ദൃശ്യവിസ്മയങ്ങളുടെ നനുത്ത ഭാവങ്ങളിലേക്ക് മഴയുടെ നനവ് പറ്റി ആ വൈകുന്നേരം ഹരിയുറങ്ങുന്ന മണ്ണിലേക്ക് നടക്കുമ്പോള്‍, പറയാന്‍ ഒരു സ്വകാര്യം അമ്മുവിന്റെ മനസ്സില്‍ തുടിക്കുന്നുണ്ടായിരുന്നു.
അവന്റെ വീടിന് വര്‍ഷങ്ങള്‍ക്കു ശേഷവും പഴമയുടേതൊഴിച്ച് മാറ്റങ്ങളൊന്നുമില്ലല്ലോ എന്നവള്‍ വിസ്മയിച്ചു. അരണ്ട തവിട്ടു നിറത്തിലുള്ള ചായമടിച്ച ജനാലകളും കതകുകളും, കാലം പറിച്ചെടുത്തു കൊണ്ടു പോയ ഹരിയുടെ ഓര്‍മ്മകളുടെ നിറം അല്പം പോലും കുറച്ചിട്ടില്ലായിരുന്നു.
ആ കുഴിമാടത്തിലെ പുല്ലുകള്‍ വകഞ്ഞു മാറ്റി ഒരല്പം മണ്ണ് കയ്യിലെടുത്തപ്പോള്‍,
‘ അമ്മൂ.. എന്തേ ഇനി നീ ഒരിക്കലും എന്നെക്കാണാന്‍ ഇവിടേക്ക് വരില്ലെന്ന് പറഞ്ഞു പോയിട്ട്…? ‘
ആ പഴയ വീടിന്റെ നീളന്‍ വരാന്തയുടെ തെക്കേ അറ്റത്തുള്ള മുറിയില്‍ നിന്നും ഒരു പരിചിതമായ ശബ്ദം അവളിലേക്കൊഴുകിയെത്തിയത് പോലെ..അതുള്‍ ക്കൊള്ളും മുന്‍പേ..
‘ ആരാ?വാര്യത്തെ ബന്ധുവാണോ? അടുത്ത വീട്ടിലെ വയസ്സായ കാരണവര്‍ അപരിചിതത്വത്തോടെ വന്ന് ചോദിച്ചു.
‘ അല്ല..ഹരിയുടെ സുഹൃത്താണ്. ഇവിടെ ആരും താമസമില്ലേ? ‘
‘ ഇല്ല കുട്ടീ… ഞാന്‍ ഇവിടുത്തെ ഡ്രൈവറാ യിരുന്നു. ഹരിമോന്‍ പോയതില്‍ പിന്നെ അമ്മ തനിച്ചായിരുന്നല്ലോ? കുറച്ചു വര്‍ഷം മുന്‍പ് അവരും മരിച്ചു. സഹോദരന്റെ മകനൊരു കുട്ടി എല്ലാ മാസവും ഇവിടെ മോന്റെ പക്കനാളിന് വന്ന് ഒരു തിരി കത്തിച്ചു വയ്ക്കും ‘.
‘മും..’ അമ്മു ഏതോ ചിന്തയിലെന്നോണം മൂളി.
അവള്‍ തുടര്‍ന്നു..
‘ ഞാന്‍ കല്‍ക്കട്ടയിലാണ് താമസം. ഇപ്പോള്‍ നാട്ടില്‍ വന്നപ്പോള്‍ ഇവിടൊന്ന് വരണമെന്ന് തോന്നി. ഹരി എന്റെ കോളേജില്‍
സീനിയറായി പഠിച്ചതാണ്. ‘
ആ നിമിഷങ്ങളിലേക്കപ്പോള്‍ എന്നും അവളെ മോഹിപ്പിച്ചിരുന്ന ഒരു ശബ്ദം വന്നു പതിച്ചത് അവളറിയുന്നുണ്ടായിരുന്നു.
