പുഴ ഒഴുകിക്കൊണ്ടിരുന്നു.
കഥാകാരന്‍ ദാഹം തീര്‍ക്കാനാണ് പുഴയിലിറങ്ങിയത്.
പതിഞ്ഞ ശബ്ദത്തിലാണെങ്കിലും പുഴയുടെ സംഗീതം കഥാകാരന്‍ കേട്ടു.
ആ സംഗീതത്തില്‍ കഥാകാരന്‍ വല്ലാതെ ആകൃഷ്ടനായി .
അയാള്‍ മന്ത്രിച്ചു:
‘ ഞാന്‍ സ്‌നേഹിക്കുന്നു. പുഴയുടെ ഈ മാന്ത്രികസംഗീതത്തെ . ഈ അഭൗമ സൗന്ദര്യത്തെ’
പുഴ അതു കേട്ടോ എന്നറിയില്ല.
പുഴ ചോദിച്ചില്ല എങ്കിലും കഥാകാരന്‍ സ്വയം പരിചയപ്പെടുത്തി.
എഴുത്തുകാരനും ഗായകനുമാണു ഞാന്‍.
തന്റെ തൂലികയുമായി അയാള്‍ പുഴയുടെ കുഞ്ഞോളങ്ങളോട് സല്ലപിച്ചു.
അയാള്‍ വേദന വിങ്ങുന്ന തന്റെ കഥ പറഞ്ഞു.
കുഞ്ഞോളങ്ങള്‍ ഒന്നു മന്ദഹസിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.അവര്‍ക്കു ലക്ഷ്യമുണ്ടായി
രുന്നു. മറുകരയെത്തണം.
കുഞ്ഞോളങ്ങളേ , നിങ്ങള്‍ പുഴയോടു പറയുമോ … ഈ. പുഴയുടെ സംഗീതവും ഈ പുഴയെയും എനിക്ക് ഇഷ്ടമാണെന്ന്. ..
അയാള്‍ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു:
ഞാന്‍ ഈ തീരത്ത് ഇരുന്നോട്ടെ.?
പുഴ കേട്ടില്ലെന്നു നടിച്ചു.
ഓളങ്ങള്‍ ചിരിച്ചു.
ഓ! സംഗീതം …..
പുഴ പറഞ്ഞു.
അതെ … ഇവിടെ വന്നവര്‍ ഇതു തന്നെ പറഞ്ഞു. സംഗീതം ഇഷ്ടമാണെന്ന് …. ഇപ്പോള്‍ നിങ്ങളും.
കഥാകാരന്‍ നിരാശനായി.
അയാള്‍ ആകാശം നോക്കി മലര്‍ന്നു കിടന്നു.
പുഴയോരത്ത് കാറ്റു കൊള്ളാന്‍ വന്നവരില്‍ ചിലര്‍ മണലില്‍ ഇരിക്കുകയും മറ്റു ചിലര്‍ കിടക്കുകയും ചെയ്തു . പിന്നീട് അവര്‍ ഓരോരുത്തരായി പോയി..
അയാള്‍ പോയില്ല.
പുഴ ചോദിച്ചു.എന്താ പോകുന്നില്ലേ?
എനിക്കു നിന്നെ കണ്ടു കൊണ്ടിരിക്കണം. സംഗീതം കേള്‍ക്കണം.
അപ്പോള്‍ നിലാവുദിച്ചു.
അയാള്‍ പുഴയോട് പറഞ്ഞു:
നിലാവില്‍ …. നിനക്കെന്തു ഭംഗി !
അപ്പോള്‍ ഇരുട്ടിലോ?
നീ എന്റെ മനസ്സിന്റെ വെളിച്ചാണ് . ഞാന്‍ ഇരുട്ട് കാണുന്നില്ല.
ഞാന്‍ വിശ്വസിക്കുന്നില്ല. നിങ്ങള്‍ പോകു . കാണണ്ടാ,എനിക്കു നിങ്ങളെ.
അയാള്‍ പോയില്ല.
ഓളങ്ങള്‍ പുഴയുടെ മനസ്സറിഞ്ഞു.
അയാള്‍ യഥാര്‍ത്ഥത്തില്‍ പുഴയെ സ്‌നേഹിക്കുന്നുണ്ട്.
പുഴ പറഞ്ഞു:
ഞാന്‍ വിശ്വസിക്കുന്നില്ല. അയാള്‍ എഴുന്നേറ്റു പോകും. കണ്ടോളു.
അയാള്‍ പുഴയെ വിട്ടു പോയില്ല.
അയാള്‍ അവിടെ വന്നിരുന്നു കഥകള്‍
പറഞ്ഞു.
കഥകള്‍ എഴുതിക്കൊണ്ടേയിരുന്നു.
ഋതുഭേദങ്ങള്‍ അയാള്‍ ശ്രദ്ധിച്ചില്ല.
മഞ്ഞും മഴയുമേറ്റ് അയാള്‍ കുളിര്‍ന്നു വിറച്ചു.
വെയിലേറ്റു കരിഞ്ഞു.
പുഴയ്ക്ക് വേദന തോന്നി.
പതിഞ്ഞ ശബ്ദത്തില്‍ പുഴ പറഞ്ഞു:
എനിക്കു പാടാതിരിക്കാന്‍ കഴിയില്ല.
എന്നാല്‍ അതു നിങ്ങള്‍ക്കുവേണ്ടിയല്ല.
ഓളങ്ങള്‍ പുഴയോടു പറഞ്ഞു:
അയാള്‍ നിന്നെ സ്‌നേഹിക്കുന്നുണ്ട്. അല്ലെ
ങ്കില്‍ ഇങ്ങനെ ഒരു ഭ്രാന്തനാകുമായിരുന്നോ?
അയാളുടെ മുടിയും താടിയും ജഡ പിടിച്ചു.
ആരോഗ്യം നശിച്ചു.
എന്നിട്ടും അയാളുടെ വിരലുകള്‍ പുഴയ്ക്കു വേണ്ടി കഥകളും കവിതകളും എഴുതി ക്കൊണ്ടിരുന്നു.
അതിമനോഹരങ്ങളായ കഥകള്‍ .
പുഴയുടെ സംഗീതം അയാളെ വലിയ കഥാകാരനാക്കി.
അതൊന്നും അയാള്‍ അറിഞ്ഞില്ല.
അയാള്‍ക്കെന്തു സംഭവിച്ചു. ? പറയു .
പുഴ ചോദിച്ചു.
ഓളങ്ങള്‍ ചോദിച്ചു.
നീലാകാശം പുഴയോടു ചോദിച്ചു.
അയാള്‍ക്കെന്തു സംഭവിച്ചു ?
അയാള്‍ ആ തീരത്ത് കിടന്നു മരിച്ചു.