LIMA WORLD LIBRARY

ശശാങ്കന്‍സ് നഴ്‌സറി-ഷജിബുദീന്‍. ബി

കലണ്ടറിലെ കള്ളി അന്ന് ചുവപ്പായിരുന്നു. പതിവിലും നേരത്തേ ഉണര്‍ന്നു. പല്ലുതേച്ച് മുഖം കഴുകി ഉമ്മറത്ത് വന്നു.
അവധി ദിനങ്ങളില്‍ കുറച്ചധികം സമയം ഉറങ്ങാത്തതില്‍ ഭാര്യയ്ക്ക് എപ്പോഴും പരാതിയാണ്.എനിക്ക് പ്രഭാതം പൊട്ടി വിരിയുന്നത് കാണണം.കോഴി കൂകുന്നത് കേള്‍ക്കണം.പൂക്കള്‍ ചെറുകാറ്റിലുലയുന്നതും പക്ഷികള്‍ ചിലച്ചുകൊണ്ട്
അന്നം തേടി പറക്കുന്നതും കാണണം. കര്‍ക്കിടകമാണെങ്കില്‍ മാനം കറുക്കുന്നതും മഴ മിഴി തുറക്കുന്നതും അറിയണം.

”എന്നും കാണാനെന്താ ഒരേ സൂര്യനല്ലേ എന്നും ഉദിക്കുന്നത്. ഒരേ മഴയല്ലേ പെയ്യുന്നത് …. അല്ലാതെ വല്ല ആസിഡ് മഴയും പെയ്യാറുണ്ടോ?”എന്റെ മോഹങ്ങളുടെ കഴുത്തില്‍ അവളുടെ കോടാലിവാക്കുകള്‍ വന്നു വീഴും. ചില ജീവിതങ്ങള്‍ എപ്പോഴും ആസിഡുമഴയ്ക്കു കീഴിലാണല്ലോ. ഞാന്‍ അത് പറയാറില്ല
എനിക്ക് സൂര്യനും ഒന്നല്ല, പ്രഭാതവും ഒന്നല്ല. എന്നും പുതിയ അഴകുടയാടകളിഞ്ഞ മിഴിച്ചന്തങ്ങളാണ്. എനിക്കത് അനുഭവിക്കാനാകുന്നു. ഇളംകാറ്റ് സൂര്യകിരണങ്ങളുടെ പൊന്‍തൂവല്‍ കൊണ്ട് മുറ്റമടിക്കുന്നു. മഞ്ഞക്കിളികള്‍ പൂക്കളം വരയ്ക്കുന്നു. ഒരിക്കല്‍ ഇലച്ചാര്‍ത്തിനിടയിലൂടെ ഒഴുകി വന്ന സൂര്യകണികകള്‍ തരുനിഴല്‍ കൊണ്ട് മുറ്റത്ത് എന്റെ മകളുടെ ചിത്രം വരച്ചു.അത് കാണാന്‍ ഞാന്‍ ഭാര്യ മക്കളാദികളെ കുറേ നേരം വിളിച്ചു. എവിടെ വരാന്‍… ഉറക്കം വിട്ട് അവര്‍ വന്നില്ല. കര്‍ക്കിടകത്തില്‍ മേഘം തിടമ്പെടുക്കുന്നതും തുലാവര്‍ഷത്തില്‍ മിന്നല്‍ ചിലമ്പു കെട്ടിയാടുന്നതും ഞാന്‍ മാത്രം കാണുന്നു.
ഉമ്മറത്തു നിന്നും മുറ്റത്തിറങ്ങി എന്റെ തരുമോഹങ്ങളെ വീണ്ടും ക്രമപ്പെടുത്താന്‍ തുടങ്ങി.പ്‌ളാവ് കിഴക്ക്.മാവും അവിടെ തന്നെ.നല്ല വെയിലു വേണം.എങ്കിലേ വളര്‍ച്ച നന്നാവൂ. ചുവപ്പന്‍ചാമ്പയും മുന്തിരിച്ചക്കയും പടിഞ്ഞാറ്.ഒരു ഇലഞ്ഞികൂടി വേണം.ഇലഞ്ഞിപ്പൂവും ഇലഞ്ഞിപ്പഴവും മണവും രുചിയുമായി എന്നില്‍ നിറഞ്ഞിട്ട് കാലമേറെയായി..കൊന്ന വലിയമരമാകും.അതിന് വിടര്‍ന്നു വളരാന്‍ അധികം സ്ഥലം ആവശ്യമാണ്. സൂര്യകാന്തിയും ജമന്തിപ്പാടവും മനസ്സില്‍ പൂത്തുലഞ്ഞു. അവയ്ക്കിടയില്‍ ഞാന്‍ പ്രണയാതുരനായി നിന്നു.ഒരു ചെമ്പരത്തി കൂടി വേണമെന്നുണ്ടായിരുന്നു.

”നല്ലതു തന്നെ.ഒടുവില്‍ ചെവിയില്‍ വയ്ക്കാന്‍ ഒരു പൂവ് വേണ്ടതു തന്നെ.”ഒരിക്കല്‍ ഭാര്യ പറഞ്ഞു. പക്ഷേ ചെമ്പരത്തിയോടുള്ള എന്റെ ഇഷ്ടം പോയിട്ടില്ല.
മുറ്റത്തു നിന്നും തിരിച്ചു കയറി.ദീര്‍ഘമായ ഒരു ആലസ്യത്തിന്റെ ആലിംഗനത്തില്‍ അമര്‍ന്നിരുന്ന് പത്രത്തിന്റെ പ്രത്യേക പതിപ്പില്‍ ആഴ്ചയിലെ ജാതകസുവിശേഷത്തിലൂടെ ഞാന്‍ ഭാവി തിരയാന്‍ തുടങ്ങി…എന്റേത് നേരത്തേ ഭാഗ്യജാതകമല്ല.അതുകൊണ്ട് നേരേ ഭാര്യാജാതകത്തിലേയ്ക്കു കടന്നു.ദൃഷ്ടിദോഷത്തിനു പരിഹാര ക്രിയ ആവശ്യം.

”എടീ…” ഞാന്‍ അകത്തേയ്ക്ക് തിരിഞ്ഞു നീട്ടിവിളിച്ചു.വിളി ആരംഭിക്കുമ്പോള്‍ അവള്‍ ഉമ്മറത്ത് ഉണ്ടായിരുന്നു. ഞാന്‍ അത് കണ്ടിരുന്നില്ല.
”കാറണ്ട.ഞാനോടിപ്പോയിട്ടൊന്നുമില്ല.ജാതകോം നോക്കി ഇരിക്ക്.ഈ പിള്ളേരിരിക്കുന്ന ഇരിപ്പു കണ്ടാ….!’ഞാന്‍ തിരിഞ്ഞു നോക്കി. പിള്ളേര്‍ കസേര മേല്‍ നന്നായിട്ടല്ലേ ഇരിക്കുന്നത്. പിന്നെന്താ!

”ഒരുമാതിരി എരണി പിടിച്ച പിള്ളാരപ്പോലെ.” അവള്‍ തുടര്‍ന്നു. ”കുട്ടികള്‍ക്ക് പോഷകഗുണമുള്ള ആഹാരം ഒന്നും വാങ്ങി നല്‍കാറില്ല.ആപ്പിളോ ഓറഞ്ചോ മുന്തിരിയോ ഈ പിള്ളേര്‍ സ്വപ്നം കൂടി കണ്ടിട്ട് മാസങ്ങളായി.”

