‘മഞ്ഞുതുള്ളികള്‍ വാകമരത്തിന്റെ പൂക്കള്‍ക്കിടയിലൂടെ, ഹരിത വര്‍ണ്ണമായ മൊട്ടിലൂടെ ഊറി നിലത്തേക്ക് പൊഴിയുന്ന ജൂണ്‍, ജൂലൈ മാസം. പ്രണയത്തിന്റെ ചുടുചുംബനം പോലും ഹൃദയത്തെ കഴുകിയെടുത്തു വിറകൊള്ളുന്നത് പോലെ.മീസാന്‍ കല്ലിന്റെ ചുവട്ടിലെ മൈലാഞ്ചിചെടിയില്‍ നിന്നും മിഴിനീരുറയ്ക്കാത്ത, ഉറവ പോലെ സാന്ദ്രനൊമ്പരമായ വിരഹം എന്നെ, എന്റെ മനസ്സിനെ നീയെന്ന,വികാരത്തിന്റെ വേലിപ്പടര്‍പ്പുകളില്‍ ചേര്‍ത്തു പിടിക്കുമ്പോള്‍… പണ്ട് ഞാന്‍ നിന്റെ നെറ്റിയില്‍ ചാര്‍ത്തിയ സിന്ദൂരത്തില്‍ എന്റെ, ചുണ്ടുകള്‍ പതിഞ്ഞത് നിനക്കോര്‍മ്മയുണ്ടോ?..
നിന്റെ മഷിയെഴുതിയ നീലക്കണ്ണുകളില്‍ ആകാശത്തിലെ, വെള്ളി മേഘങ്ങള്‍ എന്റെ നാസികത്തുമ്പില്‍ പതിഞ്ഞതും, പവിഴം പൊഴിയുന്ന മധു എന്റെ,സിരകളില്‍ പടര്‍ന്നതും അതിന്റെ പരമമായ ഉന്നതിയില്‍ നമ്മള്‍ ആനന്ദം കൊണ്ടതും നിനക്കോര്‍മ്മയില്ലേ….?
‘പാതിപടര്‍ന്ന അക്ഷരങ്ങളിലൂടെ, പഴകിയപേപ്പര്‍ തുണ്ടുകളിലൂടെ കൈ വിരല്‍ വിറയലോടെ പരതി നടക്കുമ്പോഴേയ്ക്കും.. ചുണ്ടുകളില്‍ ആ വിറയല്‍ പൊട്ടിമുളച്ചു. നിറഞ്ഞൊഴുകിയ കണ്ണുനീര്‍ത്തുള്ളികള്‍ വീണു അക്ഷങ്ങള്‍ മുഴുവനും,മനസ്സിന്റെ കോണുകളിലെ ഓര്‍മ്മകളായി പുനര്‍ജ്ജനിച്ചു.ചെമ്മാനം ചുവന്ന മണ്‌റോഡും, പച്ചപ്പട്ടടുത്ത നെല്‍പ്പാടങ്ങളും, അതിനു നടുവിലൂടെ അരയന്നം നീന്തി തുടിക്കും പോലെ,പതഞ്ഞൊഴുക്കുന്ന, കൈതമുള്ളുകളും ചെമ്പരത്തിയും കൊണ്ട് ഇടതൂര്‍ന്ന,വരമ്പുകളുള്ള ചെറിയ കൈത്തോടുകളും. അതിനടിയില്‍ പുഞ്ചിരി വറ്റാത്ത നുണക്കുഴിയുള്ള ഒരു കൊച്ചു സുന്ദരിയുടെ പുഞ്ചിരിയും നാണം കലര്‍ന്ന മിഴികളും എന്നിലേയ്‌ക്കൊടിയെത്തി.
‘വെള്ളാരംകല്ലുകളില്‍ തട്ടി വെള്ളിപ്പാദസരത്തില്‍ ചുംബിച്ചു കൊണ്ട്, വനമാല സോപ്പിന്റെ പത അവളുടെ നീണ്ടു മെലിഞ്ഞ, മൈലാഞ്ചിയിട്ട കാല്‍വിരലുകളിലൂടെ ഒഴുകിപോകുന്നത് നോക്കി താന്‍, പ്രേമം ഉള്ളില്‍ ജ്വലിക്കുന്ന പോലെ അലക്കുകല്ലിന്റെ അരികില്‍ ചെരിഞ്ഞു നില്‍ക്കുന്ന ചെമ്പരത്തിപ്പൂവില്‍ വലതു കൈ ചേര്‍ത്ത് അവളുടെ, എടുത്തു കുത്തിയ ചുവന്ന പാവാടയുടെ ചുവട്ടില്‍, ഇക്കിളിയിടുന്ന സോപ്പ് പതയെ കുസൃതി കലര്‍ന്ന ചിരിയോടെയുള്ള തന്നെ നോക്കി അവള്‍ പറഞ്ഞു ‘അതെ എന്താണ്, തോട്ടുമീനിനെ റാഞ്ചാന്‍ വന്ന, കൊറ്റിയെ പോലെ ഇരിക്കുന്നത്’
‘ഒന്നുമില്ല ഉവ്വേ!നിന്റെ ചന്തം കണ്ടു നോക്കിയതാ’
അതിനു മറുപടിയായി ഇരുകൈകള്‍ കൊണ്ട് ഒരു തുടം വെള്ളം കോരി തന്റെ മുഖത്തേക്ക് അവള്‍ തെറിപ്പിച്ചു. എന്നിട്ട് മനോഹരമായി പുഞ്ചിരിച്ചു.
