ഇത് കഥയൊന്നുമല്ല. ഈയുള്ളവന്റെ പണ്ടത്തെ ഒരു അനുഭവമാണ്. അല്ലെങ്കിലും, ആരുടെയെങ്കിലുമൊക്കെ നടന്നതോ നടക്കുന്നതോ ഇനി നടക്കാന്‍ സാധ്യത ഉള്ളതോ ആയ അനുഭവങ്ങളുടെ പരിണതികളാണല്ലോ ഒരുവിധം കഥകളെല്ലാം!
ഒരാള്‍ ഓടിവന്ന് കമിഴ്ന്നടിച്ച് വീണശേഷം കൊട്ടിപ്പിടഞ്ഞെഴുന്നേറ്റ് ഓടുന്ന ശബ്ദം കേട്ടാണ് അന്ന് ഞാന്‍ ഉണര്‍ന്നത്. സ്ഥലകാല ബോധത്തിലേക്ക് ഏത്താന്‍ ഏതാനും നിമിഷങ്ങള്‍ എടുത്തു. സമയം രാത്രിയാണെന്നും, ഞാന്‍ ഒരു ട്രെയിനിലെ അപ്പര്‍ ബര്‍ത്തില്‍ കിടക്കുകയാണെന്നുമുള്ള ബോധം വന്നപ്പോഴേക്കും,’കള്ളന്‍…..കള്ളന്‍…..’ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ട് അഞ്ചാറുപേര്‍ കംപാര്‍ട്ട്‌മെന്റിലൂടെ ഓടുന്നു. ആ കോച്ചിലുണ്ടായിരുന്ന കുറേ പേര്‍ ഒച്ചയും ബഹളവും കേട്ട് ചാടി എഴുന്നേറ്റു. കംപാര്‍ട്ട്‌മെന്റിന്റെ ഒരറ്റത്ത് വലിയ ഒച്ചപ്പാട്.
സംഭവം നടന്നത് 2001-ത്തിലെ മാര്‍ച്ചു മാസത്തിലാണ്. യാത്രപോയത് മുംബൈയിലെ ലോക്മാന്യതിലക് ടെര്‍മിനസില്‍നിന്നും നാട്ടിലേക്കുള്ള നേത്രാവതി എക്‌സ്പ്രസ്സിലും. ആ മാസമാണ് നേത്രാവതിയില്‍ തത്ക്കാല്‍ കോച്ച് തുടങ്ങിയത്. അന്നൊക്കെ തത്ക്കാല്‍ ടിക്കറ്റ് യാത്രക്കാര്‍ക്കായി ഒരു പ്രത്യേക കംപാര്‍ട്ട്‌മെന്റ് ഉണ്ടായിരുന്നു. അവസാന സ്ലീപ്പര്‍ കോച്ചിന് പിന്നിലും ജനറല്‍ കംപാര്‍ട്ട്‌മെന്റിന് മുന്നിലുമായാണ് ആ പ്രത്യേക കോച്ച് ഘടിപ്പിച്ചിരുന്നത്.
ഞാന്‍ ബര്‍ത്തില്‍നിന്നും ഇറങ്ങി, ഉടുത്തിരുന്ന ലുങ്കി ഒന്നഴിച്ച് മുറുക്കിക്കുത്തി ട്രെയിനിന്റെ ആട്ടത്തിനൊപ്പം അങ്ങോട്ട് നടന്നു. അവിടെ ഒരു ടോയ്ലറ്റിന്റെ വാതില്‍ അടഞ്ഞുകിടക്കുകയാണ്. പുറത്തുനിന്നും തള്ളിയാല്‍ തുറക്കുന്നില്ല. അകത്ത് ആളുണ്ടെന്ന് ഉറപ്പ്. സംഭവിച്ചത് ആരൊക്കെയോ വിവരിക്കുന്നുണ്ട്. മൂന്നുനാല് കോച്ചുകള്‍ക്ക് അപ്പുറം ഉറങ്ങിക്കിടന്നിരുന്ന ഒരു സ്ത്രീയുടെ മാല കള്ളന്‍ പൊട്ടിക്കാന്‍ ശ്രമിച്ചു. അവരുണര്‍ന്ന് ബഹളം വച്ചപ്പോള്‍ കള്ളന്‍ ഓടി. സ്ത്രീയുടെ കരച്ചിലും ബഹളവും കേട്ട് ഉണര്‍ന്ന ചില യാത്രക്കാര്‍ ഓടുന്ന കള്ളനെ പിടിക്കാന്‍ നോക്കി. ഷര്‍ട്ടില്‍ പിടി വീണപ്പോള്‍ കള്ളന്‍ ഷര്‍ട്ട് ഊരി ഓടി. ഒരാളുടെ കയ്യില്‍ കള്ളന്റെ ഷര്‍ട്ട് ഉണ്ട്. ഓടിഓടി തത്ക്കാല്‍ കോച്ചിന്റെ അറ്റത്ത് എത്തി. അവിടുന്നങ്ങോട്ട് ഓടാന്‍ വഴിയില്ല. വേഗം ടോയ്ലറ്റില്‍ കയറി വാതിലടച്ചു.
