LIMA WORLD LIBRARY

പാലപ്പൂ മണം ഒഴുകി വന്ന രാത്രി-നൈന മണ്ണഞ്ചേരി

കാറ്റിന്റെ നനുത്ത അലകളില്‍ ഇലകളുടെ മര്‍മ്മരം .പഴകിയ സിമന്റ് ബെഞ്ചില്‍ ഇരിക്കുമ്പോള്‍ തണുപ്പ് തുളച്ചു കയറുന്നുണ്ട്, അതൊന്നും ഇപ്പോള്‍ വിഷയമാകേണ്ട കാര്യമില്ല.എങ്കിലും കാത്തിരിപ്പ് വല്ലാത്ത അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്.. ഇനിയും കണ്ടില്ലല്ലോ? അക്ഷമയോടെ ഞാന്‍ പാദപതനത്തിന് കാതോര്‍ത്തു.രാത്രിയുടെ നിശബ്ദത ഭേദിച്ചുയരുന്ന കുറുക്കന്റെ ഓരിയിടലും മൂങ്ങയുടെ മുരളലുമൊക്കെ മുന്‍പായിരുന്നെങ്കില്‍ എന്നെ ഭയപ്പെടുത്തേണ്ടതാണ്. വിജനമായ ആ ഭൂമിയില്‍ കണ്ണുകള്‍ പതിയെ അലയുന്നതിനിടയിലാണ് കല്ലില്‍ എഴുതി വെച്ചിരിക്കുന്ന പേര് കണ്ടത്.

”മേരി തോമസ് ധ22പ”

മലയാളത്തിലും ഇംഗ്‌ളീഷിലും എഴുതപ്പെട്ട ആ പേര് ഒരു നടുക്കമായി എന്നില്‍ നിറഞ്ഞു,ഈ തലസ്ഥാന നഗരിയിലെ ഹിന്ദി ഉര്‍ദു പേരുകള്‍ക്കിടയിലെ മലയാളം പേര് നടുക്കമാകണം.ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രൈസ്തവനെന്നോ ഇവിടെ ഭേദമില്ല,പുറത്ത് ജാതിയും മതവും പറഞ്ഞ് തമ്മിലടിക്കുന്നവര്‍ ഇവിടെ ഒന്നാണ്.

മേരിയും ഇവിടെ എവിടെയെങ്കിലും ജോലി ചെയ്തിരുന്ന ആളാകണം..പീഡിതയായി,അല്ലെങ്കില്‍ പ്രണയഭംഗത്തില്‍ പെട്ട്.. എന്തിന് ആവശ്യമില്ലാത്തതൊക്കെ ചിന്തിച്ചു കൂട്ടണം.അല്ലെങ്കില്‍ തന്നെ ഇക്കാലത്ത് ജീവിതമൊടുക്കാന്‍, ജീവിതമെടുക്കാന്‍ എന്തിന് ഒരു കാരണം തന്നെ വേണം? ഒരു വെറിയന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചാല്‍ തന്നെ മതി..അല്ലെങ്കില്‍ അവന്‍ ആവശ്യപ്പെടുന്ന പൊന്നിന്റെയും കാശിന്റെയും വില പേശലില്‍ മനം മടുത്താലും മതി..

