LIMA WORLD LIBRARY

നീലിമ-ലാലി രംഗനാഥ്: ഭാഗം മൂന്ന്‌

മുറിയില്‍ തളംകെട്ടി നിന്ന മൂകതയിലേക്ക് നീലുവിന്റെ മനസ്സില്‍നിന്നും ഓര്‍മ്മകളുടെ സുഗന്ധം പരന്നൊഴുകാന്‍ തുടങ്ങി.

‘ ഞാനൊന്ന് ഫ്രഷാവട്ടെ നീലു ‘ , എന്ന് പറഞ്ഞു ശാരിയും ബാത്‌റൂമിലേക്ക് പോയി.

നെഞ്ചോട് ചേര്‍ത്തുവച്ച ചിലതെല്ലാം നീലുവിന്റെ സ്മൃതിലൂടെ യാത്ര ചെയ്യാനാരംഭിച്ചു. കൂടെ കൂട്ടരുതെന്ന് എത്ര തന്നെ ശ്രമിച്ചാലും പറിച്ചുമാറ്റാനാവാത്ത വിധം പറ്റിച്ചേര്‍ന്ന ചില ഓര്‍മ്മച്ചിത്രങ്ങള്‍. നിറമുള്ളവയും നിറംകെട്ടവയും…

വേനലിലൊഴികെ എല്ലാ മാസങ്ങളിലും പച്ച പുതച്ചുനില്‍ക്കുന്ന സുന്ദരമായ ഒരു ഗ്രാമം. വയലേലകളും, കാവും, കുളങ്ങളും, ടാറിടാത്ത മണ്‍പാതകളുമുള്ള ഒരുള്‍പ്രദേശം. നിഷ്‌കളങ്കത ചാലിച്ചു, കരയോട് പ്രണയം പറഞ്ഞും, കലഹിച്ചും, ഇണങ്ങിയും പിണങ്ങിയുമൊഴുകുന്ന ചെറുതോടും.. തോട്ടില്‍നിന്നും പതിനെട്ടു കല്പടവുകള്‍ കയറിച്ചെല്ലുമ്പോള്‍ ഉഗ്രസ്വരൂപിയായ ശിവന്റെ പ്രതിഷ്ഠയുള്ള പഴയ ഒരമ്പലവും. കാലും മുഖവും കഴുകി, കല്‍പ്പടവുകള്‍ കയറി അമ്പലമുറ്റത്ത് നില്‍ക്കുമ്പോള്‍ പാപക്കറകളെല്ലാം കഴുകിയെന്നാണ് ആ നാട്ടിലെ ഗ്രാമീണരുടെ വിശ്വാസം. തോട്ടിന്റെ കരയിലുള്ള കാവില്‍ വിളക്കും വെച്ച്, സര്‍പ്പപ്രതിഷ്ഠകളില്‍ മഞ്ഞള്‍പ്പൊടിയും വിതറിയാല്‍ ദുസ്സ്വപ്നം കാണില്ലെന്ന് നീലുവിന്റെ അമ്മുമ്മ എപ്പോഴും പറയുമായിരുന്നു. ഒരിക്കല്‍ പാമ്പിനെ സ്വപ്നം കണ്ടു കരഞ്ഞ നീലിമയോട്…

‘നാളെ കാവില് വിളക്ക് വെയ്ക്കാമെന്നു പ്രാര്‍ത്ഥിച്ചുറങ്ങിക്കോളൂ കുട്ട്യേ.. ഒന്നുണ്ടാവില്യ ട്ടോ ‘

എന്ന് പറഞ്ഞാണ് കുഞ്ഞു നീലിമയെ അമ്മുമ്മ ആശ്വസിപ്പിച്ചത്.അങ്ങിനെയുള്ള ഗ്രാമത്തിലെ ഒരു സാധാരണ കുടുംബമാണ്.
‘പാലമുറ്റത്ത് വീട് ‘…. നീലിമയുടെ തറവാട്.

