LIMA WORLD LIBRARY

നെയ്യപ്പം – സാക്കി നിലമ്പൂര്‍

രാത്രി കടയടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോള്‍
വീട്ടുകാരിയുടെ ഒരു പതിവ് വിളിയുണ്ട്. അത് കണ്ടില്ലെങ്കില്‍ ഞാനങ്ങോട്ട് വിളിക്കും.
‘ എട്യേ.. കൂട്ടാന്‍ വെക്കാന്‍ എന്തേലും വേണോ? ‘

‘ങാ.ങ്ങള് വെരുമ്പോ ലേസം മീന്‍ മാങ്ങിക്കോളോണ്ടി.
പിന്നെയ് ,
ചായക്ക് കടിച്ച് കൂട്ടാന്‍ വല്ല റസ്‌ക്കോ
ബിസ്‌ക്കറ്റോ അതും മാങ്ങിം ട്ടോ..
ങാ..പിന്നെയ്, ചെറ്യേ ഉള്ളി കഴിഞ്ഞിക്ക്ണ്. ലേസം അതും.
പിന്നെയ്
‘ സിംബ ‘ന്റെ ഫുഡ് കയിഞ്ഞ്ക്ക്ണ്. അതും മാണം ”.

ഞാന്‍ ഫോണ്‍ കട്ട് ചെയ്യുന്നത് വരെ ആവശ്യങ്ങളങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും. ഒടുവില്‍ ഞാന്‍ പറയും.
‘ ഇയ്യെയ്,ഇദൊക്കെ ഒന്ന് വാട്‌സപ്പില് പറയ്. ഒക്കെപ്പാടെ , ഇനിക്കോര്‍മണ്ടാവൂല.’

അങ്ങനെ അവളയച്ച വാട്‌സപ്പ് സന്ദേശം കേട്ട് ഓരോന്ന് വാങ്ങുന്നതിനിടയില്‍ ലിസ്റ്റിലില്ലാത്ത ഒരു സില്‍ക്ക് ചോക്കലേറ്റ് കൂടി ഞാന്‍ വാങ്ങും.
വീട്ടില്‍ എത്തി കവറ് അവളെ ഏല്‍പ്പിക്കുമ്പോള്‍ അവള്‍ കണ്ണ് കൊണ്ട് കവറില്‍ പരതും. സില്‍ക്ക് കാണുമ്പോള്‍ വല്ലാതെ മുഖം പ്രകാശിക്കും.

‘ഇദ് ഇന്‍ക്കാ…?’
അവള്‍ ചോദിക്കും.

‘എല്ലാരും കൂടി
ഇട്‌ത്തോളിം. ‘
ഞാന്‍ പറയും.

അങ്ങനെ എല്ലാവര്‍ക്കും തുല്യമായി അവള്‍ തന്നെ അത് വീതിച്ച് തരും. മക്കളൊക്കെ കിട്ടിയ ഉടനെ തന്നെ തങ്ങളുടെ പങ്ക് കഴിക്കും. ഞാനും.

രാത്രി, ഭക്ഷണമെല്ലാം കഴിഞ്ഞ് അവള്‍ക്ക് കിട്ടിയ കഷ്ണവുമായി അവള്‍ ടിവി യുടെ മുന്നിലേക്ക് വരും. ഞങ്ങളുടേതൊക്കെ നേരത്തെ തിന്നതിനാല്‍ ഞങ്ങളെല്ലാം കൊതിയോടെ വെള്ളമിറക്കി അതിലേക്ക് നോക്കി നില്‍ക്കും.
ഇടക്ക് ചെറിയ മോന്‍ ചോദിക്കും.
”ഇമ്മച്ച്യേ….. ഒര് പൊട്ട് തെര്വോ.?’

‘അന്റേദൊക്കെ കിട്ട്യേപ്പൊ തന്നെ മുണ്ങ്ങീററല്ലേ…?
ഇന്റീമ്മന്ന് ഒര് കണ്ടം കിട്ടുംന്ന് കെര്തി നൊണഞ്ഞ് കുത്തിരിക്കണ്ട.
തെരൂല.’
അവളാണെങ്കിലോ.. നുണഞ്ഞ് നുണഞ്ഞ് മിനുട്ടുകളെടുത്ത് വളരെ മെല്ലെയേ അത് തിന്നൂ.

ഞാന്‍ ചിന്തിച്ചു.
എന്റെ ഉമ്മയുടെ കാലത്തുള്ള ഉമ്മമാരെപ്പോലെയല്ല ഇന്നത്തെ ഉമ്മമാര്‍. തങ്ങളുടെ
അവകാശങ്ങളെക്കുറിച്ച് തികച്ചും ബോധമുളളവരാണവര്‍. പെട്ടെന്ന് എന്റുമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സിലേക്കിരമ്പിയെത്തി.