ടോയ്ലറ്റിന്റെ വാതിലില്‍ മുട്ടലും കള്ളനെ ഭീഷണിപ്പെടുത്തലും തുടര്‍ന്നു. ഉരുക്കുപാളങ്ങളും ഇരുമ്പുചക്രങ്ങളും തമ്മിലുരയുന്ന ശബ്ദങ്ങള്‍, ടോയ്ലറ്റിന്റെ വാതിലില്‍ വീഴുന്ന അടികളുടേയും ഇടികളുടേയും ബഹളത്തിനുമുന്‍പില്‍ തോറ്റുപോയി. കള്ളനാകട്ടെ വാതില്‍ തുറക്കുന്നതേ ഇല്ല.
‘നിന്നെ ഒന്നും ചെയ്യില്ല. നല്ലവനായി പുറത്തിറങ്ങ്’ ചിലരൊക്കെ ഒരു അനുനയ നീക്കം നടത്തുന്നുണ്ട്. കള്ളന് ഒരു അനക്കവുമില്ല.
‘നീ തുറക്കുന്നോ അതോ ഞങ്ങള്‍ വാതില്‍ തല്ലിപ്പൊളിക്കണോ?” തീവ്രവാദികളായ ചില യാത്രക്കാര്‍ വാതില്‍ ഇപ്പോള്‍ അടിച്ചുപൊളിക്കും എന്ന മട്ടില്‍ അതില്‍ അടിക്കാനും തൊഴിക്കാനും തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ഗത്യന്തരമില്ലാതെ കള്ളന്‍ ടോയ്ലറ്റിന്റെ വാതില്‍ തുറന്നു. പാന്റ് മാത്രം വേഷം. ഇരുനിറം. മുഖത്ത് ദയനീയഭാവം.
‘നീ മാലപൊട്ടിക്കും അല്ലേടാ’ ചോദ്യവും അടിയും ഒരുമിച്ചായിരുന്നു. ആരൊക്കെയോ ചെറുതായി കൈത്തരിപ്പ് അയാളില്‍ തീര്‍ത്തു. അടിയുടെ ഭാഷ പലതായിരുന്നു. കൂടുതലും രാഷ്ട്രഭാഷതന്നെ. മലയാളിയുടെ ദേഷ്യത്തിലുള്ള ഹിന്ദി പ്രയോഗം എല്ലാവരും ഒരിക്കലെങ്കിലും കേട്ടിരിക്കേണ്ടതുതന്നെയാണ്!
അനുഭവിച്ച താഡനത്തിന്റെ വേദനകൊണ്ടാണോ അതോ രാഷ്ട്രഭാഷയുടെ ദയനീയ അവസ്ഥയില്‍ മനംനൊന്താണോ എന്നറിയില്ല, പാവം കള്ളന്‍ കരയാന്‍ തുടങ്ങി.
‘ഞാന്‍ കള്ളനല്ല. മാല പൊട്ടിക്കാന്‍ പോയിട്ടില്ല. അവര്‍ വെറുതെ നിലവിളിച്ചതാണ്’ പല ഭാഷയിലാണ് കള്ളനെ ആളുകള്‍ ചീത്തവിളിച്ചതെങ്കിലും കള്ളന്‍ നല്ല മലയാളത്തില്‍ കരഞ്ഞു.
