ഡിഗ്രിക്ലാസ്സ് കഴിഞ്ഞു റിസള്‍ട്ട് കാത്തിരിക്കുന്ന ദിവസങ്ങളില്‍ എല്ലാറ്റിനോടും ഒരു വിരക്തി തോന്നിയിരുന്നു നീലുവിന്. ഒരു വൈകുന്നേരം രമേശ് അമ്മയോട് ചോദിക്കുന്നതവള്‍ കേട്ടു.
‘ നീലു എവിടെ? റിസള്‍ട്ട് വന്നാലവള്‍ക്ക് ബിഎഡിന് ഒരു സീറ്റ് പറഞ്ഞു വച്ചിട്ടുണ്ട്. ‘
‘ അവള്‍ മുറിയിലുണ്ട്. ‘
അമ്മ അടുക്കളയില്‍നിന്നും പറയുന്നത് കേട്ടു. പതിഞ്ഞശബ്ദമാണ് അവളുടെ അമ്മയ്‌ക്കെപ്പോഴും. രമേശിന്റെ ശബ്ദത്തിനു മുന്നില്‍ ആ വീട്ടിലെ എല്ലാവരുടെയും ശബ്ദം താഴ്ന്നു പോകുമെ ല്ലായിപ്പോഴും.
ചെറിയൊരു ഞെട്ടല്‍ നീലുവിലുണ്ടായി,കാരണം ആരെയും പഠിപ്പിക്കാന്‍ അവള്‍ക്ക് കഴിയുമായിരുന്നില്ല, അതുകൊണ്ടുതന്നെ അധ്യാപനം താല്‍പര്യവുമല്ലായിരുന്നു.
മുറിയില്‍നിന്നും പുറത്തുവന്ന അവള്‍ രമേശനോടായി പറഞ്ഞു.
‘ ചേട്ടാ.,എനിക്ക് ബീയേഡ് ചെയ്യാന്‍ താല്പര്യമില്ല. സൈക്കോളജിയില്‍ പിജി ചെയ്യാനാണ് ആഗ്രഹം. ‘
‘ എന്താ…നീ മനസ്സുകളെക്കുറിച്ച് പഠിച്ച്,എന്ത് നേടാനാ? ‘ ഗൗരവത്തിലാണയാളത് ചോദിച്ചത്.
‘ എന്റെ തീരുമാനത്തിനപ്പുറമൊന്നും ഇവിടെ നടക്കില്ല. അവളോടത് പറഞ്ഞു മനസ്സിലാക്ക്. ‘
അമ്മയോടായി ഇതും പറഞ്ഞയാള്‍ മുകളിലത്തെ നിലയിലേക്ക് ഗോവണി കയറിപ്പോയി.ചവിട്ടിമെതിച്ചുള്ള അയാളുടെ നടത്തയില്‍ വീടാകെയൊന്നു കുലുങ്ങി.
രമേശ് എന്ന മനുഷ്യന്റെ മനസ്സ് അയാളുടെ വളര്‍ച്ചയോടൊപ്പം സങ്കുചിതമാ വുകയായിരുന്നു. ഏത് ഹീനമായ മാര്‍ഗങ്ങളിലൂടെയായാലും അയാള്‍ നേടിയ സമ്പത്ത്,സാധാരണ കുടുംബപശ്ചാത്തലം മാറ്റി സമ്പന്നതയിലേക്കെടുത്തു യര്‍ത്തപ്പെട്ടിരുന്നു, അപ്പോഴേക്കും നീലുവിന്റെ കുടുംബത്തെ. നിശബ്ദജീവികളായി അമ്മയും അമ്മുമ്മയും.. പറക്കാനാകാതെ ചിറകുകളൊതുക്കിപ്പിടിച്ച്, നെടുവീര്‍പ്പിട്ട് നീലുവിന്റെ സ്വപ്നങ്ങളും.
……………….
പെട്ടെന്നുള്ള അമ്മയുടെ മരണം ശാരിയെയും കുറേക്കാലത്തോളം മൗനത്തില്‍ തളച്ചിട്ടു. എങ്കിലും പരസ്പരം വിഷമങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ സൗഹൃദമാണേറ്റവും വലിയ ആശ്വാസമെന്ന് പലപ്പോഴുമവര്‍ തിരിച്ചറിഞ്ഞിരുന്നു. ഒരു വൈകുന്നേരം ശാരിയുടെ വീട്ടിലെത്തിയ നീലു പറഞ്ഞു.
