LIMA WORLD LIBRARY

അക്ഷരം തേടിയുള്ള ആദ്യത്തെ യാത്ര-ഉല്ലാസ് ശ്രീധര്‍

ഭാവനയല്ല,
അതിശയോക്തിയല്ല,
തെളിഞ്ഞ ഓര്‍മ്മയാണ്…

ഒരു ദിവസം രാവിലെ അമ്മ എന്നെ കുളിപ്പിച്ച്,
പുതിയ വസ്ത്രം ധരിപ്പിച്ച്,
നെറ്റിയില്‍ ചന്ദന കുറി വരച്ച്,
പുതിയ സ്ലേറ്റ് മാത്രം വെച്ച പ്ലാസ്റ്റിക് ബാഗ് കൈയില്‍ തന്നു…

ചേട്ടന്‍മാരും
ചേച്ചിമാരും ഒരു ചിരിയോടെ ഇതെല്ലാം നോക്കി നിന്നു…

എനിക്ക് ഒന്നും മനസിലായില്ല…

വലിയേട്ടന്‍ എന്നെ അങ്ങാടിക്കടയില്‍ കൊണ്ടു പോയി…

അച്ഛന്‍ ഗള്‍ഫിലായതിനാല്‍ അച്ഛന്റെ മൂത്ത ചേട്ടന്‍ അച്യുതന്‍ വൈദ്യരുടെ പാദനമസ്‌കാരം നടത്തിച്ചു…

വലിയച്ഛന്‍ ഭരണിയില്‍ നിന്ന് ഒരു കഷ്ണം കള്‍ക്കണ്ടെടുത്ത് എനിക്ക് തന്നു…

മധുരം നുണഞ്ഞു കൊണ്ട് അങ്ങാടിക്കടയിലെ ചെറിയ ബഞ്ചില്‍ ഞാനിരുന്നു…

അപ്പോള്‍ പടിഞ്ഞാറ് നിന്ന് തീവണ്ടി പോലെ മുന്നില്‍ ടീച്ചറും പുറകില്‍ കുറേ കുട്ടികളും വരിവരിയായി നടന്നു വരുന്നു…

അങ്ങാടിക്കടയുടെ മുന്നില്‍ നിന്ന
ആ തീവണ്ടിയില്‍ ഞാനും കയറി…

വരി നീങ്ങിയപ്പോള്‍ മതിലിനകത്ത് നിന്ന് അമ്മ പറഞ്ഞു:
‘ശാന്തേ…,കൊച്ചുമോനെ നോക്കിക്കോണേ…’

ചിരിച്ചു കൊണ്ട് ശാന്ത ടീച്ചര്‍ തലയാട്ടി…

അമ്മയും ചേച്ചിമാരും കൈ വീശി…

ഞാനും കൈ വീശിയിട്ട്
എന്തിനെന്നറിയാതെ,
എവിടേക്കെന്നറിയാതെ
ആ വരിയില്‍ ഒരാളായി ചേര്‍ന്ന് നടന്നു…

ഞാന്‍ കരയുമോ എന്ന സംശയത്തില്‍ വലിയേട്ടനും കൊച്ചേട്ടനും കുറച്ചു ദൂരം കൂടെ വന്നു…

രണ്ട് വളവ് കഴിഞ്ഞപ്പോള്‍ ഒരു വീട്ടില്‍ ആ അക്ഷര വണ്ടി നിന്നു…

അന്ന് ശാന്ത ടീച്ചര്‍ എന്നെ അക്ഷരമെഴുതാന്‍ പഠിപ്പിച്ചു…

ഉച്ചയായപ്പോള്‍ കൊച്ചേട്ടന്‍ ചോറ് കൊണ്ടു വന്നു…

അമ്മയെ പോലെ ശാന്ത ടീച്ചറാണ് എനിക്ക് ചോറ് വാരി തന്നത്…

ഊണ് കഴിച്ചിട്ട് ഉറങ്ങി…

ഉറങ്ങിയുണര്‍ന്നപ്പോള്‍ ഉപ്പുമാവ് വെന്ത് മറിയുന്ന മണം…

ഉപ്പുമാവ് തിന്നയുടന്‍ വീട്ടിലേക്കുള്ള യാത്ര…

ഉച്ചയൂണ്,
ഉച്ചയൂണ് കഴിഞ്ഞാലുടന്‍ ഉറക്കം.,
ഉറങ്ങിയുണര്‍ന്നാല്‍ ഉപ്പുമാവ്,
ഉപ്പുമാവ് തിന്നാലുടന്‍ വീട്ടിലേക്കുള്ള യാത്ര…

അത് എനിക്ക് പെരുത്ത് ഇഷ്ടമായി…

തിരിച്ച് വന്നപ്പോള്‍
എന്നേയും കാത്ത് വീടിന് മുന്നില്‍ അമ്മയും
ചേച്ചിമാരും നില്‍ക്കുന്നു…

അമ്മ ടീച്ചറോട് ചോദിച്ചു:
‘ശാന്തേ,മോന്‍ കരഞ്ഞോ…?’

ടീച്ചര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു:’ഇല്ല…’

എന്നെ വാരിയെടുത്ത് ഉമ്മ തന്നിട്ട് ചേച്ചി ചോദിച്ചു:’നീ പേടിച്ചില്ലേ,കരഞ്ഞില്ലേ…’

ഒത്തിരി കൂട്ടുകാരും
ഒത്തിരി സ്‌നേഹവും കിട്ടിയ ഞാന്‍ എന്തിന് പേടിക്കണം?കരയണം…?

ഓരോ നവരാത്രിയിലും ആദ്യമായി നഴ്‌സറിയില്‍ പോയതും നഴ്‌സറിയില്‍ എന്നെ എഴുതാന്‍ പഠിപ്പിച്ചതും പഠിപ്പിച്ച ശാന്ത ടീച്ചറിനേയും ഞാന്‍ ഓര്‍മ്മിക്കും…

അക്ഷരങ്ങള്‍ പഠിപ്പിച്ച,
അമ്മയെ പോലെ സ്‌നേഹിച്ച,
ചോറ് വാരി തന്ന ശാന്ത ടീച്ചര്‍ എനിക്ക് ദൈവത്തെ പോലെയായിരുന്നു…

എന്റെ എല്ലാ കൂട്ടുകാര്‍ക്കും ‘നവരാത്രി ആശംസകള്‍’ നേരുന്നു………………………………….

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px