ഇന്നല്ല ഇന്നലെകളിലും ജന്‍മ വാര്‍ഷിക ദിനങ്ങള്‍ ആഘോഷിച്ചിരുന്നു. ജന്മ നാളുമായി ബന്ധപ്പെട്ട് ഹിന്ദു മത വിശ്വാസികള്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും പൂജകള്‍ നടത്തുകയും പാല്‍പ്പായസം നിവേദിക്കുകയും ചെയ്തിരുന്നു. വീട്ടില്‍ മധുരം ഉണ്ടാക്കി ബന്ധു മിത്രാദികളെ സല്‍ക്കരിച്ചിരുന്നവരും കുറവല്ല.
അവരവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ഓരോരോ വിധത്തില്‍ വിവിധ വിഭാഗക്കാര്‍ ജന്മ വാര്‍ഷികങ്ങള്‍ ആഘോഷിച്ചിരുന്നു. ധന ശേഷിയ്ക്കനുസരിച്ച് ചിലര്‍ ബന്ധു ജനങ്ങള്‍ക്കും സാധുക്കള്‍ക്കും ഭക്ഷണം നല്‍കിയിരുന്നു.
പാവപ്പെട്ട കുട്ടികള്‍ക്ക് ഭക്ഷണത്തോടൊപ്പം വസ്ത്രങ്ങള്‍ ദാനം നല്‍കിയിരുന്നവരുമുണ്ട്.
ഇന്ന് രീതികള്‍ മാറി. ബാങ്ക് ലോണ്‍ പോലും എടുത്ത് മക്കളുടെ ജന്മ വാര്‍ഷികം ആഘോഷിക്കുന്നവരായി നാം. ജന്മ വാര്‍ഷിക ആഘോഷവുമായി ബന്ധപ്പെട്ട് ചെലവിടുന്ന ധനം ചെറുതൊന്നുമല്ല. ഒരു ചെറിയ വിവാഹ പാര്‍ട്ടിയുടെ ചെലവിന് സമാനം ധൂര്‍ത്തു കാട്ടുന്നവരുമുണ്ട്.
ഇത്തരം പരിപാടികള്‍ നടത്തുന്നതും അതില്‍ പങ്കെടുക്കുന്നതും അന്തസ്സാണെന്ന് കരുതുന്ന ദുരഭിമാനികളുടെയും ഇടയ്ക്കാണ് നാം കഴിയുന്നത്. ഇപ്രകാരം പൊങ്ങച്ചം കാണിക്കുന്നതില്‍ അവര്‍ അഭിമാനം കൊള്ളുന്നു.
ക്ഷണിച്ചാല്‍ ആഘോഷ പാര്‍ട്ടിയ്ക്ക് എത്തണമല്ലോ. പോകാതിരുന്നാല്‍ അവര്‍ എന്ത് കരുതും. അങ്ങനെ ഇത്തരം വിരുന്നുകളില്‍ പങ്കെടുക്കുന്നവരുമുണ്ട്.
ആഘോഷ പരിപാടികള്‍ക്ക് എത്തുന്നവര്‍ ചില അച്ചടക്ക വ്യവസ്ഥകള്‍ പാലിയ്ക്കണം. അതാണ് ഏറെ കൗതുകം. പരിപാടിക്ക് ക്ഷണിയ്ക്കുമ്പോള്‍ തന്നെ വ്യവസ്ഥകള്‍ അറിയിക്കുന്നതാണ്.
