ലക്ഷ്മി, പേര് പോലെ മഹാലക്ഷ്മി ആയിരുന്നു.
രണ്ട് പെണ്‍ മക്കള്‍, ഭര്‍ത്താവ്.
ഗിരികുടുംബത്തിന് വേണ്ടി എന്തും ചെയ്യും,
മാര്‍ക്കറ്റില്‍ ചുമടെടുക്കും, പറമ്പില്‍ കിളയ്ക്കാന്‍ പോകും , മരം വെട്ടും,
ജോലിയില്‍ തീണ്ടലും തൊടീലും ഒട്ടു മില്ലാതെ പകലന്തിയോളം പണി എടുക്കും. ഗിരി കൊണ്ടു വരുന്നത് വെച്ചനത്തി കുട്ടികള്‍ക്കും ഭര്‍ത്താവിനും വിളമ്പുക , മുറ്റമടിക്കുക, കുട്ടികളുടെ മുടി വകുന്നു കെട്ടി പൊട്ട് തൊടീയിച്ച് സ്‌കൂളില്‍ വിടുക, തുടങ്ങിയ ഗൃഹ വ്യത്തിയില്‍ സ്വര്‍ഗ്ഗം കണ്ടു അവള്‍. ഇഷ്ട മല്ലാത്തത് ഒന്ന് മാത്രം , ജോലി കഴിഞ്ഞ് വീട്ടില്‍ എത്തുന്ന ഗിരി മിക്ക ദിവങ്ങളിലും, ശരീരഭാഗങ്ങളിലോ ഉടുതുണിയിലോ ബിവറേജ് കോര്‍പ്പറേഷന്റെ സ്റ്റിക്കര്‍ പതിച്ചിരിക്കും.
ഇത് കാണുമ്പോള്‍ ലക്ഷ്മി യുടെ നാവില്‍ വികട സരസ്വതി കുടിയേറും, ഒരു കറിച്ചട്ടി, ഒരു ചില്ല് ഗ്ലാസ്സ് , ഒരു വസ്തി പാത്രംഅങ്ങനെ ലിമിറ്റഡ് എഡിഷന്‍ തകര്‍ക്കല്‍ നടത്തും, കുട്ടികള്‍ രണ്ടാളും അച്ചന്റെ ഇടവും വലവും ഇരിപ്പുറപ്പിക്കും,
അമ്മയില്‍ കുടിയേറിയ വികട സരസ്വതിയുടെ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍.
അങ്ങനെ തട്ടിയും മുട്ടിയും കുടുംബം മാസങ്ങളും വര്‍ഷങ്ങളും ചവിട്ടിമെതിച്ച് നടക്കുന്നതിനിടയില്‍ ആണ് , ഗിരി ഒരു വാഹനാപകടത്തില്‍ പെടുന്നത്, കുറെ ചികിത്സിച്ചു, സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സകല കാര്‍ഡുകളില്‍ നിന്നും പരമാവധി ചികിത്സാ സഹായം കൈപ്പറ്റി , ഗിരി കട്ടിലില്‍ നിന്നും എണീറ്റല്ല.
പലരും സഹായഹസ്തം നീട്ടി, ചിലത് സ്വീകരിച്ചു ചിലത് തിരസ്‌ക്കരിച്ചു.
ലക്ഷ്മി , ഒരു പ്രഭാതത്തില്‍ അതിരാവിലെ എണീറ്റു,
മുഖം കഴുകി, ഇരു കണ്ണില്‍ നിന്നും കവിളിലേയ്ക്ക് ഒലിച്ചിറങ്ങിയ ഉപ്പ് കലര്‍ന്ന് കട്ടി പിടച്ച രക്തം, അമര്‍ത്തിത്തുടച്ചു, മുടി മാടിക്കെട്ടി, പുറത്തേയ്ക്കിറങ്ങി, സഹായ വാഗ്ദനം ചെയ്ത പല കതകുകളിലും മുട്ടിവിളിച്ചു, കുട്ടികളെ പോറ്റണം, ഗിരിയെ ചികിത്സിക്കണം അതിന് പണം വേണം, പണം
അവളുടെ മനസ് പുലമ്പിക്കൊണ്ടിരുന്നു.
