ഡല്‍ഹിയിലെ ആ വലിയ ഹോസ്പിറ്റലിന്റെ നാലാം നിലയിലേക്ക് വിബിന്‍ തോമസ് എന്ന ചെറുപ്പക്കാരന്‍ ലിഫ്റ്റിന് കാത്തു നില്‍ക്കാതെ സ്റ്റെപ്പുകള്‍ കയറി. അവന്‍ പൊതുവെ അങ്ങനെയായിരുന്നു.ലിഫ്റ്റില്‍ ഇപ്പോഴും തിരക്കായിരിക്കും,രോഗികള്‍ ,ബന്ധുക്കള്‍ , സന്ദര്‍ശകര്‍ അങ്ങനെ.ഒരാള്‍ അതില്‍ കുറഞ്ഞാല്‍ അത്രയുമാകുമല്ലോ. അങ്ങനെ ചിന്തിക്കുന്ന ഒരാളായിരുന്നു അവന്‍.
ഡല്‍ഹി എന്ന മഹാ നഗരത്തിലെത്തിയിട്ട് ഇപ്പോള്‍ ഏഴുവര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.വെറും ആറായിരം രൂപ സാലറിയില്‍ കയറിയ തനിക്ക് ഇപ്പോള്‍ മുപ്പതിനായിരം കിട്ടുന്നു.ശരി തന്നെ, പക്ഷെ ജീവിതം കളര്‍ ആകുന്നില്ലെന്നവന് പലപ്പോഴും തോന്നിയിരുന്നു.
തന്റെ സെക്‌സഷനില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട ആളുകളില്‍ ഡൊമിനിക് അങ്കിളിനോട് പ്രേത്യേകകമായ അടുപ്പം തോന്നിയിരുന്നു. ഡല്‍ഹിയില്‍ തന്നെ ബിസിനസ് നടത്തുന്ന മലയാളിയാണ്.ഇത് പറയുമ്പോള്‍ നിങ്ങള്‍ സ്വാഭാവികമായും വിചാരിക്കും ഇദ്ദേഹം മലയാളിയായതുകൊണ്ടാണ് അങ്ങനെ വിചാരിക്കുന്നതെന്ന്.എന്നാല്‍ ഒരിക്കലുമല്ല. ഇവിടെ എത്രയോ പേര് വന്നിരിക്കുന്നു അഡ്മിറ്റ് ആകുന്നു. ഡെല്‍ഹിക്കാര്‍ , ഗുജറാത്തുകാര്‍, ബീഹാറികള്‍, ഇംഗ്ലീഷ്‌കാര്‍. നഴ്‌സുമാര്‍ അങ്ങനെയാണല്ലോ.അവിടെ ആളുകള്‍ക്ക് പ്രസക്തിയില്ലല്ലോ.ജാതി, മതം എന്നതല്ല.ആതുരാലയങ്ങളില്‍ മറ്റുള്ളവര്‍ക്കാശ്രയമായ മാലാഖാമാരാണവര്‍. അവര്‍ക്ക് ദേഷ്യം പാടില്ല, ദുഃഖങ്ങള്‍ പാടില്ല, ഏതു കഠിനമായ ജോലിയും പുഞ്ചിരിക്കുന്ന മുഖത്തോടെ പരാതിയില്ലാതെ മാത്രം ചെയ്തു തീര്‍ക്കുക.
