ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ ലൈറ്റ് ഈസ് ലൈക് വാട്ടര്‍ എന്ന കഥപരിചയപ്പെടാം
ടോട്ടോ , ജോവല്‍ എന്നീ രണ്ടു കുട്ടികള്‍ ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ .സ്‌പെയ്‌നിലെ മാഡ്രിഡ് നഗരത്തിലാണ് അവര്‍ താമസിക്കുന്നത്.
ഫ്‌ലാറ്റിന്റെ അഞ്ചാം നിലയില്‍ താമസിക്കുന്ന ഈ കുട്ടികളുടെ ജീവിതത്തില്‍ ചില വിചിത്രമായ കാര്യങ്ങള്‍ സംഭവിക്കുന്നു എന്ന രീതിയിലാണ് കഥ എഴുതിയിട്ടുള്ളത്.
വെള്ളത്തില്‍ കൂടിഓടിക്കാവുന്ന തരത്തിലുള്ള ഒരു തുഴവള്ളം വാങ്ങി കൊടുക്കണം എന്നാണ് കുട്ടികള്‍ ആദ്യം അവരുടെ അച്ഛനമ്മമാരോട് ആവശ്യപ്പെടുന്നത്. അച്ഛന്‍ അത് വാങ്ങിക്കൊടുക്കുന്നു. കൂട്ടുകാരുടെ സഹായത്തോടെ കുട്ടികള്‍ വള്ളം അഞ്ചാം നിലയിലേക്ക് കയറ്റി കൊണ്ടു വരുന്നു. ഷവറിലെ വെള്ളം മാത്രമുള്ള ഫ്‌ലാറ്റില്‍ എന്തിന് വള്ളം എന്ന അമ്മയുടെ ചോദ്യം അവര്‍ കാര്യമായിട്ടെടുക്കുന്നില്ല ,
അങ്ങനെയിരിക്കെ ഒരു ചര്‍ച്ച നടക്കുന്നു വീട്ടുപകരണങ്ങളിലെ കവിത എന്നതായിരുന്നു ചര്‍ച്ചയുടെ വിഷയം , സ്വിച്ച് ഇടുമ്പോള്‍ ബള്‍ബ് തെളിയുന്നത് എങ്ങനെയാണ് എന്ന് കുട്ടികള്‍ ചോദിക്കുമ്പോള്‍ കഥയില്‍ ഇടയ്ക്ക് കടന്നുവരുന്ന കഥാകാരന്‍ തന്നെ ടാപ്പ് തുറക്കുമ്പോള്‍ വെള്ളം വരുന്നതുപോലെയാണ് സ്വിച്ച് ഇടുമ്പോള്‍ പ്രകാശം വരുന്നത് എന്ന് പറയുന്നു.
അച്ഛനമ്മമാര്‍ ബുധനാഴ്ച സിനിമയ്ക്ക് പോയപ്പോള്‍ കുട്ടികള്‍ ഏറ്റവും പ്രകാശമുള്ള ഒരു ബള്‍ബ് പൊട്ടിച്ചു എന്നും അതില്‍നിന്നും സ്വര്‍ണ്ണനിറമുള്ള പ്രകാശം ജലം പോലെ മുറിയിലാകെ പരന്നൊഴുകി എന്നും മൂന്നടി ഉയരത്തില്‍ പ്രകാശജലം നിറച്ചു കഴിഞ്ഞപ്പോള്‍ കുട്ടികള്‍ വൈദ്യുതി വിച്ഛേദിച്ച് തങ്ങളുടെ തുഴവള്ളം വെള്ളത്തില്‍ ഇറക്കുകയും പ്രകാശ ജലത്തിലൂടെ തുഴഞ്ഞു നടക്കുകയും ചെയ്തു എന്നു മാണ് കഥയില്‍ പറയുന്നത്.
ബുധനാഴ്ച ദിവസങ്ങളില്‍ കുട്ടികള്‍ ഇതൊരു പതിവാക്കിയത്രെ.
