LIMA WORLD LIBRARY

രഞ്ജിത്ത് പഞ്ചാബി-ശ്രീ മിഥില

ബ്യുട്ടി പാര്‍ലര്‍ ലെ പുതിയ
ആണ്‍കുട്ടിയെ കണ്ട് ചോദ്യരൂപത്തില്‍ നെറ്റി ചുളിപ്പിച്ചു ഹേമയെ നോക്കി. പെണ്ണുങ്ങളുടെ പാര്‍ലറില്‍ ആണ്‍കുട്ടിയോ. ഹേമയുടെ അടുത്തുപോയി കാതില്‍ ഒരു സംശയം ചോദിച്ചു. ‘ഇവനേതാ…. നീ ഒന്നു നോക്കൂ..
‘ഹെയര്‍ കട്ടിങില്‍ വിരുതനാണ്. ഇവനെ നിയമിച്ചതില്‍പിന്നെ ആളൊഴിഞ്ഞിട്ടില്ല ഈ പാര്‍ലറില്‍.’
അവന്റെ വിരലുകള്‍ ഒരു മന്ത്രവാദിയുടെ ചലനങ്ങള്‍പോലെ ധൃതിയില്‍ ചലിച്ചുകൊണ്ടേയിരുന്നു.
‘എനിക്ക് ഹെയര്‍സ്പാ വേണമായിരുന്നു ഹേമേ.’
‘അതിനെന്താ ഇപ്പോള്‍തന്നെ അവന്‍ ചെയ്യും.’
‘ ഓ അതു വേണോ എനിക്കത്ര വിശ്വാസം പോരാ..
‘നീ ആ മുടി വെട്ടിക്കഴിഞ്ഞ പെണ്‍കുട്ടിയെ നോക്കൂ.’
വെട്ടുംമുന്‍പ് ഞാനെടുത്ത ഫോട്ടോ കാണിച്ചുകൊണ്ട് ഹേമ പറഞ്ഞു. ഭംഗിയായി ചെയ്തു കളര്‍ കൊടുത്തിട്ടുണ്ട്. ‘എന്തായാലും നോക്കാം’ എന്ന് പറഞ്ഞു. ‘പഞ്ചാബിയാണ്. മറ്റൊരു പാര്‍ലറില്‍നിന്ന് ഞാന്‍ പൊക്കിയതാണ് ഇവനെ. റേറ്റ് കൂടുതല്‍. അതു കിട്ടിയില്ലെങ്കില്‍ അവന്‍ സ്ഥലംവിടും. ഓരോ പാര്‍ലര്‍കാരും ഇവനെ കിട്ടാന്‍ നോക്കിയിരിക്കുന്നു. പേര് രഞ്ജിത്ത്. അവന്റെ ഡെഡിക്കേഷന്‍ അപാരം.’

നാളെ രാവിലെ ഒരു ഷൂട്ട് ഉണ്ട്. ഒരു ലുക്ക് ചേഞ്ച് വേണം. ഒരു മേക്കോവര്‍
‘ഇവന് നിന്നെയറിയാം.’ ഹേമ പറഞ്ഞു. ‘എങ്ങനെ? ‘
‘നിന്റെ ഫിലിംസ്, സീരിയല്‍സ്
എല്ലാം കാണാറുണ്ട്. ആരാധകന്‍.’
‘ഓ അങ്ങെനെയോ.?’
‘നിന്റെ മുടി സ്‌റ്റൈലാക്കാന്‍ ത്രില്ലടിച്ചിരിക്കുന്നു.
അടുക്കിവെച്ചിരിക്കുന്ന പലതരം മേക്കപ്പ് സാധനങ്ങള്‍. വിഗ് വെച്ച ബൊമ്മകള്‍. അതിലൊരു ബൊമ്മയില്‍ കണ്ണുകോര്‍ത്തു. ഇതുമതി. ഈ ലുക്ക് മതി. ഞാനും ഇതുപോലെ സ്‌റ്റൈല്‍ മാറ്റുന്ന വെറും ടോയ്.
‘മാഡം വരൂ’ അവന്‍ എന്നെ ആരാധനയോടെ നോക്കി.
‘മാഡത്തിന്റെ സാസ് ഭീ കഭി ബഹു ധീ എന്ന സീരിയല്‍ എന്റെ അമ്മിക്ക് ഒരുപാട് ഇഷ്ടമാ.’
അവന്‍ വല്ലാത്ത ഒരാവേശത്തോടെ അതുപറഞ്ഞപ്പോള്‍ ചെറുതായി പുഞ്ചിരിച്ചു. കറുത്ത ഒരു കോട്ട് എടുത്ത് ഒന്നുകൂടി കുടഞ്ഞു കയ്യില്‍ തന്നിട്ട് റെഡിയല്ലേ മാഡം എന്ന് ചോദിച്ചു.

