‘ ഹോ! അങ്ങനെ 50 തികഞ്ഞു. ഇനിവേണം സ്വാതന്ത്ര്യത്തോടെ ഒന്ന് ജീവിക്കാന്‍’
രാവിലെ റോസക്കുട്ടി എന്ന റോസമ്മ ഉറക്കമുണര്‍ന്നത് തന്നെ ഇങ്ങനെ ഒരു ആത്മഗതത്തിന്റെ ‘ അകമ്പടിയോടെയാണ് ഇന്ന് റോസക്കുട്ടിയുടെ അല്ല ,റോസമ്മയുടെ അമ്പതാം പിറന്നാള്‍ ആണ് . റോസക്കുട്ടി എന്ന യുവതി റോസമ്മ / എന്ന മധ്യവയസ്‌കയായി പരിണമിക്കുന്ന സുദിനം.
സാധാരണ സ്ത്രീകള്‍ ഭയത്തോടെ മാത്രം നോക്കി കാണുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ എല്ലാം തന്നെ റോസക്കുട്ടിയെ പതിവിലധികം സന്തോഷിപ്പിച്ചിരുന്നു. കറുത്ത മുടിയില്‍ ആദ്യത്തെ വെള്ളി നര പ്രത്യക്ഷപ്പെട്ട ദിവസത്തില്‍ അനുഭവപ്പെട്ട അതേ സന്തോഷമാണ് ഈ പിറന്നാള്‍ ദിനത്തിലും റോസമ്മയ്ക്ക് അനുഭവപ്പെട്ടത്. റോസമ്മ എന്ന 50 കാരിയായി പകല്‍വെളിച്ചത്തില്‍ തന്നെ തന്നെ ഒന്ന് കാണാന്‍ ധൃതിപ്പെട്ടു അവള്‍ മുറിക്ക് പുറത്തിറങ്ങി.
‘അമ്മച്ചിക്ക് എന്നാ പറ്റി ? ഇന്ന് വല്യ സന്തോഷത്തിലാണല്ലോ’
കണ്ണും തിരുമ്മി മുറിക്ക് പുറത്തേക്ക് വന്ന ഇളയമകന്‍ ആന്‍ഡ്രൂസ് അത്ഭുതപ്പെട്ടു. അവനറിയില്ലല്ലോ റോസമ്മയുടെ മനോവിചാരങ്ങള്‍ .
ഇനി വേണം ഒന്ന് നന്നായി ഒരുങ്ങി പള്ളിയില്‍ പോകാന്‍ . ഇഷ്ടമുള്ള സാരി ഒന്ന് ഞൊറിഞ്ഞുടുത്ത് ഞെളിഞ്ഞു നടക്കാന്‍ . നെറ്റിയിലൊരു പൊട്ടുകുത്താന്‍ ചെറുപ്പം മുതലുള്ള ആഗ്രഹം പള്ളിയിലേക്കുള്ള യാത്രയായതിനാല്‍ വേണ്ടെന്നുവച്ചു. അവളുടെ പതിവില്ലാത്ത തിടുക്കവും വേവലാതിയും കണ്ടു ആന്‍ഡ്രൂസ് കണ്ണുമിഴിക്കുന്നത് റോസമ്മ കണ്ടില്ലെന്നു നടിച്ചു.
വയസ്സ് 50 ആയി ഇനി എന്തിന് ഇവനെ പേടിക്കണം ?
ചായ തിളപ്പിച്ച് ആന്‍ഡ്രൂസിന് കൊടുത്തു പുട്ടും കടലക്കറിയും ഉണ്ടാക്കി മേശപ്പുറത്ത് അടച്ചുവച്ച് റോസമ്മ കുളിക്കാന്‍ കയറി. തലവഴി നല്ല തണുത്ത വെള്ളം താഴേക്ക് അരിച്ചിറങ്ങിയപ്പോള്‍ ഒരു മൂളിപ്പാട്ട് പാടിയാല്‍ എന്തെന്ന് റോസമ്മയ്ക്ക് തോന്നി. പക്ഷേ പതിനേഴാം വയസ്സില്‍ മറന്നുവെച്ചതു കൊണ്ടാകും ഒരൊറ്റ മൂളിപ്പാട്ട് പോലും അപ്പോള്‍ റോസമ്മയുടെ തണുത്ത തലമണ്ടയിലേക്ക് കയറി വന്നില്ല. അതുകൊണ്ട് തല്‍ക്കാലം ആ ആഗ്രഹത്തെ സോപ്പ് പെട്ടിയില്‍ വെച്ചടച്ച് അവള്‍ വേഗം കുളിച്ച് ഇറങ്ങി.
