ഇനിയും ഇതുപോലെ വസന്തങ്ങള്‍ പൂവണിയുമെന്ന് ഉറപ്പില്ല. ഒരു പതിറ്റാണ്ട് കാലം ചിത്രശലഭം കണക്കേ പാറിനടന്ന തിരുമുറ്റം. പട്ടുപാവാടയില്‍ ഉടുത്തൊരുങ്ങി ഉള്ളില്‍ ഉത്സവാഘോഷ തിമിര്‍പ്പോടെ സഹപാഠികളില്‍നിന്നും ആട്ടോഗ്രാഫില്‍ ചെറു കുറിപ്പുകളൂം കയ്യൊപ്പുകളൂം വാങ്ങുന്ന തിരക്കിലാണ്. മരം പെയ്യുന്ന ചെറുതുള്ളികള്‍ ദേഹത്തെ പുല്‍കുമ്പോള്‍ മനസ്സ് നിറയുന്ന ഉള്‍പുളകം പോലെ, പറഞ്ഞറിയിക്കാന്‍ കഴിയാത്തവിധം എന്തോ ഒന്ന്. പരീക്ഷചൂട് പാടേ മറന്നിരിക്കുന്നു, സുഹൃത്തുക്കള്‍ പരസ്പരം ആശ്ലേഷിക്കുന്നു, ഹസ്തദാനം ചെയ്യുന്നു. പതിവുപോലെ നാലുമണി ബെല്ല് നീട്ടിയടിച്ചപ്പോള്‍ സന്തോഷം വിതുമ്പലായി. വലിയ പരീക്ഷ കൂടി കഴിഞ്ഞാല്‍ ഈ അങ്കണത്തിലേയ്ക്ക് വരേണ്ടതില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു ചങ്കിടിപ്പ്. പുതുമഴയില്‍ നനഞ്ഞൊലിച്ചും പാടവരമ്പിലൂടെ ചേറിലും ചെളിയിലും ചവിട്ടി, കൂട്ടുകാരുമൊത്ത് കണ്ണിമാങ്ങാ പൊട്ടിച്ച്, നെല്ലിയ്ക്കാ തിന്ന് കിണറ്റുവെള്ളം കോരികുടിച്ച് മധുരിച്ച മധുരിക്കും കാലം.
കൂടെ പഠിച്ച എല്ലാവരില്‍ നിന്നും ഔട്ടോഗ്രാഫ് വാങ്ങിയിട്ടും വിജയരാഘവനോട് മാത്രം അറിഞ്ഞുകൊണ്ട് ചോദിക്കാന്‍ മടിച്ചു. വേണ്ട, അല്ലെങ്കില്‍ തന്നെ എന്നെ കൂടുതല്‍ അടുത്തറിയുന്ന കൂട്ടുകാര്‍ ഞങ്ങള്‍ രണ്ടാളെയും ചേര്‍ത്ത് പറഞ്ഞ് എന്നെ എപ്പോഴും കളിയാക്കും. പോടീ, അങ്ങനയൊന്നുമില്ലന്നേ………….. എന്ന് പല ആവര്‍ത്തി പറഞ്ഞെങ്കിലും അങ്ങനെ ആവണേ എന്ന് ഒരായിരം വട്ടം മനസ്സ് കൊതിച്ചു. വിജയരാഘവന് അറിയുവോ എന്തോ, എന്റെ ഉള്ളിലെ അവനോടുള്ള ആ ഇത്. അറിയുമായിരിക്കും, അല്ലെങ്കില്‍ പിന്നെ എന്നെ കാണുമ്പോള്‍ എന്തിനാ അറിയാത്ത ഭാവം നടിക്കുന്നതും ഗൗരവം കാട്ടുന്നതും. മറ്റെല്ലാവരോടും അവന്‍ സംസാരിക്കും, എന്നെ നോക്കി ഒന്ന് ചിരിയ്ക്ക പോലുമില്ല. എന്നോടൊന്ന് പറഞ്ഞാല്‍ എന്താ, അല്ലേലും പെണ്‍കുട്ടികളല്ലല്ലോ ഇതൊക്കെ ആദ്യം പറയേണ്ടത്. ഇന്നെങ്കിലും അവന്‍ പറയുമെന്ന് കരുതി. ഇത്രമാത്രം ഗമകാട്ടാന്‍ അവന്‍ വല്ല്യ പഠിപ്പിഷ്ട് ഒന്നുമല്ലല്ലോ. പരീക്ഷ കഴിയട്ടെ, അവന്‍ പറഞ്ഞില്ലെങ്കില്‍ ഞാനങ്ങോട്ട് പറയും.
