വലിയ ശരീരമൊന്നുമില്ല അവന്. പക്ഷേ, ഒരു പ്രത്യേക നിറമാണ്. അതു കൊണ്ട് തന്നെ സഹജീവികളില്‍ നിന്ന് അവന്‍ വ്യത്യസ്തനാകുന്നു.
എന്നാല്‍ അവനെ ഭീകരനാക്കുന്നത് അതൊന്നുമല്ല. അത് അവന്റെ കുരയാണ്.ഒരു ഒന്നൊന്നര രണ്ടു രണ്ടര കുര. ദിഗന്തങ്ങള്‍ പൊട്ടുമാറ് അവനുറക്കെ കുരയ്ക്കും. വളരെ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കടിച്ചിട്ടുമുണ്ട്
എന്റെ കളിക്കൂട്ടുകാരന്‍, ഞാന്‍ സില്‍വി എന്നു വിളിക്കുന്ന സില്‍വസ്റ്ററിന്റെ പട്ടിയാണവന്‍.
അവനൊരു സങ്കരജീവിയാണ്. ഡാഷ് ഹണ്ടും ഇന്ത്യന്‍ പരിയയും തമ്മിലുണ്ടായ അനാശാസ്യത്തില്‍ പിറന്നവനാണ്. പട്ടി വളര്‍ത്തി വില്‍ക്കുന്നവരുടെ അഭിപ്രായത്തില്‍ ,ക്രോസ് അഥവാ പിഴച്ചു പെറ്റവന്‍….
ഇത്തരക്കാര്‍ ഒരു പ്രത്യേക സ്വഭാവക്കാരനായിരിക്കുമത്രെ… പിടിച്ചാല്‍ കിട്ടാത്ത ഒരു വര്‍ഗ്ഗം. നമ്മളും പിഴച്ചു പെറ്റവന്‍ എന്നു പറയാറുണ്ടല്ലോ?
ഏതായാലും നമ്മുടെ കഥാപാത്രം വിറപ്പിക്കാത്ത നാട്ടുകാരില്ല. ഞങ്ങളുടെ തുരുത്തിന്റെ ഏതാണ്ട് നടുവിലൂടെയാണ് ഒരു ചെമ്മണ്‍ പാത ഉള്ളത്. നാട്ടുകാര്‍ക്ക് സഞ്ചരിക്കാനുള്ള ഒരേയൊരു ദേശീയ പാത. ഇതിലേക്കാണ് അവന്‍ രംഗ പ്രവേശം ചെയ്യുന്നത്. അതൊരു കിടിലന്‍ രംഗമാണ്. ഓലകൊണ്ടു മറച്ച വേലിയാണ് അവന്റെ മറ.അവനു മാത്രം കയറാവുന്ന ചില ദ്വാരങ്ങള്‍ അവനതില്‍ പടച്ചുണ്ടാക്കിയിട്ടുണ്ട്, അതും പലയിടങ്ങളില്‍, പല വിധത്തില്‍.
സ്ഥിര പരിചയമുള്ളവരുടെ പാദ ചലനങ്ങളും മണവും അവനറിയാം. അതു കൊണ്ട് അവരെ അവന്‍ വെറുതെ വിടും.പ്രക്ഷുബ്ധമായ ചില അവസരങ്ങളില്‍ ഇവന് ഗ്രൗണ്ട് സപ്പോര്‍ട്ട് കിട്ടുന്നത് അവരില്‍ നിന്നാണ്.
അവന്റെ വരവ് ഒരു വരവ് തന്നെയാണ്. അലറിപ്പതച്ചു വരുന്ന ഒരു വെള്ളച്ചാട്ടം പോലെ, ഉരുള്‍പൊട്ടി അടിവാരത്തേക്ക് മല ചൂളം കുത്തി വരുന്നതു പോലെ അതിഭീകരമാണ് ആ കാഴ്ച.നിമിഷാര്‍ദ്ദങ്ങളുടെ ഞൊടിയിടയില്‍ ഓല വേലിക്കിടയിലൂടെ ചെമ്മണ്‍ പാതയിലേക്ക് അവന്‍ പാഞ്ഞുവരും.
രാഘവന്റെ ഭാര്യ ലതികയുടെ ആറ്റു നോറ്റുണ്ടായ ഗര്‍ഭം കലങ്ങിയത് ഇവന്റെ പ്രകടനം മൂലമാണെന്നും സംസാരമുണ്ട്.