തുടര്‍ന്ന് മുങ്ങല്‍ ഉപകരണങ്ങള്‍ വാങ്ങി കൊടുക്കണം എന്ന് അവര്‍ ആവശ്യപ്പെടുന്നു , ടോട്ടോയും ജോവലും സ്‌കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനം വാങ്ങിയപ്പോള്‍ അച്ഛന്‍ അവര്‍ക്ക് മുങ്ങല്‍ സാമഗ്രികള്‍ വാങ്ങി കൊടുക്കുന്നു , തുടര്‍ന്നുള്ള ബുധനാഴ്ചകളില്‍ അവര്‍ ഇണക്കമുള്ള സ്രാവുകളെപ്പോലെ മുറിയിലാകെ മുങ്ങി നടക്കുന്നു വര്‍ഷങ്ങളായി കാണാതെ കിടന്ന പലതും അവര്‍ കണ്ടെടുക്കുന്നു ,
വര്‍ഷാവസാനത്തില്‍ രണ്ട് സഹോദരന്മാരും മാതൃകാ വിദ്യാര്‍ത്ഥികളായി വാഴ്ത്തപ്പെടുകയും പഠനമികവിനുള്ള സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തു.
ഇത്തവണ തങ്ങളുടെ കൂട്ടുകാരെ വീട്ടില്‍ വിളിച്ച് ഒരു പാര്‍ട്ടി കൊടുക്കണമെന്ന ആവശ്യമാണ് അവര്‍ ഉന്നയിച്ചത്. മാതാപിതാക്കള്‍ സസന്തോഷം അത് അംഗീകരിക്കുന്നു , പതിവുപോലെ അച്ഛനുമമ്മയും സിനിമയ്ക്ക് പോയ ബുധനാഴ്ച അവര്‍ സുഹൃത്തുക്കളെ വീട്ടില്‍ വിളിച്ചു വരുത്തുകയും
ബള്‍ബുകള്‍ എല്ലാം പൊട്ടിച്ച് പ്രകാശജലം ഒഴുക്കുകയും ചെയ്യുന്നു,
അഞ്ചാം നിലയിലെ ജനാലകള്‍ വഴി പ്രകാശജലം താഴേക്ക് ഒഴുകുകയും ആ പ്രദേശമാകെയും പട്ടണത്തിലേക്കുള്ള വഴിയും പ്രകാശജലത്തില്‍ മുങ്ങുകയും ചെയ്യുന്നു
അപകട സന്ദേശം കേട്ട് എത്തിയവര്‍ കണ്ടത് കുട്ടികള്‍ പ്രകാശ ജലത്തിലൂടെ നീന്തി നടക്കുന്നതും ടോട്ടോയും ജോവലും തുഴവള്ളത്തില്‍ കയറി നടക്കുന്നതുമാണ് ,
വീട്ടുപകരണങ്ങള്‍ അവയുടെകവിതയുടെ നിറവില്‍ എന്നതുപോലെ ഒഴുകിനടന്നു, സമീപത്തെ എലമെന്ററി സ്‌കൂളിലെ കുട്ടികളും പ്രകാശ ജലത്തില്‍ മുങ്ങിപ്പോയി എന്നും അക്വേറിയത്തില്‍ നിന്നും രക്ഷപ്പെട്ട വര്‍ണ്ണ മത്സ്യങ്ങള്‍ മാത്രമാണ് ജീവനോടെ അവശേഷിച്ചത് എന്നും കഥയില്‍ പറയുന്നു, പ്രകാശത്തില്‍ തുഴഞ്ഞു നടക്കുന്ന ശാസ്ത്രം അറിഞ്ഞുകൂടാത്ത മാട്രിഡ് നഗരത്തിലാണ് ഇത് നടന്നതെന്നു പറഞ്ഞു കൊണ്ടാണ് മാര്‍ക്വെസ് കഥ അവസാനിപ്പിക്കുന്നത്.
മാജിക്കല്‍ റിയലിസം എന്ന രചനാരീതി ഉപയോഗിച്ചാണ് ഈ കഥ എഴുതിയിട്ടുള്ളത് ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത കാര്യങ്ങള്‍ നടക്കുന്നതുപോലെ ആയിരിക്കും ഇത്തരത്തില്‍ കഥ പറയുന്നത് , എന്നാല്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഉദ്ദേശിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുമായി വലിയ ബന്ധം ഉണ്ടായിരിക്കും ,പൊതുവേ ലാറ്റിനമേരിക്കന്‍ എഴുത്തുകാരാണ് ഇത്തരത്തില്‍ കഥകളും നോവലുകളും എഴുതിയിട്ടുള്ളത്. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ എന്ന നോവലും ഇപ്രകാരം തന്നെയാണ് എഴുതിയിട്ടുള്ളത്.