‘അടടാ നീ മലയാളി കള്ളനാണല്ലേ? ‘
‘നീ കക്കാനല്ലേടാ വണ്ടിയില്‍ കയറിയത്?’ ചോദ്യശരങ്ങള്‍ കള്ളന് നേരെ പാഞ്ഞു.
‘സാറമ്മാരേ …ഞാന്‍ കള്ളനല്ല. ഗള്‍ഫില്‍നിന്നും നാട്ടിലേക്ക് പോവുന്ന വഴിയാണ്. ബോംബെയില്‍ ഫ്‌ലൈറ്റ് ഇറങ്ങി നാട്ടിലേക്കുള്ള പോക്കാണ്. ആ സ്ത്രീയുടെ മുന്നിലെ ബര്‍ത്തിലാ ഞാന്‍ കിടന്നിരുന്നത്’
കള്ളന്റെ വിശദീകരണമൊന്നും ആളുകള്‍ വിശ്വസിച്ച മട്ടില്ല.
‘നടക്ക് ഏതാ നിന്റെ ബര്‍ത്ത്’ ആരോ അയാളെ പിന്നില്‍ നിന്നും തള്ളി. ഘോഷയാത്ര മൂന്നുനാല് കോച്ചുകള്‍ പിന്നിട്ട് സംഭവം നടന്നുവെന്ന് ആരോപിക്കപ്പെട്ട ബര്‍ത്തിനടുത്തെത്തി. അവിടെ ഒരു സ്ത്രീ പേടിച്ച് ഇരിക്കുന്നുണ്ട്.
‘ഏതായാലും മാല പോയില്ലല്ലോ! കള്ളനെ കിട്ടുകയും ചെയ്തു’ കള്ളനുമായുള്ള വരവുകണ്ട് ആരൊക്കെയോ അവരെ സമാധാനിപ്പിക്കുന്നുണ്ട്.
കള്ളന്‍ അടുത്ത് വന്നപ്പോള്‍ ആ സ്ത്രീക്കും അവരുടെ ഭര്‍ത്താവിനും ആളെ മനസ്സിലായി, അവരുടെ മുന്നിലെ സീറ്റിലുണ്ടായിരുന്ന ആളുതന്നെയാണ് പ്രതി! കള്ളന്‍ തന്റെ പെട്ടി തുറന്ന് പാസ്സ്പോര്‍ട്ട് എടുത്ത് കാണിച്ചു. ആള്‍ക്കൂട്ടത്തിലെ ന്യായാധിപന്മാര്‍ അത് പരിശോധിച്ച് പ്രഖ്യാപിച്ചു ആളൊരു ഗള്‍ഫുകാരന്‍ തന്നെ. പക്ഷെ സ്ത്രീ ഉറപ്പിച്ചു പറയുന്നു കള്ളന്‍ മാലയില്‍ പിടിച്ചെന്ന്! കള്ളനാണെങ്കില്‍ കരഞ്ഞുകൊണ്ട് അത് നിഷേധിക്കുകയും ചെയ്യുന്നു.
കൂട്ടത്തില്‍ തലമുതിര്‍ന്ന ഒരു മാന്യന്‍ കള്ളനെ കുറച്ചപ്പുറത്തേക്ക് മാറ്റിനിര്‍ത്തി. കൂടെ വേറെയും ഒന്നുരണ്ടുപേര്‍ ചെന്നു.
‘നീ സത്യം പറയ്. അല്ലെങ്കില്‍ അടുത്ത സ്റ്റേഷനില്‍ നിന്നെ പോലീസില്‍ ഏല്‍പ്പിക്കും. പിന്നത്തെ കാര്യം അറിയാലോ?’ കള്ളന്റെ ദയനീയഭാവം ഒന്നുകൂടി വഷളായി.
‘വേഗം പറയ്…സമയം പോകുന്നു’ ആരോ ചെറുതായി അയാളെ ഒന്ന് തള്ളി.
