ഓഫീസില്‍ നിന്ന് വീട്ടിലേയ്ക്ക് ഒരു ഓട്ടോയില്‍ പോകാമെന്നു കരുതി.
രണ്ടാം നിലയിലേക്കുള്ള പടിക്കെട്ട് കയറുമ്പോള്‍ കാലൊന്നു തിരിഞ്ഞു. സ്വല്പം നീരുണ്ട്.
ബസ്റ്റോപ്പില്‍ നിന്ന് വേദന കൂട്ടേണ്ടല്ലോ
ഓട്ടോക്കാരന് വഴി പറഞ്ഞു കൊടുത്തു.
വണ്ടിയുടെ സീറ്റ് ഒക്കെ ടവല്‍ ഇട്ടു വൃത്തിയാക്കി വച്ചിരുന്നു.
കാലത്ത് ചാര്‍ത്തി തെല്ലുവാടിയ മുല്ലപൂമാലയും സാമ്പ്രാണിത്തിരിയുടെ മണവും എല്ലാം വണ്ടിക്കു ഒരു പ്രത്യേക കുളിര്‍മ്മ നല്കി
വണ്ടി ഓവര്‍ബ്രിഡ്ജ് കഴിഞ്ഞു തമ്പാനൂരിലേക്ക് തിരിഞ്ഞപ്പോള്‍ കവിത പറഞ്ഞു
ശാസ്താം കോവില്‍ റോഡ് വഴി പോകാം.
അല്പം മുന്നോട്ടു നീങ്ങുമ്പോള്‍ മുന്നില്‍ ഒരു കപ്പലണ്ടി കച്ചവടക്കാരന്‍ ഉന്തുവണ്ടി ഉരുട്ടി വന്നു. ‘ഒരു നിമിഷം ഒന്ന് ഒതുക്കുവാണെ മാഡം’.
അയാള്‍ പുറത്തിറങ്ങി അഞ്ചു പൊതി കപ്പലണ്ടി വാങ്ങി. ഇത്രയേറെ പൊതി ഇയാള്‍ എന്തിനാ വാങ്ങുന്നതെന്നോര്‍ത്തു കവിത
വണ്ടിയില്‍ വന്നു കയറിയ അയാള്‍ ഒരു പൊതി കവിതയ്ക്ക് നീട്ടി. ‘ഇരിക്കട്ടെ മാഡം എന്റെ ഒരു സന്തോഷത്തിന്. നമ്മുടെ മംഗള്‍യാന്‍ വിജയകരമായി പരീക്ഷിച്ച ദിവസമല്ലേ.’.
അത്ഭുതപ്പെട്ടുപോയി കവിത.
തികച്ചും അപ്രതീക്ഷിതമായ പെരുമാറ്റമായിരുന്നു അത്.
നമ്മുടെ നാടിന്റെ അഭിമാനനേട്ടം അല്ലേ. നേരത്തേ വീട്ടില്‍ പോണം. എന്നിട്ട് വേണം ന്യൂസ് കാണാന്‍.
സാധാരണക്കാരെന്നു നാം കരുതുന്നവര്‍ക്കുള്ള പൊതുതാല്പര്യത്തിന്റെ പകുതി പോലും ബ്യൂറോക്രറ്റുകള്‍ക്ക് ഇല്ലല്ലോ എന്നോര്‍ത്ത് പോയി.
ഓഫീസില്‍ ആരൊക്കെയോ ഇടയ്ക്ക് പറഞ്ഞു എന്നതൊഴിച്ചാല്‍ അത് നാടിന്റെ യശസ്സുയര്‍ത്തുന്ന നേട്ടമായി വിലയിരുത്താനൊന്നും ആരും തയ്യാറായില്ല
പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള ഓഫീസാണെങ്കിലും പൊതുനന്മയ്ക്ക് വേണ്ടി ഉള്ള പ്രവൃത്തികളില്‍ പിന്തിരിപ്പന്മാരാണ് എല്ലാവരും. ശമ്പള പരിഷ്‌കരണത്തിനല്ലാതെ നാടിനു വേണ്ടി ആരും അവിടെ നിന്ന് കൊടി പിടിച്ച് ഇറങ്ങാറുമില്ല.
