ദ്രൗപതിയുടെ കിതയ്ക്കുന്ന മുഖം എന്റെ മുന്നില്‍. അവള്‍ അര്‍ദ്ധബോധാവസ്ഥയിലാണെന്നു തോന്നി.
ഒരുമയില്ലാതെ വളരുന്ന എന്റെ ശ്മശ്രുക്കളില്‍ കൂര്‍ത്ത നഖങ്ങള്‍ പിച്ചി പറിച്ചു. അവള്‍ എന്നെ ചുറ്റി പടര്‍ന്നു.
കഴുത്തില്‍ കൂര്‍ത്ത പല്ലുകള്‍ താഴ്ന്നു.
ആലസ്യം പൂണ്ട് ഉദാസീനയായി കിടന്ന ദ്രൗപതി എവിടെ?.
എന്നെ ചുഴലിക്കാറ്റു പോലെ അവളുടെ ശരീരം ചുറ്റുന്നു.
പല്ലുകളും നഖങ്ങളും എവിടെയൊക്കെയോ എന്നെ വേദനിപ്പിച്ചു.
വേദനയല്ല, മോഹം,.
മോഹമല്ല, മോഹാലസ്യം.
അതിന്റെ ശിഖരത്തിനു മുകളിലൂടെ മന്ഥാര പര്‍വ്വതം കൊത്തിയെടുത്ത ഗരുഡന്റെ നഖങ്ങളിലെന്നോണം അവശേഷിച്ച രാത്രി ഞാന്‍ പാറിപ്പറന്നു.??
എം ടിയുടെ രണ്ടാമൂഴത്തില്‍ നിന്നും എടുത്തതാണ്. ആയിരത്തി തൊളളായിരത്തി എണ്‍പത്തി അഞ്ചിലാണ് രണ്ടാംമൂഴം ആദ്യമായി വായിച്ചത്. ആ കാലത്തു തന്നെയാകണം യയാതിയും ഇനി ഞാന്‍ ഉറങ്ങട്ടേയും വായിച്ചത്. യയാതിയാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. പക്ഷേ എംടി യുടെ ഭാഷ ആരേയും അല്‍ഭുതപ്പെടുത്തുന്ന ഒന്ന്.
മുകളില്‍ കൊടുത്തിരിക്കുന്നത് നോവലില്‍ എനിക്കേറെ ഇഷ്ടപ്പെട്ട ഒരു ഭാഗം.
ഇതിലും മനോഹരമായ ഒരുപമ ഞാന്‍ വായിച്ചിട്ടുണ്ടോയെന്നെനിക്കറിയില്ല.
മന്ഥാര പര്‍വ്വതമെന്ന ഭീമന്‍ , ദ്രൗപതിയെന്ന ഗരുഡന്‍ ,അതിന്റെ രതിയുടെ കൂര്‍ത്ത നഖങ്ങള്‍.
ഭീമനല്ലെങ്കിലും ഒരു ഭൂതകാല സമൃദ്ധിയില്‍ ഞാനും പലവട്ടം ഗരുഡന്മാരുടെ നഖങ്ങളില്‍ പറ്റി പിടിച്ച് സഞ്ചരിച്ചിട്ടുണ്ട്.
അത്തരം യാത്രകളില്‍ കാമമോ രതിയോയില്ല.
അതിനപ്പുറമുള്ള വിവരണാതീതമായ അനുഭൂതിയുടെ ഒരു സ്വപ്ന ഭൂമിക. നിര്‍വൃതി.
അവിടെ ആണോ പെണ്ണോയില്ല. ഈഗോയോ സ്വഅഭിമാനമോയില്ല.
കീഴടക്കലുമില്ല.
സ്വമേധായുള്ള കീഴടങ്ങല്‍. അതു മാത്രം. അത് മാത്രം.