പിന്നെ എന്താണ്… അവ്യക്തമായ പുകച്ചുരുള്‍ പോലെ ഓര്‍മ്മളില്‍ ഇന്ദ്രിയങ്ങള്‍ വട്ടം കറങ്ങുന്നു. പുറം കൈകള്‍ കൊണ്ട് മിഴികള്‍ തുടച്ചു വീണ്ടും പഴയ കാലത്തിന്റെ,പിന്നാമ്പുറങ്ങള്‍ തേടുമ്പോള്‍ ചെമ്പകവും ചെമ്പരത്തിയും കൈതച്ചെടിയെ ചുറ്റി, ജീവനറ്റ വെള്ളി പാദസരമണിഞ്ഞ, മൈലാഞ്ചി ചാര്‍ത്തിയ രണ്ട് പാദങ്ങള്‍ മാത്രം തെളിഞ്ഞു നിന്നു.
പിന്നെ എന്താണ്… നിറഞ്ഞ മിഴികള്‍ അടച്ചു പിടിച്ചു നിശബ്ദമായി അയാള്‍ തേങ്ങി.
‘ഉണങ്ങിയ പാടത്തിലൂടെ, തന്റെ പാവാടത്തുമ്പില്‍ പിടിച്ചുകൊണ്ട് ഓടികളിക്കുകയായിരുന്നു.ഒരു പൂമ്പാറ്റയെപ്പോലെ വര്‍ണ്ണങ്ങള്‍ വാരി വിതറി ഉയര്‍ന്നു പറക്കാന്‍ തുടങ്ങിയപ്പോള്‍, എതിരെ നിന്നും വന്ന ബലിഷ്ടമായ കരങ്ങള്‍ അവളുടെ വായ പൊത്തി. നിസ്സഹായയായി കുതറുമ്പോള്‍ ചെവിയുടെ ചുവട്ടില്‍ മുരളുന്ന സിംഹത്തെ പോലെ, ശബ്ദം
‘അവര്‍ മൂന്നോ നാലോ ആളുകള്‍ ഉണ്ടായിരുന്നു. അടുത്ത നിമിഷം തന്റെ കൊച്ചുപാവാടയുടെ വള്ളികള്‍ പിഴുതെറിയപെട്ടു. ഉഴുതുമറിച്ച നെല്‍പ്പാടങ്ങള്‍ പോലെ, അവളിലെ ജീവനും, ട്രാക്ടറിനടിയില്‍പെട്ട നെല്‍ക്കതിരുപോലെ, സ്വപ്നങ്ങള്‍ കരിഞ്ഞുണങ്ങിയ കര്‍ഷകനെ ഓര്‍മ്മിപ്പിച്ചതുപോല്‍ വിറകൊണ്ടു. കത്തിജ്വലിക്കുന്ന സൂര്യഭഗവാന്‍ പോലും കണ്ണുനീരുകലര്‍ന്ന വിയര്‍പ്പോടെ മിഴിപൂട്ടി.മനോഹരമായ കണ്മഷിയെഴുതിയ നയനങ്ങളിലൂടെ, ചോരച്ചാലുകള്‍ വരണ്ട മണ്ണില്‍ പടര്‍ന്നൊഴുകി.. ഒന്നു കുതറുവാന്‍ പോലുമാവാതെ കൊഴിഞ്ഞ ദളത്തിന്റെ നേര്‍ക്ക് കാമത്തിന്റെ കൊടുങ്കാറ്റ് വീശിയടിച്ചു. അവസാനം കിതപ്പുകള്‍ക്കും, കുതിപ്പുകള്‍ക്കുമിടയില്‍, ഒരു താമരതണ്ടുപോലെ അവള്‍ അനാഥമായിക്കിടന്നു, വിവസ്ത്രയായിത്തന്നെ
‘ അവസാനം ഒരിറ്റുജലത്തിനായ് വായ് തുറന്നപ്പോള്‍, കുഞ്ഞു ഹൃദയവും കൗമാര മേനിയെയും അവര്‍ ഉണങ്ങിയ വൈക്കോലിനാല്‍ ഒളിപ്പിച്ചു, ചുണ്ടിലെരിയുന്ന ലഹരിനിറഞ്ഞ ബീഡിക്കനലുകള്‍ അതിനൊപ്പം ലയിച്ചു ചേര്‍ന്നു. കത്തിയെരിഞ്ഞ തീജ്വാലകളില്‍ നിന്നും, മാംസം വെന്തുരുകുന്ന ഗന്ധം പരന്നു. തലയോടിന്റെ കഷണങ്ങള്‍ ഉഗ്രശബ്ദമോടെ ചിതറിത്തെറിച്ചു!
