പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാൻ ദൈവം കയ്യൊപ്പ് ചാർത്തിയ സുന്ദര സ്വപ്നഭൂമി. കാട്ടരുവിയും കാട്ടാറും പുണർന്നൊന്നായ ചാലിയാർ പുഴയുടെ മനോഹര തീരം. മഞ്ഞുമൂടിയ മലനിരകളും ചന്ദനക്കുളിർക്കാറ്റിലലിഞ്ഞതാഴ്‌വാരങ്ങളും കാട്ടാനകളും കാട്ടു കുരങ്ങുകളും വിഹരിക്കുന്ന കാനനപ്രദേശങ്ങളും വയനാടിൻ മഞ്ഞളിൻ്റെ മനോഹാരിതയും നിറഞ്ഞ വയനാട് !
2024, ജൂലൈ30 അർദ്ധരാത്രിയിൽ ഈ സ്വർഗീയഭൂമികക്ക് പ്രകൃതി നൽകിയ ആഘാതം താങ്ങാവുന്നതിലും വലുതായിരുന്നു.

അരുണൻ്റെ ചൂട് ചുംബനമേറ്റു വാടിപ്പോയ ഭൂമിപ്പെണ്ണ്,മഴമേഘാ ലിംഗനത്തിലലിഞ്ഞ് ചേർന്നപ്പോൾ മണ്ണിലാഴ്ന്നുപോയത് ഒരു കൂട്ടം മനുഷ്യരും അവരുടെ മോഹങ്ങളും സ്വപ്നങ്ങളുമായിരുന്നു. സമാന ത കളില്ലാത്ത ദുരന്തം. ഛിന്നഭിന്നങ്ങളായ ശരീരഭാഗങ്ങളും മൃതശരീരങ്ങളേറയും വന്നടിഞ്ഞത് ചാലിയാർ പുഴയുടെ തീരത്തായിരുന്നു.
സർവ്വലോക നാശം വിതച്ച രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, യുദ്ധാനന്തരഭൂമിയെ
ഇംഗ്ലീഷ് സാഹിത്യകാരനായ ടി.എസ് എലിയറ്റ് തന്റെThe waste land, എന്ന കൃതിയിൽ,
ശൂന്യവും പാഴും മായി ചിത്രീകരിച്ചിരിക്കുന്നു.
അത് മനുഷ്യനിർമ്മിതമായിരുന്നെങ്കിൽ2024-ലെ വയനാട് ഉരുൾപൊട്ടൽ പ്രകൃതി നിർമ്മിതമായിരുന്നു. മുണ്ടക്കൈ , ചൂരൽമല, പുഞ്ചിരമറ്റം എന്നിവിടങ്ങളെ കൽക്കൂമ്പാരത്തിൻ്റെ ഊഷരഭൂമിയാക്കി മാറ്റി.
കേരളചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതി ദുരന്തം.
സർവ്വതും നഷ്ടപ്പെട്ട പ്രിയപ്പെട്ട വർക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന് മനസ്സ് എന്നോടുപറയാൻ തുടങ്ങി.
ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്നും അർഹരായവരുടെ കൈകളിൽ സഹായമെത്തിക്കണമെന്നുമുള്ള എൻ്റെ വാഞ്ച ദൈവം നിറവേറ്റി.
വയനാട്ടിലെ താമരശ്ശേരിയിലുള്ള ഞങ്ങളുടെ സുഹൃത്തുമായി പരിചയപ്പെട്ട് അർഹരായ നാലു പേരെ കണ്ടെത്താൻ കഴിഞ്ഞു.



കൊല്ലം റെയിൽവേ സ്റ്റേഷ നിൽ നിന്നും രാവിലെ ആറു മണിക്കു പുറപ്പെടുന്ന വന്തേ ഭാരതിൽ ഞാനും ഭർത്താവും യാത്ര തിരിച്ചു.12 മണിയായപ്പോൾ കോഴിക്കോട്ടെത്തി. ഭക്ഷണം കഴിച്ചു, ലോഡ്ജിൽ മുറിയെടുത്ത് അന്നവിടെ താമസിച്ചു.
പിറ്റേ ദിവസം രാവില പ്രഭാത ഭക്ഷണം കഴിച്ച് സുഹൃത്തുമായി ചൂരൽമലയിലേക്കു തിരിച്ചു.
പത്തുമണിയോടെ ചൂരൽ മലയിലെത്തി.
നിലം പൊത്തിയ വീടുകളുടെ അവശിഷ്ടങ്ങളും കല്ലുകളും പാറക്കൂട്ടങ്ങളും കുന്നു കൂടി കിടക്കുന്നു. നദീജലംമാലിന്യങ്ങ ൾ കൊണ്ടു മലിനമായിരിക്കുന്നു.
ചീഞ്ഞഴുകിയ മനുഷ്യ മാംസത്തിൻ്റെ ഗന്ധം പേറുന്ന കുളിർ കാറ് !
ഊഷരഭൂമിയായി മാറിയ ചൂരൽ മല, മുണ്ടക്കൈ !
നേരത്തെ പറഞ്ഞു വച്ചിരുന്ന നാലു പേർക്ക്
‘ വിധവയുടെ ചില്ലിക്കാശ്’ പോലെ ഞങ്ങളുടെ സഹായം കൈമാറി. ഒരു ലക്ഷം രൂപ.
ഉറ്റവരും ഉടയവരും സർവ്വതും നഷ്ടപ്പെട്ട വേദന ഉള്ളിലൊതുക്കുമ്പോഴും മുഖത്തൊരു പുഞ്ചിരി വിരിയിക്കാൻ അവർ മറന്നില്ല.
ആ പുഞ്ചിരി ഇന്നും ഞങ്ങളുടെ മനസ്സിൽ മായാതെ നിൽക്കുന്നു.
മൃതശരീരങ്ങളും , ശരീരഭാഗങ്ങളും അടക്കം ചെയ്തിരിക്കുന്ന പുത്തുമലയിലെ ശ്മശാനവും സന്ദർശിക്കാ നിടയായി.
വൈകിട്ടോടെ തിരിച്ചു ലോഡ്ജിലെത്തിയ ഞങ്ങൾ പിറ്റേന്നു രാവിലെ മടക്കയാത്രയും കുറിച്ചു.
ഇന്ത്യയിലും വിദേശത്തുമായി അനേക ദിവസങ്ങളിലെ യാത്ര നടത്തിയ ഞങ്ങൾക്ക് ഏറ്റവും ചാരിതാർത്ഥ്യം നൽകിയത് ഈ ഊഷരഭൂമിയിലേക്കുളള യാത്രയായിരുന്നു.














എത്ര അർത്ഥവത്തായ യാത്രയാ ടീച്ചർ നടത്തിയത്.നടക്കുന്ന മരമാകാൻ കഴിഞ്ഞ ടീച്ചറുടെ സഹപ്രവർത്തകയാകാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു.മേരിജോൺടീച്ചർ എന്റെ മനസിൽ വളർന്നു കൊണ്ടേയിരിക്കുന്നു.ഒരുപാട് സ്നേഹം