കൂറ്റന്‍ കപ്പലുകള്‍ പുറംകടലില്‍ നങ്കുരമിട്ട് ചരക്ക് ഇറക്കാനുള്ള ഊഴം കാത്തുകിടക്കുന്നു. വലിയ ബാര്‍ജുകളില്‍ പോയി കപ്പലില്‍ നിന്നും അരിയും ഗോതമ്പുമെല്ലാം കടല്‍ പാലത്തില്‍ എത്തിച്ച്, അവിടെ നിന്നും വേണം കരയിലേക്ക് കൊണ്ടുപോകാന്‍. ലോറികള്‍ വരിവരിയായി ലോഡ് കയറ്റാന്‍ കാത്തിരിക്കുന്നു. മോശം കാലാവസ്ഥയോ കാറ്റോ കോളോ ഉണ്ടെങ്കില്‍ എല്ലാം അവതാളത്തിലാവും. കിഴക്കിന്റെ വെനീസ് എന്ന് ബ്രിട്ടീഷ് വൈസ്രോയി കഴ്‌സണ്‍ പ്രഭു സായിപ്പ് വിളിച്ച ആലപ്പുഴയുടെ പ്രതാപം ഏഴു കടലും കടന്ന് അപ്പുറം എത്തി. പാശ്ചാത്യ രാജ്യങ്ങളുടെ സ്വീകരണമുറി മുതല്‍ അടുക്കളവരെ കയ്യടക്കി കേരളത്തിന്റെ കയറ്റ്തടുക്കും കയറ്റ്പായ്കളും. അവര്‍ ഇന്നത്തെപോലെ കൃത്രിമ പരവതാനികള്‍ കണ്ടുപിടിക്കാത്തത് കൊണ്ടോ, വെള്ളക്കാരന് പ്രകൃതിദത്തമായ സാധനങ്ങളോടുള്ള പ്രിയം കൊണ്ടോ എന്തോ. നമ്മുടെ കയര്‍ ഉല്പന്നങ്ങള്‍ക്ക് അവിടെ ആവശ്യക്കാര്‍ ഏറിയിരുന്നു. ഒട്ടുമിക്ക കയര്‍ ഉല്പന്നങ്ങളൂം ഈ തുറമുഖം കണ്ടിട്ടേ കടല്‍ കടക്കു. അറബിക്കടലിന്റെ റാണിക്ക് എന്നും ഇവിടേയ്ക്ക് നോക്കി അസൂയപ്പെടാനേ നേരമുണ്ടായിരുന്നുള്ളു. രവി കരുണാകരനും ചാരങ്ങാടനുമൊക്കെ ഈ മേഖലയിലെ കയറ്റുമതില്‍ പ്രമുഖ്യം കാട്ടിയപ്പോള്‍ ഭീമ ബട്ടര്‍ സ്വര്‍ണ്ണ കേരളത്തിലെ മുഴുവന്‍ വ്യാപാരവും ആലപ്പുഴയില്‍ നിന്നുകൊണ്ട് നിയന്ത്രിച്ചിരുന്നു.
ഉള്‍നാടുകളില്‍ നിന്നും പുന്നമട കടന്ന് വരുന്ന ചെറു വഞ്ചികളും തോണികളും, വ്യാപാര ആവശ്യങ്ങള്‍ക്കും യാത്രകള്‍ക്കുമായി കടല്‍ തീരത്തിന് അടുത്ത് വരേ എത്തത്തക്ക രീതിയിലാണ് പട്ടണത്തിലൂടെ ഒഴുകുന്ന കനാല്‍ ശൃംഖലകള്‍ രൂപകല്പന ചെയ്തിട്ടുള്ളത്. തോടും റോഡും സമാന്തരമായി കിടക്കുന്ന ആലപ്പുഴ നഗരം വിദേശ സ്വദേശ വിനോദ സഞ്ചാരികള്‍ക്ക് ഹരം തന്നെയാണ്. ലോകപ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളം കളി നടക്കുന്ന പുന്നമട കായല്‍ ആലപ്പുഴ പട്ടണത്തെ തൊട്ട് തലോടി നില്‍ക്കുന്നു.
