നീലിമ-ലാലി രംഗനാഥ് (നോവല്‍ ഭാഗം രണ്ട്)

Facebook
Twitter
WhatsApp
Email

പുറത്ത് തണുപ്പിന്റെ കാഠിന്യം കുറഞ്ഞുതുടങ്ങി.തുറന്നിട്ട ജനല്‍പ്പാളി യിലൂടെ കടന്നുവന്ന കാറ്റില്‍ കിടപ്പുമുറിയിലെ നീലക്കര്‍ട്ടനുകള്‍ അനുസരണയില്ലാതെ ആടിയുലയുന്നുണ്ട്.ചുവരിലെ ക്ലോക്ക് അലോസരപ്പെടുത്തിക്കൊണ്ട് ശബ്ദിച്ചപ്പോഴാണ് അവര്‍ക്കിടയിലെ മൗനം മുറിഞ്ഞത്. നീലു ശാരിയോട് ചോദിച്ചു,

”ശാരീ..ഞാനൊരു കാര്യംപറഞ്ഞാല്‍ നീ എന്നോട് ദേഷ്യപ്പെടുമോ?”

ആശ്ചര്യഭാവത്തില്‍ അവളുടെ മുഖത്തേക്ക് നോക്കിയിട്ട് ശാരി പറഞ്ഞു.

”ഇല്ല .. പറയു.. എന്താണ് നിനക്ക് പറയാനുള്ളത്? എന്തായാലും പറയെടാ.. നിന്റെ മനസ്സിന്റെയൊരു ഭാഗം പകുത്തെടുത്തവളായിരുന്നില്ലേ ഞാന്‍? ചെറിയൊരു മൗനത്തില്‍ ഞാനാ ബന്ധം പൊതിഞ്ഞുവെച്ചെങ്കിലും ഇപ്പോഴും ഞാന്‍ നിന്റെ പഴയ ശാരി തന്നെയാണ്.. നിന്നെയ റിയുന്ന നിന്റെ ശാരി”

”ശാരീ, ഞാന്‍ സന്ദീപുമായുള്ള ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചു”
ശബ്ദം താഴ്ത്തിയാണവളത് പറഞ്ഞത്.

അപ്രതീക്ഷിതമായി കേട്ട ആ വാക്കുകള്‍ ശാരിയുടെ കാതിലൊരു ഞെട്ടലോടെയാണ് വന്നു പതിച്ചത്.

”എന്ത് ഭ്രാന്താണ് നീ പറയുന്നത് നീലു? വല്ലാത്ത ഭ്രാന്ത്… എനിക്കൊന്നും മനസ്സിലാവുന്നേയില്ല”
തലയില്‍ കൈവച്ചവള്‍ ഒരുനിമിഷം മൗനത്തിലാണ്ടു.

അവര്‍ക്കിടയില്‍ പരന്ന നിശ്ശബ്ദത മുറിഞ്ഞത് നീലുവിന്റെ ഫോണ്‍ ശബ്ദിച്ചപ്പോളായിരുന്നു. മറുതലക്കല്‍ സന്ദീപായിരുന്നുവെന്ന് അവളുടെ സംസാരത്തില്‍ നിന്നും ശാരിക്ക് മനസ്സിലായി.

”ആ.. എത്തി.. രണ്ടുദിവസമുണ്ടാകും…ചെറിയൊരു തലവേദന..കുഴപ്പമില്ല..കഴിച്ചില്ല..ലഞ്ചിന് വരില്ലേ..?”

നീലു പെട്ടെന്ന് ഫോണ്‍വെച്ചെങ്കിലും സൗമ്യമായ സംഭാഷണമായിരുന്നുവതെന്ന് അവളുടെ വാക്കുകളില്‍നിന്നും ശാരി ഊഹിച്ചിരുന്നു. ചുമരില്‍ക്കണ്ട അവരുടെ വിവാഹഫോട്ടോയിലെ സുമുഖനായ ചെറുപ്പക്കാരനില്‍ ശാരിയുടെ കണ്ണുകള്‍ ഒരു നിമിഷമുടക്കി. ഒത്ത ഉയരവും തിളക്കമുള്ള കണ്ണുകളും, കട്ടിയുള്ള മീശയും, പൗരുഷമുള്ള മുഖഭാവവുമുള്ള, ആദ്യകാഴ്ച്ചയില്‍ത്തന്നെ ആരെയുമാകര്‍ഷിക്കാന്‍ കഴിയുന്ന വ്യക്തിത്വമുള്ള ഒരു പുരുഷന്‍.