****

‘ഉസൈന്യേ….!’
എന്തിനാണീ ഉമ്മ ,
ഇങ്ങനെ കിടന്ന് നിലവിളിക്കുന്നത്.
നന്നെ പുലര്‍ച്ചെയായതേയുള്ളൂ.
നേരത്തിന്റെ
ഒരു കീറ്‌പോലും വെളുത്തിട്ടില്ല. പിന്നെയെന്താണീ ഉമ്മാക്കിത്..?

‘സാക്കിറുസൈനേ.!’
ഉമ്മയെന്നെ നിര്‍ത്താതെ വിളിക്കുക തന്നെയാണ്.

‘പൊന്നാരഞ്ചെ സാക്കിറുസെയ്‌നേ.
മദര്‍സ്ണ്ട് ട്ടോ
ഇന്നനക്ക് .
മര്യാദക്കവ്ട്ന്ന് ന്നീച്ചോ…’
ഉമ്മയുടെ വിളി കേട്ടിട്ടേയില്ല എന്ന മട്ടില്‍, ഉപ്പയുടെ പഴമയുടെ മണമുള്ള കള്ളിത്തുണി കൊണ്ട് തലയാകെ ഇട്ട്മൂടി ഞാന്‍ ഒന്നുകൂടി ചുരുണ്ട്കിടന്നു.
മകരമാസമാണ്. മരംകോച്ചുന്ന തണുപ്പും.
ഉറക്കം പോയെങ്കിലും വെറുതെ കിടക്കാനും
എന്താ ഒരു സുഖം.

‘ഞ്ഞി,
ഞാം മന്ന് അന്നെ
വിള്‍ച്ചൂലട്ടോ. പര്‍ഞ്ഞില്ലാന്ന് മാണ്ട.
കൊട്ടക്കയിലിന്റെ കണോണ്ട്
മുദ്വോമ്പര്‍ത്ത് നല്ലോണം രണ്ടങ്ങട്ട് കിട്ടുമ്പൊ ഇജ്ജവ്ട്ന്ന് ന്നീച്ച് മണ്ടും..’
ഉമ്മയുടേത് വെറും തമാശയോ ,
കടുത്ത ഭീഷണിയോ ഒന്നുമല്ല എന്ന് അല്‍പനേരം കൂടി മടിപിടിച്ച് കിടന്നാല്‍ ശരിക്ക് മനസിലാവും.
കൊട്ടക്കയിലിന്റെ കണ കൊണ്ടുള്ള ഉമ്മയുടെ അടികള്‍ , മുമ്പും കുറെ പ്രാവശ്യം മുതുകത്ത് ഏറ്റ് വാങ്ങിയ അനുഭവമുള്ളത് കൊണ്ട് ഞാന്‍ വേഗം പാഞ്ഞെണീറ്റു.

നേരം ഒട്ടും വെളുത്തിട്ടില്ല. ഒന്നങ്ങട്ട്
കുളിര് കാഞ്ഞാലോ.
ഞാന്‍ ചിന്തിച്ചു. കുത്തിത്തുളക്കുന്ന തണുപ്പിന്റെ കാലമായ മകരമാസത്തിലുള്ള ഈ കുളിര്കായല്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് പതിവുള്ളതാണ്.

‘ഇമ്മാ.ഞമ്മളെ വെള്‍ക്കും തീപ്പെട്ടീം കാട്ടിക്കാണിം..?’
ഞാന്‍ ചോദിച്ചു.

‘വെളക്ക് ഇട്ക്ക്ണീന് തെരക്കട്ല്ല.
പക്കേങ്കി അയ്‌ത്തെ
കാസര്‍റ്റെങ്ങാനും കയ്ച്ചാല്, അന്റെ കാലിന്റെ വെസവള്ളി ഞാന്‍ വെട്ടും. ‘
ഇപ്പറഞ്ഞത് കാര്യമാക്കേണ്ടതില്ല. ഉമ്മ വെറുതെ പേടിപ്പിക്കാന്‍ പറയുന്നതാണ്. അല്ലെങ്കില്‍ തന്നെ വിളക്കില്‍ നിന്ന് ഇച്ചിരി മണ്ണെണ്ണ എടുക്കുന്നതിനൊക്കെ കാലിന്റെ വിഷവള്ളി എന്നറിയപ്പെടുന്ന മടമ്പിന് മുകളിലുള്ള ഞരമ്പ് ആരെങ്കിലും വെട്ടിയറുക്കുമോ..?