അലമാരയില്‍ നിന്നും ഒരുപാട് കൊതിച്ചു വാങ്ങിയ പിങ്കില്‍ ചുവപ്പും വെളുപ്പും പൂക്കള്‍ തുന്നിപ്പിടിപ്പിച്ച ഓര്‍ഗന്‍സാ സാരി എടുത്ത് ഭംഗിയായി ഞൊറിഞ്ഞുടുത്തു. കറുത്തമുടിയിലെ അനേകം വെള്ളി നരകളെ അഭിമാനത്തോടെ ചീകിയൊതുക്കി. ആരും കാണാതെ അലമാരയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന കണ്മഷിച്ചെപ്പെടുത്ത് കണ്ണെഴുതി . മുഖത്ത് കുറച്ചു പൗഡര്‍ ഇട്ടു . ദുര്‍മേദസ്സ് ഒട്ടും ആക്രമിക്കാത്ത തന്റെ ശരീരവടിവിനെ ഒന്നുകൂടി നോക്കി സംതൃപ്തിയടഞ്ഞ് അവള്‍ മുറിക്ക് പുറത്തിറങ്ങിയപ്പോള്‍ ദാണ്ടെ നില്‍ക്കുന്നു മുന്നില്‍ ആന്‍ഡ്രൂസും കെട്ടിച്ചു വിട്ട് രണ്ടാമത്തെ പ്രസവത്തിനു വേണ്ടി വീട്ടില്‍ വന്നു നില്‍ക്കുന്ന മൂത്ത മകള്‍ ആന്‍മറിയയും. വലിയ വയറും താങ്ങിപ്പിടിച്ച് മുഖം അതിനേക്കാള്‍ വീര്‍പ്പിച്ചു പിടിച്ചുള്ള അവളുടെ നില്‍പ്പ് കണ്ടാല്‍ തോന്നും താന്‍ അവളുടെ സാരി ആണ് എടുത്ത് ചുറ്റിയിരിക്കുന്നത് എന്ന്.
‘ അമ്മച്ചിക്ക് ഇന്ന് എന്തുപറ്റി പതിവില്ലാതെ എങ്ങോട്ടാ രാവിലെ ഇങ്ങനെ ഒരുങ്ങി ചമഞ്ഞ് ?’ ആന്‍മറിയ കടുപ്പിച്ച് ചോദിച്ചു.
‘ എനിക്കെന്താ ഒരുങ്ങി കൂടായോ ? ഞാനേ ഇപ്പോള്‍ 50 വയസ്സായ ഒരു മധ്യവയസ്‌കയാണ്. ഇനി എനിക്ക് എന്നാ പേടിക്കാനാ?’
പുറകില്‍ നില്‍ക്കുന്ന മക്കളുടെ മുഖത്തെ ഭാവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ഭാവേന തലയുയര്‍ത്തിപ്പിടിച്ച് റോസമ്മ പുറത്തേക്കിറങ്ങി.
റോസമ്മ റോസക്കുട്ടി ആയിരുന്ന കാലം….
പതിനേഴാമത്തെ വയസ്സില്‍ ആന്റണിയുടെ മണവാട്ടിയായി പുതുശ്ശേരി തറവാട്ടില്‍ വന്നുകയറിയ അന്നുമുതല്‍ റോസക്കുട്ടിക്ക് തന്റെ ഇഷ്ടങ്ങള്‍എല്ലാം അലമാരക്കടിയില്‍ ആരും കാണാതെ ഒളിപ്പിക്കേണ്ടി വന്നു. മിന്നുകെട്ട് കഴിഞ്ഞ് ആദ്യത്തെ ഞായറാഴ്ച പള്ളിയിലേക്ക് പോകാന്‍ അപ്പച്ചന്‍ തന്ന അലമാരയിലെ പുതിയ ഓര്‍ഗന്‍സാ സാരികളില്‍ ഒന്ന് എടുത്തുടുത്ത് കണ്ണെഴുതി ,പൗഡറിട്ട് പുറത്തേക്കിറങ്ങിയ റോസക്കുട്ടിയെ കണ്ടു ആന്റണിയുടെ അമ്മച്ചിയും പിന്നാലെ ആന്റണിയും നെറ്റിചുളിച്ചു.
