ഇന്ന് പരിചയമില്ലാത്ത നമ്പറില്‍ നിന്ന് ഒരു മെസേജ് . ഇത് വാളകം Rvhs ല്‍ പഠിച്ച ജോസ് ആണോ. ആണെങ്കില്‍ ഈ നമ്പറില്‍ വിളിക്കണം.
ഞാന്‍ ഉദ്ദേശിച്ച ആളല്ലെങ്കില്‍ സാര്‍ ക്ഷമിക്കണം.
വ്യക്തിപരമായി വരുന്ന എല്ലാ മെസേജുകള്‍ക്കും മറുപടി കൊടുക്കണം എന്ന നിര്‍ബന്ധമുള്ള ഞാന്‍ :
ഞാന്‍ തന്നെയാണ് ആരാണ് മനസ്സിലായില്ല.
ഡാ പൊട്ടാ ഇത് ഞാനാട
ബിന്ദു ,
അല്പം പരിങ്ങലില്‍
ഞാന്‍ ഏത് ബിന്ദു ……
ഡാ ഏഴാം ക്ലാസ്സ് വരെ നമ്മള്‍ ഒന്നിച്ച് പഠിച്ചതല്ലേ നീ എന്നെ മറന്നോ.
കഴിഞ്ഞ ആഴ്ച അനില്‍കുമാറിനെ കണ്ടു അവനാണ് പറഞ്ഞത് നീ വല്യ എഴുത്ത് കാരനായെന്ന് ….
പാതി പരുങ്ങലോടെ ഞാന്‍ എഴുത്തുകാരനോ? ആര് പറഞ്ഞു?
ആളെ ഉറപ്പിച്ച അവള്‍ പഴയ എഴാം ക്ലാസു
കാരിയായി. ശേഷം അവള്‍
ഇരട്ടപേര് വിളിച്ച് കൂടുതല്‍ എന്നിലേയ്ക്ക് അടുത്തു.
ഞാന്‍ അപ്പോഴും ബിന്ദുവിന്റെ തടിയും മുഖവും, ഇരുന്ന് പഠിച്ച ബഞ്ചും മന:സില്‍ ചികയുകയായിരുന്നു.
വര്‍ഷം എത്രയായി ഓര്‍മ്മകള്‍ മരിച്ചു തുടങ്ങുന്ന പ്രായത്തില്‍ പുതിയ ഓര്‍മ്മകളുടെ തിരകള്‍
ഏത് അനില്‍ കുമാറ് ?
ഡാ നമ്മുടെ അനില്‍ കുമാറ് ലേശം തടിച്ച, അല്പം ഇരുണ്ട, എപ്പോഴും ചിരി മുഖത്ത് ഒട്ടിച്ച അനില്‍കുമാര്‍ അവന്‍ ഇന്ന് പോലീസാ . അനില്‍കുമാര്‍ എന്റെ മന:സില്‍ നിറഞ്ഞു യാദൃച്ഛികമായി കണ്ടതാണ് പേര് ചൊല്ലി വിളിച്ചപ്പോള്‍ ഒന്ന് പതറി കൊച്ചു വര്‍ത്തമാനത്തിലൂടെ അവന്‍ എന്നെ കുട്ടിക്കാലത്തേയ്ക്ക് നടത്തി.
അവനാ പറഞ്ഞത് നിന്നെ കണ്ടെന്ന് ‘
നീ നിന്റെ പുസ്തങ്ങള്‍ അവന് സമ്മാനിച്ചെന്ന് ‘.
സത്യം പറ നീ എന്നാ എഴുത്ത് കാരനായത്.
പൈയുടെ വില അറിയാത്ത നീ മാത്തുക്കുട്ടി സാറിന്റെ എത്ര അടിയാ വാങ്ങിയത്.
ബിന്ദു ഞാന്‍ കണക്കില്‍ ഇപ്പോഴും കണക്കാ , ഞാന്‍ എന്റെ മുന്നില്‍ കാണുന്ന ജീവിതങ്ങളാഎഴുതുന്നത്. ജീവിതത്തിന് സയന്‍സും, പൈതഗോറസും ഇല്ലല്ലോ.
ജീവിതം വിയര്‍പ്പും പ്രണയവും കണ്ണുനീരും വിരഹവും ആയിരിക്കുന്ന കാലത്തോളം എനിക്ക് എഴുതാന്‍ കടല്‍ പോലെ വിഷയങ്ങള്‍.
അവള്‍ ഒന്നു ചി്രിച്ചു,
അവളുടെ ചിരി കുപ്പിവളപോലെ ചിന്നി ചിതറി .
ശേഷം അവള്‍ : എന്നാല്‍ നീ എന്നെക്കുറിച്ച് കൂടി എഴുത്. ഞാന്‍ ഒന്നു ചിരിച്ചു. ബാല്യകാലസഖി ഇത്ര വൈകാരികമായി എന്നെ തേടി പിടിച്ച് അവളുടെ ജീവിതം എഴുതാന്‍ പറഞ്ഞാല്‍ മുഖം തിരിക്കുന്നതെങ്ങനെ
പോട…… പ …ഇത്ര സ്വാതന്ത്ര്യം അവള്‍ എന്നില്‍ നിന്ന് നേടി, അവള്‍ പഴയ കുറുമ്പി ബിന്ദുവായി ‘
ഡാ നിന്റെ പല കഥയിലും ഞാന്‍ എന്നെ കണ്ടു
ഞാന്‍ ചിരി ചുണ്ടില്‍ തടയിട്ടു.