ചിലപ്പോള്‍ അയാള്‍ ആലോചിക്കാറുണ്ട്.നഴ്‌സിംഗ് ട്യൂട്ടര്‍ ഹെഡ് -മിസ്സിസ് അനുരാധാ താക്കൂര്‍ പറഞ്ഞത്, ” നിങ്ങള്‍ക്ക് എന്ത് ദേഷ്യവും സങ്കടവും,ഉണ്ടെങ്കിലും അതൊക്കെ രോഗികളുടെ അടുത്തെത്തുമ്പോള്‍ ഉപേക്ഷിച്ചു ചിരിച്ച മുഖത്തോടെയായിരിക്കണം അവരെ സമീപിക്കേണ്ടതെന്ന്.അതാണ് അവരുടെ ആശ്വാസം.ലോകത്തില്‍ ദൈവം കഴിഞ്ഞാല്‍ അവശരായവര്‍ക്കു, അവരുടെ ബന്ധുക്കള്‍ക്ക് ഒക്കെ ആകെ ആശ്വാസം നല്‍കുന്ന ദൈവത്തിന്റെ പ്രതിനിധികകളാണ് നിങ്ങളെന്നും”-.
നഴ്സായ പെണ്ണുങ്ങളെ ‘മാലാഖമാര്‍’ എന്ന് പറയുന്നു.അപ്പോള്‍ ആണുങ്ങളെയോ ‘മാലാഖന്മാരെ’ന്നോ…? അവന് ചിരി വന്നു.
അവന്‍ തന്റെ ഡ്യൂട്ടി റൂമിലെത്തിക്കഴിഞ്ഞിരുന്നു.പതിനേഴു പേരാണ് അഡ്മിറ്റ് ചെയ്തവര്‍ ആകെ തന്റെ സെക്ഷനില്‍ ഉള്ളത്.അവരുടെ ട്രീറ്റ്‌മെന്റ് ചാര്‍ട്ട് ഫില്‍ ചെയ്യണം അതുകഴിഞ്ഞാണ് ഒ.പി. ഡോക്ടര്‍ ശര്‍മ്മാജി റൗണ്ട്‌സിന് ശേഷമാണ് ഓ.പി യിലേക്ക് പോകുന്നത്.പിന്നെ തിരക്കോടു തിരക്കാണ്.
അയാള്‍ ഐ സി യു വി ലുള്ള ഡൊമിനിക് അങ്കിളിന്റെ അടുത്തെത്തി.സ്ഥിതി പഴയതുപോലെ തന്നെ.വലിയ മാറ്റമൊന്നും കാണുന്നില്ല. ഡോക്ടര്‍ ശര്‍മ്മാജി വരണം ഇനി അടുത്തതെന്തെന്ന് തീരുമാനിക്കാന്‍. ചെറിയ ചെസ്‌ററ് പെയിന്‍ ആയിട്ട് വന്നതാണ് ഡൊമിനിക് ഫ്രാന്‍സിസ്. ഡയഗ്‌നോസിസ് ചെയ്തപ്പോള്‍ എം ഐ. സ്റ്റന്‍ഡിങ് ആവശ്യം.പിന്നെ കുറഞ്ഞപ്പോള്‍ തിരികെ വീട്ടിലേക്ക് പോയതാണ് വീണ്ടും പ്രശ്‌നങ്ങള്‍….അപ്പോഴാണല്ലോ വെന്റിലേറ്ററിലേക്ക് മാറ്റിയത്.
പുറത്ത് അദ്ദേഹത്തിന്റെ ഏക മകള്‍ നില്‍ക്കുന്നുണ്ടായിരുന്നു.
നാന്‍സിയെ ആദ്യം കണ്ടപ്പോഴേ അവന് അവളെ അടുത്ത് പരിചയമുള്ളതുപോലെ ഒരു ആത്മ ബന്ധം തോന്നിയിരുന്നു.