‘ എടീ .. ചേട്ടന്‍ എന്നെ ബീയെഡിന് ചേര്‍ക്കണമെന്ന വാശിയില്‍ ഉറച്ചു നിന്നതുകൊണ്ട് എന്റെ ഒരു വര്‍ഷമാണ് നഷ്ടമായത്. നിന്റെയും ഒരു വര്‍ഷത്തെ ക്ലാസ് നഷ്ടമായില്ലേ?. എനിക്ക് പൊരുതി ജയിച്ചേ മതിയാകൂ. എം.എ സൈക്കോളജിക്ക് തന്നെ എനിക്ക് ചേരണം. നീയും എം. എ ക്ക് ചേരാനല്ലേ പ്ലാന്‍?? ‘
‘അതെ.ഞാനും സൈക്കോളജി തന്നെ എടുത്താലോന്നാ.. പക്ഷേ നിന്റെ ചേട്ടന്‍ സമ്മതിച്ചില്ലെങ്കില്‍ നീയെന്ത് ചെയ്യും?’
അമ്മയുടെയും അമ്മൂമ്മയുടെയും ദിവസങ്ങളായുള്ള പരിശ്രമത്തിനൊടുവില്‍ നീലു പിജിക്ക് അഡ്മിഷന്‍ നേടി. കൂടെ ശാ രിയും.
അവര്‍ പട്ടണത്തില്‍ പഠിക്കാന്‍ പോകുമ്പോഴും ഗ്രാമത്തിന് വലിയ മാറ്റങ്ങളൊന്നുമില്ലാതെ കാലംകടന്നുപോയി, നീലുവിന്റെ വീടിനും ചുറ്റുപാടിനുമൊഴികെ.
തുളസിത്തറയും മുറ്റവും മൂന്ന് മുറികളുമുള്ള വീടിന്റെ സ്ഥാനത്ത് അയ്യായിരത്തോളം സ്‌ക്വയര്‍ ഫീറ്റുള്ള വീടുയര്‍ന്നു. വിലപിടിപ്പുള്ള കാറുകള്‍ മുറ്റത്തുനിരന്നു. എങ്കിലും നന്മ വറ്റിയത് രമേശിന്റെ മനസ്സില്‍ മാത്രമായിരുന്നു.
നീലുവിന്റെ മനസ്സ് കൂട്ടിലടച്ച കിളിയുടെ നിസ്സഹായതയില്‍ എപ്പോഴൊക്കെയോ തേങ്ങാറുണ്ടായിരുന്നു . ശിവക്ഷേത്രത്തിനു മുന്നില്‍ കൈകൂപ്പിനില്‍ക്കുമ്പോള്‍ പലപ്പോഴും അവളുടെ കണ്ണുകള്‍ എന്തിനെന്നറിയാതെ നിറഞ്ഞൊഴുകും.
‘ ആര്‍ക്കുവേണ്ടിയാണെന്റെ ജീവിതം?’ അവള്‍ സ്വയം ചോദിക്കും.
‘ യഥാര്‍ത്ഥ ജീവിതമെവിടെയാണ് ഞാന്‍ തിരയേണ്ടത്?’
ഒന്നിനും പ്രതികരണശേഷിയില്ലാത്ത സ്വന്തം അമ്മയോടവള്‍ക്ക് സഹതാപം തോന്നും. ആ കണ്ണുകളിലെ ദൈന്യതയില്‍ അവള്‍ തിരിച്ചറിയും തനിക്കുവേണ്ടിയാണമ്മയുടെ ജീവിതമെന്ന്.. ഒരിക്കലും അതവര്‍ പറഞ്ഞിരുന്നില്ലെങ്കില്‍പ്പോലും.
പി.ജി പഠനം കഴിഞ്ഞ അവധിക്കാലത്ത്, ഒരു ദിവസം അമ്മുമ്മ അവളോട് പറഞ്ഞു..