സാമൂഹ്യ പ്രതിബദ്ധത നാം ഇവരെ പോലെയുള്ളവരില്‍ നിന്നൊക്കെയാണ് പഠിക്കേണ്ടത്.
കവിത ഓര്‍ത്തു.
അയാള്‍ ഒരു മൂളിപ്പാട്ടും പാടി ഉത്സാഹത്തോടെ വണ്ടി ഓടിച്ചു.
‘ദാ ആ അരളിപൂത്തു നില്‍ക്കുന്ന വീടിന്റെ മുന്നില്‍ നിര്‍ത്തിയാല്‍ മതിയേ.’
‘അരളിനിറയെ പൂക്കളാണല്ലോ മാഡം. ഇതിന്റെ ഒരു കമ്പ് തരുമോ?’
‘ഒടിച്ചെടുക്കരുത് മോനെ കമ്പ് ചതഞ്ഞാല്‍ കിളിര്‍ക്കില്ല. മുറിച്ചെടുക്കണം’
അപ്പോള്‍ അമ്പലത്തിലേക്ക് പൂക്കള്‍ കൊടുക്കുന്ന കാത്തുവമ്മ അവിടെ നിന്ന് അരളിപ്പൂക്കള്‍ അടര്‍ത്തിയെടുക്കുകയായിരുന്നു
ഈ അടുത്ത പ്രദേശത്തൊന്നും ഇത്ര നല്ലൊരു അരളിച്ചെടിയില്ല മോനെ. നല്ല അടുക്കരളിയാ.
രണ്ടു മൂന്ന് ചുറ്റടുക്കുണ്ട്.
കാത്തുവമ്മ പറഞ്ഞു. പ്രത്യേക വാസനയും.
‘ഇന്നു വരെ ഇതിന്റെ ഒരു കമ്പ് പോലും കോതിയിട്ടില്ല’.കവിത പറഞ്ഞു
‘എന്നാലും ചോദിച്ചതല്ലേ കൊടുത്തേക്കു മോളെ’ കാത്തുവമ്മ പറഞ്ഞു.
‘എന്താ മോന്റെ പേര്’ കാത്തുവമ്മ ചോദിച്ചു. ‘അഖില്‍’ അയാള്‍ മറുപടി പറഞ്ഞു.
കാത്തുവമ്മ വീണ്ടും ചോദിച്ചു.
‘എത്ര പഠിച്ചു?’
‘ഡിഗ്രി കഴിഞ്ഞു. ഇപ്പോള്‍ പ്രൈവറ്റ് ആയി എം എ പഠിക്കുന്നു.’
കവിതയ്ക്ക് പയ്യനോട് മതിപ്പു തോന്നി.
അവന്‍ പോക്കറ്റില്‍ നിന്നൊരു കാര്‍ഡ് എടുത്തു കവിതയ്ക്ക് കൊടുത്തു.
‘ആവശ്യം വന്നാല്‍ വിളിക്കണേ ചേച്ചി. ഇവിടെ അടുത്തെങ്ങാനും ഉണ്ടെങ്കില്‍ ഓട്ടം എനിക്ക് കിട്ടുമല്ലോ’.
കവിത തലകുലുക്കി ചിരിച്ചു.
മേലുകഴുകി ഒരു കപ്പ് കാപ്പിയുമായി സോഫയില്‍ വന്നിരുന്നപ്പോഴാണ് ശിവന്‍ വന്നത്.
ഏതോ ഒരു പ്രശ്‌നം മനസ്സില്‍ ഉണ്ടെന്നു മുഖം കണ്ടപ്പോഴേ തോന്നി.
ചായ കുടിക്കാന്‍ ഇരിക്കുമ്പോള്‍ അത് എന്തായാലും തന്നോട് പറയുമെന്നുറപ്പുള്ളത് കൊണ്ട് ചോദിച്ചതുമില്ല.
