LIMA WORLD LIBRARY

ജോയലിന്റെ ഉത്തമഗീതം – റോയ് സാബു ഉദയഗിരി

‘ദേവാലയത്തിലേക്കുള്ള നടകളിലൂടെ അവന്റെ കൈയ്യും പിടിച്ച് അവള്‍ നടക്കുക ആയിരുന്നില്ല മറിച്ച് ഓടുകയായിരുന്നു. നടകളില്‍ തട്ടിവീഴാന്‍ പോയ അവളുടെ കാലുകളെ താങ്ങി നിര്‍ത്തിയിരുന്നത് അവന്റെ കരങ്ങളായിരുന്നു. ‘എന്താണെന്നോ?, എന്തിനു വേണ്ടിയായിരുന്നെന്നോ അവനു മനസ്സിലായിരുന്നില്ല.
‘സോഫി.. എന്താ.. എന്തു പറ്റി’.. അവന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ, അവന്റെ കൈ വലിച്ചു പിടിച്ച് അവള്‍ പള്ളിയുടെ അകത്ത്, ക്രൂശിത രൂപത്തിന് മുന്‍പില്‍ എത്തിയിരുന്നു. അതിനു മുന്‍പില്‍ മുട്ടുകുത്തി അവള്‍ നിറഞ്ഞ മിഴികളോടെ അവന്റെ മുഖത്തേയ്ക്ക് നോക്കി. എന്നിട്ട് പറഞ്ഞു’ എന്റെ കയ്യില്‍ തൊട്ട് സത്യം ചെയ്യൂ!..
‘എന്തിന്..?? അവന്റെ ചോദ്യത്തിന് മറുപടി നല്‍കാതെ അവള്‍ ക്രൂശിതരൂപത്തില്‍ നോക്കി. എന്നിട്ടു പറഞ്ഞു. ഈ മനസ്സില്‍ ഞാനല്ലാതെ വേറൊരാള്‍ ഉണ്ടാവില്ല എന്ന് പറ… സത്യം ചെയ്യാന്‍’..
ഒന്നും മനസ്സിലാവാതെ അവന്‍ അവളുടെ നിഷ്‌കളങ്കമായ മുഖത്തേയ്ക്ക് നോക്കി. അവള്‍ തുടര്‍ന്നു.. ഞാന്‍ അറിഞ്ഞല്ലോ ജോയലിനു വേറെ കല്യാണം വീട്ടുകാര്‍ ആലോചിക്കുന്നുണ്ടെന്ന്’..
‘ഓ… അതാണോ കാര്യം!.. പൊട്ടി വിടര്‍ന്ന ചിരി പതിയെ അമര്‍ത്തിപ്പിടിച്ച് അവന്‍ പറഞ്ഞു!..
‘എന്റെ ഈശോയെ… ഈ..പൊട്ടി പ്പെണ്ണിനെ മാത്രമേ ഞാന്‍ എന്റെ ജീവിതത്തില്‍ ചേര്‍ക്കുകയുള്ളൂ.അത് നിനക്കറിയാവുന്നതാണല്ലോ…ഇതിനെ ഞാന്‍ എങ്ങനെയൊന്ന് പറഞ്ഞു മനസ്സിലാക്കും!..
‘എന്റെ സോഫിക്കുട്ടി അല്ലാതെ മറ്റൊരാള്‍ എന്റെ ജീവിതത്തില്‍ ഉണ്ടാവില്ല, ഇത് സത്യം!.
അവന്‍ അവളുടെ,വലതുകരത്തില്‍ തന്റെ വലതു കരംചേര്‍ത്ത് സത്യം ചെയ്തു. അവള്‍ വിടര്‍ന്ന മിഴികളോടെ വളരെ മനോഹരമായി പുഞ്ചിരിച്ചു. മെഴുകുതിരിയുടെ പ്രകാശത്തില്‍, മാതാവിന്റെ രൂപത്തിന് മുന്‍പില്‍, നില്‍ക്കുന്ന അവളെ കണ്ടപ്പോള്‍ ഒരു മാലാഖയാണെന്ന് അവന് തോന്നിപ്പോയി.. കുരിശില്‍ തറച്ച കര്‍ത്താവിന്റെ കാലുകളിലെയും കൈകളിലെയും, കാരിരുമ്പിന്‍ പാട് പോലെ മനസ്സില്‍ പതിഞ്ഞതായിരുന്നു അവന്, അവളോടുള്ള സ്‌നേഹം.
മാതാവിന്റെ രൂപത്തിന് മുന്‍പില്‍ മുട്ടുകുത്തി നില്‍ക്കുന്ന അവളുടെ അരികില്‍ അവനും മുട്ടുകുത്തി നിന്നു. എന്നിട്ട് പറഞ്ഞു..’ മാതാവേ… ഈ മാലാഖ കൊച്ചിനെ അല്ലാതെ, വേറൊരു സാധനത്തിനെ എന്റെ തലയിലോ ജീവിതത്തിലോ കെട്ടിവെക്കല്ലേ.. അങ്ങനെയൊന്നും ഉണ്ടാവില്ല, എന്ന് നിനക്കറിയാമല്ലോ..?. അത് ഈ മണുങ്ങൂസിനു ഒന്ന് മനസ്സിലാക്കി കൊടുക്കണമേ’.. അവള്‍ മിഴികള്‍ തുറന്നു നോക്കിയപ്പോള്‍ അവന്‍ മിഴികളടച്ചു നില്‍ക്കുകയായിരുന്നു.
ഒരു കണ്ണുതുറന്ന് കുസൃതിച്ചിരിയോടെ അവന്‍ അവളെ നോക്കി, നിറഞ്ഞ മിഴികള്‍ തുറന്ന് വളരെ നിഷ്‌കളങ്കമായി പുഞ്ചിരിച്ചു.
പള്ളിക്ക് പുറത്തിറങ്ങിയപ്പോള്‍ അവള്‍ അവനോടു പറഞ്ഞു ‘ജോ… നമുക്ക് കുറച്ചു നേരം ആ നടയില്‍ ഇരിക്കാം’..