‘ അമ്മൂ..എന്നും എന്നെ കാത്തിരിപ്പിക്കാനായിരുന്നില്ലേ നിന്റെ ഇഷ്ടം? അമ്പലക്കുളത്തിന്റെ പടവുകളിലും, സര്‍പ്പക്കാവിലും, ശിവക്ഷേത്രത്തിന്റെ പിറകുവശത്തുമെല്ലാം…
എത്രയോ സമയം ഞാന്‍ നിന്നെ കാത്തു നിന്നിട്ടുണ്ട്.. പരസ്പരം സംസാരം കേള്‍ക്കാന്‍ ഇഷ്ടമാണെന്ന് പറഞ്ഞു രണ്ടുപേരും എത്ര സമയം മൗനം ചേര്‍ത്തു പിടിച്ചിട്ടുണ്ട്..
ഇന്നും അത് തന്നെ..
പക്ഷേ…ഇന്ന്, എന്തോ നിനക്കെന്നോട് പറയാനുള്ളത് പോലെ..’
താടിയില്‍ കൈ തടവിക്കൊണ്ട് മുന്നില്‍ ഹരി നില്‍ക്കുന്നത് പോലെ അവള്‍ക്ക് തോന്നി. തെക്കേ അറ്റത്തെ മുറിയുടെ ജീര്‍ണതയിലും അവന്‍ ജ്വലിച്ചു നില്‍ക്കുന്നതുപോലെ..
യാഥാര്‍ത്ഥ്യത്തിലെന്നപോലെ അവള്‍ അവന്റെ കൈകളില്‍ പിടിച്ചു കുലുക്കാന്‍ ശ്രമിച്ചു. അത് തൂണുകളായിരുന്നു എന്ന സത്യം മനസ്സിലേക്കെത്താന്‍ അല്പം വൈകിയിരുന്നു.
വിഭ്രാന്തിയിലെന്ന പോലെ അവള്‍ ചോദിച്ചു..
” ഹരീ.. ഹരീ ഞാനൊരു കാര്യം ചോദിക്കട്ടെ?നീ സത്യം പറയണം.. പണ്ടത്തെപ്പോലെ എന്നെ കളിപ്പിക്കരുത്..
നീ.. നീ എവിടെയെങ്കിലും പുനര്‍ജനിച്ചിരുന്നോ’?
യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങിവന്ന അമ്മുവിന് മുന്നിലെ രൂപം മാഞ്ഞിരുന്നെങ്കില്‍പ്പോലും, അവളുടെ പ്രിയപ്പെട്ട ഹരിയുടെ ശബ്ദം ഒരു സ്വകാര്യം പോലെ അവളുടെ ചെവിയില്‍ മന്ത്രിച്ചത് പോലെ..
‘ അതെ..അതെ അമ്മൂ..
നിന്നെ സ്‌നേഹിച്ചു മതിയാവാതെ മടങ്ങിയ ഞാന്‍ ഒരു നക്ഷത്രമായി ആകാശച്ചെരുവിലലഞ്ഞിരുന്നു. വിദൂരത്ത് നിന്നെങ്കിലും നിന്നെ ഒന്ന് കാണാന്‍, തെളിച്ചമില്ലാതെയിരുളിലിരുന്ന് ഞാന്‍ നിന്നെ. കാണുന്നുണ്ടായിരുന്നു..
അമ്മു എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും വാക്കുകള്‍ തൊണ്ടയിലിടറി. അവളുടെ വാക്കുകള്‍ മുറിഞ്ഞപ്പോള്‍ ആ ശബ്ദവീചികള്‍..
‘ അമ്മൂ…ആ നക്ഷത്രം ഇന്ന് നിന്റെ കണ്ണിലെ തിളക്കമായി എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. ആ തിളക്കത്തിന്റെ കഥ പറയാനല്ലേ നീ ഇന്ന് എന്നെ കാണാന്‍ വന്നത്? എനിക്കറിയാമെടാ അത്.. കാരണം നിന്നില്‍ ഞാനില്ലേ..?
നിന്നിലേയ്ക്കടര്‍ന്നുവീണ ആ നക്ഷത്രം ഞാന്‍ തന്നെയായിരുന്നു. ഒരിക്കലും നിന്നെ സ്‌നേഹിച്ചു കൊതി തീരാതെ മടങ്ങിയ ഞാന്‍ തിളക്കമുള്ള നക്ഷത്രമായി നിന്റെ കണ്ണുകളില്‍ തെളിയും…ഇനിയെന്നും..
തിരികെ നടക്കുമ്പോള്‍ അവളുടെ കണ്ണുകളില്‍ ആ നക്ഷത്രത്തിളക്കമുണ്ടായിരുന്നു.
About The Author
No related posts.