‘ എന്റെ കുട്ടി ഇനി തിങ്കളാഴ്ചവ്രതം നോക്കണം ട്ടോ.. ഈശ്വരനോടടുക്കുമ്പോള്‍ മനസ്സിന് നല്ല സുഖം കിട്ടും. ‘
നീലുവിന്റെ വിഷാദച്ചുവയുള്ള കണ്ണുകളില്‍ വസന്തം വിടരുന്നത് കാണാനേറ്റവും കൂടുതലാഗ്രഹിക്കുന്നത് അവളുടെ അമ്മൂമ്മയാണ്. അമ്മൂമ്മയുടെ മടിയില്‍ തലവച്ച് കിടക്കുമ്പോള്‍, സത്യവാന്റെയും സാവിത്രിയുടെയും ശീലാവതിയുടെയുമെല്ലാം കഥകള്‍ അമ്മൂമ്മയവള്‍ക്ക് പറഞ്ഞു കൊടുക്കും. കുട്ടിനാള്‍ മുതലേ അമ്മൂമ്മയുടെ ജീവിതഗന്ധിയായ കഥകള്‍ കേള്‍ക്കാന്‍ നീലുവിനും ഇഷ്ടമായിരുന്നു.
അന്നൊരു തിങ്കളാഴ്ചയായിരുന്നു. തിങ്കളാഴ്ച വ്രതംനോറ്റ് അമ്പലത്തില്‍ തൊഴാനായി, ചെറുതോട്ടില്‍ കാലും മുഖവും കഴുകി,കല്‍പ്പടവുകള്‍ കയറുമ്പോഴാണ് അവളാദ്യമായി അയാളെ കണ്ടത്.ഊരോ പേരോ അറിയാതെ,അവളുടെ മനസ്സിന്റെയു ള്ളില്‍ ആ രൂപം പതിഞ്ഞുവെങ്കില്‍ അതൊരു മുജ്ജന്മബന്ധത്തിന്റെ ശേഷിപ്പ് തന്നെയായിരുന്നിരിക്കും.വല്ലാത്തൊരാകര്‍ഷണം തോന്നിയവള്‍ക്ക് ആദ്യകാഴ്ചയില്‍ത്തന്നെ ആ പുരുഷരൂപത്തോട്.
അമ്പലത്തില്‍ പ്രദക്ഷിണംവെച്ച് തൊഴുതിട്ട് പടിയിറങ്ങാന്‍ തുടങ്ങുകയായിരുന്നു അയാള്‍. എതിരെകയറിച്ചെന്ന നീലുവില്‍ അയാളുടെ ദൃഷ്ടിയുടക്കിയെങ്കിലും അവളെയൊട്ടും ശ്രദ്ധിക്കാതെ അയാള്‍ പടിയിറങ്ങിപ്പോയി.എങ്കിലുമൊരിക്കല്‍ക്കൂടി കാണാന്‍ അവള്‍ തിരിഞ്ഞുനോക്കിയപ്പോള്‍ അയാളും ഒരു നിമിഷം തിരിഞ്ഞുനോക്കിയത് യാദൃശ്ചികമെന്ന് ചിന്തിക്കാന്‍ നീലുവിന് കഴിഞ്ഞില്ല.
നല്ല ഉയരവും, ഇരുനിറവും താടിയുമുള്ള ഏകദേശം ഇരുപത്തിയെട്ട് വയസ്സോളം പ്രായമുള്ള അയാളെ ഇതിനു മുന്‍പൊ രിക്കലും ആ സ്ഥലത്തവള്‍ കണ്ടിട്ടേയി ല്ലായിരുന്നു. ചിരിമറന്ന ചൊടികളും,ദുഃഖം ഖനീഭവിച്ച കണ്ണുകളും, മേദസ്സില്ലാത്ത ശരീരവും അയാള്‍ക്കൊരു യോഗിയുടെ ശരീരഭാഷ നല്‍കിയിരുന്നു.
ശിവന്റെ വിഗ്രഹത്തിന് മുന്‍പില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് നില്‍ക്കുമ്പോഴും നീലുവിന്റെ ചിന്തകള്‍ , അയാളെ ഒരിക്കല്‍ക്കൂടിയൊന്ന് കണ്ടിരുന്നെങ്കിലെന്നു വെറുതെ മോഹിച്ചു.
‘ആരാവുമയാള്‍?’