”അതന്നെ.”ആറാം ക്‌ളാസുകാരന്‍ ഇടപെട്ടുകൊണ്ട് തുടര്‍ന്നു.’ഈ വീട്ടില്‍ ചിക്കന്‍ വാങ്ങീട്ടെത്ര നാളായി.പിള്ളാര്‍ക്ക് ചിക്കനൊക്കെ വാങ്ങിക്കൊടുത്തില്ലെങ്കില്‍ അവര്‍ ആരോഗ്യത്തോടെ എങ്ങനെ വളരും….” അപ്പറഞ്ഞത് ശരിയാണെന്ന് ഒന്നാം ക്‌ളാസുകാരി പുറകില്‍ നിന്നു ശിരസുകുലുക്കി.

”ഈ ബോയിലര്‍ ചിക്കന്‍ കഴിച്ചാല്‍ ഉടമ്പിന് ഉശിരു കാണില്ല. ആരോഗ്യം പാഴാകും.നല്ല ഉശിരുള്ള നാടന്‍ ചിക്കനാണ് കഴിക്കേണ്ടത്.പാടത്തും പറമ്പിലുമൊക്കെ ഓടിച്ചാടി വളരുന്ന ചിക്കന്‍. പിന്നെ മട്ടന്‍, വാട്‌സപ്പില്‍ നിങ്ങളല്ലേ കാട്ടിത്തന്നത്, പട്ടി മട്ടനായി കിടക്കുന്നത്.”ഞാന്‍ ചില ആരോഗ്യ- സാമൂഹ്യ ചിന്തകള്‍ അവതരിപ്പിച്ചു.

”ഒരു വിരോധവുമില്ല.പോരട്ടെ നാടന്‍….”ഒരു നിമിഷത്തെ അവജ്ഞ നിറഞ്ഞ നോട്ടത്തോടെയുള്ള ഇടവേള കഴിഞ്ഞ് അവള്‍ തുടര്‍ന്നു.” ബോയിലര്‍ വാങ്ങാനുള്ള പണമില്ല.അപ്പോഴാണ് നാടന്‍ മഹാത്മ്യം.പോരട്ടെ…പോരട്ടെ നാടന്‍ പോരട്ടെ…”
അവള്‍ അടിച്ചു തളിപ്പാട്ടിന്റെ രാഗവിസ്താരം അല്‍പ്പനേരം തുടര്‍ന്നു.

പശുവിനൊപ്പം കോഴിക്കും ആടിനുമൊക്കെ കുറച്ച് ദൈവികത വന്നിരുന്നെങ്കില്‍ നന്നായിരുന്നു എന്ന ചിന്തയ്‌ക്കൊപ്പം ഒരു ജാള്യത നിറഞ്ഞ ചിരി എന്നില്‍ നിന്നും പുറപ്പെട്ടു.അവള്‍ ഒരു കൂര്‍ത്ത നോട്ടം എടുത്തെറിഞ്ഞു. ഞാന്‍ സൂത്രത്തില്‍ ഒഴിഞ്ഞു മാറി.
ഇനി അമാന്തിക്കുന്നത് അപകടമാണ്.ചിലപ്പോള്‍ മൂന്നാളും കൂടി വാക്കുകളില്‍ അലക്കിയെടുത്ത് എന്നെ അയയില്‍ വിരിച്ചേക്കാം. സമയം കൂടുതല്‍ പാഴാക്കാതെ ഞാന്‍ വണ്ടിയുമെടുത്ത് പുറപ്പെട്ടു.

‘ചിക്കനൊപ്പം തെങ്ങും മാവുമൊന്നും മറക്കണ്ട.’ആറാം ക്‌ളാസുകാരന്‍ ഞാന്‍ മെടഞ്ഞു കൂട്ടിയിരിക്കുന്ന ആഗ്രഹങ്ങളുടെ വനത്തില്‍ കയറി കലപില കൂട്ടി.
‘പൂച്ചെടീളും മറക്കണ്ട.’ ഒന്നാം ക്ലാസുകാരിയുടെ വക ഓര്‍മ്മപ്പെടുത്തല്‍.
ചിക്കന് റഷീദിന്റെ കടയില്‍ കല്‍പ്പന കൊടുത്തു.
പിന്നെ പലയിടങ്ങളിലായി കയറിയിറങ്ങി. ഉദ്ദേശിച്ചതു പോലെ ഒന്നും ലഭിച്ചില്ല. അലഞ്ഞു തിരിഞ്ഞ് റഷീദ് രണ്ടാമന്റെ (എന്റെ പരിചയക്കാരായി രണ്ടു റഷീദുമാരുണ്ട്. ഇപ്പോള്‍ അവര്‍ ഒന്നാമന്‍ ഇറച്ചി റഷീദ് എന്നും രണ്ടാമന്‍ ചായ റഷീദ് എന്നും അറിയപ്പെടുന്നു. )തട്ടുകടയില്‍ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവന്‍ പറഞ്ഞത്.’അതേടാ, നമ്മുടെ കൂടെ പഠിച്ച ശശാങ്കന്‍ തന്നെ. ചെല്ല് നിന്റെ ആവശ്യത്തിനുള്ളതെല്ലാം അവിടെയുണ്ട് ‘

ചായ വേഗം കുടിച്ചു തീര്‍ത്ത് ഞാന്‍ അവിടെ നിന്നും പുറപ്പെട്ടു.
റഷീദ് രണ്ടാമന്റെ കടയില്‍ നിന്നും ഒന്നര കിലോമീറ്ററുകള്‍ക്കപ്പുറം ഒരു അത്ഭുത ലോകമായിരുന്നു എന്നെ കാത്തിരുന്നത്.
ഉയിരും ഉശിരുമുള്ള അനേകം തൈകള്‍ കൊണ്ട് വിശാലമായ ഇടം. പ്ലാസ്റ്റിക് ചട്ടികളിലും പോളിത്തീന്‍ കവറുകളിലുമായി അനേകമായിരമെണ്ണം.
വെളുത്തു തുടുത്ത് തലമുടി മുന്‍വശം പഫ് ചെയ്ത യുവതി കുഴലിലൂടെ വെള്ളം ചീറ്റിയടിക്കുന്നു. ജലത്തുള്ളികള്‍ നേര്‍ത്തൊരു മഴയായി പെയ്തു വീഴുന്നു.തായ്‌ലാന്റോ മലേഷ്യയോ സിംഗപ്പൂരോ ആയിരിക്കും അവളുടെ സ്വദേശം.ഉറപ്പ്. തൈകളെല്ലാം ഉണര്‍ന്നാടി ഊര്‍ജസ്വലരായി നില്‍ക്കുന്നു. ചില തൈകള്‍ പൂക്കുകയും മറ്റു ചിലവ കായകള്‍ വരികയും ചെയ്തിരിക്കുന്നു. എത്ര ചെറുതിലേ ഫലം നല്‍കാന്‍ തുടങ്ങിയിരിക്കുന്നു…!യുവതി വെള്ളത്തിന്റെ കുഴല്‍ ഒരു ഛത്തീസ്ഗഢുകാരനെ ഏല്‍പ്പിച്ച് എന്റെ അടുക്കലേയ്ക്കു വന്നു.ഇവര്‍ക്ക് മലയാളം അറിയുമോ? ഞാന്‍ സംശയാലുവായി.

‘വരൂ സാര്‍ ഏതിനം തൈകളാണ് വേണ്ടത്?’ഹൊ!ഭാഗ്യം യുവതിക്കു മലയാളമറിയാം.
അത്യാവശ്യം ഇംഗ്ലീഷ് അറിയാതെ ചന്തയില്‍ കൂടി പോകാന്‍ കഴിയാത്ത അവസ്ഥയാണ്.ഒരിക്കല്‍ ഒരു മീന്‍കാരി ചേച്ചിയുടെ ഇംഗ്ലീഷിനു മുന്നില്‍ ഞാന്‍ നിന്നു വിയര്‍ത്തിട്ടുണ്ട് .എന്റെ പാന്റ്‌സും ഷൂസും കണ്ട് ഞാനെന്തോ വലിയ പഠിപ്പുള്ള ആള്‍ എന്ന് അവര്‍ തെറ്റിദ്ധരിച്ചതായിരുന്നു.