‘എന്നതാ കൊച്ചേ നീ കണ്ണേലൊക്കെ വാരിത്തേച്ചേക്കുന്നത്? കുടുമ്മത്തില്‍ പിറന്ന സത്യക്രിസ്ത്യാനികള്‍ ഒന്നും ഇങ്ങനെ കരിയും വാരി തേച്ചു നടക്കില്ല കേട്ടോ…എടാ ആന്റണിയേ നീ ഇതൊന്നും കണ്ടില്ലയോടാ ?’
അമ്മച്ചിയുടെ പുറകില്‍ ആന്റണിയുടെ കത്തുന്ന കണ്ണുകള്‍ കണ്ടതോടെ റോസക്കുട്ടി തന്റെ കണ്ണെഴുത്ത് മോഹങ്ങളെ സോപ്പിട്ട് പാടേ കഴുകി കളഞ്ഞു.
പള്ളിയില്‍ വച്ച് പലരുടേയും നോട്ടങ്ങള്‍ അവള്‍ക്ക് നേരെ പാറിവരുന്നത് കണ്ടിട്ടാണോ എന്തോ തിരിച്ചുവരും വഴി ആന്റണി സ്വകാര്യമായി എന്നാല്‍ കടുത്ത സ്വരത്തില്‍ റോസക്കുട്ടിയോട് പറഞ്ഞു.
‘ വീട്ടീന്ന് തന്നു വിട്ടതില്‍ വേറെ സാരി ഒന്നും ഇല്ലേ ? ഇങ്ങനെ നിഴലു കാണുന്ന സാരി ഒന്നും ഇനി മേലാല്‍ ഉടുത്തേക്കരുത്.’
അതോടെ റോസക്കുട്ടിയുടെ ഓര്‍ഗന്‍സാ പ്രിയങ്ങള്‍ക്കും താഴു വീണു. അവള്‍ അപ്പച്ചനോട് പ്രത്യേകം പറഞ്ഞു മേടിപ്പിച്ചവ ആയിരുന്നു ആ സാരികള്‍ . പിന്നീടങ്ങോട്ട് റോസക്കുട്ടിക്ക് സാരി ഞൊറിയിട്ട് ഉടുക്കാതെ ചുമ്മാ പൊതിഞ്ഞുകെട്ടി ചുമല്‍മറച്ചു പള്ളിയിലേക്ക് പോകേണ്ടിവന്നു.
വസ്ത്രത്തിന്റെ കാര്യത്തില്‍ വിപ്ലവകരമായ ഒരു മാറ്റം വന്നത് ചുരിദാറിന്റെ വരവോടെയാണ്. സാരിയില്‍ നിന്ന് ചുരിദാറിലേക്ക് റോസക്കുട്ടി ആന്റണിയാല്‍ പരകായപ്രവേശം നടത്തപ്പെട്ടത് കാണാന്‍ ആന്റണിയുടെ അമ്മച്ചി ജീവിച്ചിരിപ്പില്ലാതിരുന്നതിനാല്‍ സത്യ ക്രിസ്ത്യാനികളുടെ പാരമ്പര്യത്തിന്റെ പേരിലും റോസക്കുട്ടിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഫാഷന്‍ തലയ്ക്കു പിടിച്ചിട്ടല്ല ആന്റണി ചുരിദാര്‍ എന്ന പുതിയ വസ്ത്ര സങ്കല്‍പത്തെ അവതരിപ്പിച്ചത് എന്ന് കുറച്ചു മാസങ്ങള്‍ക്ക് ശേഷമാണ് റോസക്കുട്ടിക്ക് മനസ്സിലായത് .
