ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കാലത്താണ്…..അന്ന് ഫ്രാന്‍സിനെ അറിയുന്നതിനു മുന്‍പ് മനസ്സില്‍പ്പതിഞ്ഞ നാലു് പേരുകളുണ്ടായിരുന്നു. നെപ്പോളിയന്‍ ബോണപ്പാര്‍ട്ടും ഡാവി ഞ്ചിയുടെ മോണാലിസയും വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങളും, പിന്നെ ഈഫല്‍ ഗോപുരവും.
അസാധ്യം എന്ന പദം നിഘണ്ടുവില്‍ നിന്നെടുത്തു് കളയണം എന്നു കല്‍പ്പിച്ച ഫ്രാന്‍ സിന്റെ ധീരനായ ചക്രവര്‍ത്തിയായ നെപ്പോളിയന്‍ അന്ന് തെല്ലൊന്നുമല്ല സ്വാധീനിച്ചത്. നെപ്പോ ളിയന്റെ ധീരതയോട് കടുത്ത ആരാധനയായിരുന്നു.
അതുപോലെ മോണാലിസയും ആകാശത്തെ ചുംബിക്കുന്ന ഈഫല്‍ ഗോപുരവും പാവ ങ്ങള്‍ എന്ന ക്ലാസിക് നോവലും. കഴിഞ്ഞുവെന്നു പറയാം ഫ്രാന്‍സിനെക്കുറിച്ചുള്ള അറിവുകള്‍.
വായനയും ഒരു സഞ്ചാരമാണല്ലോ? ആ സഞ്ചാരത്തിനിടയില്‍, എസ്. കെ. പൊറ്റക്കാടി ന്റെയും മറ്റും സഞ്ചാര സാഹിത്യത്തിലൂടെ സഞ്ചരിച്ചു.
എന്‍.എന്‍.കക്കാട് കുറിച്ചതു പോലെ കാലം ഒഴുകി… വിഷുവും ഓണവും കടന്നു പോയി…. വിടാതെ ഒപ്പമുള്ളത് പുസ്തകങ്ങളായിരുന്നു…. അവിചാരിതമായാണ് ശ്രീ. കാരൂര്‍ സോമന്റെ കണ്ണിനു കുളിരായി എന്ന ഫ്രാന്‍സ് യാത്രാ വിവരണം ലഭിച്ചത്.അറിഞ്ഞത് എത്രയോ തുച്ഛം എന്ന ആ വലിയ അറിവിനു് മുന്നില്‍ ശിരസ്സു കുനിഞ്ഞു പോയ നിമിഷം.
ഫ്രാന്‍സ് ഒരു മഹാത്ഭുതമായി ഉള്‍ക്കണ്ണുകള്‍ക്കു മുന്നില്‍ വിടര്‍ന്നു വിലസ്സുന്ന ഒരു വായനാനുഭവ മായിരുന്നു ഈ ചെറിയ പുസ്തകം പകര്‍ന്നു നല്‍കിയത്.
ലുവര്‍ മ്യൂസിയത്തിലെ ചില്ലുപേടകത്തിലെ മോണാലിസയുടെ ഗൂഢമന്ദസ്മിതം കാണാന്‍ പോയ യാത്രാനുഭവം അറിവിന്റെയും അത്ഭുതത്തിന്റെയും ആകാശജാലകങ്ങളാണ് അനുവാ ചകനു മുന്നില്‍ തുറക്കുന്നത്. ഡാവിഞ്ചിയുടെ വിശുദ്ധ മറിയം ഉണ്ണിയേശുവുമായുള്ള പാറക ളുടെ കന്യക എന്ന എണ്ണച്ഛായാ ചിത്രവും, ക്രിസ്തു ശിഷ്യന്മാരോടൊപ്പമിരുന്നുള്ള അവസാനത്തെ അത്താഴം എന്ന ചിത്രത്തെക്കുറിച്ചും വായിക്കുമ്പോള്‍ മാനവരാശിക്കു പ്രകാശം പകര്‍ന്ന ഡാവിഞ്ചി എന്ന അത്ഭുതത്തെ അനുവാചകന്‍ അറിയുന്നു.
