ബസ്സിറങ്ങി കവലയിലെ
ആള്‍ക്കൂട്ടത്തിനരികിലൂടെ തന്റെ ശരീരത്തെ മാക്‌സിമം ഒതുക്കിപ്പിടിച്ച് രാധ നടന്നു… പക്ഷേ..കണ്ണടച്ച് പാല് കുടിക്കുന്ന പൂച്ചയുടെ കൗശലം പോലെയായിരുന്നു ആ സാഹസം… അപ്പോഴേക്കും കാലടി ശബ്ദത്തെ പിന്തുടര്‍ന്നോണം അവളുടെ ജീവചരിത്രം അവര്‍ പോസ്റ്റുമോര്‍ട്ടം ടേബിളിലേക്ക് നഗ്‌നമാക്കി കിടത്തി കഴിഞ്ഞിരുന്നു..
‘ ഇവള്‍ക്ക് മാത്രെന്താ ഇരുട്ടും വരെ പണി, വേറേം പെണ്ണുങ്ങളില്ലേ നാട്ടില്.. മാനം മര്യാദക്ക് ജോലിക്ക് പോണോര്.. ‘ മൂക്കറ്റം മോന്തിയ കള്ളിന് മുകളിലും രാജപ്പന്റെ സദാചാരബോധം നാവിന്‍ തുമ്പില്‍ പുറത്ത് ചാടാന്‍ വെമ്പല്‍ കൊണ്ടു…
‘ ഓളെ ജോലി ഇരുട്ടത്ത് ആയിരിക്കും ‘ താനെന്തോ വലിയ തമാശ പറഞ്ഞ ആത്മവിശ്വാസത്തില്‍ പോക്കര്‍ തന്റെ കുടവയറും കുലുക്കി ആര്‍ത്തുചിരിച്ചു രോമാഞ്ചം കൊണ്ടു..
‘ അല്ലെങ്കില് നമ്മളെ രാജന് എന്തിന്റെ കുറവാ… ഇത്തിരി കള്ള് ഉള്ളില്‍ ചെന്നാ കെട്ടിയോളെ രണ്ടുതല്ലാത്ത ആരാ ഉള്ളത്.,.
എന്ന് വെച്ച് രണ്ടു പെണ്‍കുട്ട്യേളെ പിടിച്ച് ഒരുമ്പട്ട് അങ്ങട്ട് ഇറങ്ങാണോ….. അഹമ്മതി തന്നെ ‘
‘ഏതോ പ്രൈവറ്റ് ആശുപത്രീല് കക്കൂസ് മോറ്ണ പണ്യാന്നാ കേട്ടത്.’…അയാള്‍ വായ്‌പൊത്തി ചിരിച്ചു….
ഈ സമയത്ത് കവല പിന്നിട്ട് ചെമ്മണ്‍ പാതയും കഴിഞ്ഞു പാടവരമ്പിലൂടെ നോക്കിയ ഫോണിന്റെ വെളിച്ചത്തില്‍ രാധ ധൃതിയില്‍ നടന്നു.. കാലം അത്ര ശരിയല്ല… രണ്ട് പെണ്‍കുട്ടികള്‍ ഒറ്റക്കാണ് വീട്ടില്‍… ഒറ്റതള്ളിന് തുറക്കുന്ന വാടക വീടിനകത്ത് മക്കള്‍ സുരക്ഷിതരല്ല… ദൂരെ നിന്ന് മക്കളുടെ സംസാരം കേട്ടപ്പോഴേ ശ്വാസം നേരെ വീണുള്ളു… അപ്പോഴും കവലയില്‍ പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ അവളുടെ ജീവചരിത്രം ഭൂതകാലം പിന്നിട്ട് വര്‍ത്തമാനകാലത്തിലൂടെ സഞ്ചരിച്ച് ഭാവി പ്രവചനങ്ങള്‍ക്കായി അക്ഷമയോട് കാത്തു കിടക്കുന്നുണ്ടായിരുന്നു…..