നാത്തൂന്റെ മകളുടെ കല്യാണത്തിന് പോകാന്‍ കുറെ നാളുകള്‍ക്കു ശേഷം റോസക്കുട്ടി ഒരു സാരി എടുത്ത് ഉടുത്തുകൊണ്ടിരുന്ന സമയം. കുളി കഴിഞ്ഞ് മുറിയിലേക്ക് കടന്ന ആന്റണിയുടെ നാവില്‍ നിന്ന് വന്ന ‘ഒടുക്കത്തെ ഷെയ്പ്പ് ആണല്ലോ കര്‍ത്താവേ’ എന്ന ആത്മഗതം കേട്ട് റോസക്കുട്ടിക്ക് ഓക്കാനം വന്നു. ഒരിക്കല്‍ പോലും തന്റെ സൗന്ദര്യത്തെക്കുറിച്ച് ഒരു നല്ല വാക്ക് പോലും പറയാത്ത ആന്റണിയുടെ ആ വാക്കുകള്‍ വഴിവക്കിലെ ആഭാസന്‍മാരുടെ നാവില്‍നിന്നും തെറിച്ച തുപ്പല്‍ പോലെ അവളില്‍ അറപ്പും വെറുപ്പും ഉളവാക്കി. അന്നാണ് ആന്റണിയുടെ ചുരിദാര്‍ പ്രേമത്തിന്റെ ഗുട്ടന്‍സ് അവള്‍ക്ക് പിടികിട്ടിയത്.
ഒരു ചാക്കിനകത്ത് കയറിയതുപോലെ ചുരിദാറില്‍ മൊത്തം പൊതിഞ്ഞെടുത്ത തന്റെ ശരീരവുമായി പള്ളിയിലെത്തിയ റോസക്കുട്ടിയെ കണ്ട് പത്താംക്ലാസില്‍ ഒന്നിച്ച് പഠിച്ച് ഒരേ നാട്ടിലേക്ക് കെട്ടിച്ചയക്കപ്പെട്ട സിസിലി മൂക്കത്ത് വിരല്‍ വെച്ചു.
‘ ഇതെന്നാ കോലമാ റോസക്കുട്ടീ? ഈ ചുരിദാര്‍ ഒന്ന് വണ്ണം കുറച്ചു ഷെയ്പ്പ് ചെയ്യരുതോ ?ഇതൊരുമാതിരി അച്ചന്മാരുടെ ളോഹ പോലെ …’
ഷെയ്പ്പ് തന്നെയാണ് പ്രശ്‌നം എന്ന് പറയാന്‍ തോന്നിയെങ്കിലും സ്വന്തം പല്ലിനിടയില്‍ കുത്തി മണപ്പിക്കണ്ടല്ലോ എന്ന് കരുതി റോസക്കുട്ടി വെറുതെ ചിരിച്ചു.
കുട്ടികള്‍ ഉണ്ടായപ്പോഴും റോസക്കുട്ടിയുടെ ഇഷ്ടങ്ങള്‍ ചിറക് കരിഞ്ഞു വീണു. ആദ്യത്തെ കുട്ടി പെണ്ണാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ മാലാഖയെ പോലെ ഇരിക്കുന്ന അവള്‍ക്ക് ‘എയ്ഞ്ചല്‍’ എന്ന് പേരിടണമെന്ന് റോസക്കുട്ടി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആന്റണി അയാളുടെ പേരും അമ്മച്ചിയുടെ പേരും കൂട്ടിക്കലര്‍ത്തി ഒരു സമ്മിശ്ര രൂപത്തില്‍ ആന്‍ മറിയ എന്ന് പേരിട്ട് റോസക്കുട്ടിയുടെ മാലാഖ മോഹത്തിന്റെ ചിറക് അറുത്തുകളഞ്ഞു .പിന്നീട് ആന്‍ഡ്രൂസും ആന്റണിയുടെ പാരമ്പര്യ അവകാശിയായി.
മക്കളൊക്കെ വലുതായി കഴിഞ്ഞിട്ടും ആന്റണി റോസക്കുട്ടിയെ സാരിയിലേക്കു തിരിച്ചു വിട്ടില്ല .ആരുമറിയാതെ മുറിയടച്ച് റോസക്കുട്ടി തന്റെ സാരികളെ ഓമനിച്ചു പോന്നു.