അവളുടെ അഴകുള്ള കണ്ണുകള്‍ ആദ്യ ദര്‍ശനത്തില്‍ തന്നെ അവനെ അവളിലേക്കാകാര്‍ഷിച്ചിരുന്നു . എന്നോ അവള്‍ തന്റെ ആരോ ആയിരുന്നു എന്ന് മനസ്സ് പറയുന്നതുപോലെ.അവളുടെ നോട്ടം , വിബിന്റെ ഹൃയത്തിലെവിടെയോ വലിയ ചലങ്ങള്‍ സൃഷ്ട്ടിച്ചു കൊണ്ടിരുന്നു.നഴ്‌സിങ്ങിന് പഠിച്ചു കൊണ്ടിരുന്നപ്പോഴും ഈ വലിയ ഹോസ്പിറ്റലിലും എത്രയോ പെണ്‍കുട്ടികളെ കണ്ടിരിക്കുന്നു .പക്ഷെ, നാന്‍സി ആദ്യ നോട്ടത്തില്‍ തന്നെ അവന്റെ ഹൃദയാഴങ്ങളില്‍ ചേക്കേറിക്കഴിഞ്ഞിരിക്കുന്നു. ദൃഢമായൊരു ബന്ധത്തിന്റെ തുടക്കം എന്ന് വേണമെങ്കില്‍ പറയാമായിരുന്നു അതിനെ.
അവളുടെ കണ്ണുകളില്‍ ശാന്തമായൊരു കടല്‍ അവന്‍ കണ്ടു.
ഓരോ ദിവസവും ആ വലിയ ഹോസ്പിറ്റലിന്റെ വരാന്തകളില്‍ , കോഫി ഷോപ്പില്‍ ആളൊഴിഞ്ഞ ഡല്‍ഹിയിലെ പാര്‍ക്കുകളില്‍ അവളോടൊപ്പം കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുമ്പോള്‍ അവന്റെ സ്വപ്നങ്ങള്‍ക്ക് ഒരുപാട് നിറം പിടിക്കുകയായിരുന്നു.
അവളെ എന്തൊക്കെയോ വിഷമതകള്‍ അലട്ടുന്നതുപോലെ അവന് തോന്നിയിരുന്നു.പരിചയപ്പെട്ട ഇന്നോളം അവരവരുടെ സ്വകാര്യവിഷയങ്ങള്‍ അവര്‍ ഒരിക്കലും സംസാരിച്ചിരുന്നില്ല എന്നവന്‍ അത്ഭുതത്തോടെ ഓര്‍ത്തു.ഒരു പക്ഷെ, അതായിരിക്കണം ഇടവേളയിലെ സമാധാനത്തിന്റെ അവരുടെ രഹസ്യവും എന്നവന്‍ കരുതി.
ഡ്യൂട്ടി കഴിഞ്ഞു മടങ്ങുമ്പോഴാണ് മഴ തുടങ്ങിയത്.കനത്ത മഴ.
ഡല്‍ഹിയെ കുളിപ്പിക്കുന്ന കിളിര്‍പ്പിക്കുന്ന മഴ.ഈ മഴയില്‍ ഡല്‍ഹിയിലെ ചാലുകളിലെ അഴുക്കുകള്‍ പൂര്‍ണ്ണമായും ഇല്ലാതാകുമെന്നവന്‍ മോഹിച്ചു. ആ മഴ നനഞ്ഞതുകൊണ്ട് ജോബിന് അന്നേദിവസം പനി പിടിച്ചു.കടുത്ത പനി. സുഖമില്ലാതെ മൂടിപ്പുതച്ചു കിടന്ന അന്നും കനത്ത മഴയായിരുന്നു. നാന്‍സി വിളിച്ചു.അവന്‍ പറഞ്ഞു ചെറിയൊരു പനിയാണെന്നു മാത്രം. അവളെ ഇതും കൂടിപറഞ്ഞു വിഷമിപ്പിക്കാന്‍ മനസ്സനുവദിച്ചിരുന്നില്ല.
പൊള്ളുന്ന ആത്മാവുകള്‍ക്ക് തണുവേകുന്ന മഴ. ഇടയ്ക്ക് തുറന്നിട്ട ജനാലയിലേക്ക് വീശുന്ന കനത്ത കാറ്റില്‍ തണുത്ത മഴത്തുള്ളികള്‍ വിബിന്റെ ശരീരത്തിലേക്ക് പതിച്ചു.അപ്പോള്‍ ഉണ്ടാകുന്ന കുളിര്. ‘മഴജ്വരം’ അവന് അമൃത് പോലെയാണ്. പ്രണയം പോലെ സുഖമുള്ളത് .