”എന്താണിവര്‍ക്കിടയില്‍…? എത്ര ചേര്‍ച്ചയാണ് രണ്ടുപേരും തമ്മില്‍?”ശാരിയുടെ മനസ്സിലൂടെ ഒരു സംശയം കടന്നുപോയി.

”എന്താടി? ചെറിയ എന്തെങ്കിലും പിണക്കമു ണ്ടായാല്‍ നീയെന്താ, ഇങ്ങനെയൊക്കെയാണോ തീരുമാനങ്ങളെ ടുക്കുന്നത്? എത്ര സ്‌നേഹത്തോടെയാണ് സന്ദീപ് സംസാരിക്കുന്നതെന്ന് നിന്റെ മറുപടികളില്‍ നിന്ന്തന്നെ എനിക്ക് വ്യക്തമായതാണ്.”

കുറച്ചുനേരത്തെ മൗനത്തിനുശേഷം ശാരിയുടെ കയ്യില്‍പ്പിടിച്ചിട്ട് നീലു ചോദിച്ചു.

”എടി .. ഒരു ഭര്‍ത്താവെന്തൊക്കെയാണ് ഭാര്യയില്‍ നിന്നാഗ്രഹിക്കുന്നത്?”

”മനസ്സും ശരീരവും” ശാരിയുടെ മറുപടി.
”അത് നിനക്കുറപ്പാണല്ലോ.?”

വളരെ ശാന്തയായാണ് നീലു ശാരിയോടങ്ങനെ ചോദിച്ചത്.

”എന്നാലെനിക്കുറപ്പുള്ള ഒരു കാര്യം ഞാന്‍ പറയട്ടെ..?നിനക്കെന്റെ മനസ്സറിയാം. ആ മനസ്സില്‍ സ്ഥാനംകൊടുത്ത പുരുഷനെയുമറിയാം. എന്റെ ശരീരം ഞാന്‍ മറ്റൊരാള്‍ക്ക് പങ്കിടുമ്പോളതിന് ആത്മാവുണ്ടാവില്ല. അങ്ങനെയൊരു ശരീരം പങ്കിടലാഗ്രഹിക്കുന്നില്ലെന്ന് വിവാഹത്തിന് മുന്‍പുതന്നെ ഞാന്‍ സന്ദീപിനോട് കെഞ്ചിപ്പ റഞ്ഞതാണ്.”

”എന്നിട്ട്..?” ആകാംക്ഷയോടെയാണ് ശാരി ചോദിച്ചത്.

”വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് ആദ്യദിവസം കണ്ടപ്പോള്‍ത്തന്നെ ഞാന്‍ എല്ലാം തുറന്ന് പറഞ്ഞിട്ട്, അപേക്ഷിച്ചതാണ്.അപ്പോള്‍ സന്ദീപിന്റെ മറുപടി പക്ഷേ…”

മനസ്സുകൊണ്ട് നീലിമയെന്നെ സ്വീകരിക്കുന്ന ദിവസംവരെ നമ്മള്‍ സുഹൃത്തുക്കള്‍ മാത്രമായിരിക്കുമെന്ന സന്ദീപിന്റെയുറപ്പില്‍ നടന്ന വിവാഹമാണിത്. ഇതുമാത്രം ഞാന്‍ നിന്നോട് പറഞ്ഞിരുന്നില്ലെന്നേയുള്ളൂ.

അത്ഭുതം തോന്നിയെങ്കിലുമത് പുറത്തു കാണിക്കാതെ ശാരി ചോദിച്ചു.

”അപ്പോള്‍ നിങ്ങളിപ്പോഴും സുഹൃത്തുക്കള്‍ മാത്രമാണോ?”

”ഇതുവരെയങ്ങിനെതന്നെ. ആദ്യമാസമൊന്നും പ്രശ്‌നമുണ്ടായിരുന്നില്ലെങ്കിലും, സന്ദീപിന് അങ്ങനെയാവാന്‍ കഴിയില്ലെന്ന് രണ്ടുമാസമായെനിയ്ക്ക് തോന്നിത്തുടങ്ങി. എന്റെ ശരീരത്തിലരിച്ചു പടരുന്ന സന്ദീപിന്റെ വിരലുകള്‍ എനിയ്ക്കുണ്ടാക്കുന്ന ഒരു വീര്‍പ്പുമുട്ടല്‍.. എനിക്ക് ഭ്രാന്ത് പിടിച്ചു തുടങ്ങുന്നതുപോലെ തോന്നുമപ്പോള്‍. ഓരോ ഒഴിഞ്ഞുമാറലും നീരസത്തോടെയാണെങ്കിലും സന്ദീപ് മനസ്സിലാക്കുന്നത്‌പോലെ തോന്നും നേരംപുലരുമ്പോഴുള്ള പെരുമാറ്റം കാണുമ്പോള്‍.
പക്ഷേ രാത്രികള്‍..എന്നില്‍ ഭീതി പരത്തുന്നെടാ..” കരച്ചിലിന്റെ വക്കിലെത്തിയിരുന്നു അവള്‍.

