(പെഡഗോഗി – അദ്ധ്യാപനശാസ്ത്രം)
“ആ നയൻ സി യിലെ രാഹുലില്ലേ എപ്പോ നോക്കിയാലും ഉറക്കം തൂങ്ങിക്കൊണ്ടിരിക്കും. ഇന്ന് ഞാനൊന്നു പൊട്ടിച്ചു . കുറച്ചുദിവസമായി കരുതി വെച്ചിരുന്നതാ.”
സ്റ്റാഫ് റൂമിലെ ടേബിളിലിരുന്ന തന്റെ സ്റ്റീൽക്കുപ്പിയിൽ നിന്നും രണ്ട് കവിൾ വെള്ളം കുടിച്ചുകൊണ്ട് സൂസന്ന ടീച്ചര്‍ പറഞ്ഞത് കേട്ട് വാട്ട്സാപ് യൂണിവേഴ്സിറ്റിയിലെ പുതിയ ഗവേഷണ ഫലങ്ങൾ തന്റെ മൊബൈലിൽ തിരഞ്ഞുകൊണ്ടിരുന്ന സുനിൽ സാർ മുഖമുയർത്തി നോക്കി.
“റെയിൽവേ സ്റ്റേഷന്റെ അടുത്തൊരു കോളനിയുണ്ടല്ലോ അവിടെയാ അവന്റെ വീട് ഇവനൊക്കെ രാത്രി എന്നാ പണിയാന്നാർക്കറിയാം. വല്ല കഞ്ചാവടിയുമുണ്ടോന്നാ എന്റെ സംശയം . ”
എല്ലാക്കാര്യത്തിന്റെയും നെഗററീവ് സൈഡ് മാത്രം തിരയുന്ന രാഗിണി ടീച്ചറുടെ കമന്റ്.
“ടീച്ചർക്കറിയോ ? നമ്മുടെ റെയിൽവേ സ്റ്റേഷനിൽ വരുന്ന ധൻബാദ് എക്സ്പ്രസിലാ ഏറ്റവും കൂടുതൽ കഞ്ചാവ് കടത്തുന്നത്. കുട്ടികൾ പലരും ഇതിന്റെ കാരിയേഴ്സുമാണ്. പറയാൻ പറ്റില്ല ഇവനൊക്കെ ഏത് തരമാണെന്ന് പക്ഷേ അവൻ ക്ലാസിൽ അലമ്പൊന്നുമില്ല കേട്ടോ, എപ്പോഴും ഒതുങ്ങി ഒരു മൂലയ്ക്കിരിക്കും.” എസ്.പി.സി.യുടെ ചാർജ്കാരനായ സുനിൽ സാറിന്റെ വക സ്ഥിരീകരണവുമായി .
ബെല്ലടിച്ചു. എന്റെ അവസാന പിരീഡ് നയൻ സിയിലാ . പുസ്തകവുമെടുത്ത് വരാന്തയിലേക്കിറങ്ങി.
ക്ലാസിനിടയിൽ ഇടയ്ക്കിടയ്ക്ക് ഞാൻ രാഹുലിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവന്റെ മുഖം വല്ലാതെ പ്രക്ഷുബ്ധമായതു പോലെ . മനസ്സിലെ അസ്വസ്ഥതകളാകാം , എന്തൊക്കെയോ അവനെ അലട്ടുന്നുണ്ട്. കഴിഞ്ഞ പിരീഡിൽ ക്ലാസിൽ മറ്റുള്ളവരുടെ മുന്നിൽ അപമാനിതനായതിന്റെ വിഷമം ആകും.
ലോംഗ് ബെല്ലും തുടർന്ന് ദേശീയ ഗാനവും കഴിഞ്ഞ് ശബ്ദ കോലാഹലത്തോടെ എല്ലാവരും പുറത്തേക്ക് പായുന്നതിനിടയിൽ ഞാൻ രാഹുലിനെ വിളിച്ചു. കുറച്ചു സമയം നിൽക്കണമെന്ന് പറഞ്ഞു.
ഗ്രൗണ്ടിൽ കുട്ടികളുടെ ആരവം ഒഴിഞ്ഞു.
“രാഹുലിന്റെ വീട് റെയിൽവേസ്റ്റേഷനടുത്തല്ലേ ? ഞാനാ വഴിക്കാ. എന്റെ കൂടെ പോരൂ . അവിടിറക്കാം. ”
കുനിഞ്ഞ ശിരസുമായി തന്റെ പിന്നിലൂടെ നടക്കുന്ന രാഹുലിനെക്കുറിച്ച് മാത്രമായിരുന്നു അപ്പോൾ തന്റെ ചിന്ത.