അവന്റെ തോളിലേക്ക് ശിരസ്സ് ചായ്ച്ചു കൊണ്ടവള്‍ പറഞ്ഞു ‘എനിക്ക് എന്നും ഇങ്ങനെ ഇരുന്നാല്‍ മതി!.. എന്റെ മരണത്തോളം’..
അവന്‍ അവളുടെ ഷോള്‍ വലിച്ചെടുത്തു, തന്റെ ശിരസ്സിലേക്ക് ഇട്ടു കൊണ്ട് പറഞ്ഞു ‘സോഫി.. നമുക്ക് ജീവനുള്ള കാലം വരെ ഒന്നിച്ചു തന്നെയാ..
അവളുടെ വിരലുകളില്‍ മുറുകെ പിടിച്ചുകൊണ്ട് അവന്‍ തുടര്‍ന്നു. ‘നിന്റെ അധരം എന്നെ ചുംബിക്കട്ടെ.. നിന്റെ പ്രേമം വീഞ്ഞിനേക്കാള്‍ മാധുര്യമുള്ളത്.. നിന്റെ അഭിഷേക തൈലം സുരഭിലമാണ്.. നിന്റെ നാമം പകര്‍ന്ന തൈലം പോലെ ആണ്. (ഉത്തമഗീതം 1:1:2)

‘അയ്യെടാ
അവള്‍ അവനെ നോക്കി നാവു നീട്ടി കാണിച്ചു.. ഗോഷ്ടി കാണിക്കുന്ന അവളെ നോക്കി അവന്‍ മുകളിലേയ്ക്ക് നോക്കി പറഞ്ഞു.. ‘എന്റെ കര്‍ത്താവെ.. ഈ സാധനത്തിനെ ആണല്ലോ ഞാന്‍ ഇത്രനാളും പ്രേമിച്ചത്. എന്റെ വിധി’..