കവിത കാലുവേദനയുടെ കാര്യം ശിവനോടും പറഞ്ഞില്ല.പടി കയറുമ്പോള്‍ കാലു തിരിഞ്ഞു എന്നാല്‍ ശ്രദ്ധക്കുറവുകൊണ്ടല്ലേ അങ്ങനെ ഉണ്ടായത് എന്ന് പറയും.
വൈകുന്നേരത്തേക്കു കാപ്പിക്കൊപ്പം കഴിക്കാന്‍ ശര്‍ക്കരയും തേങ്ങയും ഉള്ളില്‍ നിറച്ച് അരിപൊടി കൊണ്ടുള്ള ഇലയപ്പം ഉണ്ടാക്കി വച്ചിരുന്നു കല.
ശിവന്റെ പ്രിയപ്പെട്ട നാലുമണി പലഹാരമാണ് അതെന്നു കലയ്ക്ക് നന്നായറിയാം.
കല പത്താം ക്ലാസ്സ് കഴിഞ്ഞു പിനീട്ട് പഠിച്ചിട്ടില്ല. മേസ്തിരിപ്പണിയാണ് ഭര്‍ത്താവിന്. ഡിഗ്രിക്ക് പഠിക്കുന്ന ഒരു മകളുണ്ട്. നല്ല കൈപ്പുണ്യവും വൃത്തിയുമുള്ള സ്ത്രീയാണ്. പോരാത്തതിന് ഏത് തിരക്കിനിടയിലും ഒരു തുണ്ട് പേപ്പര്‍ കണ്ടാല്‍ പോലും അതില്‍ എന്താ എഴുതിയിരിക്കുന്നത് എന്ന് വായിച്ചു നോക്കാനുള്ള ഒരു കൗതുകവും ജിജ്ഞാസയും കവിതയെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്.
പുസ്തക ഷെല്‍ഫുകള്‍ അടുക്കുന്നതിനിടെ ചിലപ്പോള്‍ പറയും. ‘നല്ല കഥ പുസ്തകം ഉണ്ടെങ്കില്‍ തരണെ ചേച്ചി’.
വായിക്കാന്‍ ധാരാളം സമയമുണ്ടെങ്കിലും പുസ്തകങ്ങള്‍ വാങ്ങാന്‍ മിനക്കെടത്തവരാണ് പലരും.
അഥവാ വാങ്ങിയാലും
മിക്കവരുടെയും പുതകങ്ങള്‍ പൊടി പിടിച്ച് അലമാരകളില്‍ മഞ്ഞപ്പ് പിടിച്ചിരുന്ന് ഏതേലും
വേസ്റ്റ് പേപ്പര്‍ സ്റ്റോറിലെത്തും
കലയെ പോലെ താല്പര്യമുള്ളവര്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാന്‍ കാശുമില്ല വായിക്കാന്‍ ഒട്ടു നേരവുമില്ല.
പുസ്തകങ്ങളുടെ മണം ഇഷ്ടപ്പെടുന്നവര്‍ ചുരുക്കമാണ്. പിന്നെ വായനക്ക് കിന്ഡില്‍ ഉണ്ട്.വിരല്‍ തുമ്പില്‍ ഗൂഗിള്‍ മുത്തപ്പനമുണ്ട്.
കാലം കുറച്ചു കൂടെ പോയാല്‍ ഇനി പുസ്തകങ്ങള്‍ ഉണ്ടാവുമോ എന്ന് തന്നെ കണ്ടറിയണം.
ശിവന്‍ കുളി കഴിഞ്ഞെത്തി. മുറിയിലെ നിശബ്ദത ഭേദിച്ചു ടി വി ഓണ്‍ ചെയ്തു.
ന്യൂസ് ചാനലില്‍ മംഗല്‍യാന്‍ നിറഞ്ഞു നിന്നു.
കവിത അകത്തു പോയി അടുക്കള സ്ലാബിലെ സ്‌നാക്ക്‌സ് ബോക്‌സില്‍ വച്ചിരുന്ന കപ്പലണ്ടിപ്പൊതിയെടുത്തു വന്ന് ഓട്ടോക്കാരന്റെ വിശേഷം ശിവനോട് വിശദീകരിച്ചു.