സെൻട്രൽ സ്റ്റാന്റിൽ നിന്നും ബുള്ളറ്റിറക്കി സ്റ്റാർട്ട് ചെയ്തു കൊണ്ട് പിന്നിലേക്ക് കയറാൻ പറഞ്ഞപ്പോൾ അവൻ സ്റ്റാഫ് റൂമിന്റെ ഭാഗത്തേക്ക് പാളി നോക്കിയതെന്തിനാവും?
ഒരുപക്ഷേ സൂസന്ന ടീച്ചർ കാണുന്നുണ്ടോ എന്ന് നോക്കിയതാവും . അവരൊക്കെ നേരത്തേതന്നെ പോയ്ക്കഴിഞ്ഞിരുന്നു.
കുട്ടികളുമായി തോളിൽ കൈയിട്ട്, അവരുടെ തമാശകൾക്കൊപ്പംകൂടുന്ന അദ്ധ്യാപകനായതിനാൽ കുട്ടികൾക്ക് താനുമായി നല്ല അടുപ്പമായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഭക്ഷണം പങ്കു വെയ്ക്കുന്നതും പരസ്പരം തമാശകൾ പറഞ്ഞ് ചിരിക്കുന്നതും വലിയ സദാചാര ലംഘനമായി കരുതുന്നവരുടെ ഇടയിൽ വ്യത്യസ്ഥനായതു കൊണ്ടാവും അവരുടെ പ്രശ്നങ്ങൾ തന്നോട് തുറന്നു പറയുവാൻ അവർക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. അവർക്ക് തന്നെ വിശ്വാസവുമായിരുന്നു.
ഒരു എം. എസ്.ഡബ്ലിയൂ. അധികമുള്ളതിന്റെ ഹുങ്കാണയാൾക്ക് പലപ്പോഴും സ്റ്റാഫ് റൂമിലെ അടക്കം പറച്ചിലുകൾ താൻ കേട്ടില്ലെന്നു നടിച്ചു.
“നമുക്കോരോ കോഫി കഴിക്കാം. ”
ആര്യാസ് ഹോട്ടലിന്റെ മുന്നിലേക്ക് വണ്ടി ഒതുക്കുന്നതിനിടയിൽ അവനോട് പറഞ്ഞു.
അവൻ മടിച്ചു മടിച്ചാണ് അകത്തേക്ക് വന്നത്.
“രണ്ട് കോഫി രണ്ട് നെയ് റോസ്റ്റ് ”
“സർ ….എനിക്ക് …കോഫി മാത്രം മതി ”
. അവൻ ചെറിയ സങ്കോചത്തോടെ മടിച്ച് മടിച്ച് പറഞ്ഞു.
“താൻ കഴിയെടോ.. എനിക്ക് വിശക്കുന്നുണ്ട്. എനിക്കൊരു കമ്പനി വേണ്ടേ ?”
“റെയിൽവേ സ്റ്റേഷന്റെ ഏത് ഭാഗത്തായിട്ടാ രാഹുലിന്റെ വീട് ?”
നെയ് റോസ്റ്റ് തേങ്ങാച്ചട്ടിണിയിൽ മുക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
“ബീച്ചിലേക്കുള്ള റോഡില്ലേ സർ . അവിടെ കുറച്ചുള്ളിലേക്ക് മാറിയാ ”
“എനിക്ക് കുറച്ച് നേരം ബീച്ചിലൊന്നിരിക്കണം. രാഹുലിന് കുഴപ്പമില്ലല്ലോ. താനും കൂടെ വാ”
വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ പറഞ്ഞു.
അവൻ ഒന്നും മിണ്ടാതെ പുറകിലേക്ക് കയറി.
ബീച്ചിൽ തിരക്കായി വരുന്നതേയുള്ളൂ. ഓപ്പൺ സ്റ്റേജിനടുത്തായി തിരക്കിൽ നിന്നൊഴിഞ്ഞ ഭാഗത്തെ സിമന്റ് ബഞ്ചിലിരുന്നപ്പോൾ രാഹുലിന്റെ മുഖത്ത് എന്തൊക്കെയോ വികാരങ്ങളുടെ വേലിയേറ്റം താൻ ശ്രദ്ധിച്ചു.
“രാഹുൽ സ്ഥിരമായി ക്ലാസിലിരുന്ന് ഉറക്കം തൂങ്ങുന്നെന്ന് ടീച്ചേഴ്സ് പറയുന്നുണ്ടല്ലോ? എന്താ പ്രശ്നം രാഹുലേ ?”