”നീലവിരിയിട്ട കര്‍ട്ടനുകളും,, ആ മുറിയിലെ അരണ്ടവെളിച്ചവും എന്നുമെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു”
തലേദിവസം രാത്രിയില്‍ നടന്ന സംഭവം തിരശ്ശീലയിലെന്നപോലെ ശാരിയുടെ മുന്നില്‍ തെളിയിയ്ക്കുകയായിരുന്നു നീലു പിന്നീട്.
……………………………………………………..
സമയം രാത്രി പതിനൊന്നരയടുത്തപ്പോഴാണ് സന്ദീപന്ന് വീട്ടിലെത്തിയത്. പുറത്ത് കൊടും തണുപ്പ്. രാവിന്റെ മടിയില്‍ തലചായ്ച്ച് ഊട്ടി എന്ന സുന്ദരിപ്പെണ്ണ് ഉറങ്ങാന്‍ തുടങ്ങുകയായിരുന്നുവപ്പോള്‍. അവിടെയും ഇവിടെയും മിന്നിക്കത്തിയിരുന്ന ചെറിയ വിളക്കുകള്‍ അണഞ്ഞു തുടങ്ങി. രാവിന്റെ ലയതാളങ്ങളറിഞ്ഞ് ഒരു പുതുപ്പെണ്ണിന്റെ ഭാവത്തോടെ രാവിലലിഞ്ഞു തുടങ്ങുമ്പോള്‍ മോഹിപ്പിക്കുന്ന സൗന്ദര്യമാണവള്‍ക്ക്.

ജീപ്പിന്റെ ശബ്ദം കേട്ടപ്പോള്‍ തന്നെ നീലു ഡോര്‍ തുറന്നിരുന്നു. ഹാളിലേക്ക് കടന്നു സെറ്ററൂരി അവളുടെ കയ്യില്‍ കൊടുത്തിട്ട് സന്ദീപ് പറഞ്ഞു.

”എന്തൊരു തണുപ്പാണ് പുറത്ത്. നീലു….കുറച്ച് ചൂടുവെള്ളം വേണം.”
ബംഗ്ലാവിനുള്ളിലെ ഫര്‍ണസ്സില്‍ നിന്നുമുയരുന്ന ഇളംചൂടില്‍ അല്പനേരം നിന്നിട്ട്, അയാള്‍ ഡ്രസ്സ്മാറാനായി കിടപ്പു മുറിയിലേക്ക് പോയി.

വെള്ളവുമായി നീലു നടന്നുവരുന്നത് കണ്ടപ്പോളയാള്‍ മനസ്സില്‍ പറഞ്ഞു.

”ഒരു ശില്പം പോലെ സുന്ദരി”
അപ്പോള്‍ വിഷാദമുറങ്ങുന്ന അവളുടെ കണ്ണുകളില്‍ ചുംബിക്കാനയാള്‍ വല്ലാതെ മോഹിച്ചു.
”ഇതാ ചൂടുവെള്ളം”

എന്നുപറഞ്ഞരികിലെത്തിയ അവളെ വന്യമായ ഒരാവേശത്തോടെ സന്ദീപ് തന്റെ നഗ്‌നമായ മാറിലേക്ക് പിടിച്ചടുപ്പിച്ചത് പെട്ടെന്നായിരുന്നു. അന്യപുരുഷനില്‍ നിന്നും ഭയന്ന് മാറുന്നതുപോലെ…
വേട്ടക്കാരനില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയൊളിക്കുന്ന മാനിനെപ്പോലെയവള്‍ ഭയപ്പാടോടെ കുതറി മാറിയപ്പോള്‍ അയാളുടെ കൈകള്‍ അവളെപ്പിടിച്ചടുപ്പിച്ച് അവളുടെ ചുണ്ടുകളില്‍ ബലമായി ചുംബിച്ചു. അന്നുവരെ കാണാത്ത വന്യമായ ഒരു ശരീരഭാഷയായിരുന്നു സന്ദീപിലവളപ്പോള്‍ കണ്ടത്.
അയാളെ ശക്തമായി പിടിച്ചുതള്ളിക്കൊണ്ട് അവള്‍ പൊട്ടിത്തെറിച്ചു. അവളപ്പോള്‍ മറ്റൊരു നീലിമയായിരുന്നു.
……………………………………………………..
വെള്ളിത്തിരയിലെ ഈ സംഭവചിത്രത്തിന്റെ ബാക്കി പകര്‍ന്നുനല്‍കിയത് നീലുവിന്റെ ശബ്ദമായിരുന്നു.

