ഉണ്ണിക്കുട്ടന് അമ്മയോട് പിണങ്ങി മുറ്റത്തേയ്ക്ക് ഓടി …
ഓട്ടത്തില്‍ മുറ്റത്ത് മറിഞ്ഞ് വീണ് മുട്ടുപൊട്ടിയത് ആരും കണ്ടില്ല എന്ന് ഉറപ്പ് വരുത്തി കിഴക്കേ മൂലയിലെ ചെമ്പക മരത്തിന്റെ ചോട്ടിലേയ്ക്ക് . നിറയെ പൂത്ത് നില്‍ക്കുന്ന ചെമ്പക മരം. അവന്റെ ചെങ്ങാതിമാര്‍ എല്ലാം അവിടെയാണ്. ചെമ്പക മരത്തിന്റെ അടുത്ത് നില്‍ക്കുന്ന തെങ്ങിന്‍ പൊത്തില്‍ താമസമാക്കിയ അണ്ണാറക്കണ്ണന് മണിയന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. തെങ്ങിന്റെ ഓലയില്‍ തൂക്കണാം കുരുവികള്‍ കൈ ഏറിയിരിക്കുകയാണ്. മണിയന്റെ പൊത്തിന് കുറച്ച് മുകളിലായി ഒരു പച്ച തത്തയും കുടുംബവും . ചെമ്പകത്തിലും ചുറ്റു വട്ടത്തും താമസമാക്കിയ , ചിത്രശലഭത്തിനും വണ്ടു കള്‍ക്കും കുഞ്ഞന്‍ ഉറുമ്പുകള്‍ക്കും അവന്‍ പേരിട്ടിട്ടുണ്ട്. ഉണ്ണിക്കുട്ടന്റെ സ്‌നേഹവും പരിഭവവും എല്ലാം അവരോട് പറയും.
രാവിലെ മുതല്‍ സന്ധ്യ വരെ ഉണ്ണിക്കുട്ടന്‍ ചെമ്പക ചോട്ടില്‍ ചുറ്റി പറ്റി നില്‍ക്കും. അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തി. തൊണ്ട പൊട്ടുന്നത് വരെ വിളിക്കണം. തിരികെ വീട്ടില്‍ കയറാന്‍ .
അമ്മയും അച്ഛനും ചെമ്പകച്ചോട്ടിലെ കൂട്ടുകാരുമാണ് … ഉണ്ണിക്കുട്ടന്റെ ലോകം . അച്ഛന്‍ ആക്‌സിഡന്റ് പറ്റി കിടക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. അമ്മ അടുത്തുള്ള ഒരു പായ്ക്കിങ് യൂണിറ്റില്‍ ജോലി ചെയ്ത് കിട്ടുന്ന ചെറിയ വരുമാനത്തിലാണ് വീട് പോറ്റുന്നത്.
അമ്മ ജോലിക്ക് പോയാല്‍ അവനും അച്ഛനുമാണ്. ആ വീട്ടില്‍ ഉള്ളത് .അച്ഛനുള്ള മരുന്നും ഭക്ഷണവും അമ്മ എടുത്ത് വച്ചിരിക്കും.
സമയാ സമയങ്ങളില്‍ എടുത്ത് കൊടുക്കുക എന്നുള്ളത് അവന്റെ ജോലിയാണ്.
അടുത്തുള്ള കുട്ടികള്‍, പബ്ജിയുടെയും , ഫ്രീ ഫയറിന്റെയും മറ്റും വലയില്‍ കുരുങ്ങി ഇന്റെര്‍നെറ്റിന്റെ മായാലോകത്ത് വിഹരിക്കുമ്പോള്‍ ഉണ്ണിക്കുട്ടന്‍ ചെമ്പക ചോട്ടിലെ കൂട്ടുകാരോട് കുശലം പറഞ്ഞ് അവരോടോത്ത് സമയം ചിലവഴിക്കും … അവര്‍ക്കിടയില്‍ ഭാഷ പ്രശ്‌നമല്ല ….അണ്ണാറക്കണ്ണന്റെയും കുരുവികളുടെയും അവിടെയുള്ള എല്ലാ വരുടെയും ഭാഷ ഉണ്ണിക്കുട്ടന് മനസിലാകും … അവന്‍ പറയുന്നത് അവര്‍ക്കും . മനസിലാകും. ചിരട്ടയില്‍ മണ്ണപ്പമുണ്ടാക്കി … ഒരോരുത്തരുടെയും പേര് വിളിച്ച് അവര്‍ക്ക് വിളമ്പും. കുറുമ്പന്‍ മണിയന്‍മാത്രം. മണത്ത് നോക്കായിട്ട് വാലുകൊണ്ട് തട്ടിക്കളഞ്ഞ് ചെമ്പകത്തില്‍ ചാടിക്കയറി താഴേയ്ക്ക് നോക്കി കളിയാക്കി ചിരിക്കും. അങ്ങനെ യങ്ങനെ കാലങ്ങള്‍ കടന്ന് പോയി . സ്‌കൂളുകള്‍ തുറന്നു .