“സർ അത് …. ”
“മടിക്കേണ്ട പറഞ്ഞോളൂ. പരിഹാരമില്ലാത്ത പ്രശ്നമില്ലല്ലോ, പ്രശ്നമറിഞ്ഞാലല്ലേ അതെങ്ങനെ പരിഹരിക്കാനാവും എന്ന് പറയാൻ പറ്റൂ. എന്താണ് രാഹുലിന്റെ പ്രശ്നം. രാത്രി ഉറക്കം ശരിയാകുന്നില്ലേ ? നീ എത്ര മണിക്കൂർ ഉറങ്ങാറുണ്ട്. പറയൂ രാഹുൽ ”
അവന്റെ തോളിൽത്തട്ടിക്കൊണ്ട് പറയുമ്പോൾ അവന്റെ കണ്ണ് നിറയുന്നതും മുഖം കുനിയുന്നതും കണ്ടു.
“മടിക്കേണ്ട രാഹുൽ . നിനക്കെന്തും എന്നോടു തുറന്നു പറയാം. നമുക്ക് നോക്കാന്നേ ”
“സാറിനറിയുമോ എല്ലാ ദിവസവും രാത്രി ഒരു മണിവരെ ഞാനിരിക്കുന്ന ബഞ്ചാണിത്.”
“രാത്രി ഒരു മണിക്കോ ? നീ പറയുന്നത് എനിക്ക് മനസിലാകുന്നില്ല. അസമയത്ത് നിനക്കിവിടെന്താ കാര്യം? ഇവിടെ നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിക്ക് പോലീസ് വരാറുണ്ടല്ലോ?”
“അവർ വരുന്ന സമയം എനിക്കറിയാം. അപ്പോൾ ഞാൻ സ്റ്റേജിന് പുറകിലേക്ക് മാറി നിൽക്കും. ”
“വീട്ടിൽക്കിടന്നുറങ്ങേണ്ട സമയത്ത് നിനക്കിവിടെന്താ പണി ? ടീച്ചേഴ്സ് പറയുന്നതു പോലെ ബീച്ചിലെ ആന്റി സോഷ്യൽ ടീമുമായി നിനക്കെന്തെങ്കിലും ബന്ധം ?”
“ഇല്ല സർ , വീട്ടിൽക്കിടന്നുറങ്ങാൻ പറ്റാത്തതുകൊണ്ടാ . എനിക്ക് പോകാൻ വേറെ സ്ഥലവുമറിയില്ല. ഇവിടാകുമ്പോൾ ആരുടെയും ശല്യമില്ല. ”
“രാഹുലേ നീ പറയുന്നതെനിക്കങ്ങോട്ട് ….”
“മനസിലാകില്ല സർ … സാറിനെന്നല്ല ആർക്കും മനസിലാകില്ല. എനിക്ക് വേറെ വഴിയില്ല സർ. ”
അവന്റെ ശബ്ദം കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു.
താൻ അവന്റെ തോളിൽ പിടിച്ചു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി.
നിറഞ്ഞ കണ്ണുകൾ തന്റെ മുഖത്തു നിന്നും പറിച്ചെടുത്ത് അവൻ ആർത്തലയ്ക്കുന്ന തിരമാലകളിലേക്ക് ഉറ്റുനോക്കിയിരുന്നു. ഒന്നിനു പിറകെ ഒന്നായെത്തുന്ന തിരമാലകളെപ്പോലെ അവന്റെ മുഖത്ത് വ്യത്യസ്ഥ ഭാവങ്ങൾ മിന്നിമറയുന്നത് താൻ കണ്ടു.
