LIMA WORLD LIBRARY

ദൈവത്തിന്റെ കയ്യൊപ്പുള്ള ശില്പം, പിസ ടവര്‍ …….. – കാരൂര്‍ സോമന്‍

||||||

അക്കാദമിയ ഗാലറിക്ക് മുന്നിൽ സഞ്ചാരികളുടെ തിരക്കാണ്. കുളമ്പടിയൊച്ചകള്‍ കാതില്‍ മുഴങ്ങി. തിളക്കമാര്‍ന്ന കുതിരവണ്ടികള്‍ സഞ്ചാരികളുമായിട്ടെത്തുന്നു. ലോക ചിത്രശില്പകലയില്‍ ദൈവത്തിന്റെ കയ്യൊപ്പ് വാങ്ങിയവരാണ് ഫ്‌ളോറെന്‍സുകാരായ മൈക്കലാഞ്ജലോ, ലോകം കണ്ട മഹാനായ ചിത്രകാരന്‍, ശില്പി, ശരീര ശാസ്ത്രജ്ഞന്‍, തത്വചിന്തകന്‍, ആര്‍ക്കിടെക്ട് ലിയനാര്‍ദ്രോ ദാവിഞ്ചി. ഈ ഗാലറിയുടെ പ്രത്യേകത ലോകോത്തരസൃഷ്ടിയായ മൈക്കലാഞ്ജലോയുടെ ”ഡേവിഡ്” ഇവിടെയാണ്. അദ്ദേഹത്തിന്റെ പേരില്‍ നാമകരണം ചെയ്ത ഗാലറിയാണിത്. ടിക്കറ്റെടുത്ത് അകത്തു കടന്നു. ചില ശില്പങ്ങൾ രതിയുടെ കാമലീലകള്‍ നിറഞ്ഞൊഴുകുന്നതായി തോന്നി.

കാമം നിഴലിക്കുന്ന ഒരു സുന്ദരി ശില്‍പ്പം പ്രേമാര്‍ദ്രമായ മിഴികളോടെ വലുപ്പമേറിയ സ്തനങ്ങള്‍ കാട്ടി പുരുഷന്മാരെ മാടി വിളിക്കുന്നു. അടുത്തു നില്‍ക്കുന്ന യുവാക്കള്‍ നിറഞ്ഞു തുളുമ്പുന്ന ഉത്സാഹത്തോടെ വികാരനിര്‍ഭരരായിട്ടാണ് നോക്കുന്നത്. ചിലരുടെ നോട്ടം കണ്ടാല്‍ സ്വയം മറന്ന് തന്റെ ഹൃദയം ആ നഗ്നസുന്ദരിയില്‍ സമര്‍പ്പിച്ചു നില്‍ക്കുന്നതുപോലെയാണ്. പുരുഷന്മാരെ മാത്രമല്ല സ്ത്രികളുടെ മനസ്സിനെപ്പോലും ആകര്‍ഷിക്കുന്ന മനോഹര ശില്പങ്ങള്‍. ഇതുപോലുള്ള ശില്പചിത്രങ്ങളുടെ അന്തരാര്‍ത്ഥം ഗ്രഹിപ്പാന്‍ അറിവിന്റെ അഗാതതലങ്ങളിലേക്ക് പോകേണ്ടതില്ല.



ഏറ്റവും കൂടുതല്‍ യാത്രികരെ കണ്ടത് ”ഡേവിഡ്” എന്ന മനോഹര ശില്പത്തിന്റെ മുന്നിലാണ്. അതിന് ചുറ്റും മംഗളദീപങ്ങളായി പ്രകാശകിരണങ്ങലളെരിയുന്നു. ആ ശരീരകാന്തിയില്‍ എല്ലാം കണ്ണുകളും പ്രകാശമാനമാണ്. ചിറകുകള്‍ വിടര്‍ത്തി നില്‍ക്കുന്ന മയിലിനെപോലെ ദൃഷ്ടികളുറപ്പിച്ചു നില്‍ക്കുന്നവര്‍. പ്രത്യക്ഷത്തില്‍ ഒരു കലാപ്രതിഭയുടെ കയ്യൊപ്പ് ഇതില്‍ ജ്വലിച്ചു നില്‍ക്കുന്നു. മാര്‍ബിളില്‍ നിന്ന് കവര്‍ന്നെടുത്ത ആ ശില്പ സൗന്ദര്യത്തെ ഹൃദയംഗമായ ആനന്ദത്തോടെയാണ് ഞാന്‍ കണ്ടു നിന്നത്. ലോകത്തെ അപൂര്‍വ കാഴ്ചകളില്‍ ഒന്നാണിത്.

