പതിവുപോലെ സന്ദീപ് രാവിലെ ഒമ്പതരയ്ക്ക് തന്നെ ആര്‍മി ഓഫീസിലേക്ക് പുറപ്പെട്ടു.. വാതില്‍പ്പടിയില്‍ ചാരിനിന്നിരുന്ന നീലിമയുടെ കവിളില്‍ ചെറുതായി തട്ടിയെങ്കിലും അവളുടെ മുഖത്തേക്ക് നോക്കാതെയാണയാള്‍ ജീപ്പില്‍ കയറിപ്പോയിത്.
മിലിട്ടറി ഓഫീസേഴ്‌സ് ക്വാര്‍ട്ടേഴ്‌സിലെ പത്താം നമ്പര്‍ ബംഗ്ലാവിന്റെ ഇടനാഴിയിലെ മൂകതയ്ക്ക് കനമേറി വരുന്നതുപോലെ തോന്നി നീലിമയ്ക്ക്. ഡിസംബറിലെ കൊടും തണുപ്പിലും അവള്‍ ചെറുതായി വിയര്‍ക്കുന്നുണ്ടായിരുന്നു..
‘ ശാരിയൊന്നെത്തിയിരുന്നെങ്കില്‍.. ‘ ഒരു ദീര്‍ഘനിശ്വാസത്തോടെയവള്‍ ആത്മഗതം പറഞ്ഞു.
‘ മോളെ ചായ.. ‘ സന്ദീപിന്റെ വളര്‍ത്തമ്മയും ഏക ബന്ധുവുമായ സരളമ്മ മുന്നില്‍ ചായയുമായി നില്‍ക്കുന്നു. അറുപത് വയസ്സോളം പ്രായമുള്ള അവരുടെ മുഖത്തെ കുലീനത്വം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു.
നീലിമ, ആര്‍മി ഓഫീസര്‍ സന്ദീപിന്റെ ഭാര്യയാണ്. മലയാളിത്തമാവാഹിച്ചെടുത്ത,വെളുത്ത് സുന്ദരിയായ,വിഷാദമുറങ്ങുന്ന കണ്ണുകളും,ആരുടെയും മനമുടക്കുന്ന ഉടലഴകുമുള്ള ഒരു പെണ്‍കുട്ടി.അവരുടെ വിവാഹം കഴിഞ്ഞിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ.
‘ നീലിമയുടെ വിളറിയ മുഖം ശ്രദ്ധിച്ച്, സരളമ്മ ചോദിച്ചു.
‘ മോള്‍ക്കെന്തുപറ്റി? സുഖമില്ലേ.. ‘
‘ ഒന്നുമില്ല സരളമ്മാ . ചെറിയൊരു തലവേദന. പിന്നെ, ഇന്ന് ശാരി വരുന്നുണ്ട്.. കോയമ്പത്തൂരില്‍ നിന്നവള്‍ തിരിച്ചിട്ടുണ്ട്, ലഞ്ച് കഴിക്കാന്‍ അവളുമുണ്ടാവും. ‘
‘ആ.. സന്തുമോന്‍ ഇന്ന് ഡല്‍ഹിക്ക് പോവല്ലേ.. രണ്ടുദിവസമിവിടെ കാണുമോ മോളെ ശാരി..?’
മിക്കവാറുമുണ്ടാവും.. കല്യാണത്തിനു ശേഷം അവളെയിതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ലല്ലോ??
ഞാനും ചിലപ്പോഴൊക്കെ മോളുടെ ആ കൂട്ടുകാരിയെക്കുറിച്ചോര്‍ക്കും. നിങ്ങടെ കല്യാണത്തിന് നിറഞ്ഞുനിന്നത് ആ കുട്ടി അല്ലാരുന്നോ.. പിന്നെ കണ്ടിട്ടേയില്ലല്ലോയെ ന്ന്.’
അതെ.. അവളുടെ ഹസ്ബന്റിനു ഒഴിവില്ലാത്തതു കൊണ്ടായിരുന്നു ഇങ്ങോട്ട് വരാതിരുന്നത്. ഇവിടെ സന്ദീപിനും ലീവി ല്ലായിരുന്നല്ലോ?..
‘ഞാനങ്ങോട്ട് ചെല്ലട്ടെ മോളെ.. ചെമ്മീന്‍ കറിയും വച്ച് ചിക്കന്‍ ഫ്രൈയും ചെയ്യാം.. ബാക്കി പച്ചക്കറി മതിയല്ലോ..??’