ഞാന്‍ വിളക്കും തീപ്പെട്ടിയുമായി മെല്ലെ പുറത്തിറങ്ങി.
വീടിന് മുന്നിലുള്ള ചെമ്മണ്‍ പാതയിലൂടെ തോര്‍ത്തുമുണ്ട് കൊണ്ട് ചെവിയും തലയും മൂടുന്ന വിധത്തില്‍ ചുറ്റിക്കെട്ടി ഒറ്റയും തെറ്റയുമായി ആളുകളങ്ങിനെ പോവുന്നുണ്ട്. പുല്ലങ്കോട് എസ്റ്റേറ്റില്‍ ടാപ്പിംഗിനായി പോവുന്ന തൊഴിലാളികളാണത്.
എന്റെ വിളക്കിന്റെ പ്രകാശം കണ്ടിട്ടാവണം അയല്‍വാസികളായ ബാപ്പുവും ഇമ്മുവും നാണിയും മുജീബും ഇണ്ണിണ്ണിയും ഒക്കെ അവരവരുടെ വീടുകളില്‍ നിന്ന് കണ്ണുംതിരുമ്മിയെണീറ്റ് ഇറങ്ങിവന്നു.

‘ഇമ്മ്വോ.
ആ ഒണങ്ങ്യെ എലേളൊക്കെ ഒന്നടിച്ച് കൂട്ടിക്കാ. ‘ എന്റെ നിര്‍ദ്ദേശം കേട്ട് ഇമ്മു , ഉങ്ങ്മരത്തിന്റെ ഉണങ്ങിയ ഇലകളൊക്കെ അടിച്ച് വാരി ഒരു കുന്നായി കൂട്ടിവെച്ചു.
ഞാന്‍, വിളക്ക് ചെരിച്ച്പിടിച്ച് അത് കത്തിക്കാന്‍ രണ്ട്മൂന്ന് പ്രാവശ്യം ശ്രമിച്ചു.
മഞ്ഞുകൊണ്ട് ഇലകളെല്ലാം വല്ലാതെ നനഞ്ഞത് കാരണം തീയങ്ങോട്ട് കത്തിപ്പിടിക്കുന്നില്ല.

‘ലേസം മണ്ണെണ്ണ പാര്‍ന്നാ മതിട്ടോ..’
ബാപ്പുവിന്റെ ഈ ഐഡിയ എനിക്കറിയാഞ്ഞിട്ടൊന്നുമല്ല. വിളക്കിലെ മണ്ണെണ്ണ തീര്‍ത്താല്‍ ഉമ്മയുടെ അടിയുടെ വേദനയും നീറ്റലും ദിവസങ്ങളോളം നിലനില്‍ക്കുമല്ലോ എന്ന എന്റെ മുന്‍അനുഭവമാണ് എന്നെയതില്‍ നിന്ന് പിറകോട്ട് വലിക്കുന്നത്.

‘ലേസം പാര്‍ന്നാജ്ജ്.
അന്റമ്മ അറിയൂല’
മുജീബ് പകര്‍ന്ന ധൈര്യം കാരണം ഞാന്‍ ഇച്ചിരി മണ്ണെണ്ണ ഇലക്കൂനക്ക് മുകളില്‍ ഒഴിച്ചു.
തീ ആളിപ്പടര്‍ന്നു. നന്നായി കത്തി.
ഞങ്ങളെല്ലാം കൈകള്‍ കൂട്ടിത്തിരുമ്മിയും കാലുകള്‍ തീയുടെ ചൂടിലേക്ക് നീട്ടിയും ആ കൊടുംതണുപ്പിനെ ആസ്വദിച്ചകറ്റി. ടാപ്പിംഗ്‌തൊഴിലാളികളും പോകുന്ന പോക്കില്‍
തീയുടെ സുഖം നുകര്‍ന്ന് കുളിരകറ്റി.

നേരം പുലരാന്‍ ഇനിയുമുണ്ട് സമയം ബാക്കി .
ഞാന്‍ കണ്ണും തിരുമ്മി അടുക്കളയിലേക്ക് ചെല്ലുമ്പോഴല്ലേ , മൂക്കിലേക്ക് തുളച്ചുകയറുന്നു
നല്ലൊരു ട്ടിമ്പ്‌ലാച്ചിമണം.
ഹൗ..!
മൊരിഞ്ഞ നെയ്യപ്പത്തിന്റെ മണമാണത്.
ഇന്നലെ രാത്രി ഇത്താത്തയും ഉമ്മയും ഉരലിലിട്ട് അരി ഇടിച്ചപ്പോഴും ചില്ലടയിലിട്ട് തരിച്ചപ്പോഴുമൊന്നും എനിക്ക് നെയ്യപ്പത്തിന്റേതായ ഒരു സൂചനയും കിട്ടിയിരുന്നില്ല. എന്നത്തേയും പോലെ നാളെയും രാവിലെ പലഹാരം,
കറിയൊന്നുമില്ലാത്തകലക്കിപ്പാര്‍ന്ന
ചീയപ്പം തന്നെയായിരിക്കും എന്ന പതിവുചിന്ത തന്നെയായിരുന്നു എനിക്ക്.
ഞങ്ങളൊക്കെ ഉറങ്ങിയതിന് ശേഷമായിരിക്കണം നെയ്യപ്പത്തിന് വേണ്ട ശര്‍ക്കരപ്പാനിയൊക്കെ ഉമ്മ തയ്യാറാക്കിയത്.