കടല്‍ പാലത്തിന് അടുത്തായി കടലിന് സമാന്തരമായി കിടക്കുന്ന റോഡിന്റെ ഇരുവശവും പാര്‍ക്ക് ചെയ്തിരിക്കുന്ന ലോറികളിലേക്ക് ലോഡ് കയറ്റുമ്പോള്‍, നിലത്ത് വീഴുന്ന അരിയും ഗോതമ്പ് മണികളും സ്ത്രീകള്‍ തങ്ങളുടെ കൈവശമുള്ള ഈര്‍ക്കില്‍ ചൂലുകൊണ്ട് അടിച്ച് വാരി എടുക്കുന്നു. ചെളി പുരണ്ട് നിറംകെട്ട വെളുത്ത റൗക്കയില്‍ വെയിലേറ്റ് കരുവാളിച്ച മുഖവും, അകാലജര ബാധിച്ച് പട്ടിണിക്കോലമായി ജമീലാന്റുമ്മ. കുഞ്ഞിന് മുലയൂട്ടുന്നതും ആഹാരം കൊടുക്കുന്നതുമെല്ലാം ഈ കടപ്പുറത്ത് റോഡരികില്‍ തന്നെയാണ്. നാല് വയസ്സ് കഴിഞ്ഞിട്ടും മുലയൂട്ടല്‍ നിര്‍ത്താത്തതിന്റെ കാര്യം ആരെങ്കിലും ചോദിച്ചാല്‍ നാണത്തില്‍ പൊതിഞ്ഞ ചെറു ചെറുപുഞ്ചിരി മാത്രം. മോള്‍ക്ക് വിശക്കുമ്പോള്‍ ബിസ്‌കറ്റോ പൊരി പലഹാരമോ വാങ്ങി കൊടുക്കാന്‍ പാങ്ങില്ലാത്തത് കൊണ്ടാണ് എന്നുള്ള സത്യം കൂടെ പണി ചെയ്യുന്ന മറ്റ് സ്ത്രീകള്‍ക്ക് നന്നായി അറിയാം. വിശപ്പ് കെട്ടാല്‍ ഉമ്മയുടെ ചുറ്റും അവള്‍ കളിച്ച് നടന്നോളും, കടപ്പുറത്ത് എല്ലവര്‍ക്കും അവള്‍ പാത്തുവാണ്, സ്ഥിരം വരുന്ന ലോറി ഡ്രൈവര്‍മാര്‍ വിളിച്ചാലേ പാത്തു വിളികേള്‍ക്കൂ. ആര് എന്ത് ആഹാരം കൊടുത്താലും അവള്‍ കഴിക്കില്ല. ഉമ്മ അവളെ അങ്ങനെയാണ് പഠിപ്പിച്ചിരിക്കുന്നത്. റോഡിലെ മണ്ണും കല്ലും കലര്‍ന്ന അരിയില്‍ നിന്നും അരി വേര്‍തിരിച്ച് എടുക്കാന്‍, കൂടെ കരുതിയിരുന്ന ചാണകം മെഴുകിയ മുറത്തില്‍ പേറ്റി കൊഴിച്ച് എടുക്കുന്ന തിരക്കിലാണ് ജമീലാന്റുമ്മ. ഇത് കൊണ്ട്‌ചെന്നു വേണം കഞ്ഞീം ചോറുമൊക്കെ വെയ്ക്കാന്‍. മിച്ചമുള്ള അരി വിലയ്ക്ക് വാങ്ങാനും ആളുണ്ടായിരുന്നു.