ഫ്രാന്‍സ് ഒരു രാജ്യമല്ല. അതൊരു സംസ്‌കാരമാണ് എന്ന് ഈ യാത്രാവിവരണത്തില്‍ ഗ്രന്ഥകാരന്‍ അടിവരയിടുന്നു. താളുകള്‍ മറിക്കുമ്പോള്‍ ആ വരികളുടെ ആഴം അനുവാചകന്‍ തൊട്ടറിയുന്നു.
തീര്‍ന്നില്ല, ഒരിക്കലും പഠിച്ചു തീര്‍ക്കാനാവാത്ത പടയോട്ടത്തിന്റെ രക്തം പുരണ്ട ശവക്കല്ലറകള്‍ നിറഞ്ഞ ഫ്രാന്‍സിന്റെ രക്തമുറയുന്ന ഗാഥകള്‍ ഹൃദയസ്പര്‍ശിയായി കോറിയിട്ടി രിക്കുന്നു.
ആ നാട്ടിലൂടെയുള്ള യാത്രകള്‍ അനുഭവങ്ങളുടെ, അറിവിന്റെ ഉള്‍ത്തുടിപ്പുകളാണ്.
സഞ്ചാര സാഹിത്യത്തിനൊപ്പം ചരിത്രപഥങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു രാജ്യത്തിന്റെ തേജസ്സും യശസ്സും വെളിപ്പെടുത്തുന്നു ഈ പുസ്തകത്തിലൂടെ എഴുത്തുകാരന്‍.
ഫ്രാന്‍സില്‍ പോകാന്‍ സാധിക്കാത്തവര്‍ക്ക് കണ്ണിന് കുളിരായി’ എന്ന യാത്രാവിവരണ ത്തിലൂടെ ആ ദേശത്തെ അറിയാന്‍ കഴിയുന്നു.
ഇന്ന് മലയാള സഞ്ചാര സാഹിത്യത്തില്‍ ഇരുണ്ട ആഫ്രിക്കയടക്കം സാഹസികമായ യാത്രകള്‍ നടത്തുന്ന സാഹിത്യകാരനും ചരിത്രകാരനുമാണ് കാരൂര്‍ സോമന്‍.
സഞ്ചാര സാഹിത്യത്തെ ഇത്ര ചാരുതയോടെ എഴുതാന്‍ സര്‍ഗ്ഗധനരായ സാഹിത്യകാര ന്മാര്‍ ക്കുമാത്രമേ സാധിക്കു.
പന്ത്രണ്ട് അധ്യായങ്ങളിലായി ഫ്രാന്‍സിനെ അവലോ കനം ചെയ്യുന്ന കണ്ണിനു കുളിരായി എന്ന യാത്രാവിവരണം ഹൃദ്യമായ വായനാനുഭവമാണ്. കവിത തുളുമ്പുന്ന ലളിത സുന്ദരമായ ഭാഷയെക്കുറിച്ച് എടുത്തു പറയാതെ വയ്യ. നിലാവിലലിയുന്ന നോട്രീം ഡാം ദേവാലയ സന്ദര്‍ ശനത്തെക്കുറിച്ചുള്ള രണ്ടാമത്തെ അധ്യായത്തിലെ നിറപ്പകിട്ടാര്‍ന്ന ഭാഗങ്ങള്‍ വായനയ്ക്ക് വര്‍ണ്ണപ്പകിട്ടേകുന്നു.
കലാകാരന്മാരുടെ പാരീസ്…എഴുത്തു കാരുടെ പാരീസ്….ഉറങ്ങാതെ പ്രകാശത്തില്‍ സദാ കുളിച്ചുകി ടക്കുന്ന മദാലസയായ പാരീസ്…
വായന എന്ന സഞ്ചാരം പുസ്തകത്തിന്റെ കവിതയൂറുന്ന ശീര്‍ഷകം പോലെ കണ്ണിനു കുളിരാവുന്ന നിമിഷം….
***
പ്രസാധകര്‍: പ്രഭാത് ബുക്സ്, കെ.പി. ആമസോണ്‍ ഇന്റര്‍നാഷണല്‍.
വില 100 രൂപ.