LIMA WORLD LIBRARY

വായനവാരം – ദിആൽക്കെമിസ്റ്റ് പൗലോ കൊയ് ലോ

വായനവാരം

ദിആൽക്കെമിസ്റ്റ് പൗലോ കൊയ് ലോ-

ഒരു മാന്ത്രിക കല്ല് ! അത് തൊട്ടാൽ ഏത്  ലോഹവും  സ്വർണ്ണമായി മാറും . അത് അന്വേഷിച്ച ശാസ്ത്രജ്ഞരെ ലോകം ഒരു കാലത്ത് അൽകെമിസ്റ്റ് എന്ന് വിളിച്ചു. പിന്നീട് രസതന്ത്രം എന്ന ശാസ്ത്രശാഖക്ക് ജന്മം നൽകിയത് ആൽക്കെമിസ്റ്റുകളാണ്.
അങ്ങനെയൊരു മാന്ത്രിക കല്ല് ശാസ്ത്രജ്ഞർ കണ്ടെത്തിയോ ?  ഇല്ല , പക്ഷേ ആ മാണിക്യ കല്ല്  നമ്മുടെ എല്ലാവരുടെയും കയ്യിൽ ഉണ്ട്. അതാണ് അടങ്ങാത്ത അഭിനിവേശം , നമ്മൾ ആഗ്രഹിക്കുന്നത് കണ്ടെത്തും എന്ന അത്യാവശ്യം വേണ്ട  ശുഭാപ്തി വിശ്വാസവും ആ കല്ലിൽ ഉണ്ട്.
പൗലോ കൊയ്ലോയുടെ ‘ അൽകെമിസ്റ്റ് ‘ വായിക്കുന്നത് ഏതാണ്ട് പത്ത് കൊല്ലം മുമ്പാണ് . പുസ്തകത്തിൻ്റെ വിശദാശംസങ്ങൾ മറന്നു പോയെങ്കിലും ഒരു നല്ല വായനയുടെ സുരഭില ഓർമ്മകൾ ഇന്നും പിന്തുടരുന്നു .
സ്പെയിനിലെ ഒരു തകർന്ന ക്രിസ്ത്യൻ പള്ളിയിൽ ഇരിക്കുമ്പോഴാണ് സാൻ്റിയാഗോ എന്ന ഇടയന് സ്വപ്നത്തിലൂടെ ഒരു വെളിപാട് കിട്ടുന്നത് : ഈജിപ്തിലെ പിരമിഡുകൾക്കരികിൽ എവിടെയോ ഒരു നിധി കിടപ്പുണ്ട്. അവൻ ഉടനെ തന്നെ അങ്ങോട്ടു യാത്ര തിരിക്കുകയായി. വഴിയിൽ പല നല്ല അനുഭവങ്ങളും കൊള്ളയടി ഉൾപ്പെടെ പല ചീത്ത അനുഭവങ്ങളും ഉണ്ടായി. പുതിയ ആളുകൾ പലരെയും പരിചയപ്പെട്ടു , ഫാത്തിമ എന്നൊരു സുന്ദരി കുടുക്കയെ പ്രേമിക്കാനും സമയം കിട്ടി. അവസാനം പിരിമിഡുകൾക്കിടയിൽ നിധി തിരയവേ ഒരു സംഘം ആളുകൾ അവനെ പിടി കൂടി. സ്വപ്നത്തിൽ കണ്ട നിധി തിരയുകയാണെന്ന് പറഞ്ഞപ്പോൾ സംഘത്തലവൻ പറയുന്നു , അയാളും അത് പോലെ ഒരു സ്വപ്നം കണ്ടു , സ്പെയിനിലെ ഒരു തകർന്ന പള്ളിയുടെ അടിയിൽ ഒരു നിധിയുള്ളതായിട്ട് . അതായത് നിധിയുള്ളത് സാൻ്റിയാഗോ യാത്ര പുറപ്പെട്ട സ്ഥലത്ത്. അതോടെ കഥ അവസാനിക്കുന്നു .
” ഒരു കാര്യം ഉൽക്കടമായി ആഗ്രഹിച്ചാൽ ലോകം മുഴുവൻ അതിനായി കൂടെ നിൽക്കും ” എന്നൊരു ആശയം പൗലോ കൊയ്ലോ ഈ നോവലിൽ പറയുന്നുണ്ട്. അത് ലോകവ്യാപകമായി Quote ചെയ്യപ്പെടുന്നുണ്ട്. പക്ഷേ ആഗ്രഹം മാത്രം പോരാ , അതിനായി അദ്ധ്വാനിക്കാനും തയ്യാറാകണം എന്നൊരു സന്ദേശം കൂടി സാൻ്റിയാഗോയുടെ പ്രവർത്തനങ്ങളിലൂടെ  തെളിയുന്നുണ്ട്.
പിന്നെ എന്ത് കൊണ്ട് സാൻ്റിയാഗോക്ക് നിധി കിട്ടിയില്ല ? ആ ചോദ്യം എന്നെ വളരെയധികം അലട്ടി. ഒടുവിൽ ആ ഉത്തരം മനസ്സിലേക്ക് ഒരു ദിവസം വന്നെത്തി.
കാണാപൊന്ന്  തേടിയുള്ള ആ യാത്രയിൽ അവൻ പരിചയപ്പെട്ട അനുഭവങ്ങളുടെ  ജീവിത പരിച്ഛേദങ്ങളായിരുന്നു അവന് കിട്ടിയ നിധികൾ .
എവിടെ നിന്നോ പറന്നു വന്ന ഒരു  ചിത്രശലഭം. വഴിയരിക്കിലെ ജിപ്സി സ്ത്രീ. ജ്ഞാനിയായൊരു വൃദ്ധന്‍.  ഏതോ ഒരു പഴഞ്ചൻ രാജാവ്. ഇരുമ്പ് സ്വർണ്ണമാക്കാൻ നടക്കുന്ന ഒരു   ആല്‍ക്കെമിസ്റ്റ്,  ഉപദ്രവകാരികളായ കള്ളന്മാരും കൊള്ളക്കാരും ,  ഈജ്പ്ഷ്യൻ വരവർണ്ണിനി  ഫാത്തിമ എന്ന സുന്ദരി തുടങ്ങിയവരൊക്കെ അവന്  അനുഭവ സമ്പത്തിൻ്റെ നിധികളായിരുന്നു .
ലോകത്ത് ഏറ്റവും അധികം വിവർത്തനം ചെയ്യപ്പെട്ട നോവലാണ് ആൽക്കെമിസ്റ്റ്. മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ശ്രീമതി രമാ മേനോൻ .
നല്ല വായനാനുഭവം , നല്ല ദാർശനിക പ്രഭാവം  , നല്ല കഥാപാത്ര നിർമ്മിതി അതാണ് പൗലോ കൊയ്ലോയുടെ അൽക്കെമിസ്റ്റ്