വൈകിട്ടത്തെ നിസ്‌കാരത്തിനുള്ള വാങ്ക് മുഴങ്ങി, പടിഞ്ഞാറന്‍ മാനത്തിന് അന്തിച്ചോപ്പ്, തീക്കനല്‍ പോലായി. സന്ധ്യ മയങ്ങും മുന്നേ ചേക്കേറാനുള്ള തിരക്കില്‍ കാ…..കാ….. വിളിച്ച് കാക്കകള്‍ കലപില കൂട്ടുന്നു. തലകീഴായി തൂങ്ങി പകലുറക്കക്കാരന്‍ വവ്വാലുകളില്‍ ചിലത് നേരത്തേ ഉണര്‍ന്ന് ഇരതേടല്‍ ആരംഭിച്ചിരിക്കുന്നു. അത്രയും നേരം ഒരു നിര്‍ബന്ധവും ഇല്ലാതിരുന്ന ജമീല ചിണുങ്ങാന്‍ തുടങ്ങി. അവള്‍ക്ക് ബീച്ചില്‍ പോണം. ഇത് തന്നയല്ലേ ഹറാം പിറന്നോളേ നീ എന്നും കാട്ടുന്നേ എന്ന് ഉമ്മാ ചോദിച്ച് അരിശം കൊണ്ടിട്ടൊന്നും അവള്‍ വിട്ടില്ല. തൂത്ത് വാരി കിട്ടിയ അരി, സഞ്ചിയില്‍ കെട്ടി തലയില്‍ ചുമന്ന് മോളെയും കൈപിടിച്ച് ബീച്ചിലേക്ക് നടന്നു രണ്ടാളും. ക്ഷീണിച്ച് അവശയായി അനന്തസാഗര വിദൂരതയില്‍ മിഴി നട്ടിരുന്നപ്പോള്‍, തന്നെ മൊഴി ചൊല്ലി അനാഥത്വത്തിലേക്ക് തള്ളിവിട്ട് കുഞ്ഞിനെ ഒരു യത്തീം ആക്കി തീര്‍ത്ത ബാപ്പുട്ടിക്ക…………… തെക്കുനിന്നെങ്ങോ ഓട്ടുപാത്രങ്ങള്‍ തലയില്‍ ചുമന്ന് വില്പനയ്ക്ക് പതിവായി വരുന്ന ബാപ്പുട്ടിയില്‍ പതിനേഴു കാരി തന്റെ ജീവിതം സ്വപ്നം കണ്ടുതുടങ്ങി, കണ്ണും മൂക്കും ഇല്ലാത്ത കലശലായ മൊഹബത്ത്. നീ എന്റൂടെ പോരുന്നോ എന്ന ഒരൊറ്റ ചോദ്യത്തില്‍ അന്നോളം തന്നെ പൊന്നുപോലെ നോക്കിയ ബാപ്പയേം ഉമ്മയേം നിമിഷാര്‍ദ്ധത്തില്‍ അവള്‍ മറന്നു, കൂടെ ഇറങ്ങി.
രണ്ട് ബീവിമാര്‍ ഉള്ളിടത്തേക്ക് മൂന്നാമത് ഒരുവളായി കയറി ചെല്ലേണ്ട ദുര്‍വിധി തനിക്ക് ഉണ്ടെന്ന തിരിച്ചറിവ് ഒട്ടും വൈകാതെ അവളെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കി. ബാപ്പുട്ടിക്കയും മറ്റ് ഇരുവരും ചേര്‍ന്നുള്ള ശകാരവും ഭീഷണിയും ദേഹോപദ്രവവും സഹിക്കുന്നതിനും അപ്പുറമായിരുന്നു, പല ദിവസവും ആഹാരം പോലും നിഷേധിക്കപ്പെട്ടിരുന്നു. താന്‍ കണ്ട കിനാക്കളെല്ലാം ഇതായിരുന്നോ എന്നോര്‍ത്ത് സ്വയം ശപിച്ചു പോയി. മറ്റുള്ളോര്‍ പെരുന്നാളിന് തുണിയെടുക്കാന്‍ തന്നെ കൂട്ടാതെ പോയ നേരം നോക്കി കിട്ടിയ വണ്ടിയില്‍ വീട്ടില്‍ പോയി ഉപ്പയെ കണ്ട് കാര്യം പറയാമെന്ന് കരുതി. ബസ് ഇറങ്ങി വീട്ടിലേക്ക് പോകുന്ന വഴിയേ ഒരു മാസം മുന്നേ തന്റെ ഉമ്മാ മയ്യത്തായ വിവരം ചങ്ങാതി മുംതാസ് പറഞ്ഞറിഞ്ഞു. ഹൃദയം വിങ്ങി പൊട്ടുന്ന പോലെ, ഞാന്‍ എന്റെ ഉപ്പയോടും ഉമ്മയോടും