ആറാം വയസ്സില്‍ ഒരു പെട്ടിയിലടച്ച്, വി ദേശത്ത്‌നിന്നും കൊണ്ടുവന്ന വെള്ളപുതച്ച രൂപം മാത്രമായിരുന്നു അവള്‍ക്കച്ഛന്‍. അച്ഛന്റെയഭാവം ആ കുഞ്ഞുമനസ്സിലു ണ്ടാക്കിയ നൊമ്പരം അവള്‍ തിരിച്ചറിയുന്നത് വിലക്കുകളിലൂടെയായിരുന്നു. അമ്മയും അമ്മുമ്മയും ഏട്ടനും മാത്രമുള്ള കുടുംബത്തില്‍ അവളുടെ പ്രധാന കൂട്ടുകാരി ഏകാന്തതയും. ഒരച്ഛനുണ്ടെങ്കില്‍ കിട്ടുമായിരുന്ന സ്വാതന്ത്ര്യങ്ങളില്‍ നിന്നും വിലക്കപ്പെട്ടപ്പോള്‍ പലപ്പോഴും നീലിമയെന്ന പെണ്‍കുട്ടി സ്വന്തം മനസ്സിനെയും മനസ്സാക്ഷിയെയും മാത്രം വല്ലാതെയങ്ങ് സ്‌നേഹിച്ചു.

അവളുടെ വളര്‍ച്ച മുതിര്‍ന്ന പെണ്‍കുട്ടിയിലെത്തിയപ്പോഴാണ് അവള്‍ സരോജമെന്ന അവളുടെ അമ്മയെപ്പോലുമടുത്തറിയാന്‍ തുടങ്ങിയത്. അതുവരെ വൈധവ്യത്തിന്റെ ശാപമുരുക്കി യൊഴിച്ച്, മനസ്സിന്റെ പ്രതലം കഠിനമാക്കിയി രുന്നത് കൊണ്ട് അവളമ്മയില്‍ നിന്നും മനസ്സുകൊണ്ട് ഏറെയകലെയായിരുന്നു,പത്തുപതിനാലു വയസ്സുവരെയും.

രമേശ്.. നീലിമയുടെ ഏട്ടന്‍ പതിമൂന്നാം വയസ്സില്‍ അച്ഛനെ നഷ്ടമായതുമുതല്‍ മോഹങ്ങളും അതിമോഹങ്ങളും മനസ്സില്‍ കുത്തിനിറച്ച്, കൗമാരസ്വപ്നങ്ങള്‍ പോലും കടന്നുവരാനനുവദിക്കാതെ, നേട്ടങ്ങളെ… വിജയങ്ങളെ, മാത്രം മുന്നില്‍ക്കണ്ട്,സൂക്ഷ്മതയോടെ ചുവടുകളോരോന്നും വെച്ച് പണം നേടിയെടുക്കാന്‍ ഏതു വഴിയും തെരഞ്ഞെടുക്കാന്‍ ചങ്കുറപ്പുള്ളവനായി വളര്‍ന്നപ്പോള്‍ ഒരു കൗമാരക്കാരന്റെ മനസ്സവിടെ മരിച്ചു വീഴുകയായിരുന്നു.

സുഭദ്ര ദേവി.. നീലിമയുടെ അമ്മൂമ്മ. ചിലപ്പോഴൊക്കെ ഏഴ് വയസ്സുകാരിയും മറ്റു ചിലപ്പോള്‍ എഴുപതുകാരിയുമാകും. അവളുടെ ബാല്യകൗമാരങ്ങളിലും യൗവനത്തിലും മനസ്സിലെഴുതിയ പല ചിത്രങ്ങള്‍ക്കും നിറംപകര്‍ന്നത് അവളുടെ അമ്മുമ്മയായിരുന്നു. അപ്പൂപ്പനുമായുള്ള അവരുടെ ജീവിതത്തിന്റെ കഥകള്‍ പറയുമ്പോള്‍ അമ്മൂമ്മയുടെ മുഖത്ത് വിടരുന്ന ഒരു നാണംകലര്‍ന്ന ഭാവമുണ്ട്.. അതെല്ലാം വളരെ ശ്രദ്ധയോടെ കേട്ടിരിക്കുന്ന കേള്‍വിക്കാരിയായിരുന്നു നീലു.