‘ ഇങ്ങളെ ജാതീലായോണ്ട് തരക്കേടില്ല..ഞങ്ങളെ കൂട്ടത്തി പെട്ടതാണെങ്കി എപ്പള് മഹല്ലീന്ന് പുറത്താക്കീന്നു ചോയ്ച്ചാ മതി….. ഒരാണ്‍ തൊണല്ലാതെ രണ്ടു പെണ്‍കുട്ടിളേം കൊണ്ട് ഒറ്റക്ക് പാര്‍ക്കാന്ന് വെച്ചാല് അവര്‍ മൂക്കത്ത് വിരല്‍ വച്ചു… അതേസമയം അതേ വേവ് ലെങ്ത്തോടെ.. ശ്…..എന്നൊരു ശബ്ദം മേമ്പൊടിയായി നബീസുത്തയില്‍ നിന്നും പുറത്തു വന്നു.. കുളക്കടവിലേക്ക് പടവിറങ്ങി വരുന്ന രാധയെ കണ്ടപ്പോള്‍ അവരുടെ മുഖത്ത് ഒരു പുച്ഛഭാവം നിറഞ്ഞു.. നനഞ്ഞ തുണിയുടെ ഭാരം താങ്ങിയുള്ള ആ നില്‍പ്പ് അത്ര സുഖകരമല്ലെങ്കിലും.. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു അവസാന ആളും പിരിഞ്ഞപ്പോള്‍ രാജപ്പനും പോക്കര്‍ക്കും കിട്ടിയ അതേ മനസ്സുഖം തന്നെയാണ് കുളക്കടവില്‍ നിന്ന് മടങ്ങുമ്പോള്‍ അമ്മിണിക്കും നബീസുത്തക്കും കിട്ടിയത്…
സ്‌കൂളിന് അവധി ആയത് കൊണ്ട് മക്കളോടൊപ്പമാണ് രാധ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടത്.. മക്കളെ കൊണ്ടു ചെന്നാല്‍ അവരെങ്ങനെ പ്രതികരിക്കുമെന്ന ഭയമുണ്ട്..മക്കള്‍ വളരെ ആവേശത്തിലാണ്… വലിയ ഹോസ്പിറ്റലിന് മുന്നിലെ പ്രവേശന കവാടം മുതല്‍ നിരത്തിയിട്ടിരിക്കുന്ന കസേരകളും കുഷ്യനുകളും കടന്ന്,മുകളിലെ ചുമര് പോലും തേക്കാത്ത..ഡെറ്റോളിന്റെയും ഡീറ്റെര്‍ജനുകളുടെയും ഗദ്ധം മൂക്കിലെക്കടിച്ചു കയറുന്ന ഒരു ഇരുണ്ട മുറിയിലെത്തിയപ്പോള്‍ അവരിലെ ആകാംക്ഷയും സന്തോഷവും കെട്ടടങ്ങി പോയിരുന്നു.. മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ കസ്റ്റമര്‍ക്കും ക്ലീനിങ് സ്റ്റാഫിനും ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളിലെ അന്തരം ആ കുഞ്ഞ് മനസ്സുകളുടെ ലോജിക്കുകള്‍ക്ക് ഉള്‍കൊള്ളാനായില്ല.
നൂല്‍ചാക്കിന് മുകളില്‍ രണ്ടായി മടക്കി വിരിച്ച വിവാഹ സാരി മനസ്സിനെ കുത്തിനോവിച്ചെങ്കിലും തണുപ്പിന്റെ കുത്തികയറലില്‍ നിന്നാശ്വാസമേകി. വീട്ടു വാടക മുതല്‍ ഉള്ള മാസക്കണക്കിന്റെ കൂട്ടിക്കിഴിക്കലുകള്‍… വരവ് ചിലവുകള്‍ ഒരിക്കലും മുഖാമുഖം കാണുകയോ.. സമവായത്തില്‍ എത്തുകയോ ചെയ്തില്ല…. ഇതുവരെ ആ ഗണിതക്രിയ അങ്ങനെയെ അവസാനിച്ചുള്ളു…