എന്ന ചോദ്യം അവളുടെയുള്ളില്‍ ഉയര്‍ന്നുവന്നുകൊണ്ടിരുന്നു. കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പാഞ്ഞിരുന്ന മനസ്സിനെ കടിഞ്ഞാണിട്ടത് പൂജാരിയും ക്ഷേത്രം സെക്രട്ടറി അനന്തന്‍ നമ്പ്യാരുമായുള്ള സംഭാഷണശകലങ്ങളാണ്.
‘തിരുമേനീ . ഇപ്പോ ഇവിടുന്ന് തൊഴുതു മടങ്ങിയ ചെറുപ്പക്കാരനാരാ? ഇതിനു മുന്‍പിവിടെ കണ്ടിട്ടില്ലല്ലോ?’
‘ അതോ…അത് വാര്യത്ത്മന പുതുക്കിപ്പണി നടക്കുവല്ലേ.. അവിടെ അകത്തിടങ്ങള്‍ മോടി പിടിപ്പിക്കാന്‍ വന്നയാളാണ്.
. രണ്ടീസായി എത്തീട്ട്.കൂടെ അമ്മയുമുണ്ട്. ഇന്നലെ വൈകിട്ട് തൊഴാന്‍ വന്നിരുന്നു. ഇതും പറഞ്ഞു പൂജാരി കൈ ചൂണ്ടി..
‘ദേ, വരണുണ്ടല്ലോ ആള് ‘
എന്ന് പറഞ്ഞതും പടി കയറിവരുന്ന അയാളെക്കണ്ട് ഒരു നിമിഷം നീലിമ അത്ഭുതപ്പെട്ടു.
.
‘ഈശ്വരാ.. ഇത് ദൈവനിശ്ചയമോ..?
.പൂജാരിയോടെന്തോ പറഞ്ഞ്മടങ്ങുമ്പോള്‍ തന്റെയാരോ ആണിയാളെന്നു അവളുടെ മനസ്സ് ഒരിക്കല്‍ക്കൂടി പറയുന്നതു പോലെയവള്‍ക്ക് തോന്നി. കണ്ണില്‍ നിന്ന് മായുവോളം അവളുടെ മിഴികള്‍ അയാളെ പിന്തുടര്‍ന്നു..
‘ നല്ല കേമന്‍ ചെക്കന്‍. എന്താ അയാളുടെ പേര് ?കെട്ടിയതാണോ? ‘
നമ്പ്യാര് വിടാന്‍ ഭാവമില്ലായിരുന്നു.
‘ ഏയ്, കെട്ടീട്ടൊന്നുമില്യാ .. സൂര്യ.. അതാ പേര്. കൊത്തുപണി ചെയ്യാന്‍ അഗ്രഗണ്യനാ ത്രേ.. ഇന്നലെ കവലയിലും ആള്‍ക്കാര്‍ പറയണുണ്ടായിരുന്നു, അയാള്‍ കൊത്തിയ ഒരു ശിവപാര്‍വതി ശില്പത്തെക്കുറിച്ച്… വീട്ടില്‍ വച്ചിട്ടുണ്ടത്രേ.അമ്മേം മോനും മാത്രേ ഉള്ളൂ വീട്ടില്‍. ദൂരദേശക്കാരാ.. ഇവിടിപ്പം താമസൊക്കെ വാര്യത്ത് മനക്കാരുടെ വകയാണ്. ‘
‘ സൂര്യ.. ‘ പേരും രൂപവും നീലുവിന്റെ മനസ്സില്‍ വളരെ പെട്ടെന്നിടം പിടിച്ചു. തൊഴുതു മടങ്ങുമ്പോള്‍ ശാരിയെ കാണാനായിരുന്നു അവള്‍ക്ക് ധൃതി.
………………………………………. ………
അപ്രതീക്ഷിതമായി അന്ന് വൈകുന്നേരം ശാരി വീട്ടിലേക്ക് കടന്നുവന്നപ്പോള്‍, ഒരിക്കലും മുന്‍പ് കണ്ടിട്ടില്ലാത്ത ഒരു നീലുവിനെയാണവള്‍ കണ്ടത്. ടെറസിലേക്കവളെ കൊണ്ടുപോയിട്ട് നീലു വികാരവായ്‌പോടെ പറഞ്ഞു.