ഓരോ ഇനം തൈകളെ കുറിച്ചും ഞാന്‍ വിശദമായി തിരക്കി.
‘ഇതിന്റെയൊക്കെ ആയുസെങ്ങനെ?’
‘നേരത്തെ വിളവു തരുന്നുണ്ടല്ലോ സാര്‍. നമുക്ക് വിളവല്ലേ പ്രധാനം.’ യുവതി ചോദ്യമര്‍മ്മത്തില്‍ നിന്നും വഴുതാന്‍ ശ്രമിച്ചു.
‘അപ്പോള്‍ ആയുസ്? ‘ ഞാന്‍ വീണ്ടും ചോദിച്ചു.
‘വിളവു നേരത്തേ തരുന്നതു കൊണ്ട് ദീര്‍ഘായുസ് ഉണ്ടാകില്ല സാര്‍.’ യുവതി സത്യസന്ധമായി മറുപടി പറഞ്ഞു.
ആയുസും വിളവും തമ്മിലുള്ള ബന്ധം നഷ്ടമായോ? അച്ഛന്‍ പറഞ്ഞ് അറിയാവുന്ന ഒരു മുത്തച്ഛന് തൊണ്ണൂറ്റി എട്ടു വയസു പ്രായമുണ്ടായിരുന്നു. പന്ത്രണ്ടു മക്കളും. അപ്പോള്‍ അതിനു മുന്‍പുള്ള പിതാമഹന് നൂറ്റിയിരുപത് വയസുണ്ടായിരുന്നിരിക്കും. എന്റെ അച്ഛന്‍ എഴുപതായപ്പോള്‍ മരണപ്പെട്ടു. അപ്പോള്‍ ഞാന്‍ …. എന്റെ മക്കള്‍ …. കാലം ചുരുങ്ങി വരികയാണല്ലോ.

‘ഏറിയാല്‍ ഏഴോ എട്ടോ വര്‍ഷം. വീണ്ടും നമുക്ക് മറ്റൊരു തൈ വാങ്ങാം. നമുക്കുള്ള ഫലം നമ്മള്‍ തന്നെയല്ലേ വച്ചു പിടിപ്പിക്കേണ്ടത്. ‘ യുവതി പറഞ്ഞു.
‘ അപ്പോള്‍ നാം നാളയെ കുറിച്ച് ചിന്തിക്കേണ്ടന്നാണോ ?’
‘അനന്തര തലമുറയയ്‌ക്കെന്നും പറഞ്ഞ് സമ്പാദിച്ചിട്ടെന്തു കാര്യം സാര്‍.മാറടക്കി വളര്‍ത്തിയവരെ മാറില്‍ ചവിട്ടി തള്ളുന്ന കാലമല്ലേ. അപ്പോള്‍ അവനവന്റെ കാര്യം അവനവനല്ലേ നോക്കേണ്ടത്.ഇന്നത്തെ കാര്യം ഇന്ന് .നാളെയില്‍ നോക്കി ജീവിക്കാന്‍ നമുക്ക് നാളെ ഉണ്ടോന്ന് ആര്‍ക്കറിയാം.’
അപ്പോള്‍ നമ്മുടെ നാളെകള്‍ അനിശ്ചിതത്വത്തിലാണ്. മുന്‍ തലമുറകള്‍ അങ്ങനെ ചിന്തിച്ചായിരിക്കുമോ ജീവിച്ചത്. അവള്‍ പറഞ്ഞത് ഒരു പുതിയ സിദ്ധാന്തമായി എനിക്കും തോന്നി.
അപ്പനപ്പൂപ്പന്‍മാര്‍ വച്ചുപിടിപ്പിച്ച മരങ്ങള്‍ ഒന്നും തന്നെയില്ല. സ്വന്തമായൊരു മരം വച്ചുപിടിപ്പിച്ച് വിളവെടുക്കാന്‍ ആയുസില്‍ ഇനിയുള്ള കാലം കൊണ്ട് തികയുകയുമില്ല. വേഗത്തില്‍ ഫലം തരുന്ന വൃക്ഷമെന്നു കേട്ടപ്പോള്‍ മനസ് തുള്ളിച്ചാടാന്‍ തുടങ്ങി.

‘വില അല്‍പ്പം കൂടുതലാണല്ലോ. ‘ യുവതിയോട് ഞാന്‍ പരിഭവിച്ചു .
‘ഫലം മെച്ചമാകുമ്പോള്‍ വില അല്‍പ്പം കൂടുതലായാലെന്താ സാര്‍. വിലയില്ലാത്തതായി ഇപ്പോ എന്താ ഉള്ളത് …’
‘ഉണ്ടല്ലോ മനുഷ്യനും പണവും!’
ഞങ്ങളുടെ സംഭാഷണത്തിനിടയില്‍ ഒരു ഹിന്ദി കുടുംബം കടന്നു വന്നു. യുവതി ഹിന്ദിയില്‍ സരസമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ഒരു ബംഗാളി ജോലിക്കാനെ വിളിച്ച് അവരെ ഏല്‍പ്പിച്ചു വിട്ടു.

‘ ശശാങ്കനില്ലേ?.’ ഞാന്‍ ചോദിച്ചു.
”ഇല്ല സാര്‍.മുതലാളി വിദേശ ടൂറിലാണ്.’
ശശാങ്കന്‍ വിദേശ ടൂറിലോ?
ഞാന്‍ ഞെട്ടി. വീട്ടുമുറ്റത്ത് ഉടങ്കൊല്ലിമുളകിന്റെ വിത്തുപാകി മുളകുപാടമുണ്ടാക്കി കച്ചോടം തുടങ്ങിയ കക്ഷിയാണ് ശശാങ്കന്‍. താമരവല്ലിടീച്ചര്‍ സ്ഥിരമായി അവനില്‍ നിന്നും മുളകു വാങ്ങിയിരുന്നു. ആ ശശാങ്കന്‍ ഇപ്പോള്‍ നാലഞ്ച് ഏക്കര്‍ ചെടി നഴ്‌സറിയുടെ ഉടമയാണ്.
ഒരിടത്തല്ല കേരളത്തില്‍ അങ്ങോളമിങ്ങോളം ശശാങ്കന്‍സ് ചെടി നഴ്‌സറിയാണ്. ആരുടെ വീട്ടില്‍ ഏതു വൃക്ഷം വേണം ഏതു ചെടി വേണം എന്നു ശശാങ്കന്‍സ് നഴ്‌സറി തീരുമാനിക്കും. വില്ല, ഫ്‌ളാറ്റ്, എഞ്ചിനീയേര്‍ഡ് സിറ്റീസ് എന്നിവയുടെ ഔട്ട് സൈഡ് ഡിസൈനിംഗ് വരെ അവര്‍ ചെയ്തു നല്‍കും.

