എഴുതിയതാണെങ്കിലും
മഞ്ഞ് പൊതിഞ്ഞ ജനുവരിയിലെ വെയില്‍ കാണുമ്പോഴൊക്കെ എന്റെ ആദ്യത്തെ കല്യാണം ഓര്‍മ്മ വരും…
മാതള പൂ പോലെ സുന്ദരിയായ ഒരു പെണ്‍കുട്ടി എന്റെ ക്ലാസില്‍ ഉണ്ടായിരുന്നു…
അവളുടെ ചിരി പ്രസാദമായി കിട്ടാനും
അവളെ കല്യാണം കഴിക്കാനും ആണ്‍കുട്ടികള്‍ കൊതിച്ചിരുന്ന കാലം…
മഴ തകര്‍ത്താടുന്ന ഒരു ഉച്ച നേരം…
കുട്ടികളെല്ലാം വരാന്തയിലാണ്…
സൈനിക സ്‌കൂളിന്റെ തെക്ക് വശം കൊടും കാടാണ്…
മഴയേയും
കാറ്റില്‍ തലതല്ലി കരയുന്ന മരങ്ങളേയും
മരത്തില്‍ മഴ നനഞ്ഞിരിക്കുന്ന കിളികളേയും നോക്കി ഒറ്റയ്ക്ക് ഞാന്‍ ക്ലാസിലിരുന്നപ്പോള്‍ അവള്‍ കയറി വന്നു…
എന്റെ കുഞ്ഞു മനസിലൊരു കുരുത്തക്കേട് വിരിഞ്ഞു…
പെട്ടെന്ന് ഞാനവളെ കെട്ടിപ്പിടിച്ചൊരു മുത്തം കൊടുത്തു…
അവളും എനിക്കൊരു മുത്തം തന്നപ്പോള്‍ എന്റെ കരളില്‍ കുളിര് കോരി…
കരിവണ്ടിനെ പോലെ കറുത്തിരുണ്ട ഞാനും
മലര്‍വാക തളിര്‍ത്തതു പോലുള്ള അവളും ഇഷ്ടത്തിലായി…
അച്ഛന്‍ ദുബായില്‍ നിന്നും കൊണ്ടു വന്ന അത്തറും പെന്‍സിലും മാജിക് സ്‌കെയിലും മണമുള്ള റബ്ബറുമൊക്കെ ഞാന്‍ അവള്‍ക്ക് സമ്മാനമായി കൊടുത്തു…
സ്‌കൂള്‍ വാര്‍ഷികത്തിന് അവതരിപ്പിക്കാനുള്ള നാടകത്തിന് എന്നേയും അവളേയുമാണ് ഹെഡ്മാസ്റ്ററായ സോമന്‍ സാര്‍ തെരഞ്ഞെടുത്തത്…
എന്നും റിഹേഴ്‌സലാണ്…
ഭാര്യയും ഭര്‍ത്താവുമായി അഭിനയിക്കുന്ന ഞങ്ങളെ കല്യാണം കഴിപ്പിക്കണമെന്ന് റിഹേഴ്‌സല്‍ കണ്ടുകൊണ്ടിരുന്ന എസ് ആര്‍ സന്തോഷ് പറഞ്ഞു…
തമാശ കാര്യമായി…
കല്യാണം കഴിക്കാന്‍ ഞങ്ങളും
കല്യാണം കഴിപ്പിക്കാന്‍ കൂട്ടുകാരും തയ്യാറായി…
സൈനിക സ്‌കൂള്‍ എല്‍ പി എസിനും
ക്വാര്‍ട്ടേഴ്‌സുകള്‍ക്കും ഇടയിലുള്ള വലിയൊരു ഓടിട്ട കെട്ടിടത്തിന്റെ കിഴക്കേ വശത്തെ ചായ്പിനെ കല്യാണ പന്തലാക്കി…
എല്ലാ ദിവസവും കയ്യില്‍ കിട്ടുന്ന വര്‍ണ്ണക്കടലാസുകള്‍ കൊണ്ട് കല്യാണ പന്തലും കതിര്‍മണ്ഡപവും അലങ്കരിച്ചു കൊണ്ടിരുന്നു…
വെള്ളിയാഴ്ച ഉച്ചയൂണ് കഴിഞ്ഞതും കല്യാണം കഴിക്കാനായി ഞാനും
കല്യാണ പെണ്ണും കൂട്ടുകാരും പന്തലിലേക്ക് ഓടി…
രശ്മിയും സീനയും പ്രഭയും അനിലയും സൈനബയും കൊണ്ടുവന്ന പൂക്കള്‍ കൊണ്ട് കല്യാണ മാല തയ്യാറാക്കി…
താലി കെട്ടാനായി മഞ്ജുവിന്റെ ചേട്ടന്‍ ശബരിമലയില്‍ നിന്നും കൊണ്ടുവന്ന മാല സമ്മാനിച്ചു…
ഷാനവാസ് അവന്റെ ബാപ്പയുടെ പോക്കറ്റില്‍ നിന്ന് മോഷ്ടിച്ച 25 പൈസക്ക് വാങ്ങിയ നാരങ്ങ മിഠായി പായസത്തിന് പകരമായി വിളമ്പി…
ജയനും മുല്‍ക്കരാജും ബിജുവും അമ്പലപ്പറമ്പില്‍ നിന്ന് വാങ്ങിയ മൗത്ത്ഓര്‍ഗണും ചെണ്ടയും പീപ്പിയുമായാണ് വന്നത്…
നാദസ്വര മേളത്തോടെ,
പുഷ്പവൃഷ്ടിയോടെ,
നാരങ്ങ മിഠായിയുടെ മധുരത്തോടെ
ഞാന്‍ അവളെ താലി കെട്ടി,
മാലയിട്ട് കല്യാണം കഴിച്ചു…
അതെ…,
നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എന്റെ ആദ്യത്തെ കല്യാണം കഴിഞ്ഞത്…
മധുരമുള്ള ഓര്‍മ്മകള്‍ നിറഞ്ഞ എന്റെ
ബാല്യകാലമേ…………………………
About The Author
No related posts.