‘ എടീ .. ഞാനിന്ന് തിരിച്ചറിഞ്ഞു..’
‘ എന്തു തിരിച്ചറിഞ്ഞുന്ന്.. ‘? വല്ലാത്ത അത്ഭുതത്തോടെയാണ് ശാരിയത് ചോദിച്ചത്.
‘ എന്റെ പ്രണയം തിരിച്ചറിഞ്ഞു ‘.. ലാസ്യഭാവത്തില്‍ നീലുവത് പറയുമ്പോള്‍…
‘ എന്ത് ചന്തമാടി നിന്നെക്കാണാന്‍? ‘
എന്നറിയാതെ പറഞ്ഞുപോയി ശാരി.
‘ എന്താ പറ്റിയത്.. തെളിച്ചൊന്നുപറയൂ കുട്ട്യേ . ‘
‘ ശാരി മോളെ.. ഇന്ന് ഞാനൊരാളെ കണ്ടു. ഞാനിതുവരെ തേടിയിരുന്ന ഒരാളെ.മറ്റാര്‍ക്കും കൊടുക്കാതെ ഞാന്‍ സൂക്ഷിച്ച എന്റെ പ്രണയത്തിന്റെ യഥാര്‍ത്ഥ അവകാശിയെ. ‘
‘ എന്റെ ദൈവമേ വട്ടായോ മോളെ നിനക്ക്? ‘
‘ ഏയ് വട്ടൊന്നുമല്ല.. എന്റെ മിഴികളില്‍ പ്രണയമായി പെയ്യാനും, മുടിയിഴകളില്‍ സാന്ത്വനമായി തലോടാനും, എന്റെ മൃദുലതകളില്‍ ആവേശമായി പടരാനും, എന്റെ കരളിലെ നോവാകാനും ഞാന്‍ കൊതിക്കുന്ന ഒരാളെ.. അയാളെ ഇന്ന് ഞാന്‍ കണ്ടു. ‘
ചുറ്റിലും ഒന്ന് നോക്കിയിട്ട് നീലുവിനോടായി ശാരി ചോദിച്ചു.
‘ നീലു നിനക്ക് വേറെ കുഴപ്പമൊന്നുമില്ലല്ലോ…? ‘
പൊട്ടച്ചിരിച്ചുകൊണ്ടവള്‍ പറഞ്ഞു.
‘ ഏയ്.. സത്യമാടീ, മനസ്സില്‍ സൂക്ഷിച്ച പുരുഷന്റെ രൂപം എന്റെ മുന്നില്‍ ഇന്ന് ദൈവം കാണിച്ചുതന്നു.
‘ അതാരാണെന്ന് പോലുമറിയാതെ നീ എങ്ങനെയാ നീലു ഇതൊക്കെ തീരുമാനിക്കുന്നത്? മനസ്സുകളെപ്പറ്റി പഠിച്ച്,പഠിച്ചു നിന്റെ മനസ്സ് നഷ്‌പ്പെട്ടോന്നാണ് എന്റെ സംശയം.. ‘
…….
രാവിലത്തെ അമ്പലനടയിലെ വിശേഷങ്ങളെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ശാരി നെടുവീര്‍പ്പോടെ പറഞ്ഞു.
‘ ഞാന്‍ തന്നെ ഇനി മുന്നിട്ടിറങ്ങാം സൂര്യയെ കണ്ടുപിടിച്ചു നിന്റെ പ്രണയംപറയാന്‍. അല്ലേല്‍ നിനക്ക് വല്ല മാനസികരോഗവും വരുമോന്നാ എനിക്ക് പേടി.
‘ നിന്നെ അയാള് കണ്ടോ? നിന്നോടൊന്ന് ചിരിക്കയെങ്കിലും ചെയ്‌തോ?? ‘
‘ എന്നെ കണ്ടു.പക്ഷേ ഒരു ഭാവമാറ്റവുമു ണ്ടായില്ല. ‘
‘ ആണോ?അപ്പൊ ഒരരസികനാണല്ലോ.?. അല്ലെങ്കില്‍പ്പിന്നെ നിന്നെപ്പോലൊരു പെണ്ണിനെ കണ്ടിട്ട്, മൈന്‍ഡ് ചെയ്തില്ലാന്ന് വച്ചാല്‍… ‘
അമ്മൂമ്മ താഴെ നിന്ന് വിളിക്കുന്നത് കേട്ടപ്പോളാണ് സംസാരം മുറിഞ്ഞുപോയത്.