ആ മഴപ്പനി അവന് ഒരിക്കലും മടുക്കാത്ത , ഭ്രമിപ്പിക്കുന്ന ഒരുതരം ഭ്രാന്തമായ ആവേശമായിരുന്നു. കുളിരുന്ന തണുപ്പില്‍ ദേഹം മുഴുവന്‍ കമ്പിളി മൂടിപ്പുതച്ചു പുറത്തെ മഴയുടെ ഇരമ്പല്‍ ആസ്വദിച്ച് ,ചൂട് കട്ടന്‍ കാപ്പി ഇടയ്ക്കിടെ ഊതിക്കുടിച്ചു , ലക്ക് കെട്ടുറങ്ങുന്ന ഉന്മാദം പൂണ്ട പനി. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് , ബഹളങ്ങളില്ലാതെ -സമാധാനമായി,ഒരിക്കലും നടക്കാനിടയില്ലാത്ത സ്വപ്നങ്ങളിലൂടെ ഒന്നും ആലോചിക്കാതെ ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ, അസ്വസ്ഥതകളുടെ ദുര്‍ ചിന്തകള്‍ പാടെ ഉപേക്ഷിച്ചു, ആകാശത്തിലെ വെള്ളിമേഘങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കുമിടയിലൂടെയുള്ളൊരു യാത്ര.
നാട്ടിലാണെങ്കില്‍ കാലവര്‍ഷത്തില്‍ പെയ്യുന്ന മഴയാണ് അവന് ഏറ്റവും ഇഷ്ട്ടം. ചെറുതായും പിന്നെ ഇടയ്ക്ക് നിശബ്ദമായും ക്രമേണ ശക്തിപ്രാപിച്ചു ആരവത്തോടെ കനത്തു പെയ്യുന്ന മഴ…ചാറ്റല്‍ മഴ… ഇടവിട്ട് പെയ്യുന്ന മഴ…. എത്ര തരം മഴ തന്നെയുണ്ട്. അവന്‍ ആലോചിച്ചു.
പൂഴിമണ്ണുകള്‍ ആകാശത്തിന്റെ അനന്തതയിലേക്ക് ഊളിയിട്ടുയരും അപ്പോള്‍ , ആ ആവിയില്‍ അവനും ഉയരങ്ങളിലേക്ക് പറന്നുയരുവാന്‍ കൊതിച്ചു.കണ്ണിന് കനം വെക്കുന്നു.വീണ്ടും ആകാശത്തിലേക്ക് അയാള്‍ പൊങ്ങിപ്പറന്നു.മുന്‍പില്‍ കുതിക്കുന്ന ചെറിയ പക്ഷിയെക്കാള്‍ ഉയരത്തിലെത്താന്‍ അയാള്‍ ആവേശത്തോടെ പറന്നു. നാന്‍സിക്കപ്പോള്‍ തൂവെള്ള ചിറകുകളായിരുന്നു.കണ്ണിന് ഭാരം കുറഞ്ഞു വരുന്നു.വിബിന്‍ കണ്ണുകള്‍ തുറന്നു.മഴ തല്‍ക്കാലത്തേക്ക് ഒന്ന് ശമിച്ചെന്നു തോന്നുന്നു.അയാള്‍ ജനാല വലിച്ചടച്ചു.
ഫ്‌ളാറ്റിലെ തന്റെ റൂമിലെ തട്ട് കേട്ട് അവന്‍ ബദ്ധപ്പെട്ടെഴുന്നേറ്റ് വാതില്‍ തുറന്നു. മുന്‍പില്‍ നാന്‍സി…!