ഇരുവശങ്ങളിലായി ചേര്‍ന്ന് കിടന്നുറങ്ങുന്ന മക്കളുടെ ശ്വാസനത്തിന് വശ്യമായൊരു താളം കൈവന്നിരിക്കുന്നു.. അച്ഛനമ്മമാരോടൊപ്പം ജീവിച്ചിരുന്ന കാലം ഞാനും ഈ താളത്തിലായിരുന്നിരിക്കണം ശ്വസിച്ചിരുന്നത്… അയല്‍ വീടുകളില്‍ നിന്നും സന്ധ്യാനാമം ഉയരുമ്പോള്‍ രാജന്‍ ഒറ്റക്കാലില്‍ നിന്ന് ഭരണിപ്പാട്ടു ചൊല്ലി.. കൈകാലുകള്‍ അടര്‍ന്നുപോയ ഫര്‍ണിച്ചറുകളും പറക്കലിന്റെ നൈരന്തര്യം മൂലം ചളുങ്ങിപ്പോയ അലൂമിനിയം പാത്രങ്ങളും വീടിനകത്തും പുറത്തുമായി പറന്നുനടന്നു.. ബാക്കി വന്ന ഊര്‍ജ്ജത്തെ ഇടിയായും തൊഴിയായും തന്നിലേക്കിറക്കുമ്പോള്‍ പേടിച്ചരണ്ട മക്കള്‍ ആര്‍ത്തലച്ചു കരയും… ചുറ്റിപ്പിടിച്ച കൈകളില്‍ നിന്നും മുടിയിഴകള്‍ മോചിതമാകുന്ന മാത്രയില്‍ മക്കളെ കൈപിടിച്ചോടും… മരത്തിന്റെ മറവിലോ.. കാട്ടുപൊന്തക്കരികിലോ… എത്രയെത്ര രാത്രികള്‍…. വീട്ടിനകത്ത് നിറഞ്ഞാടുന്ന ഉഗ്ര സര്‍പ്പത്തെ കാണുമ്പോള്‍ കാട്ടുപൊ ന്തകള്‍ക്കിടയില്‍ ഉണ്ടായേക്കാവുന്ന സര്‍പ്പങ്ങളോ പഴുതാരകളോ മനസ്സില്‍ ഭയത്തെ സന്നിവേശിപ്പിക്കാറില്ല…
തലനാരിയക്ക് മരണത്തിന്റെ വായില്‍ നിന്ന് രക്ഷപ്പെട്ട ആ ദിവസം.. ശരീരത്തിന്റെ മുറിവിനപ്പുറം മനസ്സിനേറ്റ മുറിവുകളുമായി നിസ്സഹായതയോടെ മക്കളുടെ കൈപിടിച്ച് കയറി വന്ന മകളുടെ മുഖത്തേക്ക് അമ്മ എറിഞ്ഞ ആ ചോദ്യശരം…
‘പെങ്ങള് രണ്ട് കുട്ട്യേളീം കൊണ്ട് വീട്ടിലാണെന്നറിഞ്ഞാല്‍ ഒരു നല്ല കുടുംബത്തീന്ന് അവനൊരു ആലോചന വരുംന്നു തോന്നുണുണ്ടോ….?..’ഒരു അവലംബ ത്തിനെന്നോണം അച്ഛന് നേര്‍ക്കയച്ച മിഴികളെ അവഗണിച്ചു കൊണ്ട് അച്ഛന്‍ നോട്ടം വിദൂരത്തേക്ക് മാറ്റിക്കളഞ്ഞു…
പിന്നീടൊരു നിമിഷം പോലും അവിടെ നില്ക്കാന്‍ മനസ്സ് വന്നില്ല…മക്കളെ കൈപ്പിടിച്ച് തിരിഞ്ഞു നടക്കുമ്പോള്‍ ഒരു പിന്‍വിളിക്കായി വല്ലാതെ കൊതിച്ചിരുന്നു..തിരിച്ച് കയറാനല്ലെങ്കിലും തനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉള്ളില്‍ ചിറക്കിട്ടടിക്കുന്ന ആത്മാവിനെ ബോധ്യപ്പെടുത്താനെങ്കിലും.. നിറഞ്ഞ കണ്ണുകളാല്‍ കല്പടവുകളെ കാഴ്ചകള്‍ മറച്ചിരുന്നു..അന്നവസാനമായി കലഹിച്ചുറങ്ങിയ കണ്ണുനീര്‍ ഗ്രന്ധികള്‍ പിന്നീടൊരിക്കലും വര്‍ഷപാതം പൊഴിച്ചിട്ടില്ല. അവ വറ്റിവരണ്ടു കഴിഞ്ഞിരുന്നു…
സാമ്പത്തിക പരാദീനകള്‍ക്ക് മീതെ കനലായ് പതിച്ച കോവിഡ് മഹാമാരി.. ഉള്ള ജോലിയും നഷ്ടപ്പെടുത്തി. അടുപ്പില്‍ തീ പുകയാത്ത ഒരു ദിവസം ദൈവദൂതയെപ്പോലെ അവരെത്തി പൊതു പ്രവര്‍ത്തകയായ ബീന ടീച്ചര്‍. തന്റെ മാനസികാവസ്ഥയെയും സാമ്പത്തികാവസ്ഥയെയും ഞാന്‍ പറയാതെ തന്നെ മനസിലാക്കിയ ആദ്യ വ്യക്തി..
