എനിക്കദ്ഭുതമാകുന്നു അവനെന്താണു മരിക്കാത്തതെന്ന്.
കള്ളുകുടിയനാണ്. എന്നിട്ടും അവന്‍ കൈകള്‍ കെട്ടിനിന്നു. ഇന്നിനി കുടിച്ചിട്ടില്ലേ! അവന്റെ ശബ്ദത്തിന് ഒച്ചപോരായിരുന്നു. എന്നെ വിട്ടേക്കൂ എന്ന വാക്കുകള്‍ ശാന്തമായിരുന്നു.
ഞങ്ങളെ അടിക്കെടാ അടിക്കെടാ എന്നു പറഞ്ഞ് അവനെ പ്രകോപിപ്പിക്കുന്ന ശബ്ദങ്ങള്‍ക്കും കോറസിനും ഒച്ച കൂടുതലായിരുന്നു. അവന്റെ കൈയിലേക്ക് ലോഹംപോലെ ശബ്ദമുണ്ടാക്കുന്ന എന്തോ ഒന്ന് പിടിപ്പിക്കാന്‍ ശ്രമിക്കുന്നു. അവന്‍ ശരീരം കുലുക്കുന്നു. അതു താഴെവീണ് ശബ്ദമുണ്ടാക്കുന്നു. എന്റെ മുമ്പിലാണവന്‍ കൈകള്‍ കെട്ടിനില്‍ക്കുന്നത്. അവന്റെ വീടിന്റെ ഉമ്മറവാതില്‍ക്കല്‍. ഞാനോ! എന്റെ അടുക്കളയിലും. സ്റ്റൂളിട്ടുകയറി ഗ്രില്‍സില്‍പിടിച്ചു നില്‍ക്കുന്നു, നേര്‍ക്കുനേരേ. പെങ്ങന്മാര്‍ രണ്ടുപേരും അവരുടെ ആണ്‍മക്കളും വീടിന്റെ കവാടത്തിലും ഉമ്മറത്തുമായി വെരുകുകളെപ്പോലെ നടക്കുന്നു. ആക്രോശിക്കുന്നു. അവന്റെ സ്വഭാവത്തിന് അവന്‍ രണ്ടുനാല് തല്ലേണ്ടതാണ്.
അവനെന്തോ ദിവ്യജ്ഞാനം കിട്ടിയിട്ടുണ്ട്. അതാണിങ്ങനെ അടങ്ങിനില്‍ക്കുന്നത്. അതാണവന്‍ നിങ്ങളുടെ നാടകം വേണ്ടാ എന്ന് ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നത്. ഇതിനിടിയില്‍ എപ്പോളാണവന്‍ അപ്രത്യക്ഷനായത്. ഞാന്‍ കണ്ടില്ല. ഞാനിവിടെത്തന്നെയുണ്ട്, നേരെ അവന്റെ കണ്‍മുമ്പില്‍. അവിടെ ഫ്രെയിമില്‍ ആമിന്‍താത്തയില്ലായിരുന്നു. ഒരു കരച്ചിലിന്റെ ഒച്ച ആരംഭിക്കുന്നു. ആളെ കാണുന്നില്ല. അവന്റെ വലതുവശത്തെ ചുമരുകള്‍ക്കകത്തുനിന്ന്. കൈകള്‍ പിണച്ചുവച്ച് നില്‍ക്കുന്ന ഒരുവന് അവന്റെ തൊട്ടടുത്തല്ലാത്ത ഒരാളെ തല്ലാന്‍ പറ്റുമോ. ഇനി അവന്റെ അടിമകളാരെയെങ്കിലും അവിടെ ഒളിച്ചുനിന്ന് അവനെ സേവിക്കുന്നുണ്ടോ? അതല്ലാ അവനിനി ഔലിയ ആണെന്നാണോ പെങ്ങന്മാരും ഉമ്മയും പറഞ്ഞുവരുന്നത്. എന്തായാലും ഞാന്‍ പോലീസിനെ പ്രതീക്ഷിച്ചാണ് നില്‍ക്കുന്നത്.