‘ ശശാങ്കന്‍ സര്‍ ഉടന്‍ പെറ്റ്‌സ് ആന്റ് ഡോഗ്‌സ് എന്നൊരു സ്ഥാപനം കൂടി തുടങ്ങുന്നുണ്ട്.ഉടന്‍ തന്നെ അതിന്റെ ഏറ്റവും വലിയ ഷോറൂം തലസ്ഥാനത്ത് ആരംഭിക്കുന്നുണ്ട് സര്‍ .’
‘ വീട്ടില്‍ ഒരു പൂച്ചയെ വേണമെന്ന് മകന്‍ കുറച്ചു ദിവസമായി ആവശ്യപ്പെടുന്നു. ഷോറും ഓപ്പണാകട്ടെ….
‘ആ പൂച്ചകള്‍ക്ക് എലിയെയും പല്ലികളെയും പിടിക്കാനുള്ള സിദ്ധി ഉണ്ടാകുമോ?’ ഞാന്‍ ഒരു സംശയം പ്രകടിപ്പിച്ചു.
‘വൃത്തികേടുകളില്‍ തൊടില്ല സാര്‍ അവ. സൗന്ദര്യം കടഞ്ഞുണ്ടാക്കപ്പെട്ട, നല്ല ശീലങ്ങള്‍ മാത്രം പരിശീലച്ചവയാണവ.
ഡോഗ്‌സ്, ക്യാറ്റ്‌സ്,പാരറ്റ്‌സ്, ഫിഷസ് തുടങ്ങി എല്ലായിനം പക്ഷിമൃഗങ്ങളും അവിടെ ലഭിക്കും സാര്‍…. സാര്‍ ഞാന്‍ ഒരു രഹസ്യം പറയട്ടെ. ‘
യുവതി രഹസ്യം പറയാനായി എന്റെ അടുക്കലേയ്ക്കു നീങ്ങി നിന്നു. ഞാനും കുറച്ചു കൂടി അടുത്തു. അവളുടെ നിശ്വാസവായു എന്റെ ചെകിടില്‍ തൊട്ടു.
‘സാര്‍ വളര്‍ത്തു സിംഹങ്ങള്‍ വരെ അവിടെ ലഭിക്കും.’ ഒരു പ്രണയനാദം പോലെ അവള്‍ നിമന്ത്രിച്ചു.
അതൊരു രഹസ്യമായി എനിക്കു തോന്നിയില്ല. നസീറും ജോസ് പ്രകാശുമൊക്കെ അനുസരണയുള്ള സിംഹത്തേയും പുലിയേയുമൊക്കെ കൊണ്ടു നടക്കുന്നതു കണ്ടു വളര്‍ന്നവനാണ് ഞാന്‍.
‘ അവയ്ക്ക് എപ്പോഴാ തനികൊണം വരുന്നത് അപ്പോള്‍ നമ്മളെ കടിച്ചുകീറില്ലേ?’ ഞാന്‍ ആശങ്ക പങ്കുവച്ചു.
‘ഇല്ല സാര്‍ അവിടെയാണ് അടുത്ത രഹസ്യം.’
ദാ വീണ്ടും രഹസ്യം. ഞാന്‍ ഒന്നുകൂടി അടുത്തു , അവളും. രഹസ്യങ്ങള്‍ പങ്കു വയ്ക്കുന്തോറും മനുഷ്യര്‍ക്കിടയില്‍ അടുപ്പം കൂടുന്നുവെന്ന ഒരു ചെറു കണ്ടെത്തല്‍ ആ സന്ദര്‍ഭത്തില്‍ എന്റെ മനസിലുളവായി.
‘സാറിനറിയോ നമ്മുടെ ബോയിലര്‍ കോഴി പറക്കാറുണ്ടോ?’
പറക്കാന്‍ പോയിട്ട് ഒന്നു മുക്കി ച്ചിയിടാന്‍ അവയ്ക്കു കഴിയില്ല. മാന്യത കൊണ്ട് ഉത്തരം തൊണ്ടയില്‍ കുരുക്കി വച്ച് ഞാന്‍ നിശബ്ദനായി.
‘ അതുപോലെ പല്ലും നഖവുമൊക്കെ കളഞ്ഞ് നല്ല മിടുക്കനായ സിംഹം,കടുവ, പുലി എന്നിവ വിരല്‍ ഞൊടിച്ചാല്‍ വാലാട്ടിക്കൊണ്ട് പുറകേ വരും.’
‘കോഴിക്ക് നിറം നഷ്ടപ്പെട്ട് അത് വെളുത്തതുപോലെ സിംഹവും വെളുക്കുമോ?’
‘വെളുക്കട്ടെ സാര്‍. അതൊരു വെറൈറ്റി ആകുമല്ലോ.’
ബര്‍മുഡയും സ്ലീവ് ലെസ് ബനിയനും സ്‌പോര്‍ട്‌സ് ഷൂവും വൈറ്റ്‌സോക്‌സും ധരിച്ച് കൈയ്യില്‍ ചങ്ങലയില്‍ കുരുക്കിയ സിംഹത്തേയും പിടിച്ച് നല്ല തലയെടുപ്പുള്ള ഒരു ഞാന്‍ വീട്ടുമുറ്റത്തെ പുല്‍ത്തകിടിയിലൂടെ നടക്കാന്‍ തുടങ്ങി.ഗേറ്റിനപ്പുറം നടക്കുന്നവരൊക്കെ എന്നെ നോക്കുന്നുണ്ട്. ചിലര്‍ അസൂയയോടെയും ചിലര്‍ ഭയപ്പാടൊടെയും ചിലര്‍ ആരാധനയോടെയും .കുട്ടികള്‍ ഭയന്ന് വാവിട്ട് നിലവിളിക്കുന്നു. നിക്കറിലൂടെ മൂത്രമൊഴിക്കുന്നു.
കടിക്കാനും മാന്താനും കഴിയാത്ത സിംഹത്തെ കണ്ടു ഭയന്ന ലോകത്തെ കണ്ട് ഞാന്‍ കുലുങ്ങി കുലുങ്ങി ചിരിക്കുന്നു. ഒരു ദിവാസ്വപ്നം വന്ന് എന്നെ തലോടി.
പണ്ട് പാലു വാങ്ങാന്‍ പോയപ്പാള്‍ തഹസില്‍ദാരേമാന്റെ വീട്ടുമുറ്റത്തെ മാവേലെറിഞ്ഞു എന്നു പറഞ്ഞ് ഇരുമ്പു കൂടിനകത്തെ കാലന്‍ പട്ടിയെ തുറന്നു വിട്ടതും പ്രാണനും കൊണ്ട് ഓടി കല്ലില്‍തട്ടി വീണ് മുന്‍വരിയിലെ പല്ലു പോയതും എനിക്ക് ഓര്‍മ്മ വന്നു.അങ്ങനെയാണ് ഓട്ടപ്പല്ലന്‍ എന്ന പേരു വീണത്. അമ്മയോട് ഒത്തിരി കെഞ്ചി ഒരു പല്ലുവച്ചു തരാന്‍.
‘ അമ്മയുടെ ചിട്ടി വീഴട്ടെ മക്കളെ, പല്ലുവച്ചു തരാം. മോന്‍ വെഷമിക്കണ്ട.’ അമ്മയുടെ ആ ഉറപ്പായിരുന്നു പിന്നീടുണ്ടായിരുന്ന ആശ്വാസം .
വര്‍ഷങ്ങള്‍ക്കു ശേഷമാണ് അങ്ങനെയൊരു ചിട്ടി ഇല്ലായിരുന്നു എന്ന കാര്യം തിരിച്ചറിഞ്ഞത്. തഹസില്‍ദാരേമാന്റെ മകന്‍ ഇപ്പോഴും അവിടെ താമസിക്കുന്നുണ്ട്. അവന്റെ മുന്നിലൂടെയും ഒന്നു നടക്കണം.