ശിവന്‍ എല്ലാം മൂളി ക്കേട്ടു.
‘ഇയാള്‍ക്ക് ഞാന്‍ ഒരു വാട്‌സ്ആപ്പ് മെസ്സേജ് ഇട്ടിരുന്നു. കണ്ടില്ലേ?’
‘അയ്യോ ഞാന്‍ ഓഫീസിന് വന്നിട്ടു ഫോണ്‍ നോക്കിയില്ല’.
കവിത ബാഗ് തുറന്നു ഫോണ്‍ എടുത്തു നോക്കി.ശിവന്റെ
ഒരു ഫോര്‍വേഡ് വോയിസ് മെസ്സേജ്.
ഇതെന്താ വിശേഷം
എന്നോര്‍ത്ത് കവിത ആ വോയിസ് മെസ്സേജ് കേട്ടു നോക്കി.
‘ശിവാ ഞാന്‍ രേവതി ആണേ.
നിങ്ങളുടെ അരളി മരത്തിന്റെ വേരിറങ്ങി ഞങ്ങളുടെ മതില്‍ ചെറുതായി പൊട്ടി തുടങ്ങി. എത്രയും പെട്ടെന്ന് അത് മുറിച്ചു മാറ്റി തരണം.. ഇല്ലെങ്കില്‍ എനിക്ക് അസോസിയേഷനില്‍ പരാതി കൊടുക്കേണ്ടി വരും.’
ബാക്കി മെസ്സേജ് കേട്ടില്ല കവിത. ശിവന്റെ മുഖത്തേക്ക് നോക്കിയിരുന്നു
മുറിച്ചെ പറ്റു. ഇല്ലെങ്കില്‍ അവര്‍ പിന്നേ റെസിഡന്റ്സ് അസോസിയേഷനില്‍ പരാതി പറയും.
‘അതിനു അരളി ഒരു വല്യ മരമാവില്ലലോ. കൂടിപ്പോയാല്‍ ഒരു ഒന്നാം നില പൊക്കം മാത്രം..
കവിത പറഞ്ഞു
‘എന്നാലും വേറെ വഴിയില്ല. നമ്മളത് മുറിച്ചു മാറ്റേണ്ടി വരും.’
മനസ്സ് വിങ്ങി പോയി കവിതയ്ക്ക്.
വിവാഹം കഴിഞ്ഞു പരസ്പരം ഇഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ നാളുകള്‍.
മിക്കവാറും ഇഷ്ടഗാനങ്ങള്‍ കേട്ടിരുന്നാണ് രണ്ടുപേരും രാത്രി ഭക്ഷണം കഴിക്കുന്നത്.
ഉറങ്ങും വരെ ചെറിയ ശബ്ദത്തില്‍ പാട്ട് കേട്ടു കിടക്കും.
സര്‍വ്വ വികാരങ്ങളും അവര്‍ക്കിടയില്‍ മുളപൊട്ടിയതും വിടര്‍ന്നതും പാട്ടിന്റെ ഈരടികളിലൂടെയാണ്.
ചലച്ചിത്ര ഗാനങ്ങള്‍ ഉത്സവ ഗാനങ്ങള്‍… അവയ്ക്കിടയില്‍ അവര്‍ ചുംബനങ്ങളില്‍ അലിഞ്ഞു, ആലിംഗനങ്ങളുടെ ചൂടറിഞ്ഞു..
രാത്രി ടേപ്പ് റെക്കോര്‍ഡറില്‍ വീണ്ടും വീണ്ടും കേട്ട ഇഷ്ടഗാനങ്ങള്‍..
യുഗ്മഗാനങ്ങളില്‍ നിറഞ്ഞ പ്രണയാര്‍ദ്രതയില്‍ മയങ്ങുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. ശ്രീകുമാരന്‍ തമ്പിയുടെ ഒരു നുള്ള് കാക്കപ്പൂ കടം തരാമോ എന്ന
ഉത്സവഗാനമായിരുന്നു രണ്ടു പേരുടെയും ഇഷ്ടഗാനത്തില്‍ ഒന്നാമത്.
