LIMA WORLD LIBRARY

ഇനിയെന്നു പോകും നിങ്ങള്‍ – നൈന മണ്ണഞ്ചേരി

നാട്ടില്‍ നില്‍ക്കാന്‍ ഒരു നിവൃത്തിയുമില്ലെന്ന് വന്നപ്പോഴാണ് ഒരു ദുര്‍ബല നിമിഷത്തില്‍ ഗള്‍ഫില്‍ പോകാന്‍ തീരുമാനിച്ചത്.എങ്ങനെയെങ്കിലും അവിടെ എത്തിപ്പെട്ടാല്‍ മതി പിന്നെ പരമ സുഖം എന്ന ധാരണയോടെയാണ് കടല്‍ കടന്നത്.പോയി വന്നവരുടെ പകിട്ടും പത്രാസുമൊക്കെ കണ്ടാല്‍ അങ്ങനയല്ലേ തോന്നൂ.അവിടെ തെണ്ടിത്തിരിഞ്ഞാണ് വന്നതെങ്കിലും ഇവിടെ വന്ന് അഴകിയ രാവണനായി നടക്കുകയാണല്ലോ നാട്ടുനടപ്പ്.ജോലി പുറത്തു പറയാന്‍ കൊള്ളില്ലെങ്കിലും ആരെങ്കിലും അബദ്ധത്തില്‍ ചോദിച്ചു പോയാല്‍ രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി ആണെന്ന് വരെ പറഞ്ഞു കളയും. ആറു മാസത്തില്‍ കുറഞ്ഞ ലീവ് ആര്‍ക്കും കാണില്ല താനും.

ആറ് മാസം കഴിഞ്ഞും പോകാത്തതെന്തെന്ന് ചോദിച്ചാല്‍ ”ഇതിനെക്കാള്‍ നല്ലൊരു വിസ ശരിയായിട്ടുണ്ട്,അതിന് പോകാമെന്ന് വിചാരിക്കുന്നു” എന്ന ഉത്തരവും റെഡി.ഇത്തരം പരമ്പരാഗതമായ മായാവലയത്തില്‍ പെട്ടാണ് ഞാനും അബദ്ധത്തില്‍ ചാടിയത്.നമ്മുടെ നാട്ടില്‍ വെച്ച് സ്വാതന്ത്ര്യത്തിന്റെ വില നമുക്ക് മനസിലായില്ലെങ്കിലും അന്യ രാജ്യത്ത് ചെല്ലുമ്പോള്‍ അത് നമുക്ക് മനസ്സിലാകുക തന്നെ ചെയ്യും.

ദൈവം ചിലര്‍ക്ക് ചിലത് പറഞ്ഞിട്ടുണ്ട്.അതനുസരിച്ച് ഓരോരുത്തരുടെയും തലയില്‍ നന്നായി വരച്ചിട്ടുമുണ്ട്.ഗള്‍ഫിന്റെ കാര്യവും അങ്ങനെ തന്നെയാണ്.ചില ഭാഗ്യവാന്‍മാര്‍ അവിടെ ചെന്ന് രക്ഷപെടുന്നു.ചിലര്‍ അവിടെ നിന്നും ഓടി രക്ഷപെടുന്നു.മറ്റു ചിലര്‍ നാട്ടില്‍ തിരിച്ചു വന്നാലുള്ള അവസ്ഥയോര്‍ത്ത് എങ്ങനെയും അവിടെ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നു.ചാടിയും ഓടിയുമുള്ള ആ നില്‍പ്പില്‍ പൊതു മാപ്പില്‍ പെട്ടോ അല്ലെങ്കില്‍ ജയിലില്‍ പെട്ടോ തിരിച്ചു പോരേണ്ടിയും വരുന്നു,

ഞാന്‍ ചെന്നു പെട്ടത് ഒരു ഊരാക്കുടുക്കിലാണെന്ന് മനസ്സിലായപ്പോള്‍ എങ്ങനെയും തിരിച്ചു പോന്നാല്‍ മതിയെന്നായി.ഒരു വിധത്തില്‍ പോയ പോലെ തന്നെ തിരിച്ചു വരാന്‍ പറ്റിയത് മുജ്ജന്മ സുകൃതം.