‘സാര്‍, വീടിനുള്ളില്‍ കുളം നിര്‍മ്മിച്ച് അതില്‍ മത്സ്യങ്ങളെ നിക്ഷേപിച്ച് അതില്‍ തിരമാലകളെയും സൃഷ്ടിച്ച് തരും ഞങ്ങളുടെ കമ്പനി. ‘ യുവതി മറ്റൊരു രഹസ്യവും കൊണ്ട് എന്നെ വിളിച്ചു.
അതും അത്ഭുതകരമായി എനിക്കു തോന്നിയില്ല. വീടിനുള്ളില്‍ ഞാനും ഭാര്യയും കൂടി ഇടയ്ക്കിടക്ക് സുനാമി വരെ സൃഷ്ടിക്കാറുണ്ട്. പിന്നെയാണ് ഈ തിരമാല .
‘സാര്‍ ഈ മാവ് ഒന്നര വര്‍ഷം കൊണ്ട് ഫലം തരും ‘. മലേഷ്യന്‍ കുള്ളനെന്ന തെങ്ങിനപ്പുറമിരുന്ന മാവിനെ ചൂണ്ടി യുവതി പറഞ്ഞു. ‘ഫലം നിറഞ്ഞു തൂവും .’
ആവോളം ഹരിതകം നിറഞ്ഞ ഇലകള്‍. കാര്യമായ പ്രകാശസംശ്ലേഷണം നടക്കുന്നുണ്ടാവണം.

‘ഈ ശിഖരങ്ങള്‍ക്ക് ഫലത്തെ താങ്ങാനുള്ള ആവതുണ്ടാകുമോ?’
‘അങ്ങനെയൊരു പ്രശ്‌നമുണ്ട് സാര്‍.ഫലം നിറഞ്ഞ് ശിഖരങ്ങള്‍ ഒടിയാന്‍ സാധ്യതയുണ്ട്. അപ്പോള്‍ ഓരോ ശിഖരത്തിനും കനമുളളതും നീളം കുറഞ്ഞതുമായ കമ്പുകള്‍ കൊണ്ട് താങ്ങു കൊടുക്കണം.’
‘അപ്പോള്‍ ഇവയെ താങ്ങാന്‍ കമ്പുകള്‍ക്കായി നമ്മള്‍ വലിയ വൃക്ഷങ്ങള്‍ വേറെ വച്ചുപിടിപ്പിക്കണോ?’
‘ അതു ചുറ്റുവട്ടത്തൊക്കെ കാണില്ലേ സാര്‍.’
‘ചുറ്റുവട്ടത്തെങ്ങും മരങ്ങളില്ലാത്തതിനാലല്ലേ ഞാന്‍ തൈകള്‍ തേടി ശശാങ്കന്റെ അടുക്കല്‍ വന്നത്. അപ്പോള്‍ ഇങ്ങനെ പറഞ്ഞ് നിങ്ങള്‍ എന്നെ പ്രതിസന്ധിയില്‍ ആക്കിയാലോ?’
‘പ്രതിസന്ധികളെ നമുക്ക് ബുദ്ധിപൂര്‍വ്വം തരണം ചെയ്യാം സാര്‍.’ഏതു പ്രതിസന്ധിക്കും ഞാന്‍ ഒപ്പമുണ്ട് എന്ന വാഗ്ദാനം ആ വാക്കുകളിലുള്ളതുപോലെ എനിക്കു തോന്നി.
‘എന്താവശ്യം വന്നാലും സാര്‍ ഇങ്ങോട്ടു പോന്നാല്‍ മതി… ഈ തെങ്ങ് അഞ്ചടിയിലധികം പൊങ്ങില്ല. തറയില്‍ നിന്നു തന്നെ നമുക്കു ഫലമെടുക്കാം.’ തൊട്ടടുത്തിരുന്ന തെങ്ങിന്‍ തൈ പരിചയപ്പെടുത്തി അവള്‍ പറഞ്ഞു.
‘നല്ലതു തന്നെ. ഫലങ്ങളല്ലാം ഇരിപ്പിടത്തില്‍ കൈപ്പിടിയില്‍ ലഭിക്കണമെന്നല്ലേ നമ്മുടെ മോഹം.’
ആധുനിക രസനീയതകള്‍ക്കു മുന്നില്‍ നിന്നും എഴുന്നേറ്റു പോയി മണ്ണില്‍ അധ്വാനിക്കാനുള്ള ശേഷി നമുക്ക് കൈനഷ്ടം വന്നിരിക്കുകയല്ലേ.

അഞ്ചേക്കര്‍ സ്ഥലം ഞാന്‍ അവള്‍ക്കൊപ്പം നടന്നു തുടങ്ങി. അവള്‍ക്കൊപ്പം അങ്ങനെ നടക്കുമ്പോള്‍ കഠിനമായ വെയിലിനും തണുപ്പായിരുന്നു.
‘നാടന്‍ തൈകളൊന്നുമില്ലേ? ‘ ഞാന്‍ ചോദിച്ചു.
‘ഉണ്ടല്ലോ സാര്‍.ദാ ആ കാണുന്ന സെക്ഷന്‍ മുഴുവന്‍ നാടനാണ്. പക്ഷേ മറ്റുള്ളവയേക്കാള്‍ വില കുറച്ചു കൂടും.’
പടിഞ്ഞാറു ഭാഗത്തേക്ക് ചൂണ്ടി യുവതി പറഞ്ഞു. നമ്മുടെ സാധനങ്ങള്‍ ഇറക്കുമതിയേക്കാള്‍ വില നല്‍കി വാങ്ങണമെന്നത് എന്തൊരു അന്യായമാണ്. ഇപ്പോഴും നമ്മള്‍ വിദേശ ഭരണത്തിന്‍ കീഴിലാണോ? നമ്മുടെ സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയി മാറ്റം വരുത്തി കൊണ്ടുവന്ന് അവര്‍ പറയുന്ന വിലയില്‍ നമുക്കു തന്നെ കച്ചവടം നടത്തിയിരുന്ന ഒരു കാലമുണ്ടല്ലോ അതു തന്നെയാണോ ഇപ്പോഴും?
‘സാര്‍, സാറായതു കൊണ്ട് ഒരു സത്യം പറയാം.’
‘ അയ്യോ, അപ്പോള്‍ ഇതുവരെ പറഞ്ഞതൊന്നും സത്യമല്ലേ, ‘
ഞാന്‍ അങ്കലാപ്പിലായി.
‘ ആണു സാര്‍. അതിന്റെയൊപ്പം മറ്റൊരു സത്യം കൂടി .ഈ നാടന്‍ നാടന്‍ എന്നു പറയുന്നതു എന്താണെന്നു സാറിനറിയോ? ‘
‘കട്ടിയുള്ള ശരീരവും ദീര്‍ഘമായ ആയുസും മണ്ണിന്റെ ഗുണവുമുള്ള സസ്യജീവജാലങ്ങള്‍.’ ഞാന്‍ നാടന് ഒരു നിര്‍വ്വചനം നടത്താന്‍ ശ്രമിച്ചു.
‘അല്ല സാര്‍. അത് പണ്ട്. ഇപ്പോള്‍ മുഴുവന്‍ ഇറക്കുമതിയാണ്. നാടന്‍ എന്നു പറഞ്ഞത് എന്തുകൊടുത്താലും നമ്മുടെ നാട്ടുകാര്‍ വാങ്ങിക്കൊള്ളും.കാരണമെന്താ,അവര്‍ക്ക് നാടന്റെ ലക്ഷണങ്ങള്‍ അറിയില്ല.”
”ലക്ഷണം കണ്ട് രോഗം നിര്‍ണ്ണയിക്കാനറിയാത്ത ഡോക്ടറെപ്പോലെ അല്ലേ?’
”അതന്നെ…”യുവതി തനി മലയാളിയായി.

