വാടക കുടിശ്ശികയുണ്ടെന്നു കള്ളം പറഞ്ഞു വീട്ടുടമസ്ഥ വിശാലം, വീടൊഴിപ്പിക്കാന്‍ നോക്കിയപ്പോഴാണ് വാടകക്കാരനായ കരുണന്‍ പ്രശ്‌നമുണ്ടാക്കിയത്. വിശാലത്തിന്റെ പരാതിയില്‍ കേസെടുത്ത് പോലീസ് അയാളെ അറസ്റ്റും ചെയ്തു.
ആരില്‍ നിന്നോ വിവരമറിഞ്ഞ കരുണന്റെ ഭാര്യ ലീല ഓടി പിടഞ്ഞ് പോലീസ് സ്റ്റേഷനിലെത്തി.
……………………………….
ഒരു വര്‍ഷം മുന്‍പ് വരെ പെയിന്റ് പണി ചെയ്ത് കരുണനും തയ്യല്‍ക്കാരി ലീലയും സന്തോഷത്തോടെ സ്വന്തമായുള്ള ഷീറ്റ് മേഞ്ഞ വീട്ടില്‍ ചൂരും ചൂടും പങ്കിട്ട് സന്തോഷത്തോടെ ജീവിക്കുകയായിരുന്നു.. അപ്പോഴാണ് അയാള്‍ക്ക് സ്‌കൂളില്‍ പ്യൂണായി ജോലി കിട്ടിയത്..
ശമ്പളമൊക്കെ കിട്ടിത്തുടങ്ങി, ഗവണ്‍മെന്റ് ജോലിയുടെ പവറുമൊക്കെ ആയപ്പോ…
സ്വന്തമായുണ്ടായിരുന്ന ചെറിയ വീടിന്റെ തകര ഷീറ്റില്‍ മഴവെള്ളം ശക്തിയില്‍ വീഴുന്നത് അയാളെ ഭയപ്പെടുത്തി. ശുഷ്‌കിച്ച ശരീരമുള്ള സ്വന്തം ഭാര്യ ലീലയെ കാണുമ്പോള്‍ രാമന്റെ വീട്ടിലെ, എല്ലും തോലുമായി തൊഴുത്തില്‍ നില്‍ക്കുന്ന പശുവിനെയാണോര്‍മ്മ വരുന്നതെ ന്നയാള്‍ പറഞ്ഞു. എങ്കിലും അയാള്‍
വരവ് ചിലവ് കണക്കുകള്‍ കൃത്യമായി സൂക്ഷിക്കാന്‍ കണക്ക് പുസ്തകം സൂക്ഷിച്ചിരുന്നു.
ആറുമാസം മുന്‍പ്, വീട്ടിലെ സൗകര്യം കുറവാണെന്ന് വാദിച്ച്,, അയാള്‍ വിശാലത്തിന്റെ വാടകവീട്ടിലേക്ക് പോകുമ്പോള്‍ ലീലയുടെ പ്രണയം മരിച്ച ചുണ്ടുകളും, നിര്‍ജീവമായ കണ്ണുകളും പഴയ തയ്യല്‍ മെഷീനും മൗനം പാലിച്ചതേയുള്ളൂ.
………………………
വാടക വീട്ടിലെ രണ്ടാം നിലയിലെ ടെറസിന് മുകളില്‍ മഴവെള്ളം ശക്തിയായി പതിക്കുമ്പോള്‍ അതിന് പ്രണയത്തിന്റെ താളമാണെന്നും, താഴത്തെ നിലയില്‍ താമസിക്കുന്ന വിശാലത്തിന്റെ സംസാരം കേട്ടിരിക്കുമ്പോള്‍ സമയം പോകുന്നത റിയുന്നില്ലെന്നും പറഞ്ഞ്, ജഴ്‌സി പശുവിനെ സ്വപ്നം കണ്ടയാള്‍ ഉറങ്ങി.
വാടക വീടിന്റെ സൗകര്യങ്ങളില്‍
മുഴുകിയപ്പോള്‍,പക്ഷേ ഒന്ന് കരുണന്‍ മറന്നുപോയിരുന്നു. സ്വന്തം വീട്ടില്‍ സൂക്ഷിച്ചിരുന്ന കണക്ക് പുസ്തകം കൂടെ കൊണ്ടുവരാന്‍. എല്ലാ മാസവും കൃത്യമായി വാടക കൊടുത്തതിന്റെ കണക്കുകള്‍ അയാള്‍ക്ക് സൂക്ഷിക്കാന്‍ കഴിയാതിരുന്നതതുകൊണ്ടാണ്.
കൂടുതല്‍ വാടക കൊടുക്കാന്‍ ആള് വന്നപ്പോള്‍ വിശാലത്തിന്റെ കള്ള ബുദ്ധിക്കു മുന്നില്‍ നിരത്താന്‍ കരുണന്റെ മുന്നില്‍ തെളിവുകളില്ലാതായതങ്ങനെയാണ്.
……………………….
ലീല പോലീസുകാരോട് എന്തൊക്കെയോ സംസാരിച്ചു, തയ്ച്ചുണ്ടാക്കിയ കാശ് എടുത്ത് വിശാലത്തിന് കൊടുത്തിട്ട്..
‘ വാ..കരുണേട്ടാ നമുക്ക് പോകാം… ‘ എന്നും പറഞ്ഞ് കരുണന്റെ കൈപിടിച്ചു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയപ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു..
വീട്ടിലെത്തി, വെറുതെ മച്ചിലോട്ട് നോക്കി കിടന്ന കരുണന് , മഴയുടെ ഒച്ചയ്ക്ക് ജീവിതത്തിന്റെ താളമാണെന്നപ്പോള്‍ തോന്നി..
‘ എന്താ ആലോചിക്കണത് കരുണേട്ടാ.. ‘ എന്നും ചോദിച്ചു ആ ചെറിയ മുറിക്കുള്ളിലേക്ക് കടന്നുവന്ന ലീല അല്‍പ്പം പരിഹാസത്തോടെ പറയുന്നുണ്ടായിരുന്നു
‘ ഇനി നമുക്ക് ഈ വീട്ടിലെ സൗകര്യങ്ങളൊക്കെ മതി ട്ടോ.. വരൂ ഊണ് കഴിക്കാം.. ‘
About The Author
No related posts.