചലത വളര്‍ത്തിയെടുക്കുന്നതിലൂടെ ഓരോ വ്യക്തിക്കും തന്റെ ജീവിതത്തിന്റെ സമസ്ത തലങ്ങളിലും ആന്തരിക മൗനത്തിന്റെ ഫലങ്ങളായ ശാന്തിയും സമാധാനവും ശാരീരിക സുസ്ഥിതിയും വീണ്ടും കൈവരിക്കുവാന്‍ കഴിയുമെന്ന് ഈ പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സമാനതകള്‍ ഇല്ലാത്ത ആധുനിക ബൗദ്ധിക, സാങ്കേതിക നേട്ടങ്ങളില്‍ ഭ്രമിക്കുകയും ആന്തരിക പ്രക്ഷുബ്ധതയുടെ ഭ്രമണപഥത്തിലൂടെ തെന്നിനീങ്ങുകയും തന്നിലെയും തനിക്ക് ചുറ്റുമുള്ള മൗനത്തിനോടും തന്റെ തന്നെ അസ്തികത്തോടും അപരിചിതത്വം പുലര്‍ത്തുകയും ചെയ്യുന്നവര്‍ക്ക് വീണ്ടും അവനവനിലെ നിശ്ചലത വളര്‍ത്തിയെടുക്കുന്നതിനുപകരിക്കുന്ന അഞ്ച് മാര്‍ഗ്ഗനിര്‍ദ്ദേശക ധ്യാനങ്ങളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ അവധാനപൂര്‍വ്വ ധ്യാനം പരിശീലിക്കുന്നതിലൂടെ ശ്രദ്ധാശൈഥില്യങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍, വൈകാരിക പ്രക്ഷുബ്ധത എന്നിവയെ മറികടക്കുവാന്‍ അനുവാചകരെ സഹായിക്കും. സുപ്രസിദ്ധ സെന്‍ ഗുരു അമാ സ്വാമി ഈ ഗ്രന്ഥത്തിന് അവതാരിക എഴുതിയിരിക്കുന്നത്.ച
ആന്തരിക മൗനം, ശാന്തി, ഹൃദ്യത എന്നീ മൂന്ന് പരസ്പരബന്ധിതമായ ആശയങ്ങള്‍ നമ്മുടെ ആത്മീയവും വൈകാരികവും ശാരീരികവും മാനസികവുമായ ക്ഷേമത്തിന്റെ അമൂര്‍ത്തമായ ധാരണകളല്ല; അവയെ നമ്മുടെ ദൈനംദിന ജീവിതത്തില്‍ കൈവരിക്കുവാന്‍ കഴിയുന്ന ഒരവസ്ഥാവിശേഷമാണെന്നും കൂടുതല്‍ സംതൃപ്തവും സന്തുലിതവുമായ സാഫല്യവും നിറഞ്ഞ ഒരു അസ്തിത്വത്തിലേക്ക് ഇതു നമ്മെ നയിക്കുമെന്നുമുളള ആശയമാണ് ഈ ഗ്രന്ഥത്തിന്റെ രത്‌നചുരുക്കം.
ലോകത്തെ ആദ്യ സപ്തഭാഷാ നിഘണ്ടുവായComprehensive Multilingual Visual Dictionary (2012) ലും ഋതുമന്ത്രണങ്ങള്‍ (2023) ലും ആന്റണി പുത്തന്‍പുരയ്ക്കല്‍ രചിച്ചിട്ടുണ്ട്.
About The Author
No related posts.