ഒരു ലോറിയുടെ മുക്കാല്‍ ഭാഗം നീളമുള്ള കാറില്‍ രണ്ടു സുമുഖന്‍മാരായ പുരുഷന്‍മാര്‍ ഞങ്ങളുടെ സംഭാഷണത്തിനിടയിലേയ്ക്കു വന്നിറങ്ങി. ഇംഗ്ലീഷില്‍ അവര്‍ യുവതിയോട് എന്തൊക്കെയോ കാര്യമായി സംസാരിച്ചു. ആ സംഭാഷണം അല്‍പ്പനേരം നീണ്ടു പോയി.യുവതി എന്നെ ഉപേക്ഷിച്ച് അവര്‍ക്കൊപ്പം പോകുമെന്ന് ഞാന്‍ പരിഭ്രമിച്ചു. പക്ഷേ ഒരു ആസാംകാരനെ വിളിച്ച് അവള്‍ അവരെ ഏല്‍പ്പിച്ചു വിട്ടു. എനിക്കു സമാധാനമായി. ഇവള്‍ക്ക് എല്ലാ ഭാഷയും അറിയാം. ഇവള്‍ ഒരു വിശ്വപൗരതന്നെയാണ്. ഞാന്‍ ചെറുതായി ഒന്ന് അല്‍ഭുതപ്പെട്ടു.
അതുവരെ ഒളിച്ചു വച്ചിരുന്ന ചോദ്യം ചോദിക്കാനുള്ള സന്ദര്‍ഭം ലഭിച്ച ആനന്ദത്തോടെ ഞാന്‍ ചോദിച്ചു.
”വിരോധമില്ലെങ്കില്‍ ഒരു കാര്യം ചോദിക്കട്ടെ?”
”ധൈര്യമായി ചോദിക്കൂ സര്‍.”
”താങ്കളുടെ സ്വദേശം തായ്‌ലാന്റോ മലേഷ്യയോ അതോ ബ്രസീലോ…?”
ഞാന്‍ എന്റെ ആകാംക്ഷ മുഴുവന്‍ ചാലിച്ച് ആ സംശയം ചോദിച്ചു.
”ഹഹഹ…ഒന്നുമല്ല.ഞാന്‍ തനി മലയാളി.അച്ഛന്‍ വിതുര മലയോരഗ്രാമവാസി.അമ്മ പെരുമാതുറക്കാരി.”
തികഞ്ഞ പ്രതികാരത്തോടെ കൈപ്പത്തി കൊണ്ട് ആരോ എന്റെ നെഞ്ചില്‍ വലിച്ചടിച്ചതുപോലെ തോന്നി.ഒരു ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു.
”ഓ.. ക്ഷമിക്കണം. ഞാന്‍ കരുതി…”
ഞാന്‍ അര്‍ദ്ധോക്തിയില്‍ നിറുത്തി.
”പലരും അങ്ങനെ ചോദിച്ചിട്ടുണ്ട് സര്‍.”
ആവര്‍ത്തനം കൊണ്ട് അവള്‍ക്കു സാധാരണയായ അനുഭവം എനിക്ക് അസാധാരണമായി.
” ഈ ഇരിക്കുന്ന ആപ്പിളും ഓറഞ്ചുമെല്ലാം നമ്മുടെ നാട്ടില്‍ വിളയോ?”പെട്ടെന്നുണ്ടായ ജാള്യതയില്‍ നിന്നും രക്ഷപ്പെടുന്നതിനായി ഞാന്‍ ചോദിച്ചു .
”വിളയും സാര്‍ .പക്ഷേ ഗുണം കാണില്ല.മണ്ണിന്റെ ഗുണമല്ലേ സാര്‍ രുചിയെന്നു പറയുന്നത്…..സാര്‍ ചോദിച്ചു ചോദിച്ചു എന്നില്‍ നിന്നും എല്ലാ രഹസ്യവും ചോര്‍ത്തുകയാണ്.”
”അപ്പോള്‍ രഹസ്യമാണ് ഏതൊരു കച്ചവടത്തിന്റേയും രഹസ്യം അല്ലേ?”
”എല്ലാം ഒരുതരം കച്ചവടമല്ലേ സാര്‍.”
അവള്‍ പഞ്ഞത് സത്യമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഭൂമിയാകെ വലിയൊരു ചന്തയായി മാറിക്കഴിഞ്ഞിരിക്കുന്നു.ഇവിടെ എന്തും വില്‍ക്കാന്‍ പറ്റും.ഞാന്‍ ആ ചന്തയിലൂടെ നടക്കാന്‍ തുടങ്ങി.ചാണകം മുതല്‍ മനുഷ്യശരീരം വരെ വില്പ്പനയ്ക്കു വച്ചിരിക്കുന്ന വലിയൊരു ചന്തയാണ് ഭൂമി.അവകള്‍ക്കിടയിലൂടെ കൗതുകം പൂവിടുന്ന കണ്ണുകളുള്ള ഒരു അന്യഗ്രഹജീവിയായി ഞാന്‍ നടക്കുന്നു. ഓരോന്നും കൈയ്യിലെടുത്തും തൊട്ടു നോക്കിയും ഞാന്‍ പരിശോധിക്കുന്നു. ഒരിടത്ത് മനോഹരമായ പ്ലാസ്റ്റിക് കവറുകളുടെ നീണ്ട നിര. അതില്‍ പശുവിന്റെ ചേതോഹരമായ ചിത്രം. പാല്‍പ്പൊടിയായിരിക്കും. ഭാര്യ പാല്‍ കുടിക്കില്ല.പാല്‍പ്പൊടിയിരിക്കട്ടെ. ഒരു കവര്‍ ഞാന്‍ കൈയ്യിലെടുത്തു.ഉള്ളില്‍ പച്ച നിറമാണ്. സംശയം തോന്നിയ ഞാന്‍ സെയില്‍സ്മാനോട് തിരക്കി. ‘അത് പാല്‍പ്പൊടിയല്ല സാര്‍. ചാണകപ്പൊടിയാണ് .’ ഞാനൊന്നു ഞെട്ടി. അടുത്ത ചുമരില്‍ തലതല്ലി ചാകണമെന്നു തോന്നി. ചെറുപ്പത്തില്‍ എത്ര കുട്ട ചാണകമാ കോരി വാഴയുടെ മൂട്ടില്‍ അമ്മ ഇടുവിച്ചിട്ടുള്ളത്….! ഇപ്പോഴും അമ്മ രണ്ടു പശുവിനെ വളര്‍ത്തുന്നുണ്ട്.
യാതൊന്നും സംഭവിക്കാത്ത മട്ടില്‍ ഞാന്‍ കവര്‍ തിരികെ വച്ച് തിരിഞ്ഞു നടക്കുന്നു. പ്‌ളാസ്റ്റിക് പൂക്കള്‍ക്കപ്പുറം ശരീരശാലയാണ്. പെണ്ണുടലുകള്‍ സ്വയം പ്രദര്‍ശിപ്പിച്ച് എന്നെ ആകര്‍ഷിക്കുന്നു. നീണ്ടുചുരുണ്ട കാര്‍കൂന്തലുള്ള ദൈന്യത നിറഞ്ഞ കണ്ണുകളുള്ള ഒരു ശരീരം എന്നെ ആകര്‍ഷിച്ചു. പത്തില്‍ ഒപ്പം പഠിച്ച ദീപയെ ഓര്‍മ്മ വന്നു. ഒരു ദീപനാളം പോലത്തെ പെണ്‍കുട്ടി. പിന്നീടവള്‍ അമ്മയോടൊപ്പം ഒരു ദീപനാളത്തിന്റെ സഹായത്തോടെ എരിഞ്ഞടങ്ങി.
എന്താണിത്ര ദീനത? എനിക്ക് പെണ്‍ശരീരത്തോട് ചോദിക്കണമെന്നുണ്ടായിരുന്നു.
അവളുടെ മറുപടി എന്നെ നിസ്സഹായനാക്കിയേക്കാം. ദീനതകള്‍ക്കു മുന്നില്‍ ഞാന്‍ വലിയൊരു ദുര്‍ബ്ബലനാണ്. അവരെയൊക്കെ രക്ഷിക്കണമെന്ന് തോന്നും. ‘എല്ലാവരുടേയും വേദനകള്‍ നെഞ്ചിലേറ്റി ഒരു മഹാത്മാവ് ആവുക. ഞാനും മക്കളും മാറിത്തരാം.’ഭാര്യാ മൊഴികള്‍ അശരീരിയായി. ഞാന്‍ നിശബ്ദനായി മുന്നോട്ടു പോയി.