മൈക്കലാഞ്ജലോയുടെ ലോക ശ്രദ്ധ നേടിയ ‘അന്ത്യവിധി’ ഒപ്പം സിസ്റ്റയിന്‍ ചാപ്പലിലെ ‘സൃഷ്ടി’, നഗ്നനായി കുരിശില്‍ നിന്നിറക്കിയ യേശുവിനെ അമ്മയായ മറിയത്തിന്റെ മടിത്തട്ടില്‍ കിടത്തിയിരിക്കുന്ന ‘പിയറ്റ’ ശില്പം., തന്നെ വളരെ പീഡിപ്പിച്ച നഗ്നനായ ബൈഗോമിനോസ് കര്‍ദ്ദിനാളിന്റെ ശരീരമാകെ ഒരു പാമ്പ് ചുറ്റിവരിഞ്ഞു ജനനേന്ദ്രിയത്തില്‍ കടിക്കുമ്പോള്‍ കര്‍ദ്ദിനാള്‍ വേദനകൊണ്ട് പുളയുന്നതെല്ലാം സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലുണ്ട്കാ. യേശുവിന്റെ നാമത്തില്‍ അധികാരിവര്‍ഗ്ഗം നടത്തിക്കൊണ്ടിരിക്കുന്ന ആത്മീയ ജീര്‍ണ്ണതകളെ ഓരോ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. കലാസാഹിത്യ ശാസ്ത്രം മുന്‍കാലങ്ങളില്‍ സമൂഹത്തില്‍ നിന്ന് ഒളിച്ചോടാതെ ജനങ്ങളുടെ മുന്നിൽ വെളിപ്പെടുത്തിയത് ഇങ്ങനെയാണ്. ഇന്നും ഈ വര്‍ണ്ണഭാവ ശില്പ ചിത്രങ്ങളുടെ തിളക്കം കലയുടെ മായാ പ്രപഞ്ചത്തില്‍ പ്രകാശം പരത്തുന്നു. ഇതുപോലുള്ള കലാ-സാഹിത്യ സൃഷ്ടികളാണ് വികസിത രാജ്യങ്ങളെ സമ്പല്‍ സമര്‍ദ്ധിയിലേക്ക് നയിച്ചത്. ഈ മഹാപ്രതിഭകള്‍ ആര്‍ക്കും അടിമകളായിരുന്നില്ല. ഇന്നുവരെ മൈക്കലാഞ്ജലോയുടെ കൈയൊപ്പ് ചാര്‍ത്തിയ ശില്പ-ചിത്ര ചാതുര്യം അല്ലെങ്കില്‍ രഹസ്യം അടിമുടി അപഗ്രഥിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.



ഡെല്‍ അക്കാദമിയ ഗാലറിയിലെ ഓരോ സൃഷ്ടികളും സൂര്യതേജസ്സുപോലെ നിലകൊള്ളുന്നു. എല്ലാവരുടെയും ശ്രദ്ധകേന്ദ്രം മൈക്കലാഞ്ജലോ തീര്‍ത്ത നഗ്ന മാര്‍ബിള്‍ പ്രതിമ ഡേവിഡിലാണ്. പ്രതിമക്ക് ചുറ്റും ആളുകള്‍ നിറഞ്ഞുനില്‍ക്കുന്നു. ഞാനും കണ്‍കുളിര്‍ക്കെ കണ്ടുനിന്നു. 1784 ലാണ് ഈ ആര്‍ട്ട് മ്യൂസിയം തുടങ്ങിയത്. മൈക്കിളിന്റെ ഏറ്റവും കൂടുതല്‍ മാര്‍ബിള്‍ ശില്പങ്ങള്‍ ഇതിനുള്ളിലാണ്. അദ്ദേഹത്തിന്റെ മാത്രമല്ല പ്രമുഖ ചിത്രകാരന്മാരുടെ, ശില്പികളുടെ നാല്പതിലധികം പ്രശസ്ത ശില്പ- ചിത്രങ്ങൾ ഇവിടെയുണ്ട്. മറ്റൊരു പ്രത്യേകത പുരാതനങ്ങളായ വാദ്യോപകരണങ്ങളുടെ ഒരു പ്രദര്‍ശന ശാല കൂടിയാണിത്. മുത്തും പവിഴവും ഇതിനുള്ളില്‍ കാണാനില്ലെങ്കിലും അത്യധികം സൗന്ദര്യം പൂണ്ടു നില്ക്കുന്ന മനോഹര ശില്പങ്ങളും ചിത്രങ്ങളും പവിഴത്തെക്കാള്‍ പ്രകാശിച്ചു നില്ക്കുന്നു.