പ്രകാശം ജലം പോലെയാണ് എന്ന കഥയില്‍ മാജിക്കല്‍ റിയലിസം കൊണ്ട് എന്തെല്ലാം അര്‍ത്ഥതലങ്ങള്‍ ആണ് ഉണ്ടായിട്ടുള്ളത് എന്ന് നമുക്ക് പരിശോധിക്കാം , ഒന്ന് – മാഡ്രിഡ് എന്ന മഹാനഗരത്തില്‍ ആണ് കുട്ടികള്‍ താമസിക്കുന്നത് , ഒരു ഫ്‌ലാറ്റ് സമുച്ചയത്തിലെ അഞ്ചാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് അവര്‍ ജീവിക്കുന്നത് , പ്രകൃതിയുമായി കൂട്ടു ചേര്‍ന്ന് കടലും പുഴയും മണ്ണും മരങ്ങളും കണ്ട് സ്പര്‍ശം, ഗന്ധം ,രുചി തുടങ്ങിയ ഇന്ദ്രിയാനുഭവങ്ങളിലൂടെ വളര്‍ന്നുവരേണ്ട പ്രായത്തില്‍ കൂററന്‍ കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ അടച്ചു കഴിയാന്‍ വിധിക്കപ്പെട്ടവരാണവര്‍ , കാഡ്ജിനെ ഇന്ത്യാസ് എന്ന ഗ്രാമത്തില്‍ നിന്നും ആണ് അവര്‍ മാഡ്രിഡിലേക്ക് വന്നത് , അവിടെ കടലും കടലിലേക്കു ഇറക്കാന്‍ വള്ളവും വള്ളം വയ്ക്കാനുള്ള സ്ഥലവും ചെടികളും മരങ്ങളും എല്ലാമുണ്ടായിരുന്നു , ആ പ്രകൃതി സൗഭാഗ്യങ്ങളുടെ നഷ്ടം കുട്ടികളെ വല്ലാതെ വേദനിപ്പിക്കുന്നു , അതുകൊണ്ടാണ് തുഴവള്ളം വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നത്, അച്ഛന്‍ അപ്പോള്‍ അവരോട് പറയുന്നത് കാഡ്ജിനെയില്‍ ചെല്ലുമ്പോള്‍ വാങ്ങിക്കാം എന്നാണ് പക്ഷേ അവര്‍ അത് സമ്മതിക്കുന്നില്ല , ഇത് സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചു പോകാനുള്ള അവരുടെ തീവ്രമായ അഭിലാഷമാണ് സൂചിപ്പിക്കുന്നത്.
പ്രകാശ ജലത്തിലൂടെ അവര്‍ വീടിനുള്ളിലേ ദ്വീപുകളിലേക്കാണ് സഞ്ചരിക്കുന്നത് ഇതും കാഡ്ജിനെ എന്ന ഗ്രാമത്തിനെ ഓര്‍മ്മിപ്പിക്കുന്നു. വീട്ടുപകരണങ്ങളിലെ കവിതയാണ് അവരുടെ ചര്‍ച്ചാ വിഷയം കവിതയെന്നാല്‍ ഉള്ളില്‍ തിങ്ങിനിറയുന്ന വികാരങ്ങളുടെ കവിഞ്ഞൊഴുക്കാണല്ലോ , പ്രകാശ ജലത്തിലൂടെ ഒഴുകിയപ്പോഴാണ് വീട്ടുപകരണങ്ങളിലെ കവിതക്ക് നിറവുണ്ടായത് എന്നും പറയുന്നുണ്ട് , അവസാനം
‘ സ്‌പെയ്‌നില്‍ പൊള്ളുന്ന വേനലും മഞ്ഞും കാറ്റുമുള്ള നദിയോ കടലോ ഇല്ലാത്ത പ്രകാശത്തില്‍ തുഴഞ്ഞു നടക്കുന്ന ശാസ്ത്രം ഒരിക്കലും സ്വായത്തമല്ലാത്ത ആളുകളുള്ള മാട്രിഡ് നഗരത്തിലാണ് ഇത് നടന്നത് ‘ എന്ന് പറയുകയും ചെയ്യുന്നുണ്ട് , പഴങ്കഥകളും അത്ഭുത ഐതീഹ്യങ്ങളും വിശ്വാസങ്ങളും നഗരങ്ങളിലെക്കാള്‍ ഉള്ളത് ഗ്രാമങ്ങളിലാണല്ലോ , അവയില്‍ പലതും നമ്മുടെ ഓണ സങ്കല്പം പോലെ ഗ്രാമീണ ജനതയുടെ ആഗ്രഹങ്ങളുടെ ആവിഷ്‌കാരവുമാണ് , ഗ്രാമത്തിലേ ജനങ്ങള്‍ ഇത്തരം കഥകളില്‍ വിശ്വസിക്കുന്നതും യുക്തിചിന്ത മാറ്റിവയ്ക്കുന്നതും അതുകൊണ്ടാണ് , ഇവിടെ മാര്‍ക്വേസ് യുക്തിക്കു പകരം അയുക്തിയെ കൂട്ടുപിടിക്കുന്നതും അതിനെ ശാസ്ത്രമെന്ന് വിളിക്കുന്നതും ഇതേ കാരണം കൊണ്ടു തന്നെയാണ്.