അരളിപ്പൂങ്കുലകള്‍ തന്‍ അണി നിരന്നു
തിരു ശംഖ്പുഷ്പങ്ങള്‍ കണ്ടു നിന്നു…
അരളി പൂങ്കവിള്‍ നീല മലര്‍ മിഴികള്‍
അഴകേ ഈ പൂക്കളം നിന്‍ മുഖമേ….
ശിവന്‍
അതേറ്റു പാടിയ പ്രണയ സന്ധ്യകള്‍…
കൊതിച്ചു വാങ്ങിയ അരളിതൈയ്യാണ്.
അതു നട്ടത് കവിതയാണ്. കല തടം തോണ്ടി വെള്ളം നനച്ച് പാകമാക്കി.
‘ഞാന്‍ നട്ടാല്‍ ഒന്നും പൂക്കത്തില്ല ചേച്ചി. യോഗം അങ്ങനെയാ’
കല അതു പറഞ്ഞു ചിരിച്ചു.
തൊട്ടടുത്തു തന്നെ അരളി പൂക്കുമ്പോള്‍ നോക്കി നില്‍ക്കാന്‍ പാകത്തിന് ശംഖു പുഷ്പവും നട്ടു.
കുറെ വള്ളിയൊക്കെ അരളിമേലേക്കു പടര്‍ന്ന് കയറിയിട്ടും ശംഖു പുഷ്പം പൂവിട്ടിട്ടും അരളി പൂത്തില്ല.
ശിവന്‍ ചെടി പൂക്കാനുള്ള വളമൊക്കെ കൊണ്ടിട്ടു നോക്കി.
എന്നിട്ടും ഒന്നൊന്നര കൊല്ലം ആയിട്ടും അരളി പൂത്തില്ല.
‘ഇത് ആണ്‍ ചെടിയായിരിക്കും ചേച്ചി’ കല പറഞ്ഞു.
ചിലപ്പോള്‍ ഇനി അങ്ങനെ ആവുമോ?
പൂക്കാനുള്ള കഴിവില്ലാത്തവളാണല്ലോ താനും.
കവിതയ്ക്കും ശിവനും വിവാഹം കഴിഞ്ഞു പത്തു കൊല്ലമായിട്ടും മക്കളില്ല.
പല ചികിത്സയും ചെയ്‌തെങ്കിലും ഫലവത്തായില്ല.
കവിത ഒഴിവു നേരമെല്ലാം ചെടികള്‍ നട്ട് നനച്ച് വളര്‍ത്തി പരിപാലിച്ചും കിളികളെ വളര്‍ത്തിയും വിഷമം മാറ്റി.
ഓരോ ചെടിയും പൂവിടുന്നത് കണ്ടിരിക്കുന്നതായിരുന്നു കവിതയുടെ ഏറ്റവും വലിയ സന്തോഷം.
അരളി വിഷച്ചെടിയാണെന്നും അത് വീടിനു നേരെ മുന്നില്‍ നിന്നാല്‍ ഐശ്വര്യക്കേടാണെന്നുമൊക്കെ രേവതി ഒന്ന് രണ്ടു വട്ടം മതിലിനപ്പുറം നിന്ന് പറഞ്ഞിട്ടുണ്ട്.
പെട്ടെന്നൊരു ദിവസം അരളി നിറയെ കുനുകുനാ മൊട്ടുവന്നു. കണ്മുന്നില്‍ വസന്തം വിരിയും പോലെ അരളി പൂത്തു നിന്നു.
കമ്പിനു കട്ടി കുറവായതിനാല്‍ കാറ്റത്തും മഴയത്തും പൂങ്കുലകള്‍ ഞാന്നു താണ് വരും. പിറ്റേ ദിവസം അതു നേരെയാവുകയും ചെയ്യും.