അതില്‍ പ്രധാനം ആഘോഷ പാര്‍ട്ടികള്‍ക്ക് എത്തുന്നവര്‍ പ്രത്യേകം വേഷ വിധാനങ്ങള്‍ അണിഞ്ഞിരിക്കണം എന്നുള്ളതാണ്. അതായത് ജന്മ വാര്‍ഷികാഘോഷത്തിന് പങ്കെടുക്കാന്‍ ‘ഡ്രസ്സ് കോഡ്’ ഉണ്ട് എന്നര്‍ത്ഥം. ധരിക്കേണ്ട വസ്ത്രത്തിന്റെ സ്വഭാവവും നിറവും അവര്‍ കല്‍പ്പിക്കും. അത് എവിടെ കിട്ടും എന്ന് പറഞ്ഞു തരികയും ചെയ്യും. അതനുസരിച്ച് വലിയ വില കൊടുത്ത് വാങ്ങിയ വേഷം ധരിച്ചു കൊണ്ടാവണം വിരുന്നിനെത്തേണ്ടത്. പരിപാടിയിലേക്ക് പുതു വസ്ത്രങ്ങള്‍ വാങ്ങുകയോ തുന്നുകയോ ചെയ്യുന്നത് ഒരു പ്രാവശ്യത്തേക്ക് മാത്രമാണെന്ന് പ്രത്യേകം ഓര്‍ക്കുക. ഒരു വട്ടം ഉപയോഗിച്ച വിലയേറിയ പാര്‍ട്ടി വസ്ത്രം മറ്റൊരിക്കല്‍ പൊതുവേ ഉപയോഗിക്കാറില്ല. ഉപേക്ഷിക്കുകയാണ് പതിവ്.
അടുത്തൊരു ആഘോഷ പാര്‍ട്ടിക്ക് ഡ്രസ്സ് കോഡും മാറുമല്ലോ.
താന്‍ ധരിച്ചിരിക്കുന്ന കീറത്തുണി മാറ്റി മറ്റൊന്നണിയാല്‍ കൂടി ഇല്ലാത്തവരുടെയും നാടാണിത്. സ്‌കൂള്‍ യൂണിഫോമിന് പോലും മാര്‍ഗ്ഗമില്ലാത്ത കുട്ടികള്‍ നമുക്ക് ചുറ്റിലുമുള്ളപ്പോള്‍ അവര്‍ക്ക് ഒരു കഷണം തുണി വാങ്ങി നല്‍കാന്‍ കൂടി മനസാക്ഷി ഇല്ലാത്തതില്‍ അഭിമാനിക്കുന്നവരാണ് നാം.
ഇവ്വിധം പാര്‍ട്ടികളില്‍ എത്തുന്നവരില്‍ ഏവര്‍ക്കും അതിലേയ്ക്കുള്ള സാമ്പത്തിക ശേഷിയുണ്ടായി എന്നു വരില്ല. വായ്പയിലാവും ഒരു പക്ഷേ അതിലേക്കുള്ള ചെലവുകള്‍ നടത്തുന്നത്. കടക്കാരായാലും വേണ്ടില്ല നാലാളുടെ മുമ്പില്‍ പൊങ്ങച്ചം കാണിക്കാമല്ലോ. സ്വദേശത്തായാലും വിദേശത്തായാലും നമുക്ക് അല്പത്തരത്തിന് യാതൊരു കുറവും കാണില്ല.
പൊങ്ങച്ചത്തിന്റെയും ധൂര്‍ത്തിന്റെയും സാമ്പത്തികഭാരം താങ്ങാന്‍ ആവാതെ ജീവിതം വച്ചൊഴിയുന്നവരെ സ്വദേശത്ത് മാത്രമല്ല വിദേശത്തും ഇന്ത്യക്കാരുടെ വിശേഷിച്ചും മലയാളിയുടെ വേഷത്തില്‍ കാണാവുന്നതാണ്.
പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ സമ്മാനങ്ങള്‍ നല്‍കുന്നത് സ്വാഭാവികം. സമ്മാനം വിലയേറിയതാവണം എന്ന് രണ്ടു കൂട്ടരും ആഗ്രഹിക്കുന്നതില്‍ തെറ്റില്ല.
ആഘോഷവുമായി ബന്ധപ്പെട്ട് പണം ചെലവിട്ട് കലാപരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. അത് ഒരു വിനോദമായി കണ്ട് പങ്കാളിയാവാം.