അവസാന ദിവസ കണക്ക് പരീക്ഷയും കഴിഞ്ഞ് പള്ളിക്കൂടത്തിന്റെ മുറ്റത്ത് കാത്തുനിന്ന് മടുത്തിട്ടും അവനെ കാണാന്‍ കഴിഞ്ഞില്ല. നീ എന്താ ഇവിടെ കിടന്ന് ഉറങ്ങാന്‍ പോവുകയാണോ? കൂട്ടുകാരികളുടെ പരിഹാസം കലര്‍ന്ന കമന്റിന് മറുപടി പറയണോ കരയണോ എന്നൊന്നും അറിയാതെ നിര്‍വികാരമായി തരിച്ച് നിന്നുപോയ നിമിഷങ്ങള്‍. ആ കാത്തിരിപ്പും മനസ്സിന്റെ മരവിപ്പും പേറി കോഴിക്കോട്ടുനിന്നും വടകരയിലുള്ള അമ്മവീട്ടിന് അടുത്തുള്ള കോളേജില്‍ പ്രീ ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. ഡിഗ്രിയും ടീ.ടീ.സിയും കഴിഞ്ഞ് ഏഡഡ് സ്‌കൂളില്‍ ഇന്ന് അദ്ധ്യാപിക. മൂത്ത മകള്‍ എന്‍ജിനീറിങ് നാലാം സെമസ്റ്റര്‍, ഇളയവന്‍ പന്ത്രണ്ടാം ക്ലാസ്സിലും പഠിക്കുന്നു. സ്‌നേഹനിധിയായ ഭര്‍ത്താവ്. നാട്ടില്‍ വരുമ്പോഴും ഓരോ ജനക്കൂട്ടത്തിലും ആ മുഖം പരതി. ഒരിക്കല്‍, ഒരുവട്ടം മാത്രമെങ്കിലും കാണാന്‍ പറ്റിയെങ്കില്‍. ദൈവം അത്രകണ്ട് കണ്ണീച്ചോര ഇല്ലാത്തവനാണോ എന്ന് പലകുറി ഓര്‍ത്തിട്ടുണ്ട്. എത്ര നേരത്തേ വീട്ടില്‍നിന്നും ഇറങ്ങിയാലും സമയത്ത് സ്‌കൂളില്‍ എത്താന്‍ കഴിയില്ല. പിള്ളേര്‍ക്ക് രാവിലെ കാപ്പി ഉണ്ടാക്കണം, ചേട്ടന് പുട്ടില്‍ ആരെങ്കിലും കൈവിഷം കൊടുത്തിട്ടുണ്ടോ എന്നറിയില്ല, എന്നും ഈ പുട്ടും കടലേം മക്കള്‍ക്ക് കണ്ണുകീറി കണ്ടുകൂടാ ആ സാധനം. എനിക്ക് ഇഷ്ട്ടമായിരുന്നു ചെറുപ്പത്തില്‍, ചേട്ടന്റെ പുട്ടുപ്രേമം മൂത്ത് ഞാനും മക്കളോടൊപ്പം അണിചേര്‍ന്നു, ഫലമോ എന്നും രണ്ടുരീതിയില്‍ പ്രഭാത ഭക്ഷണം തയ്യാറാക്കേണ്ട ഗതികേട് എനിക്കും.
ഈ ലോകത്ത് സ്ത്രീകള്‍ ചുരിദാര്‍ ധരിക്കുന്ന വിവരമൊന്നും ഞങ്ങളുടെ സ്‌കൂള്‍ മാനേജ്മന്റ് അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. സാരി മാത്രമേ ടീച്ചര്‍മാര്‍ ധരിക്കാന്‍ പാടുള്ളുവത്രേ. അവരറിയുന്നോ ഈ കുന്ത്രാണ്ടം ചുറ്റണമെങ്കില്‍ എത്രനേരം വേണമെന്ന്. സാരി കണ്ടുപിടിച്ചവന്റെ തലയില്‍ ഇടിത്തീ വീഴണേ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചിട്ടൊന്നും ഫലം കണ്ടില്ല. എന്നും ഫസ്റ്റ് ബെല്ല് അടിച്ച് കഴിഞ്ഞേ സ്‌കൂളിന്റെ പടിവാതില്‍ താണ്ടുകയുള്ളൂ എന്ന് ടീച്ചര്‍ വല്ല പ്രതിജ്ഞയും എടുത്തിട്ടുണ്ടോ? എന്ന ആ മൊട്ടത്തലയന്‍ ഹെഡ്മാസ്റ്റര്‍ മറ്റുള്ളവരുടെ മുന്നില്‍വെച്ച് ചോദിച്ചപ്പോള്‍ വല്ലാതെ ചൂളിപ്പോയി.
