സമഗ്രമായ ചരിത്രപഠനം ലഭിച്ചിട്ടില്ലാത്ത സാഹിത്യശാഖയാണ് മലയാള ബാലസാഹിത്യം.
പത്തൊന്‍പതാം നൂറ്റാണ്ടിന് മുന്‍പുള്ള മലയാള
ബാലസാഹിത്യം നാടോടി കഥകള്‍ ,കവിതകള്‍ , പാട്ടുകള്‍ ,യക്ഷിക്കഥകള്‍ തുടങ്ങിയവയുമായി
ബന്ധപ്പെട്ട് കിടക്കുന്നു.മുത്തശ്ശി .മുത്തശ്ശന്മാരിലൂടെ
കര്‍ണ്ണാകര്‍ണ്ണികയാല്‍ കൈ മാറി വന്ന ധാരാളം സാഹിത്യസൃഷ്ടികള്‍ മലയാളക്കരയിലുമുണ്ട്.
പുരാതന ഭാരതത്തിലെ
ആദ്യകാല ബാലസാഹിത്യമായ
പഞ്ചതന്ത്രം കഥകള്‍ ,വിക്രമാദിത്യന് കഥകള്‍ ,അറബിക്കഥകള്‍ ,ചോസര്‍ കഥകള്‍ ,ജാതകകഥകള്‍ , യവനേതിഹാസങ്ങള് ,
ബൈബിള്‍ കഥകള്‍ എന്നിവയൊക്കെ പൊടിപ്പും
തൊങ്ങലും ചേര്‍ത്ത് കുട്ടികള്‍ക്കായി പ്രചരിച്ചിരുന്നു.
കുട്ടികള്‍ക്ക് വിജ്ഞാനപ്രദമായ ഒരു ഗ്രന്ഥംകണ്ണിപ്പറമ്പത്ത് ഒരു വിദ്വാന് 1775ല്‍ രചിച്ചതായി പി.ഗോവിന്ദപ്പിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ
പാഠമാല ബാലബോധി പോലെ മിഷനറി ദൗത്യമുള്ള
രചനകളും ബാലസാഹിത്യത്തില്‍ ഇടം പിടിച്ചിരുന്നു.പദ്യവും ,ഗദ്യവും ഇട കലര്‍ത്തി
പാച്ചു മൂത്തത് 1860 ല്‍ പ്രസിദ്ധീകരിച്ച
ബാലഭൂഷണത്തില്‍ സത്യം ,ത്യാഗം ,ഈശ്വര വിചാരം ,ദിനചര്യ ,ദാനം ,ജോത്സ്യം ,
സന്താനോത്പാദനം തുടങ്ങി മുതിര്‍ന്നവര്‍ക്കു കൂടി ഉപകാരപ്രദമായ കാര്യങ്ങളാണ് പ്രതിപാദിച്ചിരുന്നത്.
1847ല്‍ ജ്ഞാന നിക്ഷേപം എന്ന ആനുകാലികത്തില്‍ പ്രസിദ്ധീകരിച്ച ആനയും
തുന്നല്ക്കാരനുമെന്ന കഥയാണ് മലയാളത്തില്‍
പ്രസിദ്ധീകരിച്ച ആദ്യബാലകഥയായി കണക്കാക്കുന്നത്. രചയിതാവ് ആരെന്ന് വ്യക്തമല്ല.
കുട്ടികള്‍ക്കായി നിര്‍ദ്ദേശിച്ച് എഴുതപ്പെട്ട ഉത്തമമായ
ആദ്യ രചനയായി അറിയപ്പെടുന്നത് കുഞ്ചന്‍ നമ്പ്യാരുടെ പഞ്ചതന്ത്രംകിളിപ്പാട്ടാണ്.
‘മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീയായി ‘തുടങ്ങിയ പ്രയോഗങ്ങളെല്ലാം
പ്രസിദ്ധമാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തോടെ ബാലസാഹിത്യ രംഗത്ത്
മുന്നേറ്റംകൂടി.പാശ്ചാത്യശൈലിയിലും ,
ഭാഷയിലുമുള്ള ധാരാളം കഥകള്‍ പാഠപുസ്തകങ്ങളിലൂടെ കുട്ടികളിലെത്തിയിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ
സ്വതന്ത്രമായ ശൈലികളും ,തനതു വ്യക്തിത്വവും
മലയാള ബാലസാഹിത്യത്തിന് ലഭിച്ചു.
കുമാരനാശാന്റെ ബാല രാമായണം ,കുട്ടിക്കവിതകളടങ്ങിയ പുഷ്പവാടി.പന്തളം കേരളവര്‍മ്മയുടെയും മൂലൂര്‍ പത്മനാഭപ്പണിക്കര്‍ ,കെ.സി കേശവപിള്ള തുടങ്ങിയവരുടെയും കൃതികളെല്ലാം അക്കാലത്ത്
മലയാള ബാലസാഹിത്യത്തിന്
മികച്ച സംഭാവനകള്‍ നല്കി.