“സാറിനറിയുമോ എന്റേതുപോലെ ഒരു അനുഭവം മറ്റാർക്കെങ്കിലുമുണ്ടാകുമോന്ന് എനിക്കറിയില്ല. ഞാൻ പറഞ്ഞല്ലോ കുറച്ചങ്ങ് മാറിയുള്ള കോളനിയിലാ എന്റെ വീട് . വീടെന്നൊന്നും പറയാൻ പറ്റില്ല സാർ , കിടക്കാനുളള സ്ഥലവും അടുക്കളയും എല്ലാം ചേർന്ന ഒരു മുറി മാത്രമുള്ള ടിൻ ഷീറ്റ് കൊണ്ടുള്ള ഒരു ഷെഡ്. അച്ഛൻ ലോഡിംഗ്കാരനാ. എല്ലാ ദിവസവും പണിക്ക് പോകില്ല. പണിയുണ്ടേലും ഇല്ലേലും എല്ലാ ദിവസവും രാത്രി കുടിച്ചിട്ടല്ലാതെ വരില്ല. ഇപ്പോൾ കഞ്ചാവുമുണ്ടെന്ന് അപ്പുറത്തെ ചേട്ടൻ അമ്മയോട് കഴിഞ്ഞ ദിവസം പറയുന്നത് കേട്ടു. സാറിനയുമോ എന്റെ അമ്മ എല്ലാ ദിവസവും മൂന്ന് വീടുകളിൽ വീട്ടുവേലയ്ക്ക് പോകുന്നുണ്ട്. അങ്ങനാ ഞങ്ങൾ കഴിയുന്നത്. അതിൽ നിന്നു പോലും പിടിച്ചു പറിക്കുന്നയാളാ എന്റെ അച്ഛൻ. രാവിലെ മുതൽ വൈകിട്ടുവരെ പണിയാണമ്മയ്ക്ക് . ചില വീടുകളിൽ തുണിയലക്കും പാത്രം കഴുകലും , ചില വീടുകളിൽ തറ തുടയ്ക്കൽ. കുത്തിയിരുന്ന് തറതുടച്ച് നടുവൊടിഞ്ഞാണെന്റെയമ്മ വീട്ടിൽ വന്ന് കയറുന്നത്. രാത്രി സമാധാനമായി നടുനിവർന്ന് ഒന്നുറങ്ങാൻ പോലും കഴിയില്ല ആ പാവത്തിന് .
രാത്രി ബോധമില്ലാതെ കയറി വരുന്ന അച്ഛൻ ആ ഒറ്റ മുറിയിൽ ഞങ്ങളുണ്ടെന്ന് പോലും നോക്കാതെ അമ്മയെ …
കുഞ്ഞുങ്ങള് കാണും മനുഷ്യാ എന്ന അമ്മയുടെ ഞരക്കം പോലും ശ്രദ്ധിക്കാതെ ഒരു മൃഗത്തെപ്പോലെ അമ്മയെ അയാൾ ….”
രാഹുൽ വല്ലാതെ കിതയ്ക്കുന്നതും വിയർക്കുന്നതും കണ്ട് ഞാൻ വല്ലാതായി.
എന്റെ പെങ്ങൾ നാലാം ക്ലാസിലാ സാർ . ദിവസവും ഇത് കണ്ട് വളരുന്ന അവളുടെ ഭാവി എന്താകും സർ . അച്ഛൻ പറിച്ചെറിയുന്ന അമ്മയുടെ ഉടുതുണി കണ്ണും മിഴിച്ച് നോക്കിക്കിടക്കുന്ന അവളുടെ മുഖത്തേക്കാ പലപ്പോഴും വന്നു വീഴുന്നത്. സാർ പറ. ഞാനെങ്ങനെ ആ വീട്ടിൽ കിടന്നുറങ്ങും. ഞാൻ പിന്നെന്തു ചെയ്യണം സാർ . അച്ഛൻ വന്നു കയറുന്ന നിമിഷം ഞാൻ വീട്ടിന്നെറങ്ങും. രാത്രി ഒരു മണി കഴിഞ്ഞ് എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ ഞാൻ ചെന്ന് കിടക്കും സർ . കുറച്ചു സമയം ഉറങ്ങാം. അതാ സർ ഞാൻ ചിലപ്പോൾ ക്ലാസിലിരുന്ന് അങ്ങനെ …..
അവൻ പിന്നെയുമെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. .
“ഞാൻ പിന്നെന്തു ചെയ്യണം സാർ … ”
ഒന്നിനുപിറകെ ഒന്നായാർത്തലച്ചെത്തുന്ന തിരമാലകൾക്കും മേലെയായ് ആ ചോദ്യം അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കുന്നു.
അവന്റെ മുന്നിൽ താൻ തീരെ ചെറുതാകുന്നതുപോലെ . പെഡഗോഗിയും ,ക്ലസ്റ്ററും, താൻ പഠിച്ച ചൈൽഡ് സൈക്കോളജിയും ,തന്റെ എം.എസ്.ഡബ്ല്യൂമെല്ലാം ഒരു നിമിഷം കൊണ്ട് അലിഞ്ഞില്ലാതായതു പോലെ .
ടിൻ ഷീറ്റ് മറച്ച ഷെഡും പേടിച്ചരണ്ട കണ്ണുകളുമുളള ഒരു കൊച്ചു പെൺകുട്ടിയുടെ ദൃശ്യം തിരമാലകൾക്ക് മേലെയായ് ഉയർന്നുയർന്നു വരുന്നു.