ഇനിയും കണ്ടില്ലല്ലോ?മെല്ലെ ഞാന്‍ എഴുന്നേറ്റു.അസ്വസ്ഥത എന്നെ വരിഞ്ഞു മുറുക്കി..അപ്പോഴാണ് കുഴഞ്ഞ ശബ്ദത്തില്‍ ഏതോ ഉര്‍ദു ഗാനത്തിന്റെ വരികള്‍ കേള്‍ക്കുന്നത്.ഓരിയിടലിന്റെ ശബ്ദത്തിനിടയില്‍ പതിയെ അടുത്തു വരുന്ന ശബ്ദത്തോടൊപ്പം മദ്യത്തിന്റെ മനം മടുപ്പിക്കുന്ന ഗന്ധവും മൂക്കിലടിച്ചു കയറി.പിന്നെ ശ്മശ്രുക്കള്‍ നീണ്ട ഉരുണ്ട കണ്ണുകളുള്ള ആജാനു ബാഹുവായ ഒരു രൂപമായി അത് തെളിഞ്ഞു വന്നു.ഒരു നിമിഷം എന്നെയൊന്നു നോക്കി പിന്നെ പഴകിയ ബെഞ്ചിലേക്കയാള്‍ വീണു.ഇപ്പോഴെങ്കിലും വന്നല്ലോ..വര്‍ഷങ്ങളായി ഇവിടുത്തെ കാവല്‍ക്കാരന്‍.മുഗള്‍ കൊട്ടാരത്തിലെ ചിത്രകാരന്റെ പുന്നാര മകന്‍..ഇവിടെ ഓരോ മണല്‍ തരിക്കും സുപരിചിതന്‍,..മഹത്തായ ഒരു പാരമ്പര്യത്തിന്റെ കണികയെങ്കിലും അവശേഷിക്കുന്ന ഇയാളെങ്ങനെ ശ്മശാനത്തിന്റെ കാവല്‍ക്കാരനായി..

ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും പ്രസക്തി സംശയമുണര്‍ത്തുന്ന സമയമാണെങ്കിലും ഒരു കാര്യം ചോദിക്കാതിരിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല,അയാളുടെ പെരുമാറ്റം കാണുമ്പോള്‍ ആരായാലും അത് ചോദിക്കാതെയുമിരിക്കില്ല.

ഞാന്‍ അയാളെ കുലുക്കി വിളിച്ചു.മെല്ലെ എന്താണെന്ന ഭാവത്തില്‍ അയാള്‍ കണ്ണു തുറന്ന് എന്നെ .നോക്കി.”നിങ്ങള്‍ ദൈവ വിശ്വാസിയാണോ?”

പ്രതികരണം എന്തായിരിക്കുമെന്ന സംശയത്തിലാണ് ചോദിച്ചത്. പക്ഷേ,എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അയാള്‍ പൊട്ടിച്ചിരിച്ചു. വലിയ ശബ്ദത്തിലുള്ള അയാളുടെ ചിരി ഏതോ കോണുകളില്‍ തട്ടി പ്രതിദ്ധ്വനിച്ചു.”ഞാനാണ് എന്റെ ദൈവം,ഇതാണ് എന്റെ ദേവാലയം..”

ഒന്നു നിര്‍ത്തി അയാള്‍ തുടര്‍ന്നു ”നിങ്ങള്‍ക്കറിയുമോ എനിക്ക് എത്ര ആരാധകര്‍ ഉണ്ടെന്ന്?” ചോദ്യ ഭാവത്തില്‍ അയാളെന്നെ നോക്കി

”നിങ്ങള്‍ വിവാഹം കഴിച്ചിട്ടുണ്ടോ?” എന്റെ ചോദ്യം കേട്ട് അയാളുടെ കണ്ണുകള്‍ കുറുകി.മുരടിച്ച ശബ്ദത്തില്‍ അയാള്‍ പറഞ്ഞു.”എനിക്ക് അതിന്റെ ആവശ്യമില്ല,നിങ്ങള്‍ക്ക് പിന്നെ അത് മനസ്സിലാകും”

അയാള്‍ പറഞ്ഞു തീര്‍ന്നില്ല,എവിടെ നിന്നോ ഒരു പാദസര ശബ്ദം ഞങ്ങളുടെ അടുത്തായി നിലച്ചു,എവിടെ നിന്നോ ഒഴുകി വരുന്ന പാലപ്പൂവിന്റെ ഗന്ധം..എന്നെ ഒന്നു നോക്കിയിട്ട് അയാള്‍ എഴുന്നേറ്റു.പിന്നെ ഇരുളിന്റെ നിഗൂഡതയില്‍ മറഞ്ഞു.