പാര്‍ട്ടികളില്‍ ഭക്ഷണാവശ്യത്തിലേക്ക് വേണ്ടിയും വലിയ തുക ചെലവിടുന്നതായി കാണാം. അവിടെ ക്ഷണം സ്വീകരിച്ച് എത്തുന്നവര്‍ക്ക് നല്ല ഭക്ഷണം നല്‍കുന്നതിലേക്ക് വേണ്ടി അത്രയേറെ ധനം ചെലവിടേണ്ടി വന്നേക്കാം.
എന്നാല്‍ ആയിരക്കണക്കിന് ഉറുപ്പിക വിലയുള്ള ഭക്ഷണങ്ങള്‍ ആഘോഷം കഴിഞ്ഞ് ആര്‍ക്കും വേണ്ടാതെ വലിച്ചെറിയുന്നതോ.
ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്തവരുടെ നാടാണ് നമ്മുടേത്. അവിടെയാണ് ആഘോഷത്തിന്റെ പേരില്‍ ഇത്രയേറെ ഭക്ഷണമുണ്ടാക്കി ഉപേക്ഷിക്കുന്നത്. അത്ര കണ്ട് ധൂര്‍ത്ത് ആവാമോ എന്ന് ഒരു വേള ചിന്തിക്കുന്നത് ഉചിതമായിരിക്കും.
വിശന്ന് വയറെരിയുന്ന പട്ടിണിക്കാര്‍ക്ക് ഒരു നേരത്തെ ആഹാരം നല്‍കാനാവണം. അഥവ മറ്റൊരാളുടെ വിശപ്പിനെ കുറിച്ച് ചിന്തിയ്ക്കാനെങ്കിലും കഴിയണം. അതിനു പോലും കഴിയാത്ത വിശ്വാസികളായ പലരും ആഗ്രഹിക്കുന്നത് സ്വര്‍ഗ്ഗ രാജ്യമാണ്. അവര്‍ മനുഷ്യന് ഭക്ഷണം കൊടുത്തില്ലായെങ്കിലും മുടങ്ങാതെ ദൈവത്തിന് ഭക്ഷണം വിളമ്പുന്നതില്‍ സന്തോഷിക്കുന്നു.
ജനിച്ചത് ഏത് നേരത്താണെങ്കിലും ജന്മ വാര്‍ഷികം ആഘോഷിച്ചിരുന്നത് രാവിലെയാണ്. ഇന്ന് അതല്ല. രാത്രികളിലാണ് ജന്മ വാര്‍ഷികാഘോഷങ്ങള്‍ സ്വന്തം വീടുകളിലോ ഓഡിറ്റോറിയങ്ങളിലോ തകര്‍ത്താടുന്നത്. രാത്രിയില്‍ തുടങ്ങി പുലര്‍ച്ചയോളം ആഘോഷ പരിപാടികള്‍ ചിലപ്പോള്‍ നീണ്ടു നില്‍ക്കാറുണ്ട്.
ഇതു കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം. പുറത്തൊരു രാജ്യത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഒരിടം സന്ദര്‍ശിക്കാനിടയായി. അന്ന് രാത്രി അവിടെ ആരുടേയോ ജന്മവാര്‍ഷികം ആഘോഷിക്കുകയാണ്. ആഘോഷ പരിപാടികള്‍ പൊടി പൊടിക്കുന്നു.
ആശംസ നേരാം എന്ന് കരുതി ആരുടെ ജന്മ ദിനമാണ് ആഘോഷിക്കുന്നത് എന്ന് ഞാന്‍ തെരക്കി.
കൂട്ടത്തില്‍ ഒരാള്‍ എലീന എന്ന് വിളിച്ചു. വിളിയ്‌ക്കേണ്ട താമസം ആള്‍ പുറത്തു വന്നു. വിലയേറിയ പുത്തനുടുപ്പുകളും ആടയാഭരണങ്ങളും ധരിച്ച ഒരു നായ്ക്കുട്ടി.