നീലിമ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ്, പുതിയതായി താമസിക്കാനടുത്ത വീട്ടിലെത്തിയ കുടുംബത്തിലെ അല്പം കറുത്ത്,മെലിഞ്ഞ ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. രാവിലെ സ്‌കൂളില്‍ പോകാനൊരുങ്ങിയിറങ്ങിയപ്പോഴാണ് ചോദ്യങ്ങളുടെ ഒരു നിരയുമായി ആ കുറുമ്പി നീലുവിന്റെ അടുത്തെത്തുന്നത്.

‘ കുട്ടി ഏത് സ്‌കൂളിലാ പഠിക്കുന്നത്? ‘

ആദ്യം ഈ ചോദ്യവുമായാണവള്‍ നീലുവിനെ സമീപിച്ചത്.

‘ ഗേള്‍സ് ഹൈസ്‌കൂളില്‍’.

എന്താ പേര്? ഞാനാ വീട്ടില്‍ താമസിക്കാന്‍ വന്നതാണ്. ഞാനും ഗേള്‍സ് സ്‌കൂളിലാണ് ചേര്‍ന്നത്, ഏഴാം ക്ലാസ്സില്‍. നാളെ മുതലേ ക്ലാസിന് വരുന്നുള്ളൂ.. ‘

‘ എന്റെ പേര് നീലിമ.. എന്താ പേര്? ‘

‘ശാരി ‘… ഒരു വായാടിയാണെന്ന് നിര്‍ത്താതെ സംസാരിക്കുന്നതില്‍ നിന്ന് തന്നെ മനസ്സിലാവും. കൂടുതല്‍ വിശേഷമൊന്നും ചോദിക്കാതെ നീലു സ്‌കൂളിലേക്ക് പോയി.

തിരികെ സ്‌കൂളില്‍ നിന്നും മടങ്ങി വരുമ്പോഴും..

‘ അയ്യോ..ദേ നില്‍ക്കുന്നു വായാടിപ്പെണ്ണ്’.
അവള്‍ മനസ്സില്‍ പറഞ്ഞു. വിടാനുള്ള ഭാവമുണ്ടായിരുന്നില്ല ശാരിക്ക്.

‘ നാളെ മുതല്‍ ഞാനുമുണ്ട് കേട്ടോ.. നമുക്ക് ഒരുമിച്ച് ബസ്സില്‍പ്പോകാം. ‘
നീരസത്തോടെയാണെങ്കിലുമവള്‍
‘ശരി ‘ എന്നു പറഞ്ഞു.

‘എന്തൊരു നാവാണിവള്‍ക്ക്?’.. അധികം സംസാരിക്കാത്ത നീലുവിന്റെ മനസ്സിലെ ചിന്തയതായിരുന്നു.

വിപരീത സ്വഭാവമുള്ളവരായിരുന്നെങ്കിലും,കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ശാരിയും നീലവും അടുത്ത കൂട്ടുകാരികളായിത്തീര്‍ന്നു. പഞ്ചായത്തോഫീസിലെ ക്ലര്‍ക്കായി സ്ഥലംമാറ്റം കിട്ടി വന്നയാളാണ് ശാരിയുടെ അച്ഛന്‍.. മോഹനന്‍.
അമ്മ ലളിത വീട്ടമ്മയും.
കുറുമ്പിപ്പെണ്ണാണെങ്കിലും ശാരി നല്ല മനസ്സുള്ളവളായിരുന്നു. അവളുടെ മനസ്സിന്റെ നൈര്‍മ്മല്യം തന്നെയാണ് നീലുവിലേയ്ക്കവളെ അടുപ്പിച്ചതും.

ഒന്നിനും കാത്തു നില്‍ക്കാതെ കാലം, കാലത്തിന്റെ വഴിയേ കടന്നുപൊയ്‌കൊണ്ടിരുന്നു. പെയ്തും…തോര്‍ ന്നും, കരഞ്ഞും…കരയിപ്പിച്ചും,ജീവിതവും അതിന്റെ യാത്ര തുടര്‍ന്നു.

ബിരുദക്ലാസ് പഠനവും പൂര്‍ത്തിയായി, കോളേജിലെ വിടപറയല്‍ ദിവസം ശാരി നീലുവിനോട് പറഞ്ഞു.