അവള്‍ അടുത്ത് വന്നിരുന്നു അവന്റെ മുടിയിഴകളില്‍ തഴുകി.അവന്‍ എല്ലാം മറന്നു കണ്ണ്കളടച്ചു. അമ്മ ചെറുപ്പത്തില്‍ വന്നടുത്തിരിക്കും പോലെ. നാന്‍സി പെട്ടെന്ന് കിച്ചണിലേക്കു കയറി..ഇന്നലെ മുതല്‍ അവന്‍ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. അവള്‍ കഞ്ഞിയുണ്ടാക്കി.അവനെ നിര്‍ബന്ധിച്ചു കഴിപ്പിച്ചു.അവള്‍ പോകാന്‍ നേരം അവന്റെ കണ്ണുകള്‍ നിറഞ്ഞു. ഹൃദയത്തിന്റെ അറകളിലെവിടെയോ ഒരു വിങ്ങല്‍.
കാന്റീനില്‍ നാന്‍സിക്കൊപ്പമിരുന്ന് ഒരു കോഫികുടിക്കുമ്പോഴാണ് നഴ്‌സ് രേഖയുടെ കാള്‍ വന്നത് . സ്റ്റന്‍ഡിങ് ഇട്ടിരിക്കുന്ന ഡൊമിനിക് അങ്കിളിന്റെ ഹൃദയമിടിപ്പിന്റെ വേഗത വളരെ നേര്‍ത്തുവരുന്നു എന്ന്. കുടിച്ചു കൊണ്ടിരുന്ന കോഫി അവിടെ ഉപേക്ഷിച്ചു വേഗം മുകളിലേക്ക്. ലിഫ്റ്റ് കയറുമ്പോള്‍ നാന്‍സി എന്തൊക്കെയോ അവനോട് ചോദിക്കുന്നുണ്ടായിരുന്നു. പക്ഷെ , അവനതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല.ഡോക്ടര്‍ ശര്‍മ്മയെ അറിയിച്ചു .വീണ്ടും അടുത്ത ഘട്ടം ട്രീറ്റ്‌മെന്റ്.., വെന്റിലേറ്റര്‍. നാള്‍ക്കുനാള്‍ ഓരോ ദിവസവും ബില്‍ തുക വര്‍ധിച്ചു കൊണ്ടിരുന്നു.നാന്‍സിയുടെ ഓരോ ആഭരണങ്ങള്‍ ഓരോ ദിവസമായി അവളില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് വിബിന്‍ കണ്ടു. അവന് കടുത്ത വിഷമം .അവന്‍ ഡോക്ടറെക്കണ്ടു കാര്യം പറഞ്ഞു അക്കൗണ്ട്‌സ് അഡ്മിനിസ്ട്രേറ്ററേയെയും… കുറച്ചു ഡിസ്‌കൗണ്ട് ഒക്കെ ചെയ്തു കൊടുത്തെങ്കിലും അത് കൊണ്ടൊന്നും ബില്‍ തുകയുടെ ഏഴയലോക്കത്തുപോലും പോലും എത്തില്ലല്ലോ.കഴിഞ്ഞ തവണ നാന്‍സിയും അങ്കിളും താമസിച്ചിരുന്ന ഫ്‌ലാറ്റ് ഏതോ മാര്‍വാടിക്ക് കിട്ടിയ വിലക്ക് വിറ്റിരുന്ന കാര്യം അവനോടിടക്ക് പറഞ്ഞിരുന്നു…അവള്‍ക്ക് അവളുടെ പപ്പയെ എങ്ങെയെങ്കിലും തിരിച്ചു വേണമെന്നും. ആ വലിയ കണ്ണുകളില്‍ കളങ്ക രഹിതമായ യാചനയുടെ ഒരു ഭാവം അയാള്‍ കണ്ടു.