മഹാകവി ഉള്ളൂര്‍ അഞ്ഞൂറു ശ്ലോകങ്ങളടങ്ങിയ
ദീപാവലി ,സദാചാരദ്വീപിക ,എഴു ഭാഗങ്ങളിലുള്ള
ബാലകവിതകളടങ്ങിയ പദ്യമഞ്ജരിയും കുട്ടികള്‍ക്കായി രചിച്ചു.
അടുത്ത തലമുറക്കാരായ ജി. ശങ്കരക്കുറുപ്പ് ,വൈലോപ്പള്ളി ,പി. കുഞ്ഞിരാമന് നായര്‍ ,പാലാ നാരായണന് നായര്‍ ,നാലാങ്കല്‍ കൃഷ്ണപിള്ള ,അക്കിത്തം അച്ചുതന് നമ്പൂതിരി സിപ്പി പള്ളിപ്പുറം ,കുഞ്ഞുണ്ണി മാഷ് തുടങ്ങിയവരെല്ലാം ഇമ്പമേറിയ കുഞ്ഞിക്കവിതകളും ,കുറും കവിതകളുമായി മുതിര്‍ന്നവരെയും ,കുഞ്ഞുങ്ങളെയും ഒരു പോലെ
സന്തോഷിപ്പിച്ചവരാണ്.
കഥാരംഗത്ത് കാരൂര്‍ നീലകണ്ഠപ്പിള്ള , നന്തനാര്‍ ,പുരാണ കഥാഖ്യാനത്തില്‍ പ്രസിദ്ധനായ മാലി ,സുമംഗല ,പി.നരേന്ദ്രനാഥ് ,ഉറൂബ് ,ഗീതാലയം ഗീതാ കൃഷ്ണന് ,തായാട്ട് ശങ്കരന് ,അഷിത തുടങ്ങിയവരാണ്പ്രമുഖര്.എം.ടിയുടെ മാണിക്യക്കല്ലും ആഖ്യാനസൗന്ദര്യം കൊണ്ട് ബാലഹൃദയങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്.
ബാല നാടകങ്ങള്‍ രചിച്ചവരില്‍ അക്കിത്തം ,ജി.
ശങ്കരപ്പിള്ളഎന്നിവരും ശാസ്ത്ര വിഷയങ്ങള്‍
സംബന്ധിച്ച കൃതികളിലൂടെ പ്രൊഫ .എസ് .ശിവദാസ് ,പ്രൊഫ .കെ .പാപ്പൂട്ടിയും
പ്രമുഖസ്ഥാനം വഹിക്കുന്നു.എന്‍.വി .കൃഷ്ണവാര്യര്‍ ,പാലാ കെ.എംമാത്യു ,തുടങ്ങിയവരുംബാലസാഹിത്യരംഗത്ത് പ്രതിഷ്ഠാപിതരാണ്.
ബാലകഥകളും ,കവിതകളും ,ലേഖനങ്ങളും ,നാടകങ്ങളുമൊക്കെ എഴുതുന്നവരില്‍ പലരും ഇന്ന് ബാലസാഹിത്യ രംഗത്ത് തിളങ്ങി നില്‍ക്കുന്നുണ്ട്
ബാലസാഹിത്യത്തില്‍ ശ്രീ.കാരൂര്‍ സോമന്റെ
പ്രധാന കൃതികള്‍ കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ കിളികൊഞ്ചല് ,ജീവന് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച കര്‍ഷക മന്ത്രി , മീഡിയ ഹൗസ്
പ്രസിദ്ധീകരിച്ച കാറ്റാടി പൂക്കള്‍ എന്നിവയാണ്.
ബാല വിജ്ഞാനകോശങ്ങളും ,ഒട്ടേറെ ബാല മാസികകളും ഈ രംഗത്തുണ്ടായി.അമ്പിളി അമ്മാവന് ,ബാലരമ ,കുട്ടികളുടെ ദ്വീപിക ,തളിര്
പൂമ്പാറ്റ ,യുറിക്ക ,ബാലഭൂമി
കളിക്കുടുക്ക തുടങ്ങിയ ബാലമാസികകള്‍ കുട്ടികളുടെ വ്യക്തിവവികാസങ്ങളില് നല്ല പങ്കു വഹിച്ചിട്ടുണ്ട്.
കുട്ടികളുടെ ചങ്ങാതിമാരായി എത്തിയ അമര്‍ചിത്രകഥകളും ,കപീഷ് ,മായാവി തുടങ്ങിയ
പല കഥാപാത്രങ്ങളും നന്മ തിന്മകള് വേര്‍തിരിച്ചറിയുവാന്‍ കുട്ടികളെ സഹായിച്ചിട്ടുണ്ട്.