പുറത്ത് വന്നപ്പോള്‍ നല്ല വിശപ്പു അനുഭവപ്പെട്ടു. മുന്നോട്ട് കുറെ നടന്നു. റോഡരികില്‍ ഒരു റസ്റ്ററന്റ് കണ്ടു. ഫുക്കോ മറ്റോ എന്നാണ് പേര്‍. അതിനടുത്തായി സുവനീര്‍ തുണികടകളുണ്ട്. ഇറ്റാലിയന്‍ ഭക്ഷണമാണ്. നമ്മുടെ പച്ചിലക്കറികളെക്കാള്‍ ഇലകളാണ് കൂടുതലും. ചോറിന്റെ രൂപത്തില്‍ എന്തൊക്കെയോ അലംകൃതമായി വച്ചിരിക്കുന്നു. വലിയ ഉരുളന്‍ കിഴങ്ങ് പുഴുങ്ങിയതുണ്ട്. ഭക്ഷണത്തിന് ഇത്രനിറം കൊടുക്കുന്നത് ആദ്യമായി കാണുകയാണ്. ഒരു മടുപ്പോടെ കഴിച്ചു തുടങ്ങി. വിചാരിച്ചതുപോലെയല്ല. നല്ല സ്വാദുള്ള ഭക്ഷണമാണ്. ഭക്ഷണം കഴിച്ചിട്ട് പുറത്തിറങ്ങി നടന്നു. മുന്നിലൂടെ പോയ കുതിര വണ്ടിക്കാരനെ വിളിച്ചു നിറുത്തി. സുന്ദരിയായൊരു പെൺകുതിര. അതില്‍ കയറി ഫ്‌ളോന്‍സിലെ കത്തീഡ്രലായ സാന്താ മാറിയ ഡെല്‍ഫിയോറിലെത്തി. ഇത് ലോകത്തെ നാലാമത്തെ കത്തീഡ്രലാണ്. ലോകത്തെ ഏറ്റവും വലിയ ദേവാലയം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയാണ്. ഇറ്റാലിയന്‍ ഗോഥിക്ക് മാതൃകയില്‍ തീര്‍ത്തിരിക്കുന്ന അതി മനോഹര ദേവാലയ൦. എവിടെയും ജനതിരക്കാണ്. ടാക്‌സിയില്‍ വന്നിറങ്ങുവരുമുണ്ട്. ക്യൂവില്‍ നിന്ന് എയര്‍ പോര്‍ട്ടിലേതുപോലെ എല്ലാം ബാഗുകളും തുറന്ന് പരിശോധിച്ചിട്ടാണ് അകത്തേക്ക് കയറ്റിവിടുന്നത്. ഫോട്ടോയെടുക്കാന്‍ അനുമതിയില്ല. ടിക്കറ്റില്ലാത്തത് ആശ്വാസമായി. എന്നാല്‍ ഇവിടുത്തെ മ്യൂസിയം ഡല്‍ഡുമ്മോയില്‍ കയറാന്‍ ടിക്കറ്റെടുക്കണം. ദേവാലയമാകെ മയില്‍പ്പീലി വര്‍ണ്ണങ്ങള്‍ പോലെ ശോഭിച്ച് നിൽക്കുന്നു. ഇവിടുത്തെ ചിത്ര ശില്പങ്ങൾ നഗ്നരും സുന്ദരികളുമായ മാലാഖമാര്‍, ഗബ്രിയേല്‍ ദൂതന്മാര്‍, വിശുദ്ധന്മാര്‍, യേശുവിന്റെ ശിഷ്യന്മാര്‍, വിശുദ്ധ കന്യാമറിയം, ആകാശവും ഭൂമിയുമടങ്ങുന്ന ഒരു സുന്ദര ലോകമാണ്. ദേവാലയത്തിനകം വെള്ളിമേഘങ്ങളുടെ ചാരുതയാണ്. മാത്രമല്ല നടന്നുപോകുന്ന മൊസൈക്കിലും ആ സൗന്ദര്യാനുഭൂതി കാണുന്നുണ്ട്.