 വൃന്ദ പാലാട്ട്

  • Comment (4)
  • പോർച്ചുഗീസ് ഭാഷയിൽ രചിക്കപ്പെട്ട, ഏതാണ്ട് 67 ഭാഷയിൽ വിവർത്തനം ചെയ്യപ്പെട്ട ലോകപ്രശസ്ത നോവൽ.. പ്രതീക്ഷയെന്ന, വറ്റാത്ത ഉറവ ജീവിതത്തിൽ വച്ചു പുലർത്തേണ്ടുന്ന അനിവാര്യത അടിവരയിട്ട നോവൽ… ആമുഖങ്ങളാവശ്യമൊട്ടും തന്നെയില്ലാത്ത ഈ നോവലിന്റെ കലാമൂല്യത്തെ കുറിച്ച്‌ കൂടുതൽ പറയേണ്ടതായില്ല. ഇവിടെ പ്രത്യേകമായ്‌ പ്രശംസ അർഹിക്കുന്ന ഒന്നുണ്ടെങ്കിൽ അത്‌ ഈ ലോക ക്ലാസിക്കിനെ യു പി ഹൈസ്കൂൾ കാലഘട്ടത്തിൽ തന്നെ വായിച്ചു മനസ്സിലാക്കാൻ സഹായിച്ച മികച്ച മലയാള പരിഭാഷ ആയിരിക്കും… ജീവിതത്തിലൊരിക്കകെങ്കിലും വായിച്ചനുഭവിക്കേണ്ട പുസ്തകമാണ് ആൽകെമിസ്റ്റ്..
    ആ പുസ്തകത്തെക്കുറിച്ചുളള വായനാ ആസ്വാദന കുറിപ്പ് വൃന്ദാ പാലാട്ട് നല്ല രീതിയിൽ എഴുതിയിരിക്കുന്നു..

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px