പ്രോപ്പര്‍ട്ടി വിറ്റ് കിട്ടിയ തുക മുഴുവനും തീര്‍ന്നത് കൊണ്ടായിരിക്കുമല്ലോ അവളുടെ കയ്യിലും കഴുത്തിലുമുണ്ടണ്ടായിരുന്ന സ്വര്‍ണ്ണാഭരങ്ങള്‍ ഒന്നൊന്നായി അപ്രത്യക്ഷമായിക്കൊണ്ടിരുന്നത്.
ഡോക്ടര്‍ ശര്‍മ്മയാണ് ഒരു ദിവസം അവനോട് പറഞ്ഞത്.
ഇനി നോക്കിയിട്ടു ഒരു കാര്യവുമില്ലെന്ന്. ” No way, my dear osn, all opportunities have passed. Don’t hold on like this. That’s why it’s better to choose another option-you understand, right what I mean…? I think that is the Beter option…” ഡോക്ടര്‍ ശര്‍മ്മ നടന്നകന്നു. ഒരു നിമിഷം തരിച്ചു നിന്നെങ്കിലും അവന് ഡോക്ടര്‍ ശര്‍മ്മ പറഞ്ഞത് ശരിയാണെന്നു തോന്നി.ഒരു പക്ഷെ , നാന്‍സിയോട് ചെയ്യുന്ന ഏറ്റവും നല്ല ഒരു കാര്യവുമായിരിക്കുമെന്നവന് തോന്നി.
അവന്‍ അകത്തേക്ക് നടന്നു .ഡൊമിനിക് അങ്കിളിന്റെ അരികിലെത്തി ജീവന്റെ ഒരു ചെറിയ തുടിപ്പ് മാത്രം. പുറത്ത് കനത്ത മഴ.ചീറിയടിക്കുന്ന കാറ്റും.
അയാള്‍ മനസ്സുരുകി പ്രാത്ഥിച്ചു .കുറേനാള്‍ കൂടി ഇങ്ങനെ ഹോസ്പിറ്റല്‍ ചിലവുകള്‍ വഹിക്കാമെന്നല്ലാതെ. ക്ഷമിക്കേണമേ..അവന്റെ കൈകള്‍ എന്തെന്നില്ലാത്ത ചെറുതായി വിറച്ചു.ശ്വാസഗതിയും അല്‍പ്പം വര്‍ധിച്ചു. അങ്കിളിന്റെ കാല്‍ തൊട്ടു ക്ഷമ യാചിച്ചു. പിന്നെ പതിയെ വെന്റിലേറ്റര്‍ ‘വിന്‍ -ഓഫ്”- ചെയ്തു.തൂവെള്ള വിരി കൊണ്ട് അങ്കിളിന്റെ മുഖം മൂടി.അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
നാന്‍സി പുറത്തു കാണും ഇതൊന്നുമറിയാതെ.
അവന്‍ മുഖം കഴുകി .നേഴ്‌സ് കരയാന്‍ പാടില്ലല്ലോ .അങ്കിള്‍ ഇനിയില്ലെന്ന വിവരം നാന്‍സിയെ അറിയിക്കണമെന്ന ജോലി കൂടി ഡോക്ടര്‍ ശര്‍മ്മ തന്നില്‍ ഏല്പിച്ചിരിക്കുകയാണല്ലോ. ഇനി അടുത്തത് ഡെത്ത് പ്രൊസീജിയര്‍ ആണ്. പുറത്തു നാന്‍സി ഉണ്ടായിരുന്നില്ല
അവളെ വിളിച്ചെങ്കിലും കാള്‍ അറ്റന്‍ഡ് ചെയ്തിരുന്നില്ല.സാരമില്ല സമയമുണ്ട്.ഇപ്പോള്‍ വൈകുന്നേരമായിരിക്കുന്നു. പ്രൊസീജിയര്‍ കഴിഞ്ഞു ബോഡി കൊടുക്കണമെങ്കില്‍ എന്തായാലും നാളെ പകലാകുമല്ലോ.അവന്‍, ഭാരമേറിയ മനസുമായി വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോള്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു… അതിന് കഴിഞ്ഞിരുന്നില്ലെങ്കിലും.