വഴിയിലൂടെ പോകുന്നവരൊക്ക ഒന്ന് തിരിഞ്ഞു നോക്കും വിധം കാടുപോലെ പൂത്തു കിടന്നു അരളി എല്ലാവരുടെയും മനസ്സില്‍ കയറി പറ്റി.
രേവതി മാത്രം അരളിയെ ഇടയ്ക്ക് ഇഷ്ടക്കേടോടെ നോക്കി നില്‍ക്കുന്നത് മതിലിനിപ്പുറം നിന്ന് കണ്ടിട്ടിട്ടുണ്ട്.
പക്ഷെ അരളി വെട്ടാന്‍ പാകത്തിന് വേരിറങ്ങി മതില്‍ പൊട്ടി എന്ന പരാതിയിലേക്ക് ഇത്ര പെട്ടെന്ന് എത്തുമെന്നോര്‍ത്തില്ല.
ശിവന്‍ പറഞ്ഞു ‘ഇയാള്‍ വിഷമിക്കണ്ട. നമുക്ക് മൂന്നാല് കമ്പ് പതിപ്പിച്ചു ചെടിച്ചട്ടിയില്‍ വയ്ക്കാം.’
റെസിഡന്‍സ് സെക്രട്ടറിയോട് ചോദിച്ച് അരളി മരം മുറിക്കാന്‍ ശിവന്‍ ആളെ ഏര്‍പ്പാടാക്കാന്‍ തുടങ്ങവേ കവിത പറഞ്ഞു.
ഞാന്‍ ഒരാളോട് ഒന്ന് ചോദിച്ച് നോക്കട്ടെ.
തലേന്ന് അഖില്‍ തന്ന കാര്‍ഡ് എടുത്തു ആ നമ്പറില്‍ വിളിച്ചു കവിത.
വിവരമറിഞ്ഞു അഖില്‍ പറഞ്ഞു.
‘ചേച്ചി വിഷമിക്കണ്ട. നമുക്ക് വഴിയുണ്ടാക്കാം.’
അല്പനേരത്തിനുള്ളില്‍ അഖില്‍ എത്തി.
‘എന്റെ കണ്ണ് തട്ടിയതാണെന്നു തോന്നുന്നു ഈ മരത്തിന്.
ഇന്നലെ ഞാന്‍ കമ്പ് ചോദിച്ചപ്പോള്‍ ഇതിനു കട മുറിയാനുള്ള യോഗം വന്നത് വല്ലാത്തൊരു കഷ്ടമായി പോയി ചേച്ചി.
അതു കൊണ്ട് ഇത് ചുവടോടെ ഇളക്കി മാറ്റി ഞാന്‍ വേറെ ഇടത്ത് വച്ചു തരാം.’
പക്ഷെ മറ്റ് വശത്തും മതിലുകള്‍ക്ക് മറ്റ് വീട്ടുകാര്‍ അവകാശികളല്ലേ. ഇവിടുന്നിളക്കി വേറെ മതിലോടു ചേര്‍ത്തു വക്കാന്‍ ആരും സമ്മതിക്കില്ല.
മതിലിനു ചേര്‍ന്നല്ലാതെ ഇത് വക്കാന്‍ വേറെ സ്ഥലവുമില്ല.
‘സാരമില്ല ചേച്ചി. ഞാന്‍ കൊണ്ടുപോയിക്കൊള്ളാം. ഞങ്ങള്‍ക്ക് മതിലുകളില്ലാത്ത പുറമ്പോക്കല്ലേ ഉള്ളത്.
അവിടെ ആരും ഇത് പിഴുതു കളയാന്‍ വരില്ല.’
ശിവനും അതു സമ്മതമായിരുന്നു.
ഭാഗ്യവാന്‍. മതിലുകളില്ലാത്തവന്‍..
കവിത അപ്പോള്‍ ഓര്‍ത്തത് അബ്ദുല്‍ കലാമിന്റെ കവിതയാണ്.
‘റോക്ക് വാള്‍സ്.’