ഈറ്റ കൊണ്ട് മെടഞ്ഞ വലിയ വെള്ളക്കൊട്ടയില്‍ നെയ്യപ്പം ചുട്ടു കൂട്ടിയത് കണ്ട്
എനിക്കങ്ങ് ഊറ്റം മണ്ടിക്കയറി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമാണ് ഇങ്ങനെയുള്ള അടുക്കളക്കാഴ്ച.
നല്ല റങ്കോടെ,
തെളിഞ്ഞ മുഖത്തോടെ
ഞാന്‍ ചോദിച്ചു.
‘ഇമ്മാ..
ഞമ്മക്ക്ന്ന് നെജ്ജപ്പാണ് ലേ കടി..?’

‘ങാ…’
ഉമ്മ അലസമായി ഒന്ന് മൂളി.

‘ന്നാ , ഒന്ന് ച്ച് തെരീംമ്മാ…’
ഞാന്‍ കെഞ്ചി.

‘പോയി പല്ലും മോറും തേച്ച് കെഗ്ഗി വാടാ കുതരേ…
ഓന്റെ തൊള്ള മണത്തിട്ട് വെജ്ജ…’
ഉമ്മ എന്നെ പുറത്തേക്കാട്ടി.

ഇറയത്ത് തൂക്കിയിട്ട പാളപ്പാത്രത്തില്‍ നിന്ന് ഉപ്പുകൂട്ടിപ്പൊടിച്ച ഉമിക്കരി , പെരുവിരലില്‍ ഏന്തിച്ച് നിന്ന് ഒരു നുള്ളെടുത്ത് ഞാന്‍ കിണറ്റിന്‍കരയിലേക്ക് നടന്നു.

കാക്കക്കാഷ്ഠം നിറഞ്ഞ, വീതിയുള്ള,
സിമന്റ് തേച്ച കിണറ്റിന്‍പടവില്‍ ഒരല്‍പ്പം വൃത്തിയുള്ള ഭാഗത്ത് ഉമിക്കരി കുടഞ്ഞിട്ട് , ടയറിന്റെ കയറില്‍ കെട്ടിയ ഇരുമ്പ്‌തൊട്ടി
കിണറ്റിലേക്കിട്ട് കണ്ണീര് പോലെയുള്ള തെളിഞ്ഞ , മഞ്ഞിന്‍തണുപ്പാര്‍ന്ന വെള്ളം കോരി ഞാന്‍ പല്ലും മുഖവും വേഗത്തില്‍ നന്നായി കഴുകി.

അടുക്കളയില്‍ തിരിച്ചെത്തി ഉമ്മയുടെ മഞ്ചയില്‍ ഞാന്‍ ചായയും നെയ്യപ്പവും പ്രതീക്ഷിച്ചങ്ങനെ ഇരുന്നു.

‘മ്മാന്റെ കുട്ടി ,
ആ പാമൊയല്‍ന്റെ കുപ്പിങ്ങട്ട് ഇട്ത്താ.’
ഉമ്മ പറഞ്ഞത് കേട്ട ഞാന്‍ പാമോലിന്റെ കുപ്പി ഉമ്മയുടെ നേരെ നീട്ടി. ഉമ്മ ചീനച്ചട്ടിയിലേക്ക് ലേശം പാമൊലിന്‍ കൂടി ഒഴിച്ചു.

‘നോക്കാ……
ആ നെജ്ജപ്പത്തിന്റെ വക്ക് മാത്തരല്ല.
ഉള്ളൊക്കെ തിന്നണംട്ടോ..’
ഞെളുങ്ങിക്കോടിയ അലൂമിനിയപ്പാത്ര ത്തില്‍ രണ്ട്മൂന്ന് നെയ്യപ്പവും ഒരു സ്റ്റീല്‍ടംബ്ലറില്‍ കട്ടന്‍ചായയും കൊണ്ട് മുന്നില്‍ വെച്ച് ഉമ്മ നിര്‍ദ്ദേശിച്ചു.