ചെയ്ത ക്രൂരതക്കുള്ള ശിക്ഷയാണോ പടച്ചോനെ ഇന്ന് ഞാന്‍ അനുഭവിക്കുന്നത്. രണ്ടടി പൊക്കമുള്ള മുറ്റത്തെ കടമ്പ കവച്ച് കടക്കുന്നത് ഉപ്പാ വീട്ടിനുള്ളില്‍ നിന്നുതന്നെ കണ്ടു. നീ ഈ മുറ്റത്ത് കാല് വെച്ചാല്‍ ഈ കൊടുവാളില്‍ തീരും എന്നും പറഞ്ഞ് ഉപ്പാ അലറി അടുത്തപ്പോള്‍, കടമ്പയ്ക്ക് അപ്പുറംവെച്ച കാല് അറിയാതെ പിന്നോട്ട് വലിഞ്ഞു. എന്റെ മയ്യത്ത് കാണാന്‍ പോലും നീ ഈ പടി ചവിട്ടി പോകരുത് എന്ന താക്കിതോടെ വാതിലുകള്‍ അവള്‍ക്ക് നേരെ കൊട്ടി അടയ്ക്കപ്പെട്ടു. ജീവനൊടുക്കുക അല്ലാതെ മറ്റെന്ത് മാര്‍ഗ്ഗം, തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ എങ്ങനെ കൊല്ലാനാവും എന്ന ചിന്ത, പെട്ടന്നൊരു കരുത്ത് കിട്ടിയപോലെ തോന്നി. അനുസരണക്കേട് കാട്ടിയ നീ എന്റെ കുടിയില്‍ ഇനി വേണ്ട. മൊഴി ചൊല്ലാന്‍ എന്തെങ്കിലും കാരണം നോക്കി ഇരിക്കുകയായിരുന്ന ബാപ്പുട്ടി, എരിതീയില്‍ എണ്ണയുമായി മറ്റ് ബീവിമാരും കൂടി.
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മുഖ്യ കവാടത്തിന് ഇരുവശവും ഡോക്ടര്‍ ജമീലയുടെ കൂറ്റന്‍ കട്ട്ഔട്ടറുകള്‍. സംസ്ഥാനത്തെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ദാന ചടങ്ങ് ഇക്കുറി ഇവിടെയാണ് നടക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നു. നെഫ്രോളജി വിഭാഗത്തില്‍ ഡോക്ടര്‍ ജമീലയാണ് ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാവ്. ഇതേ മെഡിക്കല്‍ കോളേജില്‍ പഠിച്ച് അവിടുത്തെ വകുപ്പ് മേധാവി കൂടിയാണ് ഡോക്ടര്‍. രോഗികളോടും തന്റെ വിദ്യാര്‍ത്ഥി സമൂഹത്തോടും ലാളിത്യവും സൗഹാര്‍ദ്ദപരവുമായ പെരുമാറ്റം, രോഗനിര്‍ണയത്തില്‍ യന്ത്രങ്ങളെ പിന്‍തള്ളുന്ന അറിവും സാമര്‍ദ്ധ്യവും, നിര്‍ധനരായ രോഗികള്‍ക്ക് മരുന്ന് മാത്രമല്ല കൂട്ടിരുപ്പുകാര്‍ക്ക് തന്റെ ശമ്പളത്തില്‍ നിന്നും ആഹാരം വാങ്ങാനുള്ള പണവും നല്‍കും. വീട്ടില്‍ എപ്പോഴാണ് ഡോക്ടര്‍ ഉണ്ടാവുക എന്ന് ചോദിച്ചാല്‍, ഞാന്‍ നിങ്ങളുടെ മുന്നിലല്ലേ നില്‍ക്കുന്നത് എന്ന് ചെറു പുഞ്ചിരിയോടെ മറുപടി. വീട്ടിലെത്തി പണവും പാരിതോഷികവും നല്‍കിയാലേ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നന്നായി ചികിത്സനല്‍കു എന്ന അബദ്ധ ചിന്തയുള്ളവര്‍ക്ക് ചുട്ട മറുപടിയാണ് ഉത്തമ മാതൃകയായി നിലകൊള്ളുന്ന ജമീല ഡോക്ടര്‍.