”സാര്‍ എന്താ ഒന്നും പറയുന്നില്ലല്ലോ…”യുവതിയുടെ വാക്കുകള്‍ ആ അസന്ദിഗ്ധതയില്‍ നിന്നും എന്നെ രക്ഷപ്പെടുത്തി.
”താങ്കള്‍ നന്നായി ചിന്തിക്കുന്നുണ്ടല്ലോ..”ഞാന്‍ ഒന്നു പ്രശംസിച്ചു.
മറുപടിയായി അവള്‍ ഒന്നു ചിരിച്ചു.
”ഇപ്പോള്‍ തന്റെ വീട്ടില്‍ അപൂര്‍വ്വമായി ഒരിനം വേണമെന്നല്ലേ എല്ലാവരും ചിന്തിക്കുന്നത്.അത് അങ്ങ് അറബി നാട്ടില്‍ നിന്നും ഒരു പന കൊണ്ടു വരാന്‍ കഴിയുമെങ്കില്‍ നമ്മള്‍ അത് കൊണ്ടു വരും.മനുഷ്യന്റെ മിടുക്കുകൊണ്ട് നട്ടുവേരു പിടിപ്പിക്കാം.കൃത്യമായ ഫലം വേണമെങ്കില്‍ മണ്ണിന്റെ മിടുക്കു കൂടി വേണം സാര്‍….. വരൂ സാര്‍ നമുക്ക് പൂക്കളുടെ വിഭാഗത്തിലേയ്ക്കു പോകാം.’ സംസാരത്തിനിടയില്‍ അവള്‍ എന്നെ ക്ഷണിച്ചു.
കടലാസുചെടി വളര്‍ച്ചു തീര്‍ത്ത കമാനം കടന്ന് അവള്‍ മുന്നോട്ടു നടന്നു.
അവള്‍ എന്നെ വസന്ത കാലത്തിലേയ്ക്കു വിളിച്ചിരിക്കുന്നു.
എന്റെ മനസില്‍ പൂവിളി മുഴങ്ങി. പൂവും പൂത്തുമ്പിയും ഊയലാടി. ഭൂമിയുടെ പുഞ്ചിരിയാണ് പൂക്കള്‍. മനുഷ്യനെ നോക്കിയുള്ള മണ്ണിന്റെ ചിരി.

‘സാര്‍, അത് സര്‍ലൈറ്റ്, ഇത് ജറുബ്ര, ഇത് ഡയാന്തസ്, ഇത് പിറ്റിയൂണ്യ, തായ് സൈപ്രസ്, മെലസ്റ്റേച്ചിയ, മലയന്‍ ഡോര്‍ഫ്….’പൂച്ചെടികളുടെ ലോകത്തിലേയ്ക്ക് അവള്‍ വിരല്‍ ചൂണ്ടി.ആ പേരുകള്‍ കേട്ട് ഞാന്‍ അസ്ത പ്രജ്ഞനായി.
” ഇത് ഇലച്ചെടികളുടെ വിഭാഗം. അത് പൂച്ചെടികളുടെ സെക്ഷന്‍.’ അവള്‍ ഇരുവശങ്ങളിലേയ്ക്കും ഒന്നുകൂടി വിരല്‍ ചൂണ്ടി. ഒരു വശത്ത് നക്ഷത്രങ്ങള്‍ നിറഞ്ഞ നീലവാനം. മറുവശത്ത് കരകാണാ കടലല.
കേട്ടതിനേക്കാള്‍ അത്ഭുതമത്രേ കണ്ടത്.
‘ഇതൊക്കെ കേരളീയമാണോ? അതോ ഇന്ത്യനോ, അതല്ല വിദേശിയോ… !?’എന്റെ വിസ്മയം മുഴുവന്‍ ആ വാക്കുകളിലുണ്ടായിരുന്നു.
‘ഒന്നുമല്ല സാര്‍. എല്ലാം സങ്കരയിനമാണ്. ‘ ചിലപ്പോള്‍ എനിക്കു തോന്നിയിട്ടുണ്ട്. ഞാന്‍ തന്നെ ഒരു സങ്കരയിനമാണെന്ന്. എന്റെ ഭാഷ സങ്കരമാണ്. വേഷം സങ്കരമാണ്. എന്റെ ആഹാരം സങ്കരമാണ്.
എന്റെ നോട്ടം റോസകളിലേയ്ക്ക് തിരിഞ്ഞു. ചിത്രകാരന്റെ ചായങ്ങള്‍ ഒലിച്ചിറങ്ങുന്ന കളര്‍പാഡ് പോലെ റോസ് എത്ര നിറത്തിലാണ് പൂത്തു നില്‍ക്കുന്നത് … !
‘കോശങ്ങള്‍ ചേര്‍ത്തുള്ള ഗ്രാഫിക്‌സാണ് എല്ലാം അല്ലെ?’
‘അതെ സാര്‍.’
”അപ്പോള്‍ ഒര്‍ജിനലുകള്‍ എല്ലാം ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായോ?’
‘കുറച്ചെങ്കിലും ഭൂമിയുടെ മൂലകളില്‍ മിച്ചം നില്‍ക്കുന്നുണ്ടാവും… നമ്മള്‍ അന്വേഷിച്ചു കണ്ടെത്തണം.’ എന്റെ വാക്കുകളുടെ അര്‍ത്ഥം യുവതി കൃത്യമായി ഗ്രഹിക്കുന്നുണ്ട്. ഞങ്ങളുടെ സംഭാഷണത്തിന് വിശദീകരണങ്ങള്‍ ആവശ്യമില്ലാത്ത പരസ്പര ലയനത്തിന്റെ ഒരു ഏകതാനതയുണ്ടായിരുന്നു. വീട്ടിലായിരുന്നുവെങ്കില്‍ വാക്കുകള്‍ ഉരുള്‍പൊട്ടി അതിനുള്ളില്‍ പെട്ട് ചതഞ്ഞ് രണ്ടു മൃതദേഹങ്ങള്‍ ഇതിനോടകം നിരവധി തവണ പ്രത്യക്ഷപ്പെട്ടേനെ. ഒരിളം കാറ്റില്‍ പാറിപ്പോകുന്ന അപ്പൂപ്പന്‍ താടിപ്പൂക്കളുടെ ബലമേ ഇന്ന് ബന്ധങ്ങള്‍ക്കുമുള്ളൂ.
അവളുടെ വാക്കുകളില്‍ ഒരു നഷ്ടബോധം എനിക്ക് അനുഭവപ്പെട്ടു.
മലേഷ്യന്‍ കുള്ളന്‍ തെങ്ങ് നാല്. തായ്‌ലാന്റ് മാവ് നാല്. ബ്രസീല്യന്‍ പ്‌ളാവ് നാല് .സാര്‍ലൈറ്റ്, ജറുബ്ര, ഡയാന്തസ്, പിറ്റിയൂണ്യ…
എല്ലാം കൂടി ഏകദേശം പതിനായിരത്തില്‍പരം രൂപയുടെ വൃക്ഷത്തൈകളും പൂച്ചെടികളും വാങ്ങി.എല്ലാം എണ്ണി മാറ്റി വച്ചു.