ഉമ്മ അങ്ങനെയൊരു മുന്നറിയിപ്പ് തരാന്‍ കാരണമുണ്ട്.
ചില നെയ്യപ്പങ്ങളുടെ ഉള്‍ഭാഗം ഒട്ടും വെന്ത് കാണില്ല. പുറംഭാഗം നന്നായി മൊരിഞ്ഞും കാണും. അങ്ങനെയാവുമ്പോള്‍ പുറംഭാഗവും , നന്നായി മൊരിഞ്ഞ കറുമുറായുള്ള വക്കുകളും മാത്രം തിന്ന് ഉള്‍ഭാഗം മുഴുവന്‍ ഞാന്‍ ബാക്കിയാക്കാറുണ്ട്.

‘പൊന്നാരഞ്ചെ സാക്കിറുസൈനേ..അന്നോടല്ലേ ഞാമ്പര്‍ഞ്ഞത് അത് ബാക്ക്യാക്കല്ലേന്ന്. ‘
പാത്രത്തില്‍ ഞാന്‍ ബാക്കിയാക്കിയ നെയ്യപ്പത്തിന്റെ വേവാത്ത
‘ കാമ്പുകള്‍ ‘
കണ്ട് ഉമ്മ ശാസനാസ്വരത്തില്‍ പറഞ്ഞു.

‘അദ് വെന്ത്ട്ടില്ലമ്മാ…’

‘ന്നാലും തിന്നദ്.
എത്തരങ്ങാനും മൊദല് ചെലവാക്കി ഇണ്ടാക്ക്യേദാ
അദ്.. ന്ന് അനക്കറ്യോ..?’

‘വേഗാദെ
എങ്ങനേമ്മാ ഇത് തിന്ന്ണ് .?’
ഞാന്‍ ചോദിച്ചു.

‘അപ്പളും ഞാം പര്‍ഞ്ഞ്ക്ക്ണ് മാളോട്. നെജ്ജപ്പത്തിന്‌ള്ളെ മാവ്, ഞാം കൂട്ട്യാ നന്നാവൂലാന്ന്. ഓളയ്‌ന് എന്തേലും
പര്‍ഞ്ഞാ കേക്കണ്ടേ..?’

ശരിയാണ്.
ഉമ്മ ,
മാള്‍ എന്ന് വിളിക്കുന്ന
എന്റെ വലിയ ഇത്താത്തയാണ് നെയ്യപ്പത്തിനുള്ള മാവ് കൂട്ടുന്നതെങ്കില്‍ ഉള്ളൊക്കെ വെന്ത , രസികന്‍ നെയ്യപ്പമാവുമായിരുന്നു ഇത്. അല്ലെങ്കിലും കെട്ടിച്ച വീട്ടില്‍ നിന്ന് സ്വന്തം വീട്ടില്‍ വന്നാല്‍ ഇത്താത്താക്കെല്ലാ കാര്യത്തിനും വല്ലാത്ത മടിയാണ്.

‘വേം തിന്ന്ങ്ങാണ്ട് ,
എണീച്ച് മദര്‍സ്‌ക്ക് പോട ബലാലേ …’
നേരം നോക്കാതെ ആസ്വദിച്ച് കഴിക്കുന്ന എന്നെ നോക്കി ഉമ്മ ശാസിച്ചു.

ഞാന്‍ നെയ്യപ്പത്തിന്റെ അവസാന കഷ്ണവും വായിലേക്കിട്ട് തണുത്ത കട്ടന്‍ചായ ഒറ്റവലിക്ക് കുടിച്ച്
മദ്രസയിലേക്ക് ഓടി.

‘യെടാ… മണ്ടല്ലേ… ഒന്നവടെ നിക്ക്. ‘ പിറകില്‍ നിന്ന് ഉമ്മയുടെ വിളി കേട്ട് ഞാന്‍ നിന്നു.

‘ഇന്നാ ….. ഇദ് രണ്ടെണ്ണം ഉസ്താദിന് കൊണ്ടേയിക്കൊടുക്ക്.’
ഉമ്മ വാഴയിലയില്‍ പൊതിഞ്ഞ് തന്ന നെയ്യപ്പം ഞാന്‍ കയ്യില്‍ വാങ്ങി.