അമ്മ വയസ്സായി വരികയല്ലേ, ഒന്ന് പോയി കാണാമല്ലോ എന്നുകരുതി ലീവ് എടുത്തതാ. റോഡ് പണി നടക്കുന്നതിനാല്‍, വഴി തിരിച്ച് വിട്ട ബസ് ഏതോ കുഗ്രാമത്തില്‍ കൂടിയെല്ലാം കടന്നുപോകുന്നു. കാണാന്‍ നല്ല ചേലുള്ള ഗ്രാമം ദൂരെ മലനിരകള്‍, വയലില്‍ ഞാറ്റടികള്‍ മന്ദമാരുതന്റെ തലോടലാല്‍ ഒരേ താളത്തില്‍ നൃത്തം വെയ്ക്കുന്നു. നല്ല തെങ്ങിന്‍ തോപ്പുകള്‍, വിജനമായ പാതകള്‍ കടന്ന് ഒരു വളവ് തിരിഞ്ഞപ്പോള്‍ റോഡരികില്‍ ജനക്കൂട്ടം, കരിങ്കൊടി വഴിയോരത്ത് കെട്ടിയിട്ടുണ്ട്. ശ്മശാനത്തിലേക്ക് പുറപ്പെടാന്‍ തയ്യാറാക്കി നിര്‍ത്തിയിട്ടിരിക്കുന്ന ആംബുലന്‍സ്, എങ്ങും മൂകത, ദുഃഖം തളംകെട്ടിനില്‍കുന്ന മുഖങ്ങള്‍. ഇടറോഡിലും ബ്ലോക്ക് അനുഭവപ്പെട്ട് തുടങ്ങി, ബസ്സും ഒച്ചിഴയുന്ന വേഗത്തിലായി. മുന്‍സീറ്റില്‍ ഇരുന്ന രണ്ടുപേര്‍ തമ്മില്‍, നീ അറിയില്ലേ നമ്മുടെ വിജയരാഘവന്‍….. ഇന്നലെ രാത്രിയായിരുന്നു, ഹാര്‍ട്ടറ്റാക്കേ, ഒരു ദുശ്ശീലവുമില്ലാത്ത ആളാ, വലിക്കില്ല കുടിക്കില്ല, ജനങ്ങളെ സേവിച്ച് സേവിച്ച് കല്ല്യാണം പോലും വേണ്ടെന്ന് വെച്ചു, രണ്ട് പെങ്ങമ്മാരെയും വിവാഹം ചെയ്തയച്ചു, ഒറ്റത്തടിയായിരുന്നു. നെഞ്ചിനുള്ളില്‍ കൊള്ളിയാന്‍ മിന്നിയപോലെ, ഇടിമുഴക്കം പോലെ ഹൃദയമിടിപ്പ് വര്‍ധിച്ചു വന്നു. ഹൃദയം നിലച്ച് പോയോ എന്നറിയാന്‍ സ്വയം നെഞ്ചത്ത് കൈവെച്ച് നോക്കി. എന്തിന് ഞാന്‍ വിഷമിക്കണം, ഏതോ ഒരു വിജയരാഘവന്‍. ബസ്സ് ആംബുലന്‍സിന് അരികില്‍ എത്തിയപ്പോള്‍ റോഡിലെ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. കുറച്ച് പേര്‍ താങ്ങിയെടുത്ത് ജഡവുമായി ആംബുലന്‍സിനരികിലേയ്ക്ക് വരുന്നു. ആകാംഷയോടെ ഒരു വട്ടമേ നോക്കിയുള്ളൂ, ഇതായിരുന്നോ ഞാന്‍ ഇത്രകാലം കാണാന്‍ ആഗ്രഹിച്ചിരുന്നത്. ഇക്കാലമത്രയും എവിടെയെന്നോ എന്ത് ചെയ്യുന്നുവെന്നോ കാലം അറിയിക്കാതെ കടന്നു പോയത് ഈ കാഴ്ച കാണിക്കാനായിരുന്നോ………. താന്‍ മാത്രം അറിഞ്ഞ, തനിക്ക് മാത്രം അറിവുള്ള പ്രണയം ഒരിറ്റു കണ്ണീരായി അവശേഷിച്ചത് കയ്യിലിരുന്ന കൈലേസിനാല്‍ ഒപ്പിയെടുത്ത് യാത്ര തുടര്‍ന്നു………..













