രാവിന്റെ രണ്ടാം യാമത്തില്‍ ഇലഞ്ഞിപ്പൂവിന്റെ ഗന്ധം പടര്‍ന്നാല്‍ ഗന്ധര്‍വ്വസാന്നിദ്ധ്യം ഉണ്ടാവുമത്രേ! അവര്‍ ഭൂമികന്യകമാരെ വശീകരിക്കാന്‍ മണ്ണിലിറങ്ങുംപോലും! സങ്കല്പകഥകള്‍ ആണെങ്കിലും അവയ്ക്കുമുണ്ടൊരു പ്രണയഗന്ധം! അത് യക്ഷിപ്പാലയുടെയോ, കദംബത്തിന്റെയോ, ഗോരോചനം കലക്കിയ ചന്ദനത്തിന്റെയോ??
ഒരുപക്ഷേ, ഗന്ധര്‍വ്വനഗരങ്ങള്‍ അലങ്കരിക്കാന്‍ പോകുന്ന ഇന്ദുകലയ്ക്ക് അതറിയുമായിരിക്കും!
”നഖങ്ങള്‍” എന്ന ചിത്രത്തില്‍, വയലാര്‍ – ദേവരാജന്‍ ടീമിന്റെ ഭാവനയില്‍ രൂപമെടുത്ത ഈ ഗാനം മാധുരിയുടെ സുവര്‍ണ്ണശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ നമ്മളും ആ ഗന്ധര്‍വ്വനഗരത്തിലെത്തും. വിരഹിയായ യക്ഷന്റെ സന്തപ്തമായ ഹൃദയത്തില്‍നിന്ന് നീരാവിയായി പൊങ്ങിയ പ്രണയചിന്തകള്‍ രാമഗിരിക്കുന്നുകള്‍ക്ക് മേലേ ഘനീഭവിച്ചുനില്ക്കും! നായികയുടെ പ്രണയാതുരമായ മനസ്സിന് അവിടെ തന്റെ കാമുകനെ കാണാന്‍ കഴിയും. ആ മുഖത്തിനു മേഘസന്ദേശത്തിലെ യക്ഷന്റെ ഭാവമായിരുന്നു എന്ന് അവള്‍ക്ക് തോന്നും.
” രാസക്രീഡാസരസ്സിനരികില്‍ രാമഗിരിയുടെ മടിയില്‍
ആശ്യാമവനഭൂവില്‍.. ‘
നില്‍ക്കുന്ന കാമമോഹിതനായ പ്രിയനെ സഖീ, നീ കാണുന്നില്ലേ എന്നവള്‍ ഇന്ദുകലയോട് ചോദിക്കുന്നു.അതുമാത്രമല്ല, ആ വള്ളിക്കുടിലിന്നരികിലേക്ക് തന്റെ പ്രണയദൂതുമായി നീ പോകില്ലേ എന്നും അമ്പിളിക്കലയോട് അന്വേഷിക്കുന്ന നായികയുടെ കണ്ണില്‍ ഒരു പ്രേമസാഗരം മുഴുവനും അലയടിക്കുന്നതുകാണാം.ജയഭാരതിയുടെ കഥപറയുന്ന കണ്ണുകള്‍ ഈ ഗാനരംഗം മനോഹരമാക്കിയിരിക്കുന്നു! മധുവിനു പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടെന്ന് തോന്നിയതുമില്ല.
വയലാറിന്റെ തൂലികയില്‍ പിറന്ന ഈ സന്ദേശഗാനത്തിന് നിമിത്തമായത് കാല്പനികതയുടെ പിറവിക്കു മുമ്പേ പിറവികൊണ്ട ആ കാല്പനികന്‍, കാളിദാസന്‍, ആണെന്ന കാര്യവും വിസ്മരിച്ചുകൂടാ! കാളിദാസ കവിത്വത്തെ ഒരൊറ്റ ബിംബത്തില്‍ സംഗ്രഹിക്കാമെങ്കില്‍, അതൊരു മേഘമായിരിക്കും എന്നു അക്കിത്തം പറഞ്ഞതും ഇതുകൊണ്ടാണ്. ഞാന്‍ അതിലൊരുവാക്കുകൂടി കൂട്ടിച്ചേര്‍ക്കുന്നു. ആ ബിംബം ‘ രാമഗിരിയിലെ മേഘമായിരിക്കും’