ബാലന് പബ്ലിക്കേഷന്‍സ് ,ചങ്ങമ്പുഴയുടെ ബാലസാഹിതി ,ശാസ്ത്രസാഹിത്യപരിഷത്ത് ,ഡി.സി ,എസ്.പി .സി എസ് എന്നിങ്ങനെയുള്ള
പ്രസാദകരും ബാല സാഹിത്യശാഖയുടെ ഉന്നമനത്തിനായി പരിശ്രമിച്ചിട്ടുള്ളവരാണ്.
കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മലയാളബാലസാഹിത്യമേഖലയ്ക്ക് പരിപോഷണവും
പ്രോത്സാഹനവുമേകി നില കൊള്ളുന്നു.
വലിയൊരു കടല്‍ത്തീരത്തിരുന്ന് കുറച്ച് തിരകളെണ്ണിയെടുത്തു.അത്രയുമേ ഇന്നത്തെ
വെള്ളി നാണയത്തിലൂടെ സാധിച്ചിട്ടുള്ളൂ. മലയാള
ഭാഷയ്ക്കു തന്നെ അമൂല്യ രത്നങ്ങളായ ബാലസാഹിത്യകാരന്മാരുടെ കൃതികളുടെ പേരുകള്‍ പരാമര്‍ശിച്ച് അവയുടെ ആഴങ്ങളിലേക്ക് കൂടികടന്നാലേ യഥാര്‍ത്ഥത്തില്‍ ഈ സംരംഭത്തിന് പൂര്‍ണ്ണത കൈ വരുകയുള്ളൂ.
ആനിമേറ്റഡ്കാര്ട്ടൂണുകളിലേക്കും ,ദൃശ്യബശ്രവണമാധ്യമങ്ങളിലേക്കും മലയാള ബാലസാഹിത്യം ഇന്ന് അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. കുഞ്ഞുങ്ങളുടെ ഭാവന
ചിറകടിപ്പിക്കുന്നശൈലിയിലാണ്അവതരണങ്ങള്.പക്ഷേ പുരാണ കഥാപാത്രങ്ങള്‍ക്ക്
ഇതിഹാസങ്ങളില്‍ ഇല്ലാത്ത മുഖഛായയും ,അതിഭാവുകത്വവും ഒക്കെ നല്കി
വികലമാക്കുന്ന അവതരണ രീതികളോട് വിമുഖത
തോന്നാറുണ്ട്.കൊച്ചു കുട്ടികളുടെ മാനസിക
നിലവാരത്തിനു യോജിക്കുന്ന നല്ല സന്ദേശങ്ങളടങ്ങിയ താളാത്മകവും ,ഭാവാത്മകവുമായ സര്‍ഗസൃഷ്ടികളാണ് എക്കാലവും അനുയോജ്യം.
നിഷ്കളങ്കരാണ് നമ്മുടെ കുഞ്ഞുങ്ങള്‍ .അവരെ നല്ല പൗരന്മാരാക്കി വളര്‍ത്തിയെടുക്കേണ്ട ചുമതല
മുതിര്ന്നവര്ക്കുള്ളതാണെന്ന ബോധം ഇന്നത്തെ
ഓരോബാലസാഹിത്യകാരനുമുണ്ടാകണം.
ഈയൊരു ഉള്‍ക്കാഴ്ചയോടെ ഗുണപാഠങ്ങളുള്ക്കൊള്ളുന്ന
ബാലകഥകളാണ് ഞാന്‍ രചിച്ചിട്ടുള്ള അഞ്ച്
ബാല കഥാസമാഹാരങ്ങളിലുമുള്ളതെന്നു കൂടി
വിനയപുരസ്സരം പറയട്ടെ.
ലഹരി പോലെയുള്ള വിപത്തുകള്‍ വിടരുന്ന
മൊട്ടുകളെ കാര്‍ന്നു തിന്നുവാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്. പഴമക്കാര്‍ പറയുന്നൊരു
ചൊല്ലുണ്ട് . ഒരു അരയന്നത്തിന് പാലും വെള്ളവും
കലര്‍ത്തിക്കൊടുത്താല്‍ അതില്‍ നിന്ന്
പാല് മാത്രം വേര്‍തിരിച്ചെടുക്കുവാനുള്ള കഴിവുണ്ടെന്ന്. ഈ ലോകത്തിലെ നന്മ തിന്മകളെ
വേര്‍തിരിച്ചറിയുവാനുള്ള കഴിവ് നമ്മുടെ
കുഞ്ഞുങ്ങള്‍ക്കുണ്ടാകണം.
നന്മയുടെ മാര്‍ഗ്ഗദീപങ്ങളായി പുതു തലമുറയെ വെളിച്ചത്തിലേക്ക് നയിക്കേണ്ടത് ഇന്നത്തെ
ബാലസാഹിത്യരചയിതാക്കളുടെ ഉത്തരവാദിത്വമാണ്.
About The Author
No related posts.