LIMA WORLD LIBRARY

പെയ്‌തൊഴിയാത്ത ഓര്‍മ്മ-നൈന മണ്ണഞ്ചേരി

”രണ്ടു ദിവസം കഴിഞ്ഞു പോയാല്‍ മതി..” പോകാന്‍ നേരം മറ്റേമ്മ പറഞ്ഞു.അത് എപ്പോഴും പതിവുള്ളതാണ്. ഭംഗി വാക്കായല്ല..മനസ്സിന്റെ ഉള്ളില്‍ നിന്നു വരുന്ന സ്‌നേഹമാണ്.എത്ര നാളായി മറ്റേമ്മയെ കാണാന്‍ തുടങ്ങിയിട്ടെന്ന് കൃത്യമായി അറിയാം,കല്യാണം കഴിഞ്ഞതിന്റെ കണക്ക് നോക്കിയാല്‍ മതി.അങ്ങനെയെങ്കില്‍ ഇരുപത്തിമൂന്ന് വര്‍ഷം കഴിഞ്ഞിരിക്കുന്നു.ഭാര്യയുടെ ഉമ്മയുടെ ഉമ്മയെ അങ്ങനെയാണ് വിളിക്കുന്നത്.അന്നു മുതല്‍ ഇന്നു വരെ മറ്റേമ്മയ്ക്ക് ഒരേ ഭാവമാണ്.. നൂറ് വയസ്സ് ആരും പറയുകയില്ല.അതിന്റെ ആരോഗ്യ പ്രശ്‌നങ്ങളുമില്ല.വയസ്സ് ചോദിച്ചാല്‍ അപ്പോഴുണ്ട് മറ്റേമ്മയുടെ ഉത്തരം..” അറുപത് കഴിഞ്ഞെന്ന് ആരോ പറയുന്നത് കേട്ടു..” അത് തികഞ്ഞ നിഷ്‌കളങ്കതയോടെയാണ് പറയുക. അത് കേട്ട് കേള്‍ക്കുന്നവര്‍ക്ക് ഉള്ളില്‍ ചിരി പൊട്ടും.പക്ഷേ,മറ്റേമ്മയ്ക്ക് ഭാവഭേദമൊന്നുമില്ല.

കല്യാണമാകട്ടെ,നിശ്ചയമാകട്ടെ ഏത് പരിപാടിയ്ക്ക് പോയാലും മറ്റേമ്മ വന്നിട്ടുണ്ടെങ്കില്‍ നമ്മള്‍ തിരക്കി കണ്ടു കൊള്ളണം.അല്ലെങ്കില്‍ എല്ലാവരോടും തിരക്കും.;;അവര് കല്യാണത്തിന് വന്നില്ലേ?”

കാണാന്‍ പറ്റാതെ പോയാല്‍ പരിഭവത്തിന്റെ കാര്‍മേഘ പടലങ്ങള്‍ പെയ്തിറങ്ങുകയായി ”അവര്‍ വന്നിട്ട് എന്നെ കാണാതെ പൊയ്ക്കളഞ്ഞോ..”

വീട്ടില്‍ വന്നിട്ട് പോയിട്ട് ഒരാഴ്ച്ച കഴിഞ്ഞിട്ടേ ഉള്ളെങ്കിലും അടുത്ത തവണ വരുമ്പോള്‍ മറ്റേമ്മ സ്‌നേഹപൂര്‍വ്വം ചോദിക്കും..”എത്ര നാളായി മോളേ നിങ്ങളെ ഇങ്ങോട്ടൊക്കെ കണ്ടിട്ട്,ഇനി ഒരാഴ്ച്ച കഴിഞ്ഞിട്ട് പോയാല്‍ മതി.” പിന്നെ മറ്റേമ്മയോട് വീട്ടില്‍ നില്‍ക്കാനുള്ള ബുദ്ധിമുട്ടൊക്കെ വിവരിച്ചാലും മറ്റേമ്മ സമ്മതിക്കില്ല .

”എങ്കില്‍ മക്കള്‍ ഒരു കാര്യം ചെയ്യ്,രണ്ട് ദിവസം കഴിഞ്ഞിട്ട് പോകാം..” അങ്ങനെയാണ് ആ സ്‌നേഹം.ഒടുവില്‍ അന്ന് ഭക്ഷണം കഴിച്ചിട്ട് പോകാം എന്നൊരു ഒത്തു തീര്‍പ്പ് രൂപപ്പെടുമ്പോഴേക്ക് അവിടെ മകനെ വിളിക്കുകയായി,”എടാ,നീ പോയി കോഴിയെ വാങ്ങിക്കൊണ്ട് വാ..”

പെരുന്നാളൊക്കെ വരുമ്പോള്‍ കുട്ടികള്‍ക്ക് കോളാണ്.മറ്റേമ്മയ്ക്ക് കൈ നിറയെ കിട്ടുന്ന പെരുന്നാള്‍ പൊടി വാരിക്കോരി അവര്‍ക്കായി വീതിക്കും.അത് കൊണ്ട് മറ്റേമ്മയുടെ അടുത്ത് വരാന്‍ കുട്ടികള്‍ക്ക് ആവേശമാണ്.തീരെ കുട്ടികള്‍ക്ക് മാത്രമല്ല ഇത്തിരി മുതിര്‍ന്നവര്‍ക്കും മറ്റേമ്മയുടെ പെരുന്നാള്‍പ്പൊടി കിട്ടും. സ്വന്തക്കാര്‍ക്ക് മാത്രമല്ല അയല്‍വാസികള്‍ക്കും മറ്റേമ്മയുടെ സ്‌നേഹം കിട്ടിയിട്ടുണ്ട്.ആരെയെങ്കിലും സംസാരിക്കാന്‍ കിട്ടുക മറ്റേമ്മയ്ക്ക് വലിയ സന്തോഷമുള്ള കാര്യമായിരുന്നു.പുല്‍ക്കൊടിയോടും ചെടികളോടും വിശേഷങ്ങള്‍ പങ്കുവെക്കുന്ന മറ്റേമ്മ തൊട്ടപ്പുറത്തെ താമസക്കാരെ അറിയാത്തവര്‍ ജീവിക്കുന്ന ഇക്കാലത്ത് ചരിത്രം തന്നെയായിരുന്നു.