എന്നാല്‍ മുതിര്‍ന്നവര്‍ക്ക് ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടാകുന്നില്ല അവര്‍ക്ക് നഗരത്തിലെ ആഡംബര ജീവിതവും ചൂതാട്ടവും സിനിമയും ഒക്കെയാണ് പ്രിയതരം , കഥയില്‍ കുട്ടികളുടെ ലോകവും മുതിര്‍ന്നവരുടെ ലോകവും തമ്മിലുള്ള അകലം ശ്രദ്ധേയമാണ്.
പ്രകാശം ജലം പോലെയാണ് എന്ന കഥയുടെ ആഖ്യാന സവിശേഷത കൊണ്ട് കൈവരുന്ന മറ്റൊരു അര്‍ത്ഥം കൊളംബിയയും സ്‌പെയിനും തമ്മിലുള്ള രാഷ്ട്രീയബന്ധമാണ്. വളരെക്കാലം സ്‌പെയിനിന്റെ കോളനിയായിരുന്ന രാജ്യമാണ് കൊളംബിയ, ഇരുട്ടില്‍ നിന്ന് മോചിപ്പിക്കുന്നതാണല്ലോ പ്രകാശം , കഥയില്‍ പ്രകാശം സ്വാതന്ത്ര്യത്തിന്റെ പ്രതീകമായിട്ടാണ് കടന്നുവരുന്നത് ,അത് ജലംപോലെ എല്ലാത്തിനും മീതെ ഒഴുകിപ്പരക്കുന്നതായി സങ്കല്പിച്ചിരിക്കുന്നു. അത് സൃഷ്ടിക്കുന്നതാവട്ടെ ടോട്ടോയും ജോവലുമാണ് . അവര്‍ കൊളംബിയയുടെ ഇളം തലമുറയാണ് , വേണമെന്നു വച്ചാല്‍ ടീച്ചറുടെ കസേര പോലും സ്വന്തമാക്കാനുള്ള ഇച്ഛാശക്തിയുള്ളവരാണ്, കസേര അധികാരത്തിന്റെ ചിഹ്നമാണ് , സ്വന്തം ഗ്രാമമായ കാഡ്ജിനെ ഇന്ത്യാ സ് മാത്രമാണ് അവരുടെ ഉള്ളിലുള്ളത് , മാഡ്രിഡ് നഗരത്തിലെ ഒന്നും അവരെ ആകര്‍ഷിക്കുന്നില്ല , വിചിത്രമായ കാര്യം ടാപ്പ് തുറന്ന് ജലമൊഴുക്കാനല്ല ബള്‍ബ് പൊട്ടിച്ച് കളഞ്ഞ് പ്രകാശ ജലമൊഴുക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നതാണ് , എന്തുകൊണ്ട് പ്രകാശജലമൊഴുക്കാന്‍ ബള്‍ബ് പൊട്ടിച്ചു കളയുന്നു ?