‘ കാവില് വിളക്ക് വച്ചുവരൂ കുട്ട്യേ .ശാരിയുമുണ്ടല്ലോ ഇന്ന്. സന്ധ്യാവും മുമ്പ് തിരിച്ചുവരാലോ? ‘
മഞ്ഞള്‍പ്പൊടിയും എണ്ണയും കര്‍പ്പൂരവുമെ ല്ലാമായി കാവില്‍ സര്‍പ്പപ്രതിഷ്ഠയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ ഇലയനക്കംകേട്ടാണ് അവര്‍ രണ്ടുപേരും തിരിഞ്ഞുനോക്കിയത്. അത്ഭുതത്തോടെ, അതിലേറെ സന്തോഷത്തോടെ നീലു അല്പം ഉറക്കെ പറഞ്ഞു.
‘ശാരീ .. സൂര്യ’.
കാവിനല്പം പിറകുവശത്തായാണ് സൂര്യ നിന്നതെങ്കിലും നീലു പറഞ്ഞതയാള്‍ കേട്ടു, ചെറുതായൊന്ന് ചിരിക്കാന്‍ ശ്രമിച്ചു.
‘ മോളെ ഇതാണോ സൂര്യ? ശരിക്കും നിന്നെ ഞാന്‍ കുറ്റം പറയില്ല ട്ടോ. വിഷാദം പൂക്കുന്ന അയാളുടെ കണ്ണുകളില്‍ നിനക്ക് വേണ്ടി തന്നെയാണ് പ്രണയംസൂക്ഷിക്കുന്നതെന്ന് എനിക്കും തോന്നിപ്പോകുന്നു. എന്തൊരു ചേര്‍ച്ചയാണ് രണ്ടുപേരും?
ശിവനും പാര്‍വതിയും പോലെ.. ‘
ശബ്ദം വളരെ താഴ്ത്തിയാണ് നീലുവിന്റെ ചെവിയില്‍ ശാരിയത് പറഞ്ഞത്.
പെട്ടെന്ന് സൂര്യയുടെ ഫോണ്‍ ബെല്ലടിച്ചു. അയാളുടെ ഫോണ്‍ കയ്യില്‍നിന്നും താഴെവീണത്, നീലുവാണെടുത്തുകൊടുത്തത്.
അപ്പോളവള്‍ അയാളോട് ചോദിച്ചു.
‘ ഇവിടെയടുത്താണോ താമസം? ‘
‘അതെ..വാര്യത്ത് മനയുടെ ഔട്ട്‌ഹൌസില്‍’.
‘ രാവിലെയമ്പലത്തിലാരോ പറയുന്നതുകേട്ടു. പേര് സൂര്യ എന്നാണല്ലേ? ‘
കൂടുതല്‍ പരിചയപ്പെടാന്‍ നീലു വ്യഗ്രത കാട്ടുന്നത്‌പോലെ തോന്നി.
‘അത് നേരത്തെ പറഞ്ഞല്ലോ?’
സൂര്യയങ്ങനെ ചോദിച്ചപ്പോള്‍ നീലുവിന്റെ മുഖത്തല്പം നിരാശ പടര്‍ന്നത് ശാരി ശ്രദ്ധിച്ചു. ചോദ്യങ്ങള്‍ക്ക് മറുപടിയല്ലാതെ മറുചോദ്യമൊന്നും അയാളില്‍ നിന്നുണ്ടായില്ല.
‘ ഞാന്‍ നടക്കട്ടെ’..
എന്ന് പറഞ്ഞു സൂര്യ നടന്നു നീങ്ങിയപ്പോള്‍ വല്ലാത്തൊരസ്വസ്ഥത നീലുവിനെ പിടികൂടിയത് പോലെയവള്‍ക്ക് തോന്നി. അത് തിരിച്ചറിയാന്‍ അവളുടെ ഹൃദയത്തോട് ചേര്‍ന്ന്‌നില്‍ക്കുന്ന ശാരിക്ക് പ്രയാസവുമുണ്ടായില്ല.
(തുടരും)