നാട്ടുകാരെപ്പോലെ മറ്റു പട്ടികള്‍ക്കും ഇവനെപ്പേടിയാണ്. സില്‍വിക്ക് എപ്പോഴും ആളുകളുടെ പരാതി കേള്‍ക്കാനേ സമയമുള്ളൂ. പക്ഷെ അവനതില്‍ ഉള്ളു കൊണ്ട് രസിക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്, കാരണം വലിപ്പച്ചെറുപ്പമില്ലാതെ ,പണ്ഡിത പാമരഭേദമില്ലാതെ ആളുകള്‍ അവന്റെ മുന്‍പില്‍ സങ്കട പരിഹാരത്തിനായി നില്‍ക്കുന്നുണ്ടല്ലോ എന്നോര്‍ത്ത്.
ഏതായാലും പട്ടിയും നാടും നാട്ടാരും പരസ്പരം കുരച്ചും, സഹിച്ചും കഴിഞ്ഞു പോന്നു.
അതിനിടെയാണ് ഉത്സവം എത്തിയത്. നാടിന്റെ സ്പന്ദനം ഉച്ചസ്ഥായിയിലാകുന്ന കാലമാണത്. പക്ഷെ ഇത്തവണത്തെ ഉത്സവം ഒരുത്സവം തന്നെയാണ്.കാരണം ഇതു നടത്തുന്നത് സുബ്രന്‍ ആണ്.ആള്‍ ഒരു പുതുപ്പണക്കാരനാണ്. ആര് പണമുണ്ടാക്കിയാലും നാട്ടുകാര്‍ പറയുന്നതുപോലെ ,’നിധി കിട്ടിയതാണ്’, ‘മുതലാളിയെ പറ്റിച്ചാണെന്നൊന്നും’
പറയാനാവില്ല. സുബ്രന്‍ അദ്ധ്വാനിയാണ് ഇപ്പോള്‍ ‘അല്‍പാനി’യും. നാട്ടുകാരെ, പണമുണ്ടെന്നു കാണിക്കുവാനുള്ള ഒരവസരവും അവന്‍ കളഞ്ഞു കുളിച്ചില്ല. അതു കൊണ്ടു തന്നെ ഉത്സവത്തിന് നാടകവും, ഗാനമേളയും, മിമിക്രിയുമെല്ലാം അനുബന്ധമായി ഉണ്ടാകുമെന്നതിന്റെ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ നാട്ടിലെങ്ങും അണിനിരന്നു.
അതിനിടെ കൂടെയുള്ള വാനര സംഘത്തിലാരോ സുബ്രന്റെ കാതിലൊരു കാര്യം ചൊല്ലി. ‘നമുക്കൊരാനയെ കൊണ്ടു വന്നാലോ’?
ആന ഇതുവരെ ആ തുരുത്തില്‍ കാലു കുത്തിയിട്ടില്ല. സുബ്രനതങ്ങു പിടിച്ചു. ചങ്ങാടത്തില്‍ കയറ്റി ആനയെക്കൊണ്ടു വരുന്നതു കാണാന്‍ തന്നെ ഒരുത്സവത്തിനുള്ള ആളുണ്ടായിരുന്നു.
കൊടിയേറ്റമായി…..
നാട്ടുകാരും അവരുടെ ബന്ധുക്കളും,കെട്ടിച്ചുവിട്ട പെണ്‍മക്കളും, അവരുടെ മക്കളുമെല്ലാമായി ഒരു മേളം.
ആള്‍ത്തിരക്കേറിയതോടെ പട്ടിയുടെ ജോലി ഭാരം വര്‍ദ്ധിച്ചു. നിരന്തരമായിപാട്ടു പാടുമ്പോള്‍ എത്ര വലിയ ഗായകനായാലും വെള്ളി വീഴുന്നതു പോലെ അവന്റെ കുരയില്‍ ചില അപശ്രുതികള്‍ പോലും വന്നു തുടങ്ങിയെങ്കിലും അവന്‍ ആളുകളെ നിരന്തരമായി പേടിപ്പിച്ചും, പീഡിപ്പിച്ചും കഴിഞ്ഞു പോന്നു.
ഒടുവില്‍ പകല്‍പ്പൂരത്തിന്റെആരവമായി,ആള്‍ക്കൂട്ടമായി. നെറ്റിപ്പട്ടം കെട്ടിയ ആന ഏവര്‍ക്കും കൗതുകമായി, തലയുയര്‍ത്തി ഘനഗംഭീരനായി മുന്നില്‍. സില്‍വി തന്റെ പട്ടിക്ക് പ്രഭാത ഭക്ഷണമൊരുക്കി വച്ചു.കാരണം ഭക്ഷണം കണ്ടാല്‍ അവനേതും മറക്കും. ആ സമയത്താണ് കൊട്ടും ചെണ്ടയും മേളവും, കാഹളവും. തല്‍ക്കാലം ഇവനെ ഒതുക്കുവാന്‍ ഇതേ വഴിയുള്ളു, സില്‍വി കരുതി.