അയാള്‍ വരുന്നതും കാത്തിരിക്കുമ്പോള്‍ വീണ്ടും കണ്ണുകള്‍ ആ പേരില്‍ പതിഞ്ഞു ”മേരി തോമസ്”

എന്തായിരിക്കാം അവള്‍ക്ക് സംഭവിച്ചത്,ഏതോ കൗമാര പ്രണയത്തില്‍ പെട്ടതു തന്നെയാകണം.മാതാപിതാക്കളുടെ ഉപദേശമൊന്നും സ്വീകാര്യമായി തോന്നാത്ത ഒരു സമയമുണ്ടല്ലോ? ഏതൊക്കെയോ ചതിക്കുഴികളില്‍ പെട്ട് അവസാനം പശ്ചാത്താപം തോന്നുമ്പോള്‍ തിരിച്ചു വരാന്‍ കഴിയാതെ..

ചിന്തകള്‍ വഴി തിരിഞ്ഞു പോകുകയാണോ എന്ന് ഞാന്‍ സംശയിച്ചു.

രാത്രിയുടെ ഏതോ ഒരു യാമത്തില്‍ അയാള്‍ തിരിച്ചു വന്നു ബെഞ്ചിലിരുന്നു,ഇപ്പോള്‍ ക്രൗര്യമായ ആ ഭാവം മാറിയതു പോലെ..ഏതോ ഒരു ഉന്മത്ത ഗന്ധം അയാളില്‍ നിറഞ്ഞത് പോലെ..

”അല്ല, നിങ്ങളാരാണെന്ന് പറഞ്ഞില്ലല്ലോ?”

പെട്ടെന്നുള്ള ചോദ്യത്തില്‍ ഒന്നു പകച്ചു..അപ്പോഴാണ് ചിന്തിച്ചത്,സത്യത്തില്‍ ആരാണ് താന്‍..

നാട്ടിലെവിടെയോ പിറന്നു വീണ ഒരഭിശപ്ത ജന്മം..ജോലി തേടി തെണ്ടി തിരിഞ്ഞ്,ഇന്റര്‍വ്യൂ പ്രഹസനങ്ങള്‍ക്കൊടുവില്‍ അഭയം തേടി ഇന്ദ്രപ്രസ്ഥത്തിലെത്തി അവിടെയും ഗതി കിട്ടാതെ..

”ചോദിച്ചതു കേട്ടില്ലേ,ആരാണ് നിങ്ങള്‍?” വീണ്ടും അയാളുടെ ശബ്ദം..

”ഞാന്‍ സനല്‍ ..” പതിഞ്ഞ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു..

” എവിടെയാണ് താമസം, സര്‍ക്കാര്‍ ജോലിയാണോ ”

ആകാംക്ഷയോടെ അയാള്‍ എന്റെ മറുപടിയ്ക്ക് കാതോര്‍ത്തു.ഒരു നിമിഷം ആലോചിച്ചു,പറയണോ?

”ചോദിച്ചതു കേട്ടില്ലേ..”

അയാളുടെ ശബ്ദം കനത്തു വന്നു.ഞങ്ങളിരിക്കുന്നതിനും അല്‍പ്പകലെയായി, ജാതി മത ഭേദമില്ലാതെ അനേകരുടെ ഇടയില്‍ മേരി തോമസിനും അടുത്ത് അധികം പഴക്കമില്ലാത്ത ഒരു ഫലകത്തിലേക്ക് ഞാന്‍ കൈ ചൂണ്ടി.അതില്‍ എഴുതിയിരുന്നത് അയാള്‍ വായിച്ചു.

”സനല്‍ ധ30പ”

ഒരു നിമിഷം അയാളുടെ മുഖത്ത് പരിഭ്രമം നിറഞ്ഞു, വിറകൊള്ളുന്ന തണുപ്പിലും അയാളുടെ ദേഹം വിയര്‍ത്തൊഴുകാന്‍ തുടങ്ങി.പിന്നെ എതോ ഒരു നിമിഷത്തില്‍ തന്റേടിയായ ശ്മശാനം കാവല്‍ക്കാരന്‍ ബോധരഹിതനായി എന്റെ മടിയിലേക്ക് വീണു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px