ഇതിനിടയിലും ദിക്‌റുകളും സ്വലാത്തുകളും ചൊല്ലാന്‍ മറ്റേമ്മ സമയം കണ്ടെത്തി.ഖുര്‍ആന്‍ മുഴുവന്‍ ഓതിയത് നൂറിലധികം വരും.ഇതെല്ലാം ഇപ്പോഴാണ് അറിയുന്നത്.ഒരു നോട്ട് ബുക്ക് മറ്റേമ്മ സൂക്ഷിച്ചിരുന്നു,അതിലാണ് ആത്മീയതയുടെ കണക്കുകള്‍ സൂക്ഷിച്ചിരുന്നത്.അതില്‍ നിറയെ ചെറിയ ചെറിയ വരകളാണ്. ഓരോ വരയും നൂറിന്റെ കണക്കാണ്. ദിക്‌റുകള്‍ എണ്ണുന്നതിന് ദസ്ബിയോ തസ്ബീഹ് മാലയോ ഒന്നുമില്ല.ചെറിയ ചെറിയ കുറെ കല്ലുകള്‍..ഓരോ നൂറാകുമ്പോള്‍ ഒരു കല്ലെടുത്ത് മാറ്റി വെക്കും.അതാണ് മറ്റേമ്മയുടെ കണക്ക്.

മറ്റേമ്മയുടെ കണക്കു പുസ്തകം നോക്കിയ ഉസ്താദ് അത്ഭുതപ്പെട്ടു.പതിനായിരക്കണക്കിന് ദിക്‌റുകള്‍..നൂറുകണക്കിന് ഖത്തത്തിന്റെ രേഖകള്‍..”ഇനി ഈ ഉമ്മയ്ക്ക് വേണ്ടി നമ്മള്‍ എന്തു ചെയ്യാനാണ്? എല്ലാം ഉമ്മ തന്നെ ചെയ്തു വെച്ചിരിക്കുന്നു..റബ്ബുല്‍ ആലമീനായ തമ്പുരാനേ,എത്രയോ ഉസ്താദുമാര്‍ക്ക് വെച്ചു വിളമ്പിയ ഈ ഉമ്മയ്ക്ക് നീ സ്വര്‍ഗ്ഗീയ ഭക്ഷണം നല്‍കണേ..” ഉസ്താദിന്റെ ആര്‍ദ്രമായ പ്രാര്‍ത്ഥനയില്‍ നനയാത്ത കണ്ണുകളില്ല.

മരിക്കുമ്പോള്‍ പത്രത്തില്‍ കൊടുക്കുവാനുള്ള ഫോട്ടോ മകനെ ഏല്‍പ്പിച്ച് കുറച്ചു ദിവസം മുമ്പ് ഉമ്മ പറഞ്ഞത്രേ.”ഈ ഫോട്ടോ തന്നെ കൊടുക്കണം,ഇതാണ് ഇത്തിരി നല്ല ഫോട്ടോ..” ജീവിതയാത്രയുടെ സമയം അവസാനിക്കാറായെന്ന ഉള്‍വിളി മറ്റേമ്മയ്ക്ക് ഉണ്ടായിക്കാണണം..

എപ്പോഴും ചിരിച്ച് കയ്യില്‍ പിടിച്ച് സ്‌നേഹപൂര്‍വ്വം രണ്ട് ദിവസം കഴിഞ്ഞ് പോകാം എന്ന് നിര്‍ബന്ധിക്കാറുള്ള മറ്റേമ്മ ഇപ്പോള്‍ ഒന്നുമറിയാതെ കിടക്കുകയാണ്..സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റെയും ഗന്ധം എങ്ങും പരന്നൊഴുകുന്നുണ്ട്,ഉസ്താദിന്റെ പ്രാര്‍ത്ഥനയില്‍ എല്ലാവരും ആമീന്‍ പറയുന്നു..നൂറ്റി രണ്ടു വര്‍ഷമായി ചരിത്രവും വര്‍ത്തമാനവുമായി മാറിയ മറ്റേമ്മ യാത്ര പറയുകയാണ്.

എല്ലാം കഴിഞ്ഞ് പോകാനിറങ്ങുമ്പോളാണ് ആ ശൂന്യത അനുഭവപ്പെട്ടത്. ”നില്‍ക്ക്,രണ്ടു ദിവസം കഴിഞ്ഞ് പോയാല്‍ മതി…” എന്ന് കയ്യില്‍ പിടിച്ച് നിറഞ്ഞ സ്‌നേഹമാകാന്‍ ഇനി മറ്റേമ്മയില്ല. മറ്റേമ്മയുടെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അന്നാദ്യമായി കണ്ണുകള്‍ നിറഞ്ഞു

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px