‘വോ!
അവനെ നോക്കി കൃത്രിമ ഗൗരവത്തില്‍ അവള്‍ മുഖം വീര്‍പ്പിച്ചു. എന്നിട്ട് രണ്ടു സ്റ്റെപ്പ് മാറിയിരുന്നു. പിണങ്ങി ഇരിക്കുന്ന അവളെ കണ്ടപ്പോള്‍, അവളോടുള്ള ഇഷ്ടം കൂടിക്കൂടിവരുന്നതായി അവന്‍ അറിഞ്ഞു. എന്താണ് അവളിലേക്ക് തന്നെ ഇത്ര അടുപ്പിച്ചത് എന്നറിയില്ല.
അപ്പോഴാണ് അവള്‍ ചോദിക്കുന്നത് എന്താണ് ആലോചിക്കുന്നത്. ഒന്നുമില്ലായെന്ന് അവന്‍ മിഴിചിമ്മി കാണിച്ചു. അവള്‍ അവനോടു പറഞ്ഞു ‘നമുക്ക് അമ്മയുടെ അരികില്‍ വരെ പോകാം.. എനിക്ക് ഒത്തിരി സന്തോഷമുള്ള ദിവസമാണിന്ന്. അത് അമ്മയോട് പറയണം. ഒപ്പം ജോയിനെ കാണിച്ചുകൊടുക്കുകയും വേണം’..

‘ ഉം’ അവന്‍ ചിരിച്ചുകൊണ്ട് ശിരസ്സ് അനക്കി. അവര്‍ സെമിത്തേരിയുടെ ഒത്ത മധ്യത്തില്‍ എത്തി തലേന്ന് പെയ്ത മഴത്തുള്ളിയാണോ മഞ്ഞുതുള്ളിയാണോ എന്ന് അറിയാന്‍ പാടില്ലാത്തത് പോലെ, പുല്ലുകളിലും ചെടികളിലും, ജലകണികകള്‍ ഉതിര്‍ന്നു വീഴുന്നു. അമ്മയുടെ കുഴിമാടത്തില്‍ മുന്‍പില്‍ പ്രാര്‍ത്ഥനാ നിരതയായി അവള്‍ നിന്നു.. ചുണ്ടില്‍ ഊറിയ ചെറുചിരിയോടെ അവന്‍ ഉച്ചത്തില്‍ പറഞ്ഞു.. ‘ അമ്മേ.. അമ്മ ഈ ലോകത്തുനിന്ന് പോയപ്പോള്‍, ഇതുപോലെ ഒരു നല്ല മകളെ എനിക്ക് തന്നതിന് നന്ദി.. ഞാന്‍ പൊന്നുപോലെ നോക്കിക്കോളാം ഈ കുസൃതിക്കുടുക്കയെ’..
അതുകേട്ട് മെഴുകുതിരി കത്തിച്ചു, കൊണ്ടിരുന്ന അവള്‍ പതിയെ മുഖമുയര്‍ത്തി, അവനെ നോക്കി പുഞ്ചിരിച്ചു. ഇളം കാറ്റില്‍ അവളുടെ തലയില്‍ നിന്നും ഷോള്‍ തെന്നി തോളിലേക്ക് വീണു. മുടിയിഴകള്‍ ആ ഇളം കാറ്റിന്റെ കുസൃതിയില്‍, അനുസരണക്കേടോടെ പാറിപ്പറന്നു തുടങ്ങി. നനഞ്ഞ മണ്ണില്‍ അവള്‍ക്ക് സമീപം അവനും മുട്ടുകുത്തിനിന്നു. തന്റെ ഇരുകരങ്ങളും അവള്‍ കത്തിക്കുന്ന, മെഴുകുതിരി അണയാതെ പിടിച്ചു. സ്‌നേഹത്താല്‍ മിഴിചിമ്മുന്ന ആ,
കുഞ്ഞു നയനങ്ങളിലേയ്ക്ക്,
അവന്‍ ഏറെ പ്രേമത്തോടെ നോക്കി. ‘സോഫി… മഴ മാറി കഴിഞ്ഞു… ഭൂമിയില്‍ പുഷ്പങ്ങള്‍ വിരിഞ്ഞു തുടങ്ങി.. അത്തിമരം കായ്ച്ചു തുടങ്ങി.. മുന്തിരി വള്ളികള്‍ പൂത്തുലഞ്ഞു സുഗന്ധം പരത്തുന്നു. എന്റെ ഓമനേ… എന്റെ സുന്ദരീ.. എഴുന്നേല്‍ക്കുക. (ഉത്തമഗീതം 2:1:12)