തിരിച്ച് വീട്ടില്‍ കാലു കുത്തി ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് അറബിയുടെ കരപരിലാളനകളേറ്റ് അവിടെ തന്നെ അങ്ങ് കഴിയുന്നതായിരുന്നില്ലേ ഇതിനെക്കാള്‍ നല്ലതെന്ന് തോന്നിയത്.തിരികെ പോകുന്നില്ലെന്ന് പറഞ്ഞ് ആദ്യം തന്നെ വില കളയാന്‍ ഞാന്‍ തയ്യാറായില്ല.ചോദിച്ചവരോടെല്ലാം ആറ് മാസം ലീവു തന്നെ തട്ടി.ബാക്കി ആറു മാസം കഴിഞ്ഞ് വരുന്നേടത്തു വെച്ച് കാണാം.വന്ന വിവരം എത്ര വേഗം വേണ്ടപ്പെട്ടവരൊക്കെ അറിഞ്ഞു എന്നോര്‍ക്കുമ്പോള്‍ ഇപ്പോഴും അത്ഭുതമാണ്.

ഏതായാലും സുജന മര്യാദയോര്‍ത്ത് എല്ലാവരെയും വേണ്ട വിധത്തില്‍ സ്വീകരിച്ചു.സ്‌നേഹമധുരമായി തന്നെ എല്ലാവരും എന്നോടും പെറുമാറി.രണ്ടു വര്‍ഷത്തിന് ശേഷം ഒരു വിധത്തില്‍ നാട്ടിലെത്തി കാലു കുത്തി കുത്തിയില്ല എന്ന മട്ടില്‍ നില്‍ക്കുമ്പോഴും എല്ലാവര്‍ക്കും ആദ്യം അറിയേണ്ടത് ഞാന്‍ എന്ന് തിരിച്ചു പോകും എന്നതാണ്.

ആറു മാസം കഴിയുമ്പോള്‍ എന്ന് പറയുമ്പോള്‍ ഒരു അവിശ്വസനീയ ഭാവമാണ്.”അത്രയൊക്കെ ലീവ് കിട്ടുമോ” എന്ന് സംശയം കേട്ടാല്‍ തോന്നുക ഞാന്‍ തിരിച്ചു പോകാതെ നാട്ടില്‍ തന്നെയെങ്ങാനും നിന്നു കളയുമോ എന്ന് പേടിച്ചിട്ടാണെന്നാണ്.
നാട്ടുകാരെപ്പറ്റിച്ച് പഴയ ചില ആറു മാസക്കാരൊക്കെ നാട്ടില്‍ തന്നെ നില്‍ക്കുന്നതു കൊണ്ടാകാം ഈ സംശയം.
”എന്നെ സ്‌നേഹിക്കാനാരുമില്ല” എന്ന് പറഞ്ഞ് വിഷാദമൂകരായി നടക്കുന്ന പലരെയും കണ്ടിട്ടുണ്ട്.അങ്ങനെയുള്ളവര്‍ വിഷമിക്കണ്ട,ഒന്ന് ഗള്‍ഫില്‍ പോയിട്ട് വന്നാല്‍ മതി,സ്‌നേഹിക്കാന്‍ ആരുമില്ലെന്നുള്ള ദു:ഖം മാറിക്കിട്ടും.എന്നെ ഇങ്ങനെ സ്‌നേഹിക്കല്ലേ എന്ന് ഒടുവില്‍ പറഞ്ഞു പോകുകയും ചെയ്യും.സ്‌നേഹമാണഖില സാരമൂഴിയില്‍ എന്ന് കുമാരനാശാന്‍ പാടിയത് ഈ സ്‌നേഹം മുന്‍കൂട്ടി കണ്ടാണോ എന്തോ?