കസേര തട്ടി ശരിയാക്കി അവന്‍ തയ്യാറായി. മുടി സെറ്റ്‌ചെയ്യുംമുന്‍പ് അവന്‍ തലയിലും കഴുത്തിലും ചെറുതായി മസ്സാജ് ചെയ്തുതന്നു. ഒന്ന് മയങ്ങിപ്പോയി. അവന്റെ ആദരവ് കണ്ടപ്പോള്‍ അവനോട് അവന്റെ ജന്മ സ്ഥലവും വീടും വീട്ടുകാരെപ്പറ്റിയും എല്ലാം അന്വേഷിച്ചു. പഞ്ചാബ് ആണ് അവന്റെ സ്ഥലം. അമ്മയും ഭാബിയും ഭയ്യയും ഭയ്യയുടെ കുട്ടികളും അടങ്ങുന്നതാണ് കുടുംബം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് അവന്‍ എന്ന് തലയില്‍ പതുക്കെ അമര്‍ത്തിക്കൊണ്ട് പറഞ്ഞു. ‘ഡിവോഴ്സ്ഡ് ആണ് ഞാന്‍.’ രഞ്ജിത്ത് പറഞ്ഞു. ‘എന്തിന്. എന്താണ് കാര്യം?’
‘മാഡം സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന ആളല്ലേ. പുരുഷന്റെ വേദനയുംകൂടി അറിയണേ മാഡം.’
‘നിനക്ക് എന്തു വേദനയാണ് നിന്റെ പെണ്ണ് ഉണ്ടാക്കിയത്?’
‘എന്റെ ഭാബിയാണ് മാഡം പ്രശ്‌നമായത്. എന്റെ അമ്മയെക്കാള്‍ അമ്മയായി കണ്ടിരുന്ന അമ്മയാണ് ഭാബി. ഒരിക്കല്‍ ഞാനും ഭാബിയും സംസാരിച്ചിരുന്നപ്പോള്‍ അവള്‍ വന്ന് വളരെ വൃത്തികെട്ട രീതിയില്‍ എന്നോട് സംസാരിച്ചു. ഭാബി പൊട്ടിക്കരഞ്ഞു. ഞാന്‍ അറിയാതെ അടിച്ചുപോയി. പിറ്റേന്ന് തന്നെ അവള്‍ വീട്ടില്‍ പോയി. എല്ലാവരും പോയി കാലുപിടിച്ചു വിളിച്ചിട്ടും വന്നില്ല. ഒടുവില്‍ ബന്ധം വേര്‍പെടുത്തി. ഒരു കാര്യവുമില്ലാത്ത കാര്യത്തിന്. അങ്ങനെ ഒടുവില്‍ വീട്ടില്‍നിന്നും മാറി. ഭയ്യയുടെ കുട്ടികളുടെ മുടി വെട്ടിക്കൊടുക്കുന്നത് കണ്ടിട്ട് അടുത്തുള്ള കുട്ടികളെല്ലാം വന്നു. ഭയ്യയുടെ ഹെയര്‍സ്‌റ്റൈല്‍ കണ്ടിട്ട് മുതലാളിയും വന്ന് മുടിവെട്ടി. അദ്ദേഹം എന്നെ ഒരു കോഴ്‌സ്‌നു ചേര്‍ത്തു. അവിടെ പുതിയ രീതികള്‍ എല്ലാം വളരെ വേഗത്തില്‍ പഠിച്ചെടുത്തു. രഞ്ജിത്ത് പഞ്ചാബി അങ്ങനെ പ്രശസ്തിയിലായി. മാന്ത്രികവിരുതുള്ള കൈകള്‍. ആകപ്പാടെ ഒരു റിലാക്‌സ്.
കണ്ണാടിയില്‍ നോക്കി. നല്ല മാറ്റം ഗ്ലാമര്‍ കൂടി. ഒരു തൃപ്തിതോന്നി.
‘എന്തു രസമാ മോളെ ഇപ്പോള്‍ നിന്നെ കാണാന്‍.’ ഹേമ പറഞ്ഞു.
അതേ. സ്വയം തോന്നി. എങ്കിലും സന്തോഷം തോന്നിയില്ല. ആസ്വദിക്കാന്‍ ആളില്ലാത്ത സൗന്ദര്യം എന്തിനെന്നു തോന്നി. രഞ്ജിത്ത് പലരീതിയില്‍ ഫോട്ടോസ് എടുത്തു. അവന്റെ പരസ്യം. തന്നെപ്പോലൊരു സെലിബ്രിറ്റിയുടെ മേക്കോവര്‍ ചെയ്തു എന്ന് ഇന്‍സ്റ്റയില്‍ കൊടുക്കുന്നത് അവന്റെ ഹെയര്‍കട്ടിങിനു പരസ്യമാവും. അതാണ് അവന്റെ സന്തോഷം. നിലനില്‍പ്പിന്റെ പ്രശ്‌നം. എല്ലാവര്‍ക്കും അത് തന്നെ. തനിക്കും. ഇല്ലെങ്കില്‍ ഇപ്പോള്‍ ഇവിടെ വരേണ്ടുന്ന കാര്യമുണ്ടോ.