‘എന്റെ മോനെ… പൊന്നു മോന്‍ ഉത്തമഗീതം മുഴുവന്‍ കാണാപാഠം, പഠിച്ചു വെച്ചിരുക്കുകയാ… ല്ലേ
അവളുടെ ശിരസ്സില്‍ നിന്നും തെന്നി പോയ ഷോള്‍ എടുത്ത് ശിരസ്സിനെ മൂടി അവന്‍ പതിയെ കുറു നിരകള്‍ മാടിയൊതുക്കി. അവള്‍ അവന്റെ മുഖത്തേക്ക്, മുഖമുയര്‍ത്തി ആ മിഴികളില്‍ ഉറ്റു നോക്കി.. മൃദുവായ് പറഞ്ഞു ‘എടാ… ചെക്കാ.. അതില്‍ ഇതും കൂടി ഉണ്ട് മറന്നു പോയോ?.. എന്താണെന്ന അര്‍ത്ഥത്തില്‍..അവന്‍ അവളെ നോക്കി.. കുസൃതിയോടെ അവള്‍ പറഞ്ഞു ‘എന്റെ പ്രിയനേ.. വരൂ.. നമുക്ക് വയലിലേക്ക് പോവാം.. ഗ്രാമത്തില്‍ ഉറങ്ങാം.. രാവിലെ നമുക്ക് മുന്തിരിതോട്ടത്തിലേക്ക് പോവാം.. മുന്തിരി
മൊട്ടിട്ടോ.. എന്ന് നോക്കാം.. മാതള നാരകം പൂവിട്ടോ എന്ന് നോക്കാം.. അവിടെ വെച്ച് നിനക്ക് ഞാന്‍ എന്റെ പ്രേമം തരും’.. (ഉത്തമഗീതം 7:1:11)
പൊട്ടിച്ചിരിയോടെ ഇരുകരങ്ങളും അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട് അവന്‍ പറഞ്ഞു..’ അമ്മേ… അമ്മയുടെ മോള് അത്ര പാവമൊന്നും, അല്ല കേട്ടോ’.. അതേ പുഞ്ചിരി ഏറ്റുവാങ്ങി അവളും, അയാളുടെ മാറില്‍ ചേര്‍ന്നു. സെമിത്തേരിയിലെ സകല ആത്മാക്കളും.. ആ പ്രണയ സംഗമ ജോഡികളെ ഒരു കുളിര്‍ കാറ്റായി തഴുകി. അമ്മയുടെ കല്ലറയ്ക്കു സമീപം നനഞ്ഞു നിന്ന പനിനീര്‍ ചെടിയിലെ ഒരു പനിനീര്‍പ്പൂ മൊട്ട്… ആ അമ്മയുടെ അനുഗ്രഹം എന്നവണ്ണം പതിയെ ചാഞ്ചാടി. തണല്‍ വിരിച്ചു നില്ക്കുന്ന വാകമരത്തിന്റെ ചുവന്നപൂക്കള്‍ക്കൊപ്പം നനഞ്ഞ മഞ്ഞുതുള്ളിയും അവരുടെ മേലേക്ക്.. തന്റെ അനുഗ്രഹ പുഷ്പവൃഷ്ടി നടത്തി കൊണ്ടിരുന്നു… ആ വാകമര, ശിഖിര ങ്ങള്‍ക്കിടയില്‍ നിന്നും.. കാലം തെറ്റി ഒരു രാക്കുയില്‍.. തന്റെ ലളിത സുന്ദര മനോഹരഗാനം ആലപിച്ചു കൊണ്ടേയിരുന്നു!..

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px