എന്നാല്‍ പെനല്‍ട്ടി കിട്ടിയ കളിക്കാരന്റെ മനസുമായി വഴിയിലേക്കു കുതിക്കുവാന്‍ പട്ടി കൊതിച്ചു, ഏതായാലും ഭക്ഷണം തീര്‍ത്തിട്ടു പോകാം. ‘ചൗ’*വിന്റെ അവസാന കഷണവും വെട്ടി വിഴുങ്ങി അവന്‍ കുതിച്ചു, ആര്‍ജിതവീര്യത്തോടെ, ഉന്മാദലഹരിയോടെ….
ആള്‍ക്കൂട്ടം എത്തിക്കഴിഞ്ഞു. വേലിയിലെ ആദ്യത്തെ തുളയിലൂടെ അവന്‍ അതിഭീകരമായ കുരയോടെ വഴിയുടെ നടുവിലേക്ക് പാഞ്ഞു. ഒരു നിമിഷം.. സഡന്‍ ബ്രേക്കിട്ടതു പോലെ അവന്‍ നിന്നു.കുര ഒരു മുരളലായി മാറി, പിന്നെ ഒരു രോദനമായി…അവന്റെ മുന്‍പില്‍ ഒരു ഭീമാകാരനായ ജീവി ! അവനിതുവരെ കാണാത്ത ഒരു സാധനം ! വലിയ പോത്തിനെ വരെ അവന്‍ കണ്ടിട്ടുണ്ട്, ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. പക്ഷെ ഇത് ……. അവന്റെ എല്ലാ ചിന്തകള്‍ക്കുമപ്പുറമായിരുന്നു. അറിയാതെ രണ്ടു കൈകളും മുകളിലേക്കുയര്‍ത്തി ഒരവസാന യാത്ര പറയുന്നതുപോലെ അവന്‍ മോങ്ങി, പിന്നെ ഞെരങ്ങി… ശബ്ദംഅലിഞ്ഞലിഞ്ഞ് അന്തരീക്ഷത്തില്‍ വിലയം പ്രാപിച്ചു.
ചെണ്ടക്കാര്‍ കൊട്ടു നിറുത്തി.എല്ലാ ശ്രദ്ധയും ഇവനില്‍ മാത്രം… ഒന്നുമറിയാതെ ആനയും… പിന്നെയൊരു സ്ലോമോഷന്‍ ആയിരുന്നു.മന്ദം മന്ദം പട്ടി പിന്നിലേക്കു മറിഞ്ഞു.തല ഒരു വശത്തേക്ക് ചെരിച്ച് യഥാര്‍ത്ഥത്തില്‍ ബോധ ശൂന്യനായി…. പാതി അടഞ്ഞ കണ്ണുകള്‍ ആകാശത്തിന്റെ അപാരത തേടി.
ആരോ ഒരാള്‍ അടുത്തുള്ള പെട്ടിക്കടയില്‍ നിന്നും ഒരു സോഡ മേടിച്ച് അവന്റെ മുഖത്ത് ചീറ്റിച്ചു. സാധാരണ ബോധംകെടുന്നവരെ ഉണര്‍ത്താറുള്ള ചെപ്പടിവിദ്യ. പക്ഷെ അവനുണര്‍ന്നില്ല. വിവശനായ സില്‍വി അവനെ വാരിയെടുത്തു. അവന്‍ വെയിലത്തണഞ്ഞ ആമ്പല്‍ പോലെ കാണപ്പെട്ടു. വീട്ടുമുറ്റത്തേക്ക് കയറിയ സില്‍വിയെ കുറയാള്‍ക്കൂട്ടം അനുഗമിച്ചു…… ഒന്നും മിണ്ടാതെ, ഉരിയാടാതെ പട്ടി കോലായില്‍ കുറച്ചു നാള്‍ കിടന്നു.
ഉത്സവം കഴിഞ്ഞു, ദേവി കനിഞ്ഞു…. ആരോടും മിണ്ടാതെ, ഒന്നു നോക്കുക പോലും ചെയ്യാതെ അവന്‍ ആ ചെമ്മണ്‍പാതയിലൂടെ തലങ്ങും വിലങ്ങും നടന്നു……..
* പട്ടികള്‍ക്ക് കഴിക്കാനായി തുച്ഛ വിലയ്ക്ക് കിട്ടുന്ന ബീഫിന്റെ അവശിഷ്ടങ്ങള്‍.