അവള്‍ക്ക് മുന്നില്‍ തുറന്ന പല കതകുകളും, വളിച്ച ചിരിയോടെ അടുക്കളയിലേയ്ക്ക് ആനയിച്ചു, കരിയും ചാരവും വിയര്‍പ്പും പൊതിഞ്ഞ അവളുടെ ശരീത്തിലേയ്ക്ക് നോട്ട് കളും നാണയങ്ങളും വിതറി, ആദ്യമാദ്യം പ്രതികരിച്ചു, കുതറി നിലവിളിച്ചു, അവസാനം
കീഴടങ്ങി , അവള്‍ മരിച്ചു പോയി.
പലതവണ വിയര്‍പ്പൊട്ടിയ ശരീരത്ത് കാട്ടുമൃഗങ്ങളുടെ കൂര്‍ത്തപല്ലുകള്‍ ആഴ്ന്നിറങ്ങി അവള്‍ കരഞ്ഞില്ല.
മാസങ്ങള്‍ക്ക് മുന്‍പ് അവള്‍ മരിച്ച് പോയിരുന്നതിനാല്‍,
മറുത്ത് പറയാന്‍ നാവ് പൊന്തിയില്ല, അവളുടെ കണ്ണില്‍ കുട്ടികളുടെ വിശപ്പും ഗിരിയുടെ തളര്‍ന്ന് പോയ നടുവും മാത്രമെ തെളിഞ്ഞ് നിന്നുള്ളു.
കുലീനയായ ഗൃഹനാഥ , ഭര്‍ത്താവിന്റെ ദുര്‍ന്നടപ്പ് കണ്ട് പിടിച്ച് അവളെ പടിക്ക് പുറത്താക്കി,
ഒരു കവി, ഒരു രാഷ്ട്രീയക്കാരന്‍ , ഒരു സിനിമാക്കാരന്‍, ഒരു ബുദ്ധിജീവി ഒരു ചാരിറ്റി നേതാവ് ഒരു സയന്റിസ്റ്റ്, ഒരു ന്യായാധിപന്‍ ഒരു നിയമ പാലകന്‍ അങ്ങനെ കുറെ ഒരു .ഒരു ‘.
അവളുടെ ചാരവും വിയര്‍പ്പും കണ്ണുനീരും മെഴുകിയ ശരീരത്തിലേയ്ക്ക് നാണയങ്ങളും മുഷിഞ്ഞ നോട്ടുകളും വലിച്ചെറിഞ്ഞു
അവള്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ മരിച്ച് പോയിരുന്നതിനാല്‍ അവള്‍ നാവെടുത്തില്ല.
അവളുടെ കണ്ണില്‍ പെണ്‍കുട്ടികളുടെ വിവാഹ മണ്ഡപവും, വീല്‍ ചെയറില്‍ ഉള്ള ഗിരിയുടെ മുഖവും മാത്രം നിറഞ്ഞു നിന്നു.
ഒരിക്കല്‍ചിലന്തി വല കെട്ടിയ ലോഡ്ജില്‍ നിന്നും അവള്‍ നിയമത്തിന്റെ പിടിയില്‍ നല്ലനടപ്പ് ലംഘിച്ചതിന്റെ പേരില്‍ കയ്യാമം വയ്ക്കപ്പെട്ടു,
സ്ഥലത്തെ സദാചാര കുതുകികള്‍ കൂകി വിളിച്ചു.
അന്തിപത്ര ത്തില്‍എട്ട് കോളം വാര്‍ത്ത നിരന്നു.
വാര്‍ത്തയില്‍ , നിയമപാലകനും സിനിമാക്കാരനും കവിയും ചാരിറ്റി പ്രവര്‍ത്തകനും തുടങ്ങി മറ്റെല്ലാവരും പുറത്ത്, അവള്‍ മാത്രം തലക്കെട്ടില്‍ ചിത്രമായി ‘
അവള്‍ പണ്ടെ മരിച്ച് പോയിരുന്നതിനാല്‍
പങ്കാളിയില്ലാതെ താന്‍ ഒറ്റക്ക് എങ്ങനെ പ്രതിയാകും എന്ന് ചിന്തിച്ചില്ല,
ജനം കൂകി വിളിച്ച് സാംസ്‌കാരിക നാട് കെട്ടിപ്പടുത്തു.
About The Author
No related posts.
One thought on “അവള്‍-ജോസു കുട്ടി”
സദാചാരത്തിന്റെ കറുത്ത ബ്രഷ്…..!! നന്നായി പരിഹസിച്ചിട്ടുണ്ട്.. ചിന്തിപ്പിക്കുകയും നാണിപ്പിക്കയും ചെയ്യട്ടെ കപട വാദികളെ 💪🏻💪🏻💪🏻🥷🏻