ഇതിനുള്ളിലെ ഓരോ നിര്‍മ്മിതികള്‍ക്കും ചൈതന്യം മാത്രമല്ല ജീവന്റെ തുടിപ്പുകളുമുണ്ട്. ശ്രദ്ധപൂര്‍വ്വം ഓരോ ചിത്രത്തിലേക്ക് ഗാഢമായി നോക്കി നിന്നു. മനുഷ്യമനസ്സിലെ ജീര്‍ണ്ണതകള്‍ മാറ്റിയെടുക്കാന്‍ ഓരോ ചിത്രങ്ങളും അറിയിക്കുന്നു. സെപ്തംബര്‍ 8, 1296 ലാണ് ഇതിന്റെ നിര്‍മ്മിതി നടന്നത്. ഇതിന് മുന്‍പ് ഇവിടെയുണ്ടായിരുന്നത് സാന്ത റിപാര്‍ട്ട് ദേവാലയമായിരുന്നു. ഇതിനുള്ളിലെ മകുടങ്ങള്‍ ലോക പ്രശസ്തമാണ്. കത്തിഡ്രല്‍ സ്‌ക്വയര്‍, പിയാസ ഡല്‍ഡുമോ, ജീയോറ്റിസ് കംമ്പാനിലി ഇതെല്ലാം യുനെസ്‌ക്കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ സ്ഥലങ്ങളാണ്. പുറത്തിറങ്ങി നടന്നു. നല്ല ദാഹമുണ്ട്. വെള്ളം വാങ്ങാനായി മുന്നോട്ട് നടന്നപ്പോള്‍ ഒരു ബോര്‍ഡ് കണ്ടു. ആര്‍.കെ.ഡി. കൂമാര്‍ രാജേന്ദര്‍. ഹിന്ദിക്കാരന്റെ ചെറിയൊരു സൂപ്പര്‍ മാര്‍ക്കറ്റ്. ഇംഗ്ലീഷില്‍ തുടങ്ങി ഹിന്ദിയില്‍ സംസാരിച്ചു നിര്‍ത്തിയപ്പോള്‍ സ്വന്തം രാജ്യക്കാരനെ കണ്ടുമുട്ടിയ സന്തോഷമായിരുന്നു.

അടുത്ത ദിവസം പോയത് യുഫിസി ഗാലറിയിലേക്കാണ്. ഇറ്റലിയിലെ മാത്രമല്ല ലോകോത്തര ഗാലറികളിന്നൊണിത്. അതിനാല്‍ സഞ്ചാരികളുടെ ഒഴുക്കും കൂടുതലാണ്. അകത്ത് കയറിയാല്‍ നമ്മള്‍ മറ്റൊരു ലോകത്തെത്തിയ പ്രതീതിയാണ്. നീണ്ടുകിടക്കുന്ന വരാന്തയുടെ മറ്റൊരു ഭാഗത്തായി സൂര്യകാന്തകല്ലുപോലെ തിളങ്ങുന്ന നഗ്നരായ സ്ത്രിപുരുഷന്മാരുടെ മാര്‍ബിള്‍ പ്രതിമകള്‍ ആരിലും ആശ്ചര്യം ജനിപ്പിക്കു൦. ഫ്‌ളോറന്‍സ് ഭരിച്ചിരുന്ന ഡ്യൂക്ക് ഫ്രാന്‍സിക്കോ ഒന്നമനാണ് 1580-81 കാലയളവില്‍ ഇത് നിര്‍മ്മിച്ചത്. ഇതിനുള്ളിലെ ഓരോ ശില്പങ്ങളും ചിത്രങ്ങളും, യുദ്ധങ്ങളും, മെഡിസി കുടുംബത്തിന്റെ ചരിത്രങ്ങള്‍ പറയുക മാത്രമല്ല ഇറ്റലിയടക്കമുള്ള ധാരാളം ലോകരാജ്യങ്ങളുടെ ചരിത്രശില്പങ്ങളുമുണ്ട്. 1600 ലധികം ചരിത്ര കലാനിര്‍മ്മിതികള്‍ ഇവിടെയുണ്ട്. മെഡിസി കുടുംബത്തിന്റെ സ്മരണക്കായി അവസാനത്തെ മെഡിസി ഭരണാധികാരിയും സുന്ദരിയുമായിരുന്ന അന്ന മറിയ ലൂസിയയുടെ മനോഹര ശില്പം ആരിലും അനുരാഗമുണര്‍ത്തുന്നു. മൂന്ന് നിലകളില്‍ വ്യാപിച്ചു കിടക്കുന്ന കലാസൃഷ്ടികളുടെ സമ്പത്ത് സമൃദ്ധി കണ്ടാല്‍ പൂര്‍വ്വജന്മ സംഭവങ്ങള്‍ മുന്നില്‍ തെളിഞ്ഞു വരും. അടുത്ത ദിവസത്തെ യാത്ര പിസയിലേക്കായിരുന്നു.