‘ഈ ചുരിദാറിന് അങ്ങനെയൊരു ഗുണമുണ്ട്ഏത് പ്രായക്കാര്‍ക്കും ധരിക്കാം’ – എന്നൊരു കമന്റ് ഇടയ്ക്കിടെ പാസാക്കി ആന്റണി റോസക്കുട്ടിയുടെ സാരി ഭ്രമത്തെ വേരോടെ പിഴുതെറിയാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
ഒടുവില്‍ റോസക്കുട്ടിയുടെ 42-ാമത്തെ വയസ്സില്‍ പൊടുന്നനെ യാത്രയായ ആന്റണിയുടെ ശവശരീരത്തിന് അരികില്‍ ഇരുന്ന റോസക്കുട്ടിയുടെ മനസ്സിലേക്ക് മനഃപൂര്‍വ്വമല്ലാതെ തന്റെ അലമാരയില്‍ ആന്റണി കാണാതെ വാങ്ങിവെച്ച സാരികളും സാരികള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച കണ്‍മഷിയും കറുത്ത സ്റ്റിക്കര്‍ പൊട്ടും കടന്നുവന്നു. അറിയാതെ ഉള്ളില്‍ തുള്ളിക്കുതിച്ച സന്തോഷം മറ്റാരെങ്കിലും അറിഞ്ഞു കളയുമോ എന്ന് ഭയപ്പെട്ട് റോസക്കുട്ടി ഉറക്കെ കരഞ്ഞു.
പക്ഷേ ആ സന്തോഷത്തിന് അധിക ദിവസം ആയുസ്സുണ്ടായില്ല .റോസക്കുട്ടിയുടെ സ്വാതന്ത്ര്യം കൂടുതല്‍ വിലക്കുകളിലേക്ക് വീണു. കെട്ട്യോന്‍ മരിച്ച നാല്പത്തിരണ്ടുകാരി സുന്ദരി . നാട്ടുകാരും വീട്ടുകാരും അവള്‍ക്ക് ചുറ്റും മുള്ളുവേലി കെട്ടി . ഒരുവിധവ പാലിക്കേണ്ട അച്ചടക്ക നടപടികളില്‍ കുരുങ്ങി റോസക്കുട്ടിക്ക് മുമ്പത്തേതിനേക്കാള്‍ ശ്വാസംമുട്ടി.
അങ്ങനെയിരിക്കുമ്പോഴാണ് ഒരിക്കല്‍ സിസിലി 50 വയസ്സു കഴിഞ്ഞാല്‍ കിട്ടുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തന്റെ അറിവ് തുറന്നിട്ടത്.
‘കെട്ടിയോനും മക്കളും കാണിച്ചുതരുന്ന ചൂട്ടു വെളിച്ചത്തിലാണ് നമ്മള്‍ പെണ്ണുങ്ങളുടെ ജീവിതം . ആ വെളിച്ചത്തിന് അപ്പുറത്തേക്ക് പോകാന്‍ ആരും നമ്മളെ സമ്മതിക്കത്തില്ല. പിന്നെ ഒരു പത്തമ്പതുവയസ്സാകുമ്പോഴേക്കും അവര്‍ക്കീ വെട്ടം കാട്ടി നടക്കുന്നതു മടുക്കും. മക്കള്‍ക്കാണെങ്കില്‍ അവരുടെ സ്വന്തം കാര്യം കൂടി നോക്കാന്‍ നേരമില്ലാതാകും. അന്നാണ് നമുക്ക് സ്വാതന്ത്ര്യം കിട്ടുന്നത്. നാട്ടുകാര്‍ക്കും ഈ അമ്പതുകഴിഞ്ഞവരുടെ കാര്യത്തില്‍ വലിയ ആശങ്ക ഒന്നുമില്ല.’
അതോടെയാണ് റോസക്കുട്ടി അമ്പതാകാനുള്ള കാത്തിരിപ്പ് തുടങ്ങിയത്.