‘കുഞ്ഞ്യേ.. ന്നാ ഞമ്മളങ്ങട്ട് പോയാലോ? ‘
ചോദ്യം കേട്ട് ഞാന്‍ നോക്കി.
മാളുമ്മതാത്തയാണ് ചോദിക്കുന്നത്.
ദിവസവുമുള്ള പോക്കാണിത്. എങ്ങോട്ടാണെന്നല്ലേ.?
പച്ചക്കാട് എന്നറിയപ്പെടുന്ന, ആനയും പുലിയും തുടങ്ങിയ വന്യമൃഗങ്ങളുള്ള പുല്ലങ്കോട് എസ്റ്റേറ്റിന് ഏറ്റവും മുകളിലായി സ്ഥിതി ചെയ്യുന്ന കൊടുംകാട്ടിലേക്ക് . വീട്ടിലേക്ക് പാചകാവശ്യത്തിനുള്ള വിറകിനാണ്
ഇവരീ പോകുന്നത്.
മാളുമ്മതാത്ത മാത്രമല്ല. ഒരു സംഘം തന്നെയുണ്ട് .
കജ്ജുട്താത്ത എന്നെല്ലാവരും വിളിക്കുന്ന കയ്യുട്ടിതാത്ത.
എന്റെ ഉമ്മാന്റെ എളാമയാണിത്. എളാമയെന്നാല്‍ ഉമ്മയുടെ ഉമ്മ മരിച്ചതിനാല്‍ ഉമ്മയുടെ ഉപ്പ കെട്ടിയ രണ്ടാംഭാര്യ.
പിന്നെ ഉമയ്യ താത്തയെന്ന ഇമ്മജ്ജാത്ത.
ആമ്യാത്ത എന്ന ആമി താത്ത. കുഞ്ഞമ്മായി എന്ന് ഞങ്ങളെല്ലാം വിളിക്കുന്ന ഖദീജതാത്ത.

‘ മാളേ…പിന്നെയ് ഞാന്‍ വെറകിന് പോഗ്വാണ്. ഇമ്മുഞ്ഞ നീച്ചുമ്പോ, ഓക്ക് ചായിം കടീം ഇട്ത്ത് കൊടുക്കണം ഇമ്മാന്റെ കുട്ടി ട്ടോ..’
എന്റെ നേരെ താഴെയുള്ള അനിയത്തിക്ക് ചായയെടുത്ത് കൊടുക്കാനുള്ള ഉമ്മാന്റെ ഏല്‍പ്പനയാണത്.
മത്ത്മറിഞ്ഞ്
ഉറങ്ങിക്കിടക്കുന്ന ഇത്താത്തയത് കേട്ടോ ആവോ.

ഞാന്‍ ഓടി മദ്രസയിലെത്തിയതും അശ്‌റഫുണ്ട് ബെല്ല്മുട്ടിയും പിടിച്ചങ്ങിനെ നില്‍ക്കുന്നു.
ഏറ്റവും നേരത്തെ മദ്രസയിലെത്തുന്നവനാണ് അന്ന് മുഴുവന്‍ ബെല്ലടിക്കുവാനുള്ള അവകാശം. ആദ്യം എത്തുന്നവന്‍ ബെല്ല്മുട്ടി കൈവശം വെക്കും. അശ്‌റഫിന്റെ വീട് മദ്രസക്ക് തൊട്ടടുത്തായത് കൊണ്ട് എന്നും അവനാണ് ഈ അവസരം ലഭിക്കാറുള്ളത്. എനിക്ക് അല്‍പ്പം അസൂയയും കുറച്ചേറെ നിരാശയും തോന്നി.

‘യെന്താടാ വായന്റെലീല്..?’
ചുരുട്ടിപ്പിടിച്ച എന്റെ കയ്യിലെ പൊതി കണ്ട് അവന്‍ ചോദിച്ചു.

‘ഇദ് ഉസ്താദിന് കൊട്ക്കാന്‍ ന്റെ ഇമ്മ തന്നതാ..
നല്ല നെജ്ജപ്പാണ്..! ‘
ഞാന്‍ പറഞ്ഞു.

‘യെടാ ഒന്ന് ഇച്ചും കൊണ്ടടാ…’
അവന്‍ കൊതിയോടെ ചോദിച്ചു.

‘ഇന്നാല് ,
ഇന്ന് മുയുവന്‍ ഞാമ്പെല്ലട്ച്ചട്ടെ..?’
ഞാന്‍ പെട്ടെന്ന് ചോദിച്ചു.

‘യിന്ന് മുയുവന്‍ തരൂല.
മാണെങ്കി ഒന്നാമ്പെല്ലും രണ്ടാമ്പെല്ലും
ഇജ്ജട്‌ച്ചോ…’
അവന്‍ കണ്ടീഷന്‍ വെച്ചു.

‘അദ് പറ്റൂല. ഇന്നത്തെ മുയുവന്‍ ബെല്ലും ഇച്ചടിച്ചാന്‍ തന്നാ അനക്ക് ഒരു നെജ്ജപ്പം മുയുവന്‍ തെര.’