‘ എടീ.. എനിക്കെന്തോ വല്ലാത്തൊരു വിഷമം പോലെ.. പലരും പലവഴിക്ക് പോവല്ലേ? എന്റെ മൂന്നു പ്രണയങ്ങളാണ് എനിക്ക് നഷ്ടമാകുന്നത്. നിനക്ക് പിന്നെ വിഷമിക്കാനൊന്നുമില്ലല്ലോ?? ആരോടും പ്രണയവുമില്ല,വിരഹവുമില്ല. ‘

തെല്ലത്ഭുതത്തോടെ നീലുവിന്റെ മറുപടിയുടനെ വന്നു.

‘ പ്രണയമോ. നിനക്കോ? ഓരോ വര്‍ഷവും ഓരോരുത്തരെ വട്ടുകളിപ്പിക്കുന്ന ഈയേര്‍പ്പാടിനെ പ്രണയമെന്ന് വിളിച്ചാ ക്ഷേപിക്കല്ലേ മോളെ. ആ വാക്കിനൊ രുപാടര്‍ത്ഥങ്ങളുണ്ട്. ഉപയോഗിച്ച് കൊ ളമാക്കല്ലേ പൊന്നേ.. ‘

കളിയാക്കി ചിരിച്ചുകൊണ്ടാണ് നീലുവത് പറഞ്ഞത്.

‘ ഓ പിന്നെ.. നിനക്കെങ്ങനെയിതൊക്കെ പറയാന്‍ കഴിയും ? നിന്റെ പിന്നാലെയെത്ര പയ്യമ്മാരാണ് നടന്നത്? ഒരുത്തനെപ്പോലും തിരിഞ്ഞുനോക്കാത്ത ഒരാളാണ് പ്രണയത്തെക്കുറിച്ച് പറയുന്നത്. ‘

അപ്പോള്‍
അല്പം കൂടി ശാരിയുടെയടുത്തേക്ക് നീങ്ങിയിരുന്നിട്ട് ഒരു ജ്ഞാനിയെപ്പോലെ നീലു തുടര്‍ന്നു.

‘ എടീ.. പ്രണയമെന്നാല്‍ നോവാണ്. പ്രണയിച്ചവനെ നഷ്ടപ്പെടുമ്പോള്‍ കനലെ രിയണമുള്ളില്‍.. വിരഹനോവില്‍ വെന്തുരുകണം. വിരഹാഗ്‌നിയെന്നൊക്കെ കേട്ടിട്ടില്ലേ നീ??
ഇതു വല്ലതും നീ അറിഞ്ഞിട്ടുണ്ടോ? ഒരാള്‍ പോകുന്നതിനു മുന്‍പേ തന്നെ അടുത്തയാള്‍ മനസ്സില്‍ സ്ഥാനം പിടിക്കില്ലേ? വിരഹത്തീയിലുരുകാനൊക്കെ എവിടെയാ നേരം..അല്ലേ? ‘

ശാരി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.

‘ അത് ശരിയാണ്, കനലെരിക്കാനൊന്നും എന്റെ മനസ്സിന് പറ്റില്ല.. അതെപ്പോഴും കൂളായിരിക്കും. നീയെന്നാ ഒന്ന് പ്രണയിച്ചു കാണിക്കെടീ.. ഞാനൊന്നു മനസ്സിലാക്കട്ടെ.,.നിന്റെ ഭാഷയില്‍ യഥാര്‍ത്ഥ പ്രണയമെന്താന്ന്.’

നീലു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

‘ മറവി മരണമെന്നറിയുക പ്രണയമേ …. ഹൃദയതാളത്തിലതെഴുതിടാം പ്രാണനില്‍… ‘

ഇതായിരിക്കും എന്റെ പ്രണയം.

നോക്കട്ടെ.. പ്രണയിക്കാന്‍ പറ്റിയ ഒരാള്‍ വരട്ടെ.. അപ്പൊ നോക്കാം.

ആ പ്രണയ ചിന്തകളിലേക്ക് നീലുവിന്റെ ഓര്‍മ്മകള്‍ പെയ്യാന്‍ തുടങ്ങി…

(തുടരും)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px