‘വീണ്ടും ഓര്‍മ്മകളെ ചുണ്ടിലെരിഞ്ഞ ബീഡിയുടെ പുകക്കനലുകള്‍ പോലെ പുറത്തേക്ക് വിട്ട്,അയാള്‍ തന്റെ മുഷിഞ്ഞ ഭാണ്ഡമെടുത്തു തോളിലിട്ട്, മുന്നോട്ട് നടന്നു. കീറിയ ഒറ്റമുണ്ടും, ബട്ടണ്‍ ഇല്ലാത്ത ഷര്‍ട്ടും കാഴ്ച്ചയില്‍ ഒരു ഭ്രാന്തനായ ഭിക്ഷക്കാരന്‍. തിരക്ക് പിടിച്ച ഒരു ആള്‍ക്കൂട്ടത്തിലൂടെ ഗേറ്റ് കടന്നു അയാള്‍ ഒരു വാഹനത്തിന്റെ മറവില്‍ ഒളിച്ചിരുന്നു. ‘മൊബൈല്‍ ഓഫ് ചെയ്യുക ‘എന്നെഴുതിയ ബോര്‍ഡിന് ചുവട്ടില്‍ കറുത്ത കോട്ടിട്ടുകൊണ്ട് ഒരാള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് അയാള്‍ നിരീക്ഷിച്ചുക്കൊണ്ടിരുന്നു.
സമയം കടന്നു പോയി, പല ആളുകള്‍, കോട്ടിട്ടവര്‍, അല്ലാത്തവര്‍ ഒക്കെ അയാളെ മറികടന്നും, ഗേറ്റ് കടന്നും പൊയ്‌ക്കൊണ്ടിരുന്നു. അല്പസമയത്തിന് ശേഷം അയാളുടെ കണ്ണുകളില്‍ വന്യമായ ഒരു തിളക്കം, തന്റെ ഭാണ്ഡക്കെട്ടിനുള്ളില്‍ നിന്നും എന്തോ ഒന്ന് അയാള്‍ വലിച്ചെടുത്തു. പതിയെ ആളുകള്‍ക്കിടയിലൂടെ മുന്നോട്ട് കുതിച്ചു. എതിര്‍വശത്തു നിന്നും ചിരിച്ചുകൊണ്ട് ഒരാള്‍ സിഫ്റ്റ് കാറിന്റെ ഡോര്‍ തുറന്നു കയറാന്‍ തുടങ്ങവേ..
പിന്നില്‍ വാരിയെല്ലുകള്‍ തുളച്ചു പിന്നില്‍ നിന്നും, കൂര്‍ത്തു വളഞ്ഞ ഇരുമ്പു കത്തി കയറിയിറങ്ങി, നിലവിളിച്ചു കൊണ്ട് അയാള്‍ തറയില്‍ വീണു. നിലത്തു കിടന്നു പുളയുന്ന അയാളുടെ നെഞ്ചില്‍ കയറി ഇരുന്ന് ആ ഭ്രാന്തന്‍ വീണ്ടും വീണ്ടും ആ ശരീരത്തില്‍ ആഞ്ഞു കുത്തി, നിശ്ചലമായ ആ ശരീരത്തില്‍ നിന്നും പടര്‍ന്ന രക്തത്തിലേയ്ക്ക് അയാള്‍ കാറിത്തുപ്പി..
ചുറ്റും ആളുകള്‍ കൂട്ടം കൂടിയപ്പോള്‍ നിറഞ്ഞ മിഴികള്‍ ചോര പുരണ്ട തന്റെ ഇടതു കൈ കൊണ്ട് തുടച്ചു അയാള്‍ പൊട്ടിച്ചിരിച്ചു…ഉന്മാദത്തനായി..കുറച്ചു സമയങ്ങള്‍ക്ക് ശേഷം ദൃശ്യ മാധ്യത്തിലും സോഷ്യല്‍ മീഡിയകളിലും ബ്രേക്കിങ് ന്യൂസ് വന്നു കൊണ്ടിരുന്നു. ‘പ്രമാദമായ ശാരിക ക്കേസില്‍ പ്രതി രാജീവ് മേനോനടക്കം നാലുപേര്‍ക്കെതിരെ, മതിയായ തെളിവുകള്‍ ഇല്ലാത്തതിന്റെ പേരില്‍ വെറുതെ വിട്ടു. പക്ഷെ കോടതി വളപ്പില്‍ തന്നെ, അലഞ്ഞു നടക്കുന്ന ഒരു ഭ്രാന്തന്റെക്രൂരമായ ആക്രമണത്തില്‍ രാജീവ് മേനോന്‍ കൊല്ലപ്പെട്ടിരിക്കുന്നു!