‘..ആ…’
അലസമായി മൂളികൊണ്ട് ജനലഴികളില്‍ പിടിച്ചു വിദൂരതയിലേക്ക് കണ്ണും നട്ടു നീലിമ പുറത്തേക്ക്‌നോക്കി നിന്നു. പുറത്തു വീശുന്ന ശീതക്കാറ്റിന് അപരിചിതത്വത്തിന്റെ ഗന്ധമു ണ്ടായിരുന്നു. അവളുടെയുള്ളിലെരിയുന്ന കനലിന്റെ തീവ്രത കൊണ്ടാവാം പുറത്തെ മരവിപ്പിക്കുന്ന തണുപ്പിനവളെ സ്പര്‍ശിക്കാനേ കഴിഞ്ഞില്ല.
‘ ശാരിയെ ഒന്നു വിളിച്ചാലോ?? ‘ അവളോ ര്‍ത്തു. മൊബൈലെടുത്തതും ശാരിയുടെ കോള്‍ വന്നു.
‘ ഹലോ.. ഞാന്‍ നിന്നെ വിളിക്കാന്‍ തുടങ്ങുകാരുന്നു.’
‘ആണോ.. ഞാന്‍ അരമണിക്കൂറിനകം എത്തും ട്ടാ.. നിന്റെ ശബ്ദമെന്താ വല്ലാ തിരിക്കുന്നെ? സന്ദീപ് ടൂര്‍ പോകുന്നതിന്റെ വിഷമത്തിലാണോ?
നീലുവിന്റെ ഉള്ളൊന്നു കാളി. സത്യമവളെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു.
‘ സന്ദീപിന്റെ നാല് ദിവസത്തെ ടൂര്‍ പ്രോഗ്രാം പറഞ്ഞപ്പോള്‍ ആ ദിവസമൊന്നെ ത്തിയെങ്കിലെന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു അവള്‍. ‘
വിരസമായി നിമിഷങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നു. തലേദിവസം നടന്ന സംഭവത്തിന്റെ നടുക്കുന്ന ഓര്‍മ്മയുടെ ഓളങ്ങള്‍ അവളുടെ മനസ്സിന്റെ ഭിത്തിയില്‍ ഇടിച്ചു ചിതറി..
നീലനിറമുള്ള ജനല്‍ക്കര്‍ട്ടനുകളും, നീല കിടക്കവിരിയും അരണ്ട വെളിച്ചവുമുള്ള അവളുടെ കിടപ്പുമുറി അവള്‍ ഭയത്തോടെ കാണുകയായിരുന്നു. ദയനീയ ഭാവത്തില്‍ വേട്ടക്കാരനെ നോക്കുന്ന ഒരു മാനിന്റെ ചിത്രം അവളുടെ ചിന്തകളിലപ്പോഴും നിറഞ്ഞുനിന്നു. പാഞ്ഞടുക്കുന്ന വേട്ടക്കാരന് സന്ദീപിന്റെ മുഖച്ഛായയും.
വല്ലാതെ തല വേദനിച്ചിട്ടും സരളമ്മ കൊടുത്ത ചായ പോലും കുടിക്കാനവള്‍ക്ക് തോന്നിയില്ല.
‘ ശാരിയൊന്ന് വേഗമെത്തിയെങ്കില്‍…വയ്യാ..എനിക്ക് വയ്യിനി, ഒന്നും ഉള്ളിലൊതുക്കാന്‍’.
പെയ്യാന്‍ വിതുമ്പിനില്‍ക്കുന്ന മേഘം പോലെ കറുത്തിരുണ്ടിരുന്നു അപ്പോളവളുടെ മനസ്സ്.
മുറ്റത്ത് കാര്‍ വന്നുനില്‍ക്കുന്ന ശബ്ദം കേട്ട് നീലുവും ഒപ്പം സരളമ്മയും പുറത്തേക്കു വന്നു.
ഡോര്‍ തുറന്ന് ശാരി ഇറങ്ങി. ഏകദേശം മുപ്പതുവയസ്സോളം പ്രായമുള്ള, ഇരുനിറത്തില്‍ മെലിഞ്ഞ ഒരു സ്ത്രീ. ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റില്‍ ക്ലര്‍ക്കാണ്.ഡ്രൈവര്‍ക്ക് കാശു കൊടുത്തിട്ട്,
‘ നീലൂ.., നീ വല്ലാതെ ക്ഷീണിച്ചു പോയല്ലോ’??
എന്ന് പറഞ്ഞുകൊണ്ട് വരാന്തയിലേക്ക് കയറി.
‘വരൂ ശാരി ‘… എന്നുപറഞ്ഞ് അവളുടെ കൈപിടിച്ച് ഹാളിലേക്ക് കടക്കുമ്പോള്‍ നീലുവിന്റെ ശബ്ദം നന്നേ തളര്‍ന്നിരുന്നു.
‘എന്തു പറ്റിയെടാ.. സരളമ്മേ ഇവള്‍ക്ക് സുഖമില്ലേ.. ഇന്നലെ സന്ദീപ് ടൂര്‍ പോകുന്നു വെന്ന് പറഞ്ഞ് ഇവളെന്നെ വിളിച്ചപ്പോള്‍ ഊട്ടിയില്‍ രണ്ടുദിവസം അടിച്ചുപൊളിക്കാമെന്നോര്‍ത്താണ് ഞാന്‍ വന്നത്. എന്നിട്ട് നീയിപ്പോ….എന്തുപറ്റി എന്റെ സുന്ദരിക്കുട്ടിക്ക്??
നീലുവിന്റെ കവിളില്‍ തട്ടിക്കൊണ്ടവള്‍ ചോദിച്ചു.
കോളേജില്‍ ചങ്കുകളായിരുന്നു എം എ സൈക്കോളജി വിദ്യാര്‍ഥിനികളായിരുന്ന നീലിമയും ശാരിയും. പലപ്പോഴും ശാരി നീ ലുവിനോട് പറയുമായിരുന്നു.
‘എടി നീലു.. നിന്റെ സൗന്ദര്യത്തിന്റെ പകുതി യെങ്കിലും എനിയ്ക്കുണ്ടായിരുന്നെങ്കില്‍ ഞാനിവിടെ ഒന്ന് പൂണ്ടുവിളയാടിയേനെ. നീയാണെങ്കിലോ പിന്നാലെ നടക്കുന്നവരെ പ്പോലും തിരിഞ്ഞു നോക്കുന്നില്ല..’എന്ന്.
സരളമ്മ ശാരിക്ക് ജ്യൂസ് കൊണ്ടുവരാമെന്ന് പറഞ്ഞ് അടുക്കളയിലേക്ക് പോയപ്പോള്‍ ശാരിക്ക് മുറി കാണിച്ചു കൊടുത്തുകൊണ്ട് നീലു പറഞ്ഞു.
‘ നീ ഫ്രഷായിട്ട് വാ എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്. ‘
നീലുവിന്റെ തോളില്‍ പിടിച്ച്, കട്ടിലില്‍ഇരുത്തി
ക്കൊണ്ട് ശാരി ചോദിച്ചു.
‘ ഫ്രഷ്ആകുന്നതൊക്കെ പിന്നീട്.. നീലൂ,മോളെ നിനക്കെന്തുപറ്റി?? നിന്റെ കല്യാണശേഷം ഞാനധികം ഫോണ്‍ പോലും വിളിക്കാതിരുന്നത് പഴയ ഓര്‍മ്മയിലേയ്‌ക്കൊന്നും നീ എത്താതിരിക്കാനായിരുന്നു. പുതിയ ജീവിതത്തിന്റെ സന്തോഷ നിമിഷങ്ങള്‍ നീ ആസ്വദിക്കട്ടെയെന്ന് കരുതി.’
ഒരു തേങ്ങലോടെ നീലു ശാരിയുടെ ചുമലി ലേക്ക് ചാരിയേങ്ങലടിച്ചു കരഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ ജ്യൂസുമായെത്തിയ സരളമ്മയും ശാരിയും ഒരു നിമിഷം പകച്ചു പോയി.
മൗനം മുറിച്ചു കൊണ്ട്..
‘ ഞാന്‍ പോട്ടെ, കറി സ്റ്റൗവിലുണ്ട് ‘..എന്ന് പറഞ്ഞു വിവേകപൂര്‍വ്വം സരളമ്മ അവിടെനിന്നും അടുക്കളയിലേക്ക് പോയി.
‘ നീലൂ..എന്താടി??എന്താ നിന്റെ പ്രശ്‌നം?സന്ദീപുമായി നീ പിണങ്ങിയോ?? ‘
ഒന്നു മുഖമുയര്‍ത്തി ശാരിയെ നോക്കി, അവള്‍ പറഞ്ഞു..
‘ പിണങ്ങാനായി, ഞങ്ങള്‍ ഇതുവരെ ഇണങ്ങിയിട്ടില്ലല്ലോ? ‘
‘ നീ എന്തൊക്കെയായീ പറയുന്നേ? ഒന്ന് തെളിച്ച് പറയൂ.. ‘
മൂന്നുമാസത്തെ ദാമ്പത്യത്തിന്റെ കഥ പറയാന്‍ തുടങ്ങുമ്പോള്‍ അസാധാരണമായ ഒരു ധൈര്യം നീലുവിന്റെ മുഖത്ത് തെളിഞ്ഞിരുന്നു.
(തുടരും)