ഒന്നിനും തോന്നുന്നില്ല. കരാര്‍ ഒപ്പിട്ട സീനുകള്‍മാത്രം അഭിനയിച്ചു തീര്‍ക്കുക. എത്രയുംപെട്ടന്ന് ഈ രംഗത്ത്‌നിന്നും ഒഴിയണം. ഇനി ആരുടെയും കളിപ്പാട്ടമാകാന്‍ കഴിയില്ല. മനസ്സില്‍ ഉറപ്പിച്ച് ഹേമയോടും രഞ്ജിത്ജിനോടും യാത്രപറഞ്ഞു അവിടെനിന്നിറങ്ങി. ഓട്ടം തുടങ്ങിയിട്ട് നാളുകളായി. മടുത്തു.

അന്നത്തെ ഒരു മ്യൂസിക് ഇവന്റ് ന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകഴിഞ്ഞു വെറുതെയിരിക്കുമ്പോള്‍ പലര്‍ക്കും പറയാനുണ്ടായിരുന്നത് പുതിയ ലുക്ക്‌നെ കുറിച്ചായിരുന്നു. ആരാധനയും പ്രശംസയുംകൊണ്ട്‌പൊതിഞ്ഞു ആള്‍ക്കാര്‍. ഹേമയുടെ പാര്‍ലറില്‍ വന്ന പുതിയ ആള്‍ രഞ്ജിത്തിനെ പലര്‍ക്കും പരിചയപ്പെടുത്തി. അവനും സിലിബ്രിറ്റി ആകട്ടെ. അന്ന് സ്റ്റേജില്‍ പറയാനുണ്ടായിരുന്നത് ഇന്നത്തെ ആണ്‍കുട്ടികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയായിരുന്നു. പീഡനം ആണിനും പെണ്ണിനും നേരിടേണ്ടി വരുന്നു. പരസ്പരവിട്ടുവീഴ്ച്ചയില്ലാത്ത കാലം. ഭ്രമയുഗം. കൃത്രിമ ബുദ്ധി എല്ലാംകൂടി നൈസര്‍ഗികത നഷ്ടപ്പെടുത്തുന്ന അവസ്ഥ. വാചാലയായി കുറേ സമയം. കാരണം രഞ്ജിത്താണെന്ന് തോന്നുന്നു.
‘മാഡം ഇന്ന് പറഞ്ഞതാണ് ശരി. പെണ്ണിന് മാത്രമല്ല ആണിനും സുരക്ഷ ആവശ്യമുണ്ട്. വളരെ നല്ല പ്രസംഗം.’ ആരോ പറഞ്ഞു. ആകെക്കൂടി അന്ന് വല്ലാത്ത ഉന്മേഷം തോന്നി.