കരിക്ക് ഇപ്പോഴേ ഞാന്‍ കല്ലില്‍ ഇടിച്ചു പൊട്ടിച്ചു കുടിച്ചു തുടങ്ങി.മാങ്ങയിപ്പോഴേ കടിച്ചീമ്പി തുടങ്ങി.വരിക്കച്ചക്കച്ചുളകള്‍(വാട്‌സപ്പില്‍ കണ്ടത്)കടിച്ചു നുണഞ്ഞു തുടങ്ങി.കാലങ്ങളായി കരളില്‍ അടക്കി വച്ചിരുന്ന മോഹങ്ങള്‍ വര്‍ണ്ണച്ചിറകു നേടി കടലിനു മീതേ പറക്കാന്‍ തുടങ്ങി.

‘ഈ ചട്ടികളില്‍ നിന്നുമിറങ്ങി മണ്ണില്‍ വേരുപിടിക്കാന്‍ ഇവകള്‍ക്കാകുമോ ?’ ഞാന്‍ സംശയം പ്രകടിപ്പിച്ചു.
‘നമ്മുടെ പരിചരണം പോലിരിക്കും…., ങാ സാര്‍ – ‘ എന്തോ ഓര്‍മ്മ വന്നിട്ടെന്ന പോലെ അവള്‍ തുടര്‍ന്നു.’ഇവയ്ക്ക് പ്രത്യേകം വളമാണ്.അവയും കൂടി വാങ്ങിയില്ലെങ്കില്‍ സാറിന്റെ ശ്രമം വൃഥാവിലാകും.”
”അയ്യോ…..” ഞാന്‍ ഞെട്ടി.
”നമ്മുടെ മണ്ണില്‍ വേരു പിടിക്കാത്തതല്ലേ.അപ്പോള്‍ അവയ്ക്ക് ആവശ്യമായ ന്യൂട്രിയന്‍സ് കൂടി നല്‍കണം സാര്‍.”
”അമ്മയുടെ പാലു കിട്ടാത്ത മക്കള്‍ക്ക് വളര്‍ത്തമ്മയുടെ പാലു പോലെ അല്ലേ?”
”പോര സാര്‍.ഈ കുട്ടികള്‍ അങ്ങനെ വളരില്ല.കിട്ടിയ മണ്ണില്‍ വേരുപിടിക്കാന്‍ കെല്‍പ്പില്ലാത്ത മക്കളല്ലേ ഇന്നുള്ളത്. ‘
‘അതുകൊണ്ട് അവയ്ക്ക് പ്രത്യേക പരിചരണം അത്യാവശ്യമാണ് സാര്‍.സാധാരണ ഞങ്ങളുടെ ആള്‍ക്കാര്‍ വീട്ടില്‍ വന്ന് എല്ലാം ചെയ്തു നല്‍കുകയാണ് പതിവ്.അതിന് ചെറിയൊരു സര്‍വ്വീസ് ചാര്‍ജ് ഞങ്ങള്‍ ഈടാക്കുന്നുണ്ട്….സാറിന്റെ പക്കല്‍….”
എന്റെ ദാരിദ്ര്യം, ഞാന്‍ പറയാത്ത രഹസ്യം അവള്‍ കണ്ടെത്തിയിരിക്കുന്നു. പിടിക്കപ്പെട്ട കള്ളനെപ്പോലെ ഞാന്‍ ശിരസുതാഴ്ത്തി.
”അല്ലെങ്കില്‍ അതു വേണ്ട.ട്രീറ്റ്‌മെന്റ് ഞാന്‍ പറഞ്ഞു തരാം.സാര്‍ അതുപോലെ ചെയ്താല്‍ മതി.” എന്നോട് ഒരു അനുകമ്പ തോന്നിയതിനാലോ എന്തോ അവള്‍ അങ്ങനെ പറഞ്ഞു.
”ട്രീറ്റ്‌മെന്റോ…?” ഞാന്‍ അന്തം വിട്ടുപോയി. അപ്പോള്‍ സൂക്കേടു പിടിച്ച തൈകളാണോ ഇത്..?”
‘അതല്ല സാര്‍.തൈപരിചരണം കൃത്യമായി ചെയ്യണം.അതാ ട്രീറ്റ്‌മെന്റ് എന്നതു കൊണ്ടുദ്ദേശിച്ചത്.”

രണ്ടായിരം രൂപയുടെ വളം കൂടി ചേര്‍ത്തപ്പോള്‍ ഞാന്‍ പന്ത്രണ്ടായിരം രൂപയുടെ കടക്കാരനായി.
”സാരമില്ല സാര്‍. മാങ്ങ കഴിക്കുമ്പോള്‍ സാര്‍ എല്ലാം മറക്കും.”

തൈകളെയെല്ലാം ഒരിടത്തേയ്ക്ക് ഒരു ബീഹാറിയെക്കൊണ്ട് അടുപ്പിച്ചു വച്ചു.
ഞങ്ങളുടെ മധുരസംഭാഷണത്തെ തടസ്സപ്പെടുത്തിക്കൊണ്ട് എന്റെ ഫോണ്‍ ബെല്ലടിച്ചു….’ട്വിന്‍കില്‍ ട്വിന്‍കില്‍ ലിറ്റില്‍ സ്റ്റാര്‍.ഹൗ ഐ വണ്ടര്‍ വാട്ട് യു ആര്‍….’
യുവതി എന്നെ നോക്കിചിരിച്ചു. ഞാന്‍ ലജ്ജാലുവായി…
”ഒരു മിനിറ്റ് പ്‌ളീസ്,ഞാന്‍ ഈ ഫോണ്‍ ഒന്ന് അറ്റന്‍ഡ് ചെയ്‌തോട്ടെ.”
”ഓകെ സാര്‍….”
യുവതി തിരിഞ്ഞു നടന്നു.
”ഹലോ ചേട്ടാ, ഞാന്‍ ലതയാണ്..”
”ങാ..പറ ലതേ എന്താ വിശേഷം..?”
”ചേട്ടാ, മീനു വയസ്സറിയിച്ചു.അതു പറയാന്‍ വിളിച്ചതാ…”
”ആര്? നമ്മുടെ മീനുവോ?അവള്‍ മൂന്നാം ക്‌ളാസില്‍ പ്രവേശിച്ചിട്ടല്ലേയുള്ളൂ.?”വല്ലാത്തൊരു ഉള്ള് ആന്തലോടെയാണ് ഞാന്‍ അത് ചോദിച്ചത്.
”അതെ ചേട്ടാ, തേര്‍ഡ് സ്റ്റാര്‍ട്ട് ചെയ്തിട്ടേയുള്ളൂ…”
അനുജത്തിയുടെ മകളാണ് മീനു.എന്തെന്നും ഏതെന്നും അറിയാനുള്ള പ്രായമാകാത്ത പ്രായത്തില്‍…
അവളുടെ ആരോഗ്യം, ആയുസ്സ്…പലവിധ ആശങ്കകള്‍ വന്ന് എന്നെ ചുറ്റിപ്പിടിച്ചു.ഫലം താങ്ങാനാകാതെ ഒരു മരത്തിന്റെ ചില്ല ഒടിഞ്ഞ് എന്റെ നെഞ്ചിലൂടെ ചാഞ്ഞു.ഞാന്‍ പടിഞ്ഞാറേയ്ക്ക് നോക്കി.സൂര്യനും നേരത്തെ നേരത്തെ ചായുകയാണല്ലോ..

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px