പള്ളിയില്‍ നിന്നും തിരിച്ചു വരുന്ന വഴി റോസമ്മ ഗ്രാമീണ വായനശാലയില്‍ കയറി ഒരു മെമ്പര്‍ഷിപ്പ് എടുത്ത് പതിനേഴാം വയസ്സില്‍ ആന്റണിയുടെ കൂടെ വരുന്നതിന്റെ തലേദിവസം സ്വന്തം വീട്ടില്‍ മറന്നുവച്ച വായനാശീലത്തെ തിരികെയെടുത്തു. കല്യാണം കഴിഞ്ഞ് വീട്ടില്‍ തനിച്ചിരുന്ന് മുഷിഞ്ഞ നാളുകളിലൊന്നില്‍ ഒരു പുസ്തകം വായിക്കാനുള്ള മോഹം റോസക്കുട്ടി ആന്റണിയെ അറിയിച്ചിരുന്നു.
‘വായിക്കണമെന്ന് അത്രയ്ക്ക് നിര്‍ബന്ധമാണേല്‍ ദാണ്ടെ ബൈബിളിരിക്കുന്നു എടുത്തുവച്ചു വായിച്ചോ’ – എന്നായിരുന്നു അതിന് ആന്റണിയുടെ മറുപടി.
വായനശാലയില്‍ നിന്നും എടുത്ത പുസ്തകങ്ങള്‍ മാറത്തടുക്കിപ്പിടിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ തന്റെ അമ്പതാം പിറന്നാള്‍ എങ്ങനെ ആഘോഷിക്കണം എന്നായിരുന്നു റോസമ്മയുടെ ചിന്ത.
റോസമ്മ വീട്ടിലെത്തിയപ്പോള്‍ മക്കള്‍ അമ്മച്ചിയുടെ പതിവില്ലാത്ത ദിനചര്യകളിലും ചമഞ്ഞൊരുങ്ങലിലും ആശങ്കപ്പെട്ട് പുട്ടും കടലയും കഴിച്ചു ശൂന്യമായ പാത്രത്തിലേക്ക് നോക്കിയിരിക്കുകയായിരുന്നു. അകത്തേക്ക് വന്ന അമ്മച്ചിയുടെ കൈയ്യിലെ പുസ്തകങ്ങള്‍ കണ്ട് ആശങ്ക അധികരിച്ചതിനെത്തുടര്‍ന്ന് ആന്‍ഡ്രൂസ് കാസറോളില്‍ നിന്നും ഒരു കഷണം പുട്ട് കൂടി എടുത്തു പാത്രത്തില്‍ വച്ച് ഞെരിച്ചുടച്ചു അതിനു മുകളിലേക്ക് കുറച്ച് കടലക്കറി കൂടി ഒഴിച്ചു.
റോസമ്മ ഇതൊന്നും തന്നെ കണ്ടതായി ഭാവിക്കാതെ മുറിക്കുള്ളില്‍ കടന്ന് ആന്റണിയുടെ അലമാര തുറന്നു . അതിലൊരു അറയിലെ ആന്റണിയുടെ കുറച്ച് ഷര്‍ട്ടും മുണ്ടും ഒഴിച്ചാല്‍ ബാക്കിയെല്ലാം ആന്റണി റോസക്കുട്ടിക്ക് വാങ്ങിക്കൊടുത്ത ചുരിദാറുകള്‍ ആയിരുന്നു . റോസമ്മ ആ ചുരിദാറുകള്‍ എല്ലാം വാരി എടുത്തു പുറത്തേക്കു നടന്നു.
അമ്മച്ചിയുടെ മാറ്റം ദഹിക്കാത്ത കടലക്കറി പോലെ മക്കളെ അസ്വസ്ഥരാക്കിക്കൊണ്ടിരുന്നപ്പോള്‍ റോസമ്മയാകട്ടെ അപ്പച്ചന്റ .ഓര്‍മ്മയ്ക്ക് അമ്മച്ചി എന്നും സൂക്ഷിച്ചു വെക്കും എന്ന് മക്കള്‍ തെറ്റിദ്ധരിച്ച ചുരിദാറുകള്‍ എല്ലാം പറമ്പിന്റെ ഒരു മൂലയില്‍ കൂട്ടിയിട്ട് തീ കൊളുത്തി തന്റെ അമ്പതാം പിറന്നാള്‍ ആഘോഷത്തിന് തുടക്കം കുറിക്കുകയായിരുന്നു.