കോളനിവാഴ്ച ഉള്ള രാജ്യങ്ങളിലെ ചരിത്രം, പാഠപുസ്തകം ഇവയെല്ലാം കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ആയിരിക്കും നിര്‍മ്മിച്ചിട്ടുണ്ടാവുക , രാഷ്ട്രീയ അധികാരം ഇല്ലാതായാലും സാംസ്‌കാരിക അധീശത്വം നിലനില്‍ക്കും, പ്രകാശം അറിവിന്റെ പ്രതീകം കൂടിയാണല്ലോ അതുകൊണ്ടാണ് നിലവില്‍ പ്രകാശം തരുന്ന ബള്‍ബ് പൊട്ടിച്ചു കളഞ്ഞ് പുതിയ പ്രകാശം സൃഷ്ടിക്കുന്നതിനെക്കുറിച്ച് മാര്‍കേസ് കഥയില്‍ പറയുന്നത്. പുതിയ അറിവിന്റെ നിര്‍മ്മിതിയിലൂടെയാണ് സ്വാതന്ത്ര്യം സൃഷ്ടിക്കേണ്ടത് എന്ന ആശയം ഇവിടെ കാണാം , കൊളംബിയയുടെ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ട വ്യക്തി കൂടിയായിരുന്നു ഗാബോ . അവസാന ഭാഗത്ത് വഞ്ചിയിലിരുന്ന് ടോട്ടോ വിളക്കുമാടവും (അഭയകേന്ദ്രം ) ജോവല്‍ സെക്‌സ്റ്റെന്റ് വഴി പടിഞ്ഞാറന്‍ നക്ഷത്രത്തിനെയും തിരയുന്നു, നക്ഷത്രം പ്രതീക്ഷയുടെ ചിഹ്നമാണ് ; ദിശാസൂചകവുമാണ് , മാതൃകാ വിദ്യാര്‍ത്ഥികളായി വാഴ്ത്തപ്പെട്ട കുട്ടികളും കൂടി ചേര്‍ന്നാണ് ഹെഡ്മാസ്റ്ററെ കളിയാക്കുന്നത് , സ്‌കൂളിലെ പാട്ട് അവര്‍ മാറ്റിപ്പാടുന്നു , മറ്റൊരു വൈചിത്ര്യം സ്വര്‍ണ്ണ മത്സ്യങ്ങളല്ലാതെ മറ്റൊന്നും ജീവനോടെ അവശേഷിച്ചില്ല എന്ന പ്രസ്താവനയാണ് , പ്രകാശം സ്വാതന്ത്ര്യമാണെങ്കില്‍ അതില്‍ മുങ്ങിമരിക്കുന്നത് സ്വാതന്ത്ര്യത്തിലേക്കുള്ള പ്രവേശനമാണ്, ഗാബോ എന്ന വിളിപ്പേരുള്ള മാര്‍ക്വേസ് ഒരു ജനതയുടെ സ്വപ്നത്തിന് സാഹിത്യരൂപം നല്‍കുകയാണ് ചെയ്തിരിക്കുന്നത്.
ടോട്ടോയും ജോവലും കാലങ്ങളായി മറന്നു കിടന്നിരുന്ന പലതും മുങ്ങിയെടുക്കുന്നുണ്ട് , അധിനിവേശ വാഴ്ച്ചയില്‍ തരം താഴ്ത്തപ്പെട്ട സ്വന്തം സംസ്‌കാരത്തിനെ തന്നെയാണ് അവര്‍ മുങ്ങിയെടുക്കുന്നത്. പ്രകാശജലം കണ്ട് നഗരത്തില്‍ അപായ മുന്നറിയിപ്പുണ്ടായി എന്നതും ശ്രദ്ധിക്കേണ്ടതാണ്, ആകെക്കൂടി ഈ കഥക്ക് വലിയ രാഷ്ട്രീയമാനം ഉള്ളതുകാണാം , മാജിക്കല്‍ റിയലിസത്തിന് ഗ്രാമീണ ജനതയുടെ പരമ്പരാഗതമായ കഥപറച്ചില്‍ രീതിയുമായി ബന്ധമുണ്ട് – ഇത്തരം കാരണങ്ങള്‍ക്കൊണ്ടാണ് പ്രകാശം ജലം പോലെയാണ് എന്ന കഥ ലോക പ്രശസ്തി നേടിയത് , ഇതിന്റെ സാഹിത്യ ഭംഗിയും ഏറെ വാഴ്ത്തപ്പെട്ടിട്ടുണ്ട്.