”എനിക്കൊന്നും കൊണ്ടു വന്നിട്ടില്ലേ” എന്ന് സ്‌നേഹത്തോടെ ചോദിക്കുന്നവരെ നിരാശപ്പെടുത്താന്‍ പറ്റുമോ? ”വലിയ രക്ഷയില്ലായിരുന്നു,കാര്യമായൊന്നുംകൊണ്ടു വന്നിട്ടില്ല” എന്ന് പറഞ്ഞ് ഒഴിയാനൊന്നും പറ്റില്ല ”ഓ,ഞങ്ങളും ഗള്‍ഫുകാരെ കണ്ടിട്ടുണ്ട്,ഞങ്ങളുടെ ആള്‍ക്കാരും ഗള്‍ഫിലുണ്ട്” എന്ന പരാതികേള്‍ക്കേണ്ട എന്നുണ്ടെങ്കില്‍ ഒരു പേനയെങ്കിലും കൊടുത്തേ തീരൂ.

പുറത്തിറങ്ങിയാലുള്ള പെടാപ്പാടോര്‍ത്ത് അകത്തു തന്നെ ഇരിക്കാമെന്ന് വെച്ചാല്‍ നിങ്ങള്‍ ബുദ്ധിമുട്ടണമെന്നില്ല വേണപ്പെട്ടവര്‍ നിങ്ങളെ വീട്ടില്‍ വന്നു കണ്ടു കൊള്ളും.രാവിലെ ഉണരാന്‍ അലാറത്തെ ആശ്രയിക്കേണ്ടതില്ലെന്ന് ഗള്‍ഫില്‍ നിന്ന് വന്ന് കഴിഞ്ഞാണ് മനസ്സിലായത്.വന്നതിന്റെ പിറ്റേ ദിവസം വിളിച്ചുണര്‍ത്തിയത് ഒരു പോളിസി ഏജന്റാണ്.”ഒരു പോളിസി എടുക്കണമെന്നുണ്ട്,ഏതായാലും പിന്നെ എടുക്കാം.” എന്ന് പറഞ്ഞ് ആ ഏജന്റിനെ യാത്രയാക്കിയ പാടോര്‍ത്താല്‍ മറ്റ് പാടൊന്നും ഒരു പാടല്ല.

പിന്നല്ലേ,പോളിസി ഏജന്റുമാരുടെ ഒരു പ്രവാഹം തന്നെ ഉണ്ടായത്.ഏതായാലും അതു കൊണ്ട് ഒരു ഗുണമുണ്ടായി,ആരുടെ കയ്യില്‍ നിന്നും പോളിസി എടുക്കേണ്ടി വന്നില്ല.എല്ലാവരും പരിചയക്കാരും സുഹൃത്തുക്കളും ഒരാളുടെ കയ്യില്‍ നിന്ന് പോളിസി എടുത്താല്‍ മറ്റെയാള്‍ പിണങ്ങും.അങ്ങനെ ആരെയും പിണക്കേണ്ടെന്ന് തീരുമാനിച്ചു.

ഇനി അഥവാ നമുക്ക് പോളിസി എടുക്കണമെങ്കില്‍ തന്നെ ഇവരുടെ ശ്രമഫലമായി അതില്‍ നിന്ന് ഒഴിവാകുകയും ചെയ്യാം.ഒരു ഇന്‍ഷ്വറന്‍സുകാര്‍ തട്ടിപ്പുകാരാണെന്ന് മറ്റേക്കൂട്ടര്‍,അവരെപ്പോലെ തട്ടിപ്പുകാര്‍ വേറെയില്ലെന്ന് ഇവര്‍..പഴയ പേപ്പര്‍ കട്ടിംഗുകളുമായിട്ട് വന്ന് ആരോപണം തെളിയിച്ചിട്ടേ എല്ലാവരും പോകൂ.ഏതായാലും നമ്മുടെ നല്ല കാലം,ഓരോരുത്തരോടും പറയാനുള്ള മറുപടി പറയാന്‍ അവര്‍ തന്നെ നമ്മെ സഹായിക്കുന്നു.