രാവിലെതന്നെ അവളെ വിളിച്ചു വരുത്തണം .എല്ലാറ്റിനും അവള്‍ക്ക് ഒരു താങ്ങും തണലുമായി എന്നുമുണ്ടാവണം .പാവം ..ഇനി അവള്‍ക്കാരുണ്ട്..?ഒരുതരത്തില്‍ നേരം വെളുപ്പിച്ചു ഹോസ്പിറ്റലില്‍ എത്തിയപ്പോഴേക്കും കാര്യങ്ങള്‍ അകെ കുഴഞ്ഞു മറിഞ്ഞിരുന്നു. നാന്‍സിയുടെ അകന്ന ബന്ധത്തിലുള്ള ഒരാള്‍ വന്നിരുന്നു.ഡോക്ടര്‍ ശര്‍മ്മയെ നേരിട്ട് കണ്ടിരുന്നു.മരണ വിവരം അദ്ദേഹത്തിന് അവരെ അറിയിക്കേണ്ടി വന്നു. നൈറ്റ് ടീം പ്രൊസീജിയര്‍ പൂര്‍ത്തിയാക്കിയിരുന്നു.
അവന്‍ ചെല്ലുമ്പോള്‍ ആംബുലന്‍സ് റെഡി ആയിരുന്നു.അങ്കിളിന്റെ ശരീരം ആംബുലന്‍സിലേക്ക് കയറ്റുകയായിരുന്നുരുന്നു.വിബിന്‍, ശരിക്കും തളര്‍ന്നു പോയിരുന്നു. ഒരു കുറ്റബോധം അവനെ പിടികൂടിയിരുന്നു. ബന്ധുവിനൊപ്പം ആംബുലന്‍സിലേക്ക് കയറിയ നാന്‍സിയുടെ കരഞ്ഞു കണ്ണുനീര്‍ വറ്റിയ കണ്ണുകള്‍.വിബിന് അവളെ ആലിംഗനം ചെയ്തു ആശ്വസിപ്പിക്കാനും കൂടെയുണ്ട് ഇപ്പോഴും എന്നുപറയാനും മനസ്സ് വെമ്പി. അവന്റെ കണ്ണുകളില്‍ നിന്നും നെഞ്ചുപിടഞ്ഞ സങ്കടകടല്‍ ഒഴുകിവന്നു കൊണ്ടിരുന്നു അവന്റെ ഉള്ളം നീറിപ്പുകഞ്ഞു. പൊടുന്നനെ അവന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.ഒരു പേഷ്യന്റിന്റെ നില ക്രിട്ടിക്കല്‍ ആണെന്ന്. ‘അനുരാധാ താക്കൂറിന്റെ ‘- വാക്കുകള്‍ അവന്റെ മനസിയിലേക്കോടിയെത്തി. അതെ,
‘നേഴ്‌സ് ഒരിക്കലും കരയാനോ സങ്കടപ്പെടാനോ പാടില്ലല്ലോ..’-
അവന്റെ സ്വകാര്യ ദുഃഖങ്ങള്‍ ഒരു നിമിഷം കൊണ്ടവന്‍ ഒരു നീര്‍കുമിളയുടെ ആയുസ്സുപോലെ തകര്‍ത്തെറിഞ്ഞു പിന്നെ മുകളിലത്തേ നിലയിലേക്ക് വേഗം ഓടിക്കയറിക്കൊണ്ടിരുന്നു.സ്വയം പുഞ്ചിരിക്കാന്‍ ശ്രമിച്ചു. ആംബുലന്‍സ് ഗേറ്റ് കടന്ന് പുറത്തേക്കും….
അപ്പോഴും പുറത്ത് മഴ തകര്‍ത്തു പെയ്യുകയായിരുന്നു…!