കള്ളന്‍ ദയനീയമായി നേതാവിനെ ഒന്ന് നോക്കി. പിന്നെ തല കുനിച്ചു.
‘പറയടാ…അല്ലെങ്കില്‍ പോലീസുകാരുടെ ഇടിയുംകൊള്ളും. ഗള്‍ഫില്‍ കിടന്ന് അധ്വാനിച്ചുണ്ടാക്കിയ കാശും പോയിക്കിട്ടും ‘ നേതാവിനും ക്ഷമ നശിച്ചു.
‘സാറേ….. ഞാന്‍ ഗള്‍ഫില്‍ പോയിട്ട് മൂന്ന് കൊല്ലം കഴിഞ്ഞു. ഇപ്പഴാ നാട്ടിലൊന്ന് വരാന്‍ തരമായത്. ഭാര്യയും മക്കളുമെല്ലാം നാട്ടിലാണ്’ കള്ളന്‍ പിന്നെയും കരച്ചിലിന്റെ വക്കില്‍.
‘അതുകൊണ്ടാ പറഞ്ഞത് പോലീസില്‍ ഏല്‍പ്പിക്കുമെന്ന്. നീയെന്തിനാ അവരുടെ മാല മോഷ്ടിക്കാന്‍ പോയത്?’ നേതാവിനും കാഴചക്കാര്‍ക്കും അരിശം മാറുന്നില്ല.
‘സാറേ…. രാത്രി അരണ്ട വെളിച്ചത്തില്‍ എന്റെ കണ്മുന്നില്‍ ആ സ്ത്രീ മലര്‍ന്ന് കിടന്ന് ഉറങ്ങുന്നു. കുറേ നേരം അവരെ നോക്കി ഞാന്‍ കിടന്നു. ഉറങ്ങാനേ പറ്റുന്നില്ല. സഹിക്കാന്‍ വയ്യാതായി സാറേ…. മൂന്നു കൊല്ലം അടക്കിവച്ച വികാരമല്ലേ. ഞാന്‍ അവരെ ഒന്ന് അറിയാതെ തലോടിപ്പോയി. ഞാന്‍ ഒരു കള്ളനല്ല… സാറേ …’ ആ പാവം കരഞ്ഞ് നിലത്ത് കുത്തിയിരുന്നു.
കള്ളന്റെ വെളിപ്പെടുത്തല്‍ കേട്ട ആളുകള്‍ അവനോടുള്ള ദേഷ്യത്തിലും, വന്ന ചിരി നിയന്ത്രിക്കാന്‍ പാടുപെട്ടു. കുറ്റസമ്മതം കേട്ട സ്ത്രീയുടെ ഭര്‍ത്താവ് ആ രംഗത്തുനിന്നും പതിയെ പിന്‍വലിഞ്ഞു.
അപ്പോഴേക്കും വണ്ടിയുടെ വേഗം കുറഞ്ഞിരുന്നു. മഡ്ഗാവിനും കാര്‍വാറിനും ഇടക്കുള്ള ഏതോ ചെറിയ സ്റ്റേഷനില്‍ ക്രോസിങ്ങിനായി നേത്രാവതി നിര്‍ത്തി. അപ്പുറത്തെ ട്രാക്കിലൂടെ ഒരു ട്രെയിന്‍ കടന്നുപോയി. അല്പസമയം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ വണ്ടിയുടെ എഞ്ചിനുമുന്നില്‍ തടസ്സമായിനിന്ന ചുവപ്പു വെളിച്ചം മഞ്ഞയ്ക്കുവഴിമാറി. യാത്രക്കാര്‍ നിഷ്‌ക്കരുണം ഇറക്കിവിട്ട ആ പാവം വികാരജീവിയെ മങ്ങിയ വെളിച്ചമുള്ള പ്ലാറ്റ്‌ഫോമില്‍ തനിച്ചാക്കി നേത്രാവതി തെക്കോട്ടുള്ള പ്രയാണം തുടര്‍ന്നു.
——————-
ശ്രീപ്രസാദ് വടക്കേപ്പാട്ട്, മുംബൈ
Mob: 9321102327