കല്യാണ ദല്ലാള്‍മാരുടെ കാര്യം പറയേണ്ടതില്ല.ബ്രോക്കര്‍മാര്‍ നമ്മെ പെണ്ണു കെട്ടിക്കാതെ അടങ്ങില്ലെന്ന വാശിയിലാണ്.ഗള്‍ഫുകാരനാണെന്ന് പറഞ്ഞ് പെണ്ണു കാണാന്‍ പോകുന്നതിന്റെ അന്തസ്സും പെണ്‍വീട്ടില്‍ കിട്ടുന്ന സ്വീകരണവും അനുഭവിച്ചറിയുക തന്നെ വേണം.ജീവിതത്തിന്റെ വസന്തകാലത്ത് തെക്കോട്ടും വടക്കോട്ടും കറങ്ങി നടന്നപ്പോള്‍ നിങ്ങളെ തിരിഞ്ഞു നോക്കാത്തവര്‍ ഇപ്പോള്‍ നിങ്ങളെ മരു മകനായി കിട്ടാന്‍ ഏതു ത്യാഗത്തിനും റെഡി.

ഒന്നു പെണ്ണു കെട്ടിക്കളയാമെന്ന് ബ്രോക്കറുടെ പ്രലോഭനത്തില്‍ പെട്ട് ഞാനും തീരുമാനിച്ചു.ആറു മാസം കഴിഞ്ഞുള്ള കാര്യം അന്നേരം ആലോചിക്കാം,അതു വരെ ഞാനും ഒരു ഗള്‍ഫുകാരന്‍ തന്നെ.പെണ്ണു കാണലും ചെറുക്കന്‍ കാണലും മുറയ്ക്ക് നടന്നു.ഒന്നു കണ്ടാല്‍ അതു തന്നെ നടക്കണമെന്നില്ലാത്തതിനാല്‍ നടക്കും വരെ ഇങ്ങനെ നടക്കുന്നതു കൊണ്ടുള്ള ഒരു പ്രയോജനം ചായ കുടി ഇങ്ങനെ മുടക്കമില്ലാതെ നടന്നു പോകും എന്നതാണ്.ബ്രോക്കര്‍ക്ക് കൊടുക്കേണ്ട ടിപ്പിനെപ്പറ്റി ആലോചിക്കുമ്പോള്‍ ചായ കടയില്‍ നിന്നു തന്നെ കുടിക്കുന്നതല്ലേ ലാഭം എന്നും തോന്നാതെയല്ല.കഴിയുന്നതും അടുത്തുള്ള ആലോചനകള്‍ കൊണ്ടു വന്നാല്‍ മതി എന്നു പറഞ്ഞിരിക്കുന്നത് ലാഭം നോക്കി മാത്രം.ഒന്നുമില്ലെങ്കിലും വണ്ടിക്കൂലി പോക്കറ്റിലിരിക്കുമല്ലോ.

നാട്ടിലുള്ളപ്പോഴും നമ്മെ സ്‌നേഹിക്കുന്നവരാണെങ്കിലും ഗള്‍ഫില്‍ പോയിട്ട് വരുമ്പോള്‍ നമ്മെ വല്ലാതെയങ്ങ് സ്‌നേഹിച്ചു കളയുന്ന പലതരം പിരിവുകാരെപ്പറ്റിയും പറയാതെ വയ്യ.ഗള്‍ഫില്‍ പോകുന്നതിനു മുമ്പ് കൊടുക്കുന്നത് വാങ്ങിക്കുമായിരുന്നുവെങ്കില്‍ ഇപ്പോള്‍ പറയുന്നത് കൊടുത്തേ മതിയാകൂ.

ചുരുക്കിപ്പറഞ്ഞാല്‍ ജീവിതത്തില്‍ ഒരബദ്ധം പറ്റാത്ത ആരും കാണില്ല.ഗള്‍ഫില്‍ പോയതു പോലെ ഒരബദ്ധം ഇനി ജീവിതത്തില്‍ പറ്റാനുമില്ല.നിങ്ങള്‍ രക്ഷപെടുന്നതിലുള്ള അസൂയയാണെന്ന് കരുതിയാലും വേണ്ടില്ല,ഒന്നു പറഞ്ഞോട്ടെ,കഴിയുന്നതും ഗള്‍ഫില്‍ പോകാതെ നാട്ടില്‍ തന്നെ ചുവടുറപ്പിക്കാന്‍ ശ്രമിക്കുക,മറ്റൊന്നുമില്ലെങ്കിലും ”’ഇനിയെന്നു പോകും നിങ്ങള്‍” എന്ന ആരും ചോദിക്കില്ലല്ലോ?

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px