മനസ്സില്ലാമനസ്സോടെ അവന്‍ ആ ബെല്ല്മുട്ടി എനിക്ക് കൈമാറി. വാഴയിലപ്പൊതി അഴിച്ച് ഒരു നെയ്യപ്പം ഞാനവനും കൊടുത്തു.
കൈക്കൂലിയായി വാങ്ങിയ ആ നെയ്യപ്പം അവന്‍ ആസ്വദിച്ച് മണത്തുനോക്കി.
ബെല്ല്മുട്ടി കിട്ടിയ ഊറ്റത്തോടെ ഞാന്‍ ക്ലാസിലേക്ക് കയറി.

****

ഞാന്‍ മദ്രസ വിട്ട് വീട്ടിലെത്തി.

‘ചെറ്യേ … ഇദ്
കുട്ച്ച്ങ്ങാണ്ട് ഇസ്‌കൂള്‍ക്ക് പോകാന്‍ ഒര്ങ്ങിക്കോ..’
അരിമണി വറുത്തിട്ട കട്ടന്‍ചായയുടെ പാത്രം എന്റെ നേരെ നീട്ടി ഇത്താത്തയാണ് പറയുന്നത്.

ഇത്താത്ത പറയുമ്പോലെ എനിക്കങ്ങനെ കാര്യമായി ഒരുങ്ങാനൊന്നും ഇല്ല. പിഞ്ഞിക്കീറിയ കൊളുത്തില്ലാത്ത ട്രൗസറും അവിടെയുമിവിടെയും തുന്നി ശരിയാക്കിയ മുഷിഞ്ഞ് നിറം മങ്ങിയ ഒരു ഇളംനീല ഷര്‍ട്ടും. അത് തന്നെയാണ് മദ്രസയിലേക്കും ഇടുന്നത്. ചായ ഒറ്റവലിക്ക് കുടിച്ച് ഒരൊറ്റപ്പോക്കങ്ങ് പോയാല്‍ മാത്രം മതി.

‘രാവില്‍ത്തെ നെജ്ജപ്പം, ഞ്ഞിണ്ടോ ഇത്താത്താ…?’
ഞാന്‍ ചോദിച്ചു.

‘ഇമ്മ, ചായുടിച്ചാതേണ് വെറകിന് പോയത്. രണ്ടെണ്ണം ഇമ്മാക്ക്ള്ളത് ഇട്ത്ത് വെച്ചദ് ണ്ട്. ‘

‘ അപ്പൊ ഇമ്മ വന്നിട്ടില്ലേ …? ‘
ഞാന്‍ ചോദിച്ചു.

‘ഇപ്പൊ വെര്യയ്ക്കാരം..’
അവള്‍ പറഞ്ഞു.

‘ദാക്ക്ണ്. ഇമ്മ വെര്ണ് ണ്ടല്ലോ..’
അവള്‍ പറഞ്ഞപ്പോള്‍
ഞാന്‍ നോക്കി.

ചെമ്മണ്‍പാതയുടെ അങ്ങേ അറ്റത്ത് നിന്നും ഒരു സംഘം പെണ്ണുങ്ങള്‍ വലിയ വിറകിന്‍ കെട്ടുകള്‍ തലയില്‍ വെച്ച് വരിവരിയായങ്ങനെ നടന്ന് വരുന്നു.
ഏറ്റവും മുന്നില്‍ എന്റെ ഉമ്മയതാ അണച്ച്കിതച്ച് വിറകു കെട്ടുമായി ആടിയാടി നടക്കുന്നുണ്ട്.

വീട്ടിന്റെ പിന്നാമ്പുറത്ത് വിറകിന്‍ കെട്ടിട്ട് വിയര്‍ത്തൊലിച്ച് ഉമ്മ അടുക്കളയിലേക്ക് വന്നു.

‘ലേസം കഞ്ഞിന്റെ വള്ളം കാട്ടിക്കാണീം …’
കിതച്ചുകൊണ്ട് തന്നെ ഉമ്മ ചോദിച്ചു.

‘കഞ്ഞി , അട്പ്പത്ത് ഇട്ട്ട്ട്ല്ലമ്മാ…’
ഇത്താത്ത ഒരല്‍പം പരുങ്ങലോടെ പറഞ്ഞു.

‘പിന്നെന്തെത്താ ഇങ്ങക്കൊക്കെ ഇവടെ പണി ?
കട്ടഞ്ചായ ഇല്ലേ…?’
ഉമ്മയുടെ അടുത്ത ചോദ്യം.