ഫ്‌ളോറന്‍സിലെ സാന്താമറിയ റയില്‍വേ സ്റ്റേഷനില്‍ നിന്ന് പിസ സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് ട്രന്‍ ഇറ്റാല ട്രയിനില്‍ ഒരു മണികൂര്‍ ദൂരമോടിയെത്തി. അവിടുത്തെ കോസി അപ്പാര്‍ട്ട്‌മെന്റിലാണ് താമസം. ട്രയിനില്‍ നിന്നിറങ്ങി അതിനുള്ളിലെ മക്‌ഡൊണാള്‍ഡ് ഭോജന ശാലയില്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ കയറി. അവിടെ കയറാനുള്ള പ്രധാനകാരണം മൂത്രശങ്ക വര്‍ദ്ധിച്ചതാണ്. സാധാരണ എയര്‍ പോര്‍ട്ട് റയില്‍വേ സ്റ്റേഷനിലെ ടൊയിലറ്റില്‍ പോകുന്നതിന് പണമാരും വാങ്ങാറില്ല. ഇവിടെ ഒരു യൂറോ കൊടുക്കാതെ ടൊയിലറ്റ് ഉപയോഗിക്കാന്‍ സാദ്ധ്യമല്ല. ഭക്ഷണം കഴിക്കാന്‍ കയറുന്നവരോട് കാട്ടുന്നത് അനീതിയായി തോന്നി. ഭക്ഷണം കഴിക്കാതെ മൂത്രശങ്കമാറ്റിയിട്ട് അവിടെ നിന്നും ഇറങ്ങി നടന്നു. പുറത്തിറങ്ങിയപ്പോള്‍ മുന്നില്‍ കണ്ടത് ഇവിടുത്തെ പ്രധാന ബസ്സ് സ്റ്റാന്‍ഡാണ്. താമസ്സ സ്ഥലത്തേക്ക് പോകുന്നതിനിടയില്‍ ഒരു റസ്റ്ററന്റില്‍ കയറി ഭക്ഷണം കഴിച്ചു. ഗൂഗിള്‍മാപ്പു നോക്കി താമസസ്ഥലത്തേക്ക് നടന്നു. വലിയൊരു നഗരത്തിന്റെ പ്രൗഡിയൊന്നുമില്ല. നടക്കുന്നതിനിടയില്‍ ആര്‍നോ നദിക്ക് മുകളിലൂടെ പ്രാവുകള്‍ പറക്കുന്നത് കണ്ടു. റോഡിലെങ്ങും കാറിനേക്കാള്‍ കൂടുതല്‍ സൈക്കിള്‍ സവാരിക്കാരാണ്. താമസസ്ഥലം കണ്ടെത്തി. ഹോട്ടല്‍ മുറികളെപോലെ എല്ലാം സൗകര്യങ്ങളുമുണ്ട്. കാപ്പിയിട്ട് കുടിക്കാനുള്ള സംവിധാനങ്ങളുമുണ്ട്.
അവിടെ നിന്ന് പത്ത് മിനിറ്റ് നടന്നപ്പോള്‍ പിസ ടവറിലെത്തി. പച്ചപ്പു നിറഞ്ഞ വലിയൊരു മൈതാനം. ലോകാത്ഭുതങ്ങളിലൊന്നായി ഈ ടവറിനെ ഇവിടുത്തുകാര്‍ വാഴ്ത്തിപ്പാടിയിരിന്നു. ഒരു സാധാരണ ടൗണിലെ ഏറ്റവും വലിയ ആകര്‍ഷണ കേന്ദ്രവും യുണസ്‌ക്കോയുടെ പൈതൃകപട്ടികയില്‍ ഇടം നേടിയ സ്ഥലം കൂടിയാണിത്. ധാരാളം മനുഷ്യര്‍ ഈ ആകാശഗോപുരത്തെ മുകളിലേക്ക് നോക്കി നില്‍ക്കുന്നു. എന്റെ അടുത്തുനിന്നവര്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഭര്‍ത്താവിന് ഇതിന്റെ മുകളില്‍ കയറണം. 300 ലധികം പടവുകള്‍ ചവുട്ടി കയറാന്‍ ഭാര്യക്ക് താല്പര്യമില്ല. മാത്രവുമല്ല ഉള്ളില്‍ ഭയവുമുണ്ട്. അതൊരു സത്യമാണ് അതിന്റെ ചരിവ് കണ്ടാല്‍ ആരിലും ഇത് നിലംപതിക്കുമോയെന്ന ഭയമുണ്ട്. നമ്മുടെ നാട്ടില്‍ ചില തെങ്ങുകള്‍ ഇങ്ങനെ ചരിഞ്ഞു നില്ക്കുന്നത് കണാറുണ്ട്. ആരിലും ആശ്ചര്യമുണ്ടാക്കുന്ന മാര്‍ബിള്‍ കല്ലുകളില്‍ കടഞ്ഞെടുത്ത ഒരു ഗംഭീരനിര്‍മ്മിതിയാണിത്.