ഇവളെ എന്താ നീ ഓത്ത് പള്ളിയില്‍ അയയ്ക്കാതെ എപ്പോഴും കൂടെ കൊണ്ട് നടക്കുന്നതെന്ന് മുക്രി സായിവ് ചോദിച്ചപ്പോള്‍, ആഹാരത്തിന് വക ഇല്ലാത്തവള്‍ എങ്ങിനെ കുഞ്ഞിനെ പള്ളിക്കൂടത്തില്‍ അയയ്ക്കാന്‍ എന്ന ചോദ്യം അവളുടെ മുഖത്ത് തെളിഞ്ഞത് ഇമാം വായിച്ചറിഞ്ഞു. കുശിനിപ്പണിയൊക്കെ വശമുണ്ടോ നിനക്ക്? ഒന്ന് തലയാട്ടി. നമ്രത്തെ നമ്മടെ മുഹമ്മദ് ഹാജ്യാരുടെ പൊരയില്‍ അടുക്കളയില്‍ ഒരാളെ വേണ്ടമെന്ന് ഹാജ്യാര്‍ പള്ളിയില്‍ നിസ്‌കരിക്കാന്‍ വരുമ്പോഴൊക്കെ പറയും. നിനക്കും കുഞ്ഞിനും അവിടെ സുഖായി താമസിക്കുകയും ചെയ്യാം. ജമീല എന്ത് കേട്ടാലും വളരെ പെട്ടന്ന് മനസ്സിലാക്കുകയും അത് ഓര്‍ത്തിരുന്ന് പറയുന്നതും ഹാജ്യാരുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍, ഒട്ടും വൈകാതെ അവളെ പള്ളിക്കൂടത്തില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ വേണ്ടുന്ന ഏര്‍പ്പാടുകള്‍ ചെയ്ത് കൊടുത്തു. പത്താംതരവും പ്രീഡിഗ്രിയും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച അവള്‍ക്ക് മെഡിസിന് പ്രവേശനം കിട്ടാന്‍ ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ല. ഗോള്‍ഡ് മെഡലോടെ ങആആട ഉം ങഉ ഉം പാസ്സായി. അള്ളാ, പരമ കാരുണികനായ അങ്ങ് അയച്ച ദൂതനല്ലേ പടച്ചോനെ ഈ ഹാജ്യാര്.
മന്ത്രിയില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ച് തൊഴുകൈയോടെ തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങിയ ജമീല ഡോക്ടറോട് സദസ്സില്‍ നിന്ന് ആരോ വിളിച്ച് പറഞ്ഞു. ഡോക്ടര്‍ എന്തെങ്കിലും രണ്ട് വാക്ക്. തന്റെ ഉമ്മാ കടപ്പുറത്ത് അരി തൂത്ത് വരിയും അടുക്കള പണി ചെയ്തും തന്നെ വളര്‍ത്തിയതും പഠിപ്പിച്ച് ഇന്ന് ഈ നിലയില്‍ എത്തിച്ച കാര്യങ്ങളും പറഞ്ഞ് തീരുമ്പോള്‍, ജമീല ഡോക്ടറിന്റെ ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും പുഞ്ചിരി നിറയ്ക്കാന്‍ ശ്രമിച്ച കവിളുകളില്‍ ഒലിച്ചിറങ്ങിയ കണ്ണീര്‍……… അത് കൂടിയിരുന്ന പുരുഷാരത്തിലേക്ക് പകര്‍ച്ചവ്യാധി പോലെ പടര്‍ന്ന് പിടിച്ചു. മാധ്യമ പ്രവര്‍ത്തകരുടെയും മറ്റും ശ്രദ്ധ പിന്നിലെ സീറ്റില്‍ നിസ്സംഗ ഭാവത്തില്‍ ഇരുന്ന ജമീലാന്റുമ്മയുടെ നേര്‍ക്കായി. എല്ലാവരുടേയും ചോദ്യങ്ങള്‍ക്ക് മറുപടിയായി ‘ഓളെ വളര്‍ത്താന്‍ വേണ്ടി മാത്രം ഞാന്‍ ജീവിച്ചു’ എന്ന് മാത്രം പറഞ്ഞുകൊണ്ട് തലതാഴ്ത്തി ഡോക്ടര്‍ക്കൊപ്പം ഹാളില്‍നിന്നും ഉമ്മാ നടന്ന് പുറത്തേയ്ക്ക് ഇറങ്ങിയിട്ടും ഹര്‍ഷാരവം അവിടെ പെരുമ്പറ മുഴക്കിക്കൊണ്ടേയിരുന്നു………













