പാലക്കാട്: എലപ്പുള്ളിയില്‍ സ്വകാര്യ കമ്പനിക്ക് ബ്രൂവറി-ഡിസ്റ്റിലറി അനുമതി നല്‍കിയ സര്‍ക്കാരിന്റെ വിനാശകരമായ തീരുമാനം പിന്‍വലിക്കണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയുടെയും, കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സമരജ്വാല’ സമരപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്‌ക്വയറില്‍ നിര്‍വ്വഹിക്കുകയായിരുന്നു ബിഷപ്.
തെരഞ്ഞെടുപ്പ് പ്രകടനപത്രികയോട് അല്പമെങ്കിലും കൂറ് പുലര്‍ത്തുന്നുവെങ്കില്‍ അതിനെ അട്ടിമറിക്കരുത്. നിങ്ങള്‍ അന്ന് പറഞ്ഞത് മദ്യം കേരളത്തില്‍ ഗുരുതരമായ സാമൂഹ്യ വിപത്തായി മാറിയിരിക്കുന്നു എന്നാണ്. മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറച്ചുകൊണ്ടുവരുന്ന നയമായിരിക്കും ഇടതുപക്ഷ മുന്നണി സ്വീകരിക്കുക എന്നും പറഞ്ഞിരുന്നു. എന്നാല്‍ ആ നിലപാടിന് കടകവിരുദ്ധമായി 29 ബാറുകള്‍ മാത്രമുണ്ടായിരുന്നിടത്ത് ആയിരത്തിലധികം ബാറുകളും നൂറുകണക്കിന് മറ്റ് തരത്തിലുള്ള മദ്യശാലകളും തുറന്നുകൊടുത്തു. സര്‍വ്വനാശത്തിനായി ഇപ്പോഴിതാ ബ്രൂവറി – ഡിസ്റ്റിലറികള്‍ക്കും അനുമതി നല്കി.
സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും മദ്യം വ്യാപകമാക്കുമ്പോള്‍ തന്നെ മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളെ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ നിര്‍വ്വീര്യമാക്കി 2017 ല്‍ പഞ്ചായത്തിരാജ് – നഗരപാലിക 232, 447 വകുപ്പുകള്‍ എടുത്തുകളഞ്ഞ് ഈ സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി. ഈ നയം തിരുത്തണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളിലേക്ക് സമിതി കടക്കും.
ജസ്റ്റീസ് പി.കെ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഏകോപനസമിതി ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍, ഫാ. ആന്റണി അറയ്ക്കല്‍, ഫാ. ജോസഫ് ഷെറിന്‍, ജെയിംസ് കൊറമ്പേല്‍, സി.എക്സ്. ബോണി, ഷൈബി പാപ്പച്ചന്‍, കുരുവിള മാത്യുസ്, ടി.എം. വര്‍ഗീസ്, ജെസി ഷാജി, കെ.കെ. വാമലോചനന്‍, എം.എല്‍. ജോസഫ്, എം.ഡി. റാഫേല്‍, അലക്സ് മുല്ലാപറമ്പന്‍, ജോണ്‍സണ്‍ പാട്ടത്തില്‍, രാധാകൃഷ്ണന്‍ കണ്ടുങ്കല്‍, എന്നിവര്‍ പ്രസംഗിച്ചു.
About The Author
No related posts.