എ.ഡി. 1173 ല്‍ തീര്‍ത്ത ഈ ടവറിന് 57 മീറ്റര്‍ ഉയരവും ഇതിന്റെ ചരിവ് 5.5 ഡിഗ്രിയുമാണ്. ഈ ചരിവിനെപ്പറ്റി പലവിധ നിഗമനങ്ങളുണ്ട്. ഇത് രണ്ട് പ്രാവശ്യം ചതുപ്പു നിലത്തില്‍ പുതുക്കി പണിതു. ഇതിന് ശാസ്തജ്ഞര്‍ നല്കുന്ന ഉത്തരം ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍ നിലനില്‍ക്കുന്ന ടവറാണ്. അതിനും അവര്‍ കണ്ടെത്തുന്ന ഒരു കാരണം 1280 ല്‍ നാല് പ്രാവശ്യം ഇവിടെ വലിയ ഭൂചലനമുണ്ടായി. അപ്പോഴൊന്നും ടവറിന് ഒരുകേടുപാടുമുണ്ടായില്ല. രണ്ടാം ലോകമഹായുദ്ധത്തില്‍ ഈ ടവറിന് ബോംബിടാന്‍ അമേരിക്ക തീരുമാനിച്ചെങ്കിലും ബ്രിട്ടന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അവര്‍ പിന്‍മാറി. ഈ ടവര്‍ നിര്‍മ്മിച്ചത് ബുദ്ധിജീവികളായ ഒന്നിലധികം ആര്‍ക്കിടെക്ടറ്റുകളാണ്. അവരില്‍ പ്രമുഖനാണ് ബോണാനോ പിസാനോ. പടവുകള്‍ കയറാന്‍ ടിക്കറ്റുമായി നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ തമിഴരുമുണ്ടെന്ന് സംസാരത്തിൽ മനസ്സിലായി. എല്ലാവരുടേയും ആശങ്ക ഒന്നു മാത്രമാണ്. മുകളില്‍ കയറണോ അതോ വേണ്ടയോ? സ്ത്രികള്‍ക്കാണ് ഭയമെന്ന് തോന്നി. ടവറില്‍ ഏഴുമണികളുണ്ട്. മനസ്സിലെ പ്രാര്‍ത്ഥന ഈ ആകാശഗോപുരം മണ്ണില്‍ നിലംപതിക്കാതെ സന്ദര്‍ശകര്‍ക്ക് ഹൃത്യമായ പുഞ്ചിരി നല്‍കി ഉയര്‍ന്നു നില്‍ക്കട്ടെ. ഇവിടെ തളിര്‍ത്തുനില്‍ക്കുന്ന പച്ചപ്പും പൂക്കളും കുളുര്‍ക്കാറ്റിലുലയട്ടെ. ഇതിന്റെ മുകളിലേക്ക് കയറാന്‍ മനസ്സ് വെമ്പല്‍ കൊള്ളുന്നെങ്കിലും ഉള്ളില്‍ മിന്നിമറയുന്നൊരു ഭയമുണ്ട്. അതിനാല്‍ അധിക ഉത്സാഹം കാണിച്ചില്ല. ആകാശത്ത് നിന്ന് സൂര്യന്‍ മേഘങ്ങളിലൂടെ ഊര്‍ന്നിറങ്ങി വന്നു.


Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px