ചില മനുഷ്യര്‍ ജീവിത കാലം മുഴുവന്‍ മതിലുകള്‍ കെട്ടികൊണ്ടേയിരിക്കും…
അവരുടെ ജീവിതാന്ത്യത്തില്‍ മൈലുകളോളം മതിലുകള്‍ അവരെ മറ്റ് മനസ്സുകളില്‍ നിന്ന് വിഭജിച്ചിരിക്കും…
മതിലുകള്‍ ഇല്ലാതെ
എല്ലാ വെളിമ്പ്രദേശങ്ങളും പൂമരങ്ങള്‍ നിറഞ്ഞതായെങ്കില്‍ എത്ര മനോഹരമായിരുന്നു.
എന്തോ അസ്വഭാവികത മണത്ത പോലെ അരളിപ്പൂങ്കുലകള്‍ കാറ്റത്തു തെരുതെരേ ആടിയുലഞ്ഞു.
കൈപൊക്കത്തില്‍ നിന്നൊരു കൊമ്പ് വെറുതെ തലോടിയപ്പോള്‍ അരളി
അരുമയോടെ ഇണങ്ങി നിന്നു.
അരളിയുടെ മാറില്‍ പടര്‍ന്നു കിടന്ന നീല മിഴികളില്‍ നനവ് നിറച്ച് ശംഖുപുഷ്പങ്ങള്‍ പറഞ്ഞ കഥകളില്‍ കണ്ണുനീര്‍ തളം കെട്ടിയ പോലെ.
‘അഖില്‍ എന്താന്ന് വച്ചാല്‍ സൗകര്യം പോലെ ചെയ്‌തോളു. അടുക്കളയില്‍ ഇത്തിരി ജോലി ബാക്കിയുണ്ട്.’
ഒരു വിജയിയുടെ ഭാവത്തില്‍ രേവതി മതിലിനപ്പുറം നില്‍ക്കുന്നത് കവിത കണ്ടു
കവിത അകത്തേയ്ക്ക് നടന്നു. കൂടെ ശിവനും.
അരളി പോയാല്‍ മുറ്റത്ത് പരക്കുന്ന വെയില്‍
നാമ്പുകളില്‍ കിളിര്‍ക്കാന്‍ ശംഖുപുഷ്പത്തിന് കൂട്ടായി ആരുണ്ടാവുമെന്നോര്‍ത്തു കവിത
അവിടെ നമുക്ക് അധികം വേരിറങ്ങാത്ത ഏതെങ്കിലും പൂച്ചെടി നടാം.
ആഴത്തില്‍ വേരൂന്നിയാല്‍ ഒന്നും പിഴുതെറിയാനാവില്ല…..
പിഴുതാലോ കൂടെ ചങ്ക് പറിഞ്ഞ് പോകും പോലെ നോവും.
ശിവന്‍ പറഞ്ഞു
അഖില്‍ അരളി കുറെ കോതി തായ് വേര് കമ്പിപ്പാരയ്ക്കു കുത്തിയിളക്കുമ്പോള്‍ മതിലിനപ്പുറം നിന്ന രേവതി പറഞ്ഞു. ആസിഡ് കൂടി ഒഴിക്കണം ഇല്ലെങ്കില്‍ വേരിരുന്നു വീണ്ടും മതില്‍ പൊട്ടും.
ചിലമനുഷ്യര്‍ക്കു വെട്ടിയാലും പിഴുതാലും മതിയാവില്ല. കടയോടെ കരിഞ്ഞുണങ്ങി കണ്ടാലേ സമാധാനം കിട്ടൂ.
ഒരു വിജയച്ചിരിയോടെ അവര്‍ അകത്തേയ്ക്ക് നടന്നു കയറുമ്പോള്‍ കുടുകുടെ വെളുത്ത നീര് ഇറ്റു വീണും വേദനിച്ചും ശംഖുപുഷ്പത്തിന്റെ വള്ളിയൊന്നിനെ വിടാതെ മുറുക്കെ പിടിച്ചും ദീനമായ മിഴികളോടെ അരളി താഴെ മണ്ണിലേക്ക് കമിഴ്ന്നടിച്ചു വീണു.