ഉണ്ണിക്കുട്ടന്‍ മനസില്ല മനസോടെ സ്‌കൂളില്‍ പോകാന്‍ തുടങ്ങി.
സ്‌കൂള്‍ വിട്ടാല്‍ ഒറ്റ ഓട്ടമാണ് വീട്ടിലേയ്ക്ക് കയ്യിലിരിക്കുന്ന പുസ്തക സഞ്ചി വാരാന്തയിലേക്ക് വലിച്ചെറിഞ്ഞ്
ചെമ്പകത്തിന്റെ ചോട്ടിലേയ്ക്ക് ഓടും …. അവിടെയുള്ള വരോട് സ്‌കുളിലെ വിശേഷങ്ങള്‍ പറയും
അപ്പോഴെ അവന് സമാധാനമാകു .
ഒരിക്കല്‍ സ്‌കൂള്‍ വിട്ട് ചെമ്പകച്ചോട്ടിലേയ്ക്ക് ഓടിയ ഉണ്ണിക്കുട്ടന്‍ സ്തംബിച്ചു പോയി വിശ്വസിക്കാന്‍ കഴിയുന്നില്ല.
മണിയനും തൂക്കണാം കുരുവികളും താമസിച്ചിരുന്ന തെങ്ങ് മുറിച്ചിട്ടിരിക്കുന്നു.
അവന്‍ വാവിട്ടു കരഞ്ഞു. ചുറ്റും പരതി. മണിയനെ കാണാനില്ല ,
കുരുവികളുടെ അഞ്ചാറ് മുട്ടകള്‍ പൊട്ടിക്കിടക്കുന്നു. അവന്‍ പരിസരം മറന്നു കരഞ്ഞു …. തളര്‍ന്ന് … ചെമ്പകത്തില്‍ ചാരിയിരുന്നു. തോളില്‍ ഒരു തണുപ്പ് . എന്നിട്ട് അവനെ ചേര്‍ത്ത് പിടിച്ചു. ഉണ്ണിക്കുട്ടാ കരയല്ലേട … അച്ഛന് ഒരു ഓപ്പറേഷന്‍ വേണം…. അമ്മയുടെ കയ്യില്‍ പൈസ ഇല്ലാത്തത് കൊണ്ടാ … അമ്മ തെങ്ങ് കൊടുത്തത്. കുറച്ച് നേരം അവന്റെ തലയില്‍ വിരലോടിച്ച് അവനെ ചേര്‍ത്തു പിടിച്ചുഅമ്മ …. മോന്‍ വീട്ടില്‍ വ അമ്മ കഞ്ഞി തരാം … എന്ന് പറഞ്ഞ് അവര്‍ വീട്ടിലേയ്ക്ക് നടന്നു ….
നേരം സന്ധ്യയായി … അവന് ചെമ്പകത്തിന്റെ ചോട്ടില്‍ നിന്നും പോകാന്‍ തോന്നുന്നില്ല.
ചെമ്പകത്തിന്റെ കൊമ്പില്‍ നിന്നും ചെറിയ ഒരു ചിലമ്പല്‍ …. മണിയന്‍ പതുക്കെ താഴേയ്ക്ക് വന്ന് അവന്റെ മടിയില്‍ ഇരുന്നു. ദയനീയമായി അവന്റെ മുഖത്തേയ്ക്ക് നോക്കി
നേരം സന്ധ്യയായി ഉണ്ണിക്കുട്ടന്‍ മണിയനെ തോളില്‍ വച്ചു … നേര്‍ത്ത നിലാവ് .. അവന്‍ എങ്ങോട്ടെന്നില്ലാതെ നടന്നു ….. കാല് പോയ വഴിയേ … പുഴയോരത്ത് കൂടി …. വയലുകളിലൂടെ –… തന്റെ കുരുവികളെയും തത്തകളെയും തേടി ….
About The Author
No related posts.