‘ദാ… ‘
അവള്‍ കട്ടന്‍ ചായയുടെ കുഞ്ഞിക്കലം ഉമ്മായ്ക്ക് നേരെ നീട്ടി.
ഉമ്മ ഒറ്റവലിക്ക് പരവേശത്തോടെ അരക്കലം കട്ടന്‍ ചായ വലിച്ചങ്ങ് കുടിച്ചു.
അപ്പോഴാണ് ഉമ്മയുടെ കാല്‍പാദത്തില്‍ ചുറ്റിയ ചോരയൊലിക്കുന്ന ശീലക്കഷ്ണം ഞാന്‍ കാണുന്നത്.
‘എന്തേയ് മ്മാ ഇങ്ങളെ കാലിന് ?’
വെപ്രാളത്തോടെ ഞാന്‍ ചോദിച്ചു.

‘ങാ..അദോ.?’
ഉമ്മ ഒന്ന് നിര്‍ത്തി.
എന്നിട്ട് ഒട്ടും ഗൗരവമില്ലാതെ പറഞ്ഞു.
‘അദ്…
പച്ചക്കാട്ടില് ഞങ്ങള് വെറക് വെട്ടീങ്ങോണ്ടിരുന്നപ്പോണ്ട് മൊളകള് പൊട്ടിച്ച്ണ ഒരു ഒച്ച.
നോക്കുമ്പോ എന്താ.?’

‘എന്താ…?’
ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു.

‘വല്ല്യോര് കൊമ്പനാന.
അതങ്ങട്ട് ചീറ്യേപ്പൊ എല്ലാരും പേടിച്ച് മണ്ടി. ആ പാച്ചില്‍ല് ഒരു കുറ്റി , കുത്തിക്കയ്യ്രാതാ…’
ഉമ്മയുടെ കഥ കേട്ട് ഞാന്‍ വായും പൊളിച്ചിരുന്നു.

‘അപ്പൊമ്മാ…
ഇങ്ങക്ക് ആനനെ പേടില്ലേ…?’
ഞാന്‍ ചോദിച്ചു.

‘അദ്‌പ്പൊ, മിക്കവാറും എന്നും ഇങ്ങന്യൊക്കെത്തന്നല്ലേ…അപ്പൊ പേട്യൊക്കെ അങ്ങട്ട് മാറും. ‘
ഉമ്മ കൂളാണ്.

‘ദാ…മ്മാ ഇങ്ങക്ക് ഇട്ത്ത് വെച്ച നെജ്ജപ്പം..’
ഇത്താത്ത , ഒരു കുഞ്ഞുപാത്രം കൊണ്ട് മൂടിവെച്ച നെയ്യപ്പം ഉമ്മാക്ക് നേരെ നീട്ടി.

ഉമ്മ അത് തുറന്നു.
കൊതിയോടെ, പാത്രത്തിലേക്ക് നോക്കുന്ന എന്റെ മുന്നിലേക്ക് ആ പാത്രം നീക്കി വെച്ച് ഉമ്മ പറഞ്ഞു.
‘ഇമ്മാന്റെ കുട്ടി തിന്നോ..ഞ്ഞി ഇസ്‌കൂള് വിട്ട് മന്ന്ട്ടല്ലേ എന്തേലും തിന്ന്വൊള്ളൂ…’

‘ഇമ്മാ. ഓന് ദാ ഇപ്പൊ ചായീം അരി വര്‍ത്തതും കുടിച്ച്ക്ക്ണ്. ഇങ്ങള് പച്ചക്കാട്ട് ന്ന് വെര്വല്ലേ…
പയ്ച്ച്ണ് ല്ലേ.. ങ്ങക്ക്.? ഇങ്ങള് തിന്നോളിം..’
ഉമ്മ എനിക്ക് അനുവദിച്ച ഈ ആനുകൂല്യം മുടക്കാന്‍ നോക്കുന്നത് ഇത്താത്തയാണ്.

‘അരക്കുട്ക്ക കട്ടഞ്ചായ കുട്ച്ചപ്പൊത്തന്നെഞ്ചെ പള്ള നെറഞ്ഞു മാളേ.
ഞ്ഞി കൊറച്ച് വെറക് കൊത്തട്ടെ. അദ്, കയിഞ്ഞിട്ട്മാണം
തിരുമ്പിക്കുളിച്ചാന് …
കൊറേ തിരുമ്പാനൂണ്ട്.
ന്നെട്ട് മാണം കഞ്ഞി
തീമടാന് . പണി എത്തരേ ഇവടെ കെടക്ക്ണ്..മ്മാന്റെ കുട്ടി തിന്നോ…’
ഉമ്മ പറഞ്ഞത് കേട്ട്
ആ നെയ്യപ്പം രണ്ടും സന്തോഷത്തോടെ ഞാന്‍ കയ്യിലെടുത്തു. ഞാനത് തിന്നുന്നതും നോക്കി വല്ലാത്തൊരു വാത്സല്യത്തോടെ ഉമ്മ എന്നെയും നോക്കിയങ്ങിനെ നിന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px