‘ ഒരുപാട് കഷ്ടപെടുന്നുണ്ടെന്നറിയാം എങ്കിലും നിങ്ങള്‍ ചെയ്തത് തന്നെയാണ് ശെരി… എത്ര കാലമെന്നു വെച്ചാണ് ഒരാളുടെ പീഡനങ്ങള്‍ സഹിക്കുന്നത്, ആ സാഹചര്യത്തില്‍ വളരേണ്ടി വന്നാല്‍ ഈ മക്കളുടെ വ്യക്തിത്വം എന്തായി തീരും.. ‘
അഹങ്കാരി… കുടുംബത്തോട് കൂറില്ലാത്തവള്‍.. പിഴച്ചവള്‍ തുടങ്ങി കേട്ടാലറക്കുന്ന പേരുകള്‍ തനിക്കുമേല്‍ ചാര്‍ത്തിത്തന്ന ആ സമൂഹത്തിനു മുന്നില്‍ ആ വേദനകള്‍ ഞാന്‍ അടക്കി നിര്‍ത്തിയിരുന്നത് മക്കളുടെ മുഖത്തുനിന്നും മഞ്ഞുപോയ ഭയപാടിന്റെ കാര്‍മേഘങ്ങളെയും പകരമായി തെളിഞ്ഞു നില്‍ക്കുന്ന ശാന്തതയുടെയും സന്തോഷത്തിന്റെയും കുഞ്ഞു കാഴ്ച്ചകളില്‍ മനസര്‍പ്പിച്ചു കൊണ്ടായിരുന്നു. തന്റെ വേദനകള്‍ ഉള്‍കൊള്ളാനായ ബീന ടീച്ചറുടെ വാക്കുകള്‍ കലഹിച്ചുപിരിഞ്ഞ കണ്ണീര്‍ ഗ്രന്ധികളില്‍ വീണ്ടും നനവിനെ പടര്‍ത്തി. പക്ഷെ അതൊരിക്കലും വേദനയുടെ നീര്‍ച്ചാലുകളായിരുന്നില്ല…
നാട്ടിലെ യുവ സംരംഭകനും യുവാക്കളുടെ ആരാധന കഥാപാത്രവുമായ സമീര്‍.. കോവിഡ് കാലത്തെ അദ്ദേഹത്തിന്റെ ഭക്ഷണക്കിറ്റ് വിതരണം ആ നാടിനുള്ള വലിയ കൈത്താങ്ങായിരുന്നു… തന്റെ നിസ്സഹായാവസ്ഥയും ടീച്ചര്‍ തന്നെയാണ് അദ്ദേഹത്തെ അറിയിച്ചത്.
രണ്ട് ദിവസത്തിനകം തന്നെ തയ്യല്‍ മെഷീനും തയ്ക്കാനുള്ള കുറച്ചു തുണികളും അവര്‍ എത്തിച്ചു നല്‍കി. തയ്ച്ച തുണികള്‍ വിറ്റയിക്കാനുള്ള പല വഴികളും അവര്‍ അറിയിച്ചു തന്നു…വെക്കേഷന്‍ കാലത്തു കൂട്ടുകാരോടൊപ്പം പുറത്തിറങ്ങാനായി മാത്രം പഠിച്ചിരുന്ന ടൈലറിങ് പഠനം ഇങ്ങനെ ഒരു കാലത്ത് തന്റെ ജീവനെത്തന്നെ പിടിച്ചുനിര്‍ത്താനുള്ള നിയോഗമായിരിക്കുമെന്ന് സ്വപ്‌നേന നിനച്ചതല്ല….
തുടര്‍ന്നങ്ങോട്ടുള്ള ദിനങ്ങള്‍ പോരാട്ടങ്ങളുടേതായിരുന്നു അതിജീവനത്തിന്റെ രാപകലുകള്‍….
കോവിഡ് കാലത്തെ സോഷ്യല്‍മീഡിയയുടെ അമിതമായ കടന്നു വരവും കൂടുതല്‍ അവസരങ്ങളെ മുന്നോട്ടു കൊണ്ടുവന്നു. യൂട്യൂബ് ചാനലും ടൈലറിങ് വീഡിയോകളും ക്ലിക്ക് ആയതോടെ പുതിയൊരു ബിസിനസ് സാധ്യത തുറന്നുകിട്ടി. അന്ന് അവഗണിച്ചു മാറ്റിനിര്‍ത്തിയിരുന്ന പലരും ഇന്നവളുടെ കീഴില്‍ ജോലി ചെയ്യുന്നു.
സ്ത്രീ ശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയായി മൂന്ന് തുണി ഷോപ്പുക്കളും ഓണ്‍ലൈന്‍ ബിസിനസ്സും അവള്‍ക്ക് സ്വന്തം..ഇപ്പോഴാരും അവളുടെ ജീവചരിത്രം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാറില്ല.. അത് അബലകളായി പിന്തള്ളപ്പെടുന്ന സ്ത്രീമനസുകള്‍ക്ക് പുതിയ ദിശാബോധം നല്‍കാനായി തങ്ക ലിപികളാല്‍ എഴുതി ചേര്‍ക്കപ്പെട്ട ചരിത്രതാളുകളാണ്.. അന്യൂസുതം തുടര്‍ന്ന് കൊണ്ടിരിക്കുന്ന വിജയഗാഥകള്‍… ഇനിയും തുടര്‍ന്ന് കൊണ്ടേയിരിക്കും മനസിന്റെ നന്മകള്‍ വറ്റിപോവാത്ത പല ബീനമാര്‍ പിറവിയെടുക്കുന്ന കാലത്തോളം……