അവന്‍ കുടിച്ചുവന്ന് ബഹളമുണ്ടാക്കുമ്പോളെല്ലാം ഞാനാണ് പോലീസിനെ വിളിക്കുന്നത്. ഇന്നവനെ പെങ്ങന്മാര്‍ക്കിടയില്‍നിന്ന് രക്ഷിക്കണമെന്നു കരുതിയാണ് പോലീസിനെ വിളിച്ചത്. പണ്ടേ എനിക്ക് നാടകക്കാരെ ഒട്ടും ഇഷ്ടമില്ല. കഴിഞ്ഞ ഏപ്രിലില്‍ അവന്റെ ഭാര്യയെയും പൊടിമക്കളെയും ഇതുപോലൊരു പ്രകോപനനാടകം അവതരിപ്പിച്ചാണ് അവര്‍ നാടുകടത്തിയത്. അവള്‍ക്ക് നൊന്തപ്പോള്‍ അവള്‍ തിരിച്ചുകൊടുത്തു. നാടകക്കാരത് ഫിലിമിലാക്കി. അന്നും അവളെ രക്ഷിക്കാന്‍ എനിക്കാഗ്രഹമുണ്ടായിരുന്നു. പക്ഷേ, അവളുടെ ബുദ്ധിയുടെ നില ഇടയ്ക്ക് തെറ്റിപ്പോകും. അതിനാല്‍ എന്റെ രക്ഷാകരം അവളെ സംരക്ഷിക്കാന്‍മാത്രം പര്യാപ്തമായിരുന്നില്ല. എനിക്ക് പ്രായശ്ചിത്തം ചെയ്യണമായിരുന്നു. അതിനാല്‍ പോലീസിനെ വിളിച്ചു. അവരുടെ ബഹളത്തിനിടയില്‍ ഞാന്‍ പറഞ്ഞത് പോലീസുകാരനു മനസ്സിലായോ ആവോ.
ആളുകള്‍ ഓടിവരുന്നതു കണ്ടപ്പോള്‍ ഞാന്‍ താഴെയിറങ്ങി ബാക്കി ആസ്വാദനം കാതുകൊണ്ടാകാം എന്നു തീരുമാനിച്ചു. പെണ്‍മക്കള്‍ ആണയിടുന്നു അവനാണ് ഉമ്മയെ ഉപദ്രവിച്ചതെന്ന്. അവന്‍ ഔലിയയാണെങ്കില്‍ തീര്‍ച്ചയായും അതു ശരിയായിരിക്കണം. അവനും ആണയിടുന്നുണ്ട് തനിക്കു അമാനുഷികശക്തിയൊന്നുമില്ലെന്ന്. കരച്ചിലുവന്നപ്പോള്‍ ഞാന്‍ മിക്‌സി ഓണാക്കി പൊട്ടിക്കരഞ്ഞുകൊണ്ട് അവനൊന്നും ചെയ്തില്ലെന്ന് ഉറക്കെ പറഞ്ഞു. പോലീസുകാര്‍ വന്നതോ പോയതോ ഞാനറിഞ്ഞില്ല. മിക്‌സി കഴുകി കമിഴ്ത്തുമ്പോള്‍ ഒരു വാഹനത്തിന്റെ വാതിലടയുന്ന ശബ്ദം കേട്ടു. ഞാന്‍ വീണ്ടും സ്റ്റൂളില്‍ കയറി. ഉമ്മയെ പെണ്‍മക്കളും പേരക്കുട്ടികളും
ചേര്‍ന്ന് ആംബുലന്‍സില്‍ കയറ്റുന്നുണ്ട്. ഈ നാടകത്തിന്
അവനെന്തായാലും ആത്മഹത്യ ചെയ്യേണ്ടവനാണ്. നാടകത്തുടര്‍ച്ച അവന് മടുത്തുകാണില്ലെന്നുറപ്പാണ്. എന്നിട്ടും അവന്‍ ചെയ്തില്ല. അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഉറപ്പായും ചെയ്‌തേനേ. അതല്ലാ, അവനിനി ആണായതുകൊണ്ടാകുമോ ആത്മഹത്യ ചെയ്യാത്തത്. എന്തായാലും അവന്‍ ആത്മഹത്യ ചെയ്യേണ്ടവനാണ്.
ആണായതുകൊണ്ടാകുമോ ഇനി ആത്മഹത്യ ചെയ്യാത്തത്. പക്ഷേ, ആണുങ്ങളും ആത്മഹത്യചെയ്യുന്നുണ്ടെന്ന് മാധ്യമങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്രണയനൈരാശ്യം, കടപ്പെരുക്കമെല്ലാമാണ് അവരുടെ കഴുത്തില്‍ കുരുക്കിടുന്നത്.
നാളെ കോടതിയിലരങ്ങേറുന്ന നാടകത്തില്‍ ഞാന്‍ വേഷമിടില്ലെന്ന് എനിക്കുറപ്പാണ്.
മനസ്സുകൊണ്ട് നാടകവും അഭിനേതാക്കളെയും വെറുത്ത്
എന്റെ നാവുകളെ കെട്ടിയിട്ട് കണ്ണും കരളും ഹൃദയവും സാക്ഷി പറയുന്നതുവരെ ഞാനീ പാപഭാരം എങ്ങനെ ചുമക്കാനാണ്.












