അവര്‍ രണ്ട്‌പേരും ഒരേ നാട്ടുകാരാണ്. നാട്ടിലെ ഒരേവാട്ട്‌സ്ആപ്പ് കൂട്ടായ്മയിലെ അംഗങ്ങളുമാണ്.
വിദേശത്ത് ബിസിനസ്സ് ടൈക്കൂണായ അയാള്‍
ആ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിയ ഈണവും താളവുമില്ലാതെ പാടിയ , ബോറന്‍ പാട്ടിന്റെ വോയ്‌സ് ക്ലിപ്പിന്റെ ചുവട്ടില്‍ ഒരുപാട് കമന്റുകള്‍ വന്നു.
‘ഉഷാര്‍ ‘
‘അതിഗംഭീരം ‘
‘കിടിലന്‍ ‘
‘എങ്ങനെ ഇത്രയും ബിസിനസ് തിരക്കുകള്‍ക്കിടയില്‍ സാറിന് ഇത്ര മനോഹരമായി പാടാന്‍ സാധിക്കുന്നു.?’
‘പാട്ട് അതിമനോഹരം. ശരിക്കും കേള്‍വിക്കാരനെ സംഗീതത്തിന്റെ മാന്ത്രിക ലോകത്തേക്ക് കൂടെക്കൊണ്ടു പോവുന്ന മഹത്തായ ശൈലി. ‘
‘ഇത്ര അടുത്ത കാലത്തൊന്നും ഇങ്ങനെ രസകരമായി പാടിയ പാട്ട് കേട്ടിട്ടില്ല !’
പാട്ടിനെക്കുറിച്ച് പിന്നെയും പിന്നെയും കമന്റുകളും ലൈക്കുകളും
ഇമോജികളും ആ ഗ്രൂപ്പില്‍ നിറഞ്ഞു കൊണ്ടേയിരുന്നു.
അതിന്റെ ബഹളമെല്ലാം കഴിഞ്ഞപ്പോള്‍ അതേ ഗ്രൂപ്പില്‍ അവനൊരു കവിത പോസ്റ്റി.
അവന്റെ തന്നെ ജീവിതത്തിലെ വേദനാജനകമായ സന്ദര്‍ഭങ്ങളും സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളും ഹൃദയഭേദകമായ സംഭവങ്ങളും കോര്‍ത്തിണക്കി അവന്‍ രചിച്ച
അതിമനോഹരമായ കവിത.
പക്ഷേ, ഏറെ നേരം ആരുമതിന് ഒന്നും പറഞ്ഞില്ല. ഒരു കമന്റു പോലും വന്നില്ല.
നിരാശയോടെ കാത്തിരുന്നു അവന്‍.
അവസാനം വന്ന ഒരു കമന്റ് ഇങ്ങനെയായിരുന്നു.
‘ഈ മനോഹരമായ പാട്ടിന്റെ താഴെ ഏത് തെണ്ടിയാണ് ഇങ്ങനെയൊരു വിഡ്ഡിത്തം എഴുതി വെച്ചിരിക്കുന്നത്..?’
അത് വായിച്ച് നിരാശയോടെ തന്റെ പണിയായുധമായ തൂമ്പായുമെടുത്ത് അവന്‍ ബിസിനസ്സ് ടൈക്കൂണിന്റെ വിശാലമായ പറമ്പിലേക്കിറങ്ങി.