”നിങ്ങളെന്നെ തൊടുമ്പോള്‍ എന്റെ ശരീരത്തില്‍ ക്ഷുദ്രജീവികളിഴയുന്നത് പോലെ തോന്നുന്നുവെന്ന് ഞാന്‍ പറഞ്ഞു. കീഴ്‌പ്പെടുത്തി നിങ്ങള്‍ക്കെങ്ങനെ വേണമെങ്കിലുമെന്നെ ഉപയോഗിക്കാമെന്നും.”

”എന്നിട്ടെന്തുണ്ടായി..? പറയ് നീലു..” ശാരിയുടെ ഉള്ളുപിടഞ്ഞു.

അപ്പോള്‍ രണ്ടുകൈയും തലയില്‍ ചേര്‍ത്തിടിച്ചിട്ട് സന്ദീപുച്ചത്തില്‍ ചോദിച്ചു.

”എത്ര നാളായി ശോകനായികയായി നീ അഭിനയിക്കുന്നു? ഞാനൊരു പുരുഷനാണ്. ഒരു സാധാരണ പുരുഷന്‍. ആരും സ്വന്തമെന്ന് പറയാനില്ലാതിരുന്നയെനിക്ക് ഭാര്യയും, അമ്മയും,സഹോദരിയും,സുഹൃത്തുമെല്ലാമായൊരാള്‍ വേണമെന്ന്‌തോന്നി, നിന്നെ കണ്ടെത്തിയതാണോ ഞാന്‍ ചെയ്ത തെറ്റ്?”

”സ്വന്തം ഭാര്യയെ ബലാല്‍ക്കാരം ചെയ്തു ജീവിതമാസ്വദിക്കാന്‍ എനിക്കാവില്ല. ഒരു പട്ടാളക്കാരന്റെ ആത്മബലമെനിക്കുണ്ട്. എങ്കിലും നീലു… ഒന്ന് ചോദിച്ചോട്ടെ?
ഒരിക്കലെങ്കിലും നീയെന്നെ സ്‌നേഹിച്ചിട്ടുണ്ടോ… ഒരിക്കലെങ്കിലും?”

”എന്നൊക്കെ സന്ദീപ് ചോദിച്ചപ്പോള്‍ മറുപടിയില്ലായിരുന്നെടി എനിക്ക്. പക്ഷേ മുന്‍പേ ഞാന്‍ പറഞ്ഞതായിരുന്നില്ലേ,സന്ദീപിനോട്..ഈ വിവാഹത്തില്‍നിന്ന് പിന്മാറണമെന്ന്. ഈ വിവാഹാലോചന വന്നപ്പോള്‍,നീയെന്നെ നിര്‍ബന്ധിച്ചപ്പോഴും ഞാനെന്താണന്ന് നിന്നോട് പറഞ്ഞത്? ഓര്‍ക്കുന്നോ നീ?”

”ഞാനെന്തിന് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കണമെന്ന്?”

എത്രപ്രാവശ്യം ഞാന്‍ പറഞ്ഞിരുന്നു, എല്ലാ അര്‍ത്ഥത്തിലും ഒരു പുരുഷന് സ്വന്തമാകാനെനിക്കിനി കഴിയില്ലെന്ന്. നീയുള്‍പ്പെടെ ആരുമെന്നെ മനസിലാക്കിയില്ല.. എന്റെ മനസ്സറിഞ്ഞില്ല.”
അവള്‍ തേങ്ങി.

”എനിക്കിപ്പോള്‍ സന്ദീപിനോട് സഹതാപം തോന്നുന്നു. വിവാഹമോചനം വേണമെന്നു ഞാന്‍ പറയുന്നതതുകൊണ്ടാണ്.പ്രണയമില്ലാത്ത ഇണചേരലില്‍ എനിക്ക് വിശ്വാസമില്ല ശാരീ.. എനിക്ക് ജീവിക്കാന്‍ സൈക്കോളജിയിലെ മാസ്റ്റര്‍ബിരുദവും എന്റെ മനസ്സിന്റെ ബലവും മതി. സന്ദീപ് സ്വതന്ത്രനാവട്ടെ, ആകാശത്തിലെ നിറക്കൂട്ടുകള്‍ വര്‍ണ്ണച്ചിത്രങ്ങള്‍ വരയ്ക്കട്ടെ സന്ദീപിന്റെ ജീവിതത്തില്‍”

ഇതുംപറഞ്ഞു തളര്‍ന്നിരുന്ന നീലുവിന്റെ തലയില്‍ തലോടിക്കൊണ്ട് ശാരി പറഞ്ഞു.