ശരി പറ എന്താ വിശേഷം
സുഖമല്ലേ ..നീ ഇപ്പോ എങ്ങനിരിക്കുന്നു പഴയ തടിച്ച ബിന്ദുവാണോ നീ , ഫുഡ്ബാള്‍ പോലെയുള്ള മുഖത്തിലെ വലത്തേക്കവിളില്‍ നുണക്കുഴി ഒട്ടിച്ച് വച്ച ബിന്ദുവാണോ നീ.
മുട്ടൊപ്പം മുടിയില്‍ പിച്ചിപ്പൂ ചൂടിയ ,ബിന്ദുവാണോ നീ
അഞ്ചിലും ആറിലും ഏഴിലും ഒന്നാം ബഞ്ചില്‍ ഒന്നാമതായിരുന്ന, പഠിപ്പിസ്റ്റ്
ബിന്ദുവാണോ നീ.
അവള്‍ കരഞ്ഞു.
ഒന്‍പതാം ക്ലാസിലെ അവസാന പരീക്ഷയ്ക്ക് മുന്‍പ് കെട്ടിച്ച് വിട്ട, പ്രായമറിയുന്നതിന് മുന്‍പ് മൂന്ന് പ്രസവിച്ച, മക്കള്‍ മൂന്ന് പേരെ തന്ന് മക്കളുടെ അച്ഛന്‍നാടുവിട്ട ,
ശേഷം പറക്കമുറ്റാത്ത മൂന്ന് പെണ്‍മക്കളെ പോറ്റാന്‍ ജീവിതം എരിച്ച് തീര്‍ത്ത ബിന്ദുവിനെ ക്കുറിച്ച് അവള്‍ എന്നോട് പറഞ്ഞു ‘
ഇത്ര ജീവിതം ഒളിപ്പിച്ച് വച്ച് അവള്‍ക്ക് എന്നോട് ഇത്ര ചിരിയോടെ ഇടപെടാന്‍ കഴിഞ്ഞു.
നീ സത്യം പറ നിനക്ക് സുഖമാണോ?
ഡാ ഞാന്‍ സത്യമാ പറഞ്ഞത് ‘ നിനക്ക് എന്നെ ക്കുറിച്ച് എഴുതാമോ ?
മൂന്ന് പെണ്‍മക്കളുള്ള ഒരു വിധവയുടെ ജീവിതത്തെക്കുറിച്ച് ‘ ?
അവളുടെ വാക്കിന്റെ തിരയില്‍ ഞാന്‍ ആടി ഉലഞ്ഞു.
സകലരാലും ഉപേക്ഷിക്കപ്പെട്ട , അമ്മ കൂടി മരിച്ചാല്‍ അനാഥമായി പോകുന്ന,
എന്റെ കളിക്കൂട്ടുകാരിയെക്കുറിച്ച് ഞാന്‍ എന്താണ് എഴുതേണ്ടത്. എന്റെ ഉള്ളംകാലില്‍ നിന്നും ഒരു തണുപ്പ് ദേഹം മുഴുവന്‍ പടര്‍ന്നു
വൈധവ്യത്തെക്കുറിച്ചും
അനാഥത്വത്തെ ക്കുറിച്ചും
എഴുതുക എന്നത് ഏത് മനുഷ്യനും കഠിനമാണ്, കാരണം എഴുത്ത് കാരന്റെ മന:സ് മുട്ടത്തോടിനേക്കാള്‍ കനം കുറഞ്ഞതാണ് ‘അടുത്ത ചോദ്യം കാക്കാതെ അവള്‍ വാതോരാതെ സംസാരിച്ചു. അവളുടെ ജീവിതം മുഴുവന്‍ പൊടിപ്പും തൊങ്ങലും വച്ച്.
കൂട്ടുകാരിയുടെ ദു:ഖത്തിലും വൈധവ്യത്തിലും ഉള്ള് മുറിഞ്ഞ എന്നിലേയ്ക്ക്
എത്ര കഥകളാണ് വരുന്നത്.
എല്ലാ നോവും കണ്ണുനീരും എഴുതി തീര്‍ക്കാന്‍ എന്റെ ജന്മം പോരാ എന്നറിയാം.
അത് കൊണ്ട് , കുറെ തമാശ പറയും , ഇതോക്കെ എത്ര നിസാരം എന്ന് പറഞ് തോളോട് ചേര്‍ക്കും ‘
എന്നിട്ട് മന:സ് പറയും
എന്റെ അനില്‍ കുമാറെ, പണി വല്ലാതായ് പോയി.
അവന്‍ മികച്ച കറ്റാന്വേഷണ വിദക്തനെ പോലെ എന്റെ പഴയ സൗഹൃദങ്ങളെ ഒക്കെയും എന്നിലേയ്ക്ക് കൊണ്ടുവ വന്നു. ഞാന്‍ പിന്നോട്ട് നടന്ന് നടന്ന് പത്ത് വയസ് കാരനായി – ഇനി പിന്നോട്ട് നടക്കാന്‍ വയ്യ – കാരണം അഞ്ചാം ക്ലാസിലാണ് അനില്‍കുമാര്‍ എന്ന പോലീസ്‌കാരന്‍ എന്റെ ഓര്‍മ്മകള്‍ക്ക് കാവലായ് എന്റെ നെഞ്ചോട് ചേര്‍ന്നത്.












