മഴക്കാലം . മൺവാസനയുടെ സംഗീതം -തനുവിൽ
തണുപ്പ് നിറയ്ക്കുന്ന മധുരസ്മരണകളുടെ കാലം.
മഴവില്ലിൻ്റെ സ്വപ്നങ്ങൾ പൂത്തിറങ്ങുന്ന പച്ചപ്പിൽ
ഹരിത ചാരുതയണിയുന്ന പ്രകൃതി ഭംഗി.
പുലരിയിൽ ചെയ്യുന്ന മഴ ..കുളിർ മഴ
ബാല്യകാല സ്മരണകളെയും ,പ്രണയ നിനവുകളെയും നനയിച്ചു കൊണ്ടുള്ള പ്രവാഹമാണ്.
ഇങ്ങനെ മഴയുടെ താളം കേട്ടു കൊണ്ട് രാവിലെ വീട്ടു വരാന്തയിൽ രസിച്ചിരിക്കുകയാണെന്നാണോ
നിങ്ങൾ കരുതിയിരുക്കുന്നത്. മഴയുടെ ബാക്കി പത്രങ്ങൾ മുറ്റത്തെമ്പാടും കൂടി കിടപ്പുണ്ട്. അവരെയെല്ലാം ഒന്നു ചേർത്ത് കൂട്ടിവച്ച് ഐശ്വര്യ ദേവതയെ വരവേൽക്കുവാനുള്ള തത്രപ്പാടിലാണ്.
അതിനു മുൻപ് എനിക്ക് ഒരു വധം നടത്തണം. താടകാവധം , കീചക വധം , ബകാസുരവധം , തുടങ്ങിയ ധാരാളം വധങ്ങളെക്കുറിച്ച് നിങ്ങൾ
കേട്ടിട്ടുണ്ടാകണം. ഇത് അതുക്കും മേലേ .
മഴക്കാലത്ത് എല്ലാ പ്രഭാതങ്ങളിലും ഞാനനുഷ്ഠിക്കാറുള്ള കർമ്മമാണ് ഒച്ച് വധം. പണ്ടൊക്കെ കുഞ്ഞൻ ഒച്ച് കുട്ടന്മാരെയേ കാണാനുണ്ടായിരുന്നുള്ളൂ. ഒരു ടേബിൾ സ്പൂൺ ഉപ്പ് മതിയായിരുന്നു കുഞ്ഞൻമാരെ തുരത്താൻ ‘ മഴക്കാലം കഴിയുമ്പോൾ പാവങ്ങൾ അങ്ങനെ ഒതുങ്ങി ഒടുങ്ങുമായിരുന്നു .
ഇപ്പോൾ പുതിയൊരു അവതാരം ഞങ്ങളുടെ നാട്ടിലെത്തിയിട്ടുണ്ട് . ആഫ്രിക്കൻ ഒച്ച്.
ഒരു ഫോറിൻകാരൻ്റെ ഗമയോടെ വീടിൻ്റെ മതിലിലും , കൽക്കെട്ടുകളിലുമെല്ലാം ലവന്മാരങ്ങനെ വിരാജിക്കുകയാണ്. ഇതിൻ്റെ ആധിക്യം കാരണം ഉപ്പായുധം പ്രയോഗിക്കുവാനുള്ള ക്ഷമയൊന്നും ഇല്ല .ഒരു കമ്പെടുത്ത് തോണ്ടിയിടുക , ഹരേ രാമ ചൊല്ലി ചെരുപ്പ് കൊണ്ട് രണ്ട് ചവിട്ട് കൊടുത്ത് കാലപുരിയ്ക്ക് അയക്കുക. ‘അതാണിപ്പോളത്തെ യുദ്ധതന്ത്രം. ഏതു വധത്തിനും പാപഫലമുണ്ടല്ലോ ‘അതൊഴിവാക്കുവാനാണ് കൂട്ടത്തിലൊരു ആത്മീയ വിചാരവും.
മനോഹരമായ പുറന്തോടുള്ള അമ്പോറ്റിക്കുട്ടന്മാരാണേലും ഉള്ള് മുഴുവനും വിഷമാണ്. കഴിഞ്ഞയാഴ്ച എൻ്റെ മുഖമെല്ലാം
ചുവന്ന് തടിച്ചത് ഇവരുടെ വിഷദ്രാവകപ്രയോഗമാണോ എന്നുമറിയില്ല. വിയറ്റ് നാം ടൂർ കഴിഞ്ഞ് വന്നപ്പോൾ
സ്യൂട്ട് കേസിലിട്ട് ആരും കാണാതെ കടത്തിക്കൊണ്ടു വന്ന
ദുരിയാന വിത്ത് കിളിർത്ത് കൗമാര ദശയിലെത്തിയതായിരുന്നു. ഇന്നലെ നോക്കിയപ്പോൾ ഇഷ്ടന്മാരിലാരോ മുഴുവനും ശാപ്പിട്ടിരിക്കുന്നു.
കിഴക്കൻ ആഫ്രിക്കക്കാരനായ ഈ ഭീമൻ ഒച്ചിൻ്റെ
ശാസ്ത്രീയ നാമം Achatina Fulica എന്നാണ്. ജലസ്രോതസ്സുകൾ മലിനമാക്കുകയും വിളകൾ
നശിപ്പിക്കുകയും ചെയ്യുന്ന ഈ രാക്ഷസൻ ഒച്ചിന്
മസ്തിഷ്ക ജ്വരം പോലെയുള്ള രോഗങ്ങളും പടർത്തുവാൻ കഴിയും . പുകയില , തുരിശ് മിശ്രിതം തളിക്കുക , വീടിൻ്റെ പരിസരങ്ങൾ ഈർപ്പരഹിതമായി സൂക്ഷിക്കുക മഴക്കാലത്തിന്
ശേഷം മണ്ണ് കിളയ്ക്കുക തുടങ്ങിയവയെല്ലാം പരിഹാരമായി ഗൂഗിളിൽ പരിശോധിച്ചപ്പോൾ കണ്ടു.
വാർഡ് സഭ കൂടിയപ്പോഴും ഇവനെ എങ്ങനെ തുരത്താമെന്നത് പ്രധാനചർച്ചാ വിഷയമായിരുന്നു. ഉപ്പു വെള്ളം നിറച്ച പാത്രത്തിലേക്ക് കയ്യുറ ഉപയോഗിച്ച് ഒച്ചുകളെ ശേഖരിച്ച് കൂട്ടി സമാധിയാക്കാം എന്നൊരാൾ നിർദ്ദേശിച്ചു. . Warrant JI 29 പ്രതിവിധിയാണെന്നും അഭിപ്രായം വന്നു.
നല്ല വലിപ്പവും , ഭംഗിയുമുള്ളപുറന്തോടും കണ്ടിട്ടും
ആർക്കും ഒരു ബിസ്സിനസ്സ് ഐഡിയയും തോന്നുന്നില്ലല്ലോ. അങ്ങനൊരു ഖേദവും.
എൻ്റെയൊരു പ്രീഡിഗ്രി ബാച്ച് കൂട്ടുകാരനുണ്ട്. ഗംഭീരൻ ബിസ്സിനസ്സ്
ആശയങ്ങളൊക്കെ അവൻപറയുന്നത് കേട്ടാൽ കണ്ണു തള്ളി പോകാറുണ്ട്. മോനേ — സിജോ ഞങ്ങള് പൊറുതിമുട്ടിയെടാ. ഒരു ഐഡിയ പറഞ്ഞു തരൂ. എന്നൊന്ന് അഭ്യർത്ഥിക്കുവാൻ പോകുകയാണ്. ഒരു വഴി കാണാതിരിക്കില്ല.