”മോളെ.. സന്ദീപൊരു സാധാരണ പുരുഷനാണ്. നീ അങ്ങനെയന്ന് പറഞ്ഞെങ്കിലും കല്യാണശേഷമതെല്ലാം മാറുമെന്ന് കരുതിയിട്ടുണ്ടാവും. ഇന്നലത്തെ നിന്റെ വാക്കുകള്‍ ഒരു പുരുഷനെ അപമാനിക്കുന്നതിന്റെയങ്ങേയറ്റ മായിരുന്നില്ലേടാ….സന്ദീപിന്റെ വികാരത്തെ മാനിക്കണമായിരുന്നു. നീ മാത്രമെന്താ മാറാത്തതെന്നാണിപ്പോഴുമെന്റെ ചിന്ത. പ്രണയനഷ്ടം വന്നവരാരും വിവാഹം കഴിയ്ക്കില്ലേ.. ഞാനെത്രപേരെ പ്രണയിച്ചിട്ടുണ്ടെന്ന് നിനക്കറിയില്ലേ?എന്നിട്ട് ഞാന്‍ സന്തോഷത്തോടെ ജീവിക്കുന്നില്ലേ?”

ഒരു പുഞ്ചിരിയപ്പോള്‍ അവളുടെ ചുണ്ടില്‍ വിടര്‍ന്നിരുന്നു.അവള്‍ തുടര്‍ന്നു…

”ഒരു പുരുഷന്റെ പ്രണയം ശാരീരികമായ ആസക്തിയില്‍ക്കൂടിയധിഷ്ഠിതമാണെന്ന് ഓഷോയെ ഉദ്ധരിച്ച് നീ തന്നെയെത്രയോ പ്രാവശ്യം പണ്ട് പറയുമായിരുന്നു.? എന്നിട്ടും നീ..?”

ശാരി മുഴുമിപ്പിക്കുന്നതിനുമുന്‍പേ നീലുവിന്റെ ഉത്തരവും വന്നു..

”പ്രണയത്തില്‍ മാത്രം ഒരു സ്ത്രീ തൃപ്തയാവുമെന്നും ഞാന്‍ പറയുമായിരുന്നില്ലേ? നിങ്ങള്‍ പ്രണയത്തിലാണെങ്കില്‍, അത് നിങ്ങളെമുറിപ്പെടുത്തുമെങ്കിലും ആ മുറിവുകള്‍ നിങ്ങളെ ബലപ്പെടുത്തുമെന്നും”

ഒരാളെ പ്രണയിച്ച്, മനസ്സിലെ പ്രണയവും പ്രണയം പൂത്ത ശരീരവും അയാള്‍ക്ക് മാത്രമായ് പകര്‍ന്നു കൊടുക്കണം.ആ ഒരു തെറ്റല്ലേ ഞാന്‍ ചെയ്തുള്ളു..”

അവളുടെ ശബ്ദത്തില്‍ ദൃഢതയുണ്ടായിരുന്നു.

”എന്ത് ഭ്രാന്താണ് നീയീ പറയുന്നതെന്നാണ്…?നീയൊരാളെ ഇഷ്ടപ്പെട്ടു. അയാളൊരു നഷ്ടമായിത്തീര്‍ന്നു.. അതുള്‍ക്കൊള്ളണം നീ.. അല്ലാതെ…”

”നഷ്ടമായിത്തീര്‍ന്നതല്ല.. നഷ്ടമാക്കിത്തീ ര്‍ത്തതാണ്..”
ഇതുപറയുമ്പോള്‍ നീലുവിന്റെ കലങ്ങിയ കണ്ണുകള്‍ക്ക് മുമ്പില്‍ നിശ്ശബ്ദയാവാനേ ശാരിക്ക് കഴിഞ്ഞുള്ളൂ. ആ പഴയ ഓര്‍മ്മകളിലേക്കവര്‍ രണ്ടുപേരും തിരിച്ചുപോയത്‌പോലെ, മുറിയില്‍ വല്ലാത്തൊരു മൂകത തളംകെട്ടിനിന്നു.

(തുടരും)

About The Author

Leave a Reply

Your email address will not be published. Required fields are marked *