ഈ ലോകത്ത് വാളുകൊണ്ട് മുറിവേറ്റ വരേക്കാള്‍ കൂടുതല്‍ വാക്കുകൊണ്ട് മുറിവേറ്റവരാണ്. വാളിന്റെ മുറിവ് ശരീരത്തിലാണ്. അത് വൈകാതെ ഉണങ്ങും. എന്നാല്‍ ,വാക്കു വന്ന് തറയ്ക്കുന്നത് ഹൃദയത്തിലാണ് .അത് ഉണങ്ങാതെ കാലങ്ങളോളം അവശേഷിക്കും. സംസാരം നാവിനാലാണെങ്കിലും അത് പുറപ്പെടുന്നത് ഹൃദയത്തില്‍ നിന്നാണ്. അത് പതിക്കുന്നതും ഹൃദയത്തില്‍ തന്നെ.
വായില്‍ തോന്നുന്നത് വിളിച്ചു പറയുന്നതല്ല, പറയാതിരിക്കുന്നതാണ് ശക്തി . ഈ തിരിച്ചറിവു നമുക്ക് പലര്‍ക്കുമില്ല. ചിലര്‍ക്ക് സംഭാഷണത്തില്‍ മുള്ളും മുനയുമില്ലാതെ സംസാരിക്കാനാവില്ല. അത് കൊള്ളേണ്ടിടത്ത് കൊള്ളുമ്പോള്‍ പറഞ്ഞവര്‍ക്കൊരു നിര്‍വൃതിയാണ്. സംസാരിക്കുന്നയാള്‍ കേള്‍വിക്കാരന്റെ മാനസികാവസ്ഥ മനസ്സിലാക്കി സംസാരിക്കുക വളരെ പ്രധാനമാണ്. പറയേണ്ടത് ചുരുക്കി ഔചിത്യപൂര്‍വം പറയണം. നമ്മുടെ വ്യക്തിത്വമാണ് നമ്മുടെ സംഭാഷണത്തിലൂടെ പുറത്തു വരുന്നതെന്ന് മറക്കരുത്.