കുറേ ദിവസംകൂടി ജിത്തുവിന് ഫോണ്‍ ചെയ്തു. അവന് വല്ലാത്ത സന്തോഷം. ‘നാളത്തെ ഷൂട്ട് ന് നീയും വരുമോ.?’ കത്തിരുന്നതുപോലെ അവന്‍ പറഞ്ഞു. ‘എപ്പോ വന്നെന്നു ചോദിച്ചാല്‍ മതി.’ ‘അതുവേണ്ട നാളെ വന്നാല്‍ മതി. വിട്ടുവീഴ്ച്ച തന്റെ ഭാഗത്തുനിന്നും ആകട്ടെ. വാശികാണിച്ചിട്ട് എന്തിന്. നേരത്തെ ഇങ്ങനെ വിചാരിച്ചിരുന്നെങ്കില്‍.മനസ് ആകപ്പാടെ സുഖകരമായ ഒരു തണുപ്പില്‍ എത്തിനിന്നു.
കര്‍ട്ടന്‍നീക്കി ആകാശത്തേക്കു നോക്കിക്കിടന്നു. തെളിഞ്ഞിരിക്കുന്നു നീലയും വെള്ളയും യൂണിഫോം ഇട്ട സ്മാര്‍ട്ട് കുട്ടിയെപ്പോലെ ..
പതിയെ ഒഴുകുന്ന പുഴപോലെ ഉറങ്ങി. നന്നായി ഉറങ്ങി. അലസതയില്ലാതെ ഉഷാറായി എഴുന്നേറ്റു. അപ്പോളേക്കും അവനും എത്തി. പിണക്കംമാറിയ കുട്ടികളെപ്പോലെ കെട്ടിപ്പിടിച്ചു.
പോകുന്ന വഴിയില്‍ മുഴുവന്‍ രഞ്ജിത്തിന്റെ വിശേഷങ്ങള്‍ ആയിരുന്നു പറയാനുണ്ടായിരുന്നത്.
‘അവന്‍ മിടുക്കന്‍ തന്നെ. ലുക്കും ഈഗോയും ഒന്നിച്ച് മാറ്റിക്കളഞ്ഞല്ലോ മാഡത്തിന്റെ . നമുക്ക് അവനെയൊന്നു കാണാന്‍ പോകണം. എനിക്കും മുടി സ്‌റ്റൈല്‍ ഒക്കെ ഒന്ന് മാറ്റണം.
നിനക്കിഷ്ടമുള്ള പാട്ടുകള്‍ വെയ്ക്കാം.’ ഉറക്കെ ചിരിച്ചുകൊണ്ട് കണ്ണുകള്‍ അടച്ചു സീറ്റില്‍ ചാരിയിരുന്നു.
ഇതാണ് തുടക്കം..
ഒന്നിച്ചുള്ള യാത്